2009-04-07

തിരുവനന്തപുരത്ത്‌ സമുദായവോട്ടുകള്‍ വിധി നിര്‍ണയിക്കും

ഡി ആര്‍ സരിത്ത്‌


തിരുവനന്തപുരം: പ്രചാരണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ തലസ്ഥാനമണ്ഡലത്തില്‍ സാമുദായികവോട്ടുകളുടെ വിഘടനം തങ്ങള്‍ക്ക്‌ അനുകൂലമാവുമോയെന്നാണ്‌ ഇരുമുന്നണികളും ഉറ്റുനോക്കുന്നത്‌. നായര്‍, നാടാര്‍ സമുദായങ്ങള്‍ക്കു നിര്‍ണായകസ്വാധീനമുള്ള മണ്ഡലത്തില്‍ നായര്‍വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും ബി.ജെ.പിക്കുമായി വിഭജിച്ചുപോവാനാണു സാധ്യത.
നാടാര്‍വോട്ടുകളില്‍ ഒരുവിഭാഗം ബി.എസ്‌.പി സ്ഥാനാര്‍ഥി നീലലോഹിതദാസന്‍ നാടാര്‍ക്കു ലഭിക്കുമെന്നുമുറപ്പാണ്‌. ഇടതുമുന്നണിയുടെയും യു.ഡി.എഫിന്റെയും വോട്ടുകള്‍ നീലന്റെ പെട്ടിയില്‍ വീഴും. കൂടുതലും ഇടതുമുന്നണിയുടെ വോട്ടുകളാവും നീലന്‍ പിടിക്കുക. ഇരുമുന്നണികളും നാടാര്‍ സ്ഥാനാര്‍ഥികളെ പരിഗണിക്കാത്തതില്‍ നാടാര്‍ സമുദായസംഘടനകള്‍ക്കുളള പ്രതിഷേധവും വോട്ടാക്കിമാറ്റാന്‍ നീലന്‍ ശ്രമിക്കും.
മണ്ഡലത്തിലെ അപരിചിതത്വമാണു ശശി തരൂരിനെ കുഴക്കുന്നത്‌. ആഗോളവ്യക്തിത്വം നഗരപ്രദേശങ്ങളില്‍ ശശി തരൂരിനു മുതല്‍ക്കൂട്ടാവുമെങ്കിലും അപരിചിതത്വം ഗ്രാമപ്രദേശങ്ങളില്‍ തരൂരിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. എന്‍.സി.പി സ്ഥാനാര്‍ഥി എം പി ഗംഗാധരന്‍ രംഗത്തുളളതും ഇസ്രായേല്‍ അനുകൂലനിലപാടിന്റെ പേരില്‍ മുസ്‌ലിംസംഘടനകളില്‍ നിന്നുണ്ടാവുന്ന എതിര്‍പ്പും തരൂരിന്റെ വിജയപ്രതീക്ഷകളെ ബാധിക്കാനാണു സാധ്യത. നഗരത്തിലെ വോട്ട്‌കൊണ്ടു മാത്രം ജയിക്കാന്‍ തരൂരിനാവില്ല. നാടാര്‍വിഭാഗത്തിന്‌ ഏറെ സ്വാധീനമുള്ള നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കാനായില്ലെങ്കില്‍ തലസ്ഥാനം തരൂരിനു ബാലികേറാമലയാവും.
എന്നാല്‍, ഗ്രാമപ്രദേശങ്ങളില്‍ നിന്നും നല്ല പിന്തുണയാണു ലഭിക്കുന്നതെന്ന ആത്മവിശ്വാസമാണു തരൂരിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ തമ്പാനൂര്‍ രവിക്ക്‌. ഗ്രാമപ്രദേശങ്ങളില്‍ തരൂരിന്റെ അപരിചിതത്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന്‌ അദ്ദേഹം തേജസിനോടു പറഞ്ഞു. നെയ്യാറ്റിന്‍കര, പാറശ്ശാല നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തിയപ്പോള്‍ നല്ല പ്രതികരണമാണു ലഭിച്ചത്‌. എന്‍.സി.പി സ്ഥാനാര്‍ഥിയുടെ സാന്നിധ്യം തങ്ങളെ ബാധിക്കില്ല. നീലന്‍ പിടിക്കുന്ന വോട്ടുകള്‍ ഇടതുമുന്നണിയുടേതായിരിക്കുമെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
മുസ്‌ലിം, ലാറ്റിന്‍, ഈഴവ വിഭാഗങ്ങള്‍ക്കും മണ്ഡലത്തില്‍ സ്വാധീനമുണ്ട്‌. പി.ഡി.പി പിന്തുണ ഇടതുപക്ഷത്തിനായതും പോപുലര്‍ ഫ്രണ്ട്‌ ശശി തരൂരിനെ പരാജയപ്പെടുത്തുമെന്നു പ്രഖ്യാപിച്ചതും തരൂരിന്റെ ഇസ്രായേല്‍ അനുകൂല പ്രതിഛായയും കാരണം മുസ്‌ലിംവോട്ടുകള്‍ യു.ഡി.എഫിനു ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കിയിട്ടുണ്ട്‌. നഗരപ്രദേശങ്ങളിലെ നിഷ്‌പക്ഷ മധ്യവര്‍ഗ വോട്ടുകളിലാണു തരൂരിന്റെ പ്രതീക്ഷ. ബി.ജെ.പി കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലെ പോലെ വോട്ട്‌കച്ചവടത്തിനു തയ്യാറാവുമോയെന്നതും മുന്നണികളെ ആശങ്കപ്പെടുത്തുന്നു. എന്നാല്‍, സംസ്ഥാന പ്രസിഡന്റ്‌ മല്‍സരിക്കുന്നതിനാല്‍ വോട്ട്‌കച്ചവടമുണ്ടാവില്ലെന്നാണു പാര്‍ട്ടിനേതൃത്വത്തിന്റെ അവകാശവാദം. മണ്ഡലത്തില്‍ 50,000 വോട്ട്‌ തങ്ങള്‍ക്കുണ്ടെന്നാണ്‌ എന്‍.സി.പി അവകാശപ്പെടുന്നത്‌. കോണ്‍ഗ്രസ്സിന്റെ ജയസാധ്യത അട്ടിമറി?ക്കാനാവും എന്‍.സി.പി ശ്രമിക്കുക.
നാട്ടുകാരന്‍ എന്ന വിശേഷണമാണ്‌ ഇടതുമുന്നണി സ്ഥാനാര്‍ഥി പി രാമചന്ദ്രന്‍ നായരുടെ കൈമുതല്‍. തുടക്കത്തില്‍ മുന്നണിയിലെ പടലപ്പിണക്കങ്ങള്‍ ചില്ലറ അലോസരങ്ങളുണ്ടാക്കിയെങ്കിലും പ്രചാരണത്തില്‍ രാമചന്ദ്രന്‍ നായര്‍ മുന്നിലാണ്‌. നീലന്റെ സ്ഥാനാര്‍ഥിത്വം രാമചന്ദ്രന്‍ നായര്‍ക്കു വിനയാവുന്നുണ്ട്‌. ജനതാദള്‍ ഔദ്യോഗികനേതൃത്വം യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ചത്‌ ഇടതുമുന്നണിയെ ആശങ്കപ്പെടുത്തുന്നുണ്ട്‌. എന്നാല്‍, ജനതാദള്‍ പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും ജില്ലാ കണ്‍വീനറും ജില്ലയിലെ പ്രമുഖ ദള്‍ നേതാവുമായ വി ഗംഗാധരന്‍ നാടാരും ഇടതുമുന്നണിക്കൊപ്പമാണെന്നു രാമചന്ദ്രന്‍ നായരുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ജനറല്‍ സെക്രട്ടറി ജി ആര്‍ അനില്‍ തേജസിനോടു പറഞ്ഞു.
പ്രചാരണത്തില്‍ തങ്ങള്‍ ഏറെ മുന്നിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇടതുമുന്നണിയുടെ വോട്ടുകള്‍ കൊണ്ടു മാത്രം ജയിക്കാനാവുമെന്ന ആത്മവിശ്വാസമാണ്‌ അനിലിന്‌.

No comments: