2009-04-07

തമിഴ്‌ സംഘടനകള്‍ ഇടുക്കിയിലെ വോട്ടുകള്‍ ഏകോപിപ്പിക്കുന്നു

ഷബ്‌ന സിയാദ്‌

ഇടുക്കി: രണ്ടര ലക്ഷത്തിലേറെ വരുന്ന തമിഴ്‌വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ ഇടുക്കി മണ്ഡലത്തിലെ തമിഴ്‌സംഘടനകള്‍ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി വിടുതലൈ ചിരുതൈകള്‍ കക്ഷി എന്ന തമിഴ്‌സംഘടന ഇടുക്കിയില്‍ മത്സരരംഗത്തുണ്ട്‌. ഇവിടെ തമിഴ്‌വോട്ടുകളുടെ ധ്രുവീകരണത്തിന്‌ അടിത്തറയിടാമെന്നതാണ്‌ ഇവരുടെ പ്രതീക്ഷ.
വിടുതലൈ ചിരുതൈകള്‍ സ്ഥാനാര്‍ഥിയായ ആര്‍ വാസുദേവന്‍ തമിഴ്‌ സ്വാധീന അസംബ്ലി മണ്ഡലങ്ങളായ ദേവികുളം, പീരുമേട്‌, ഉടുമ്പന്‍ചോല എന്നിവിടങ്ങളില്‍ പ്രചാരണം നടത്തിവരുന്നു.
തമിഴ്‌വംശജരുടെ ഏകോപനം ശക്തമായതു 2008 മാര്‍ച്ചിലുണ്ടായ മൂന്നാര്‍ പാര്‍വതിമല കൈയേറ്റത്തോടെയാണ്‌. മൂന്നാര്‍ ദൗത്യസംഘം 2007 മെയില്‍ ഒഴിപ്പിച്ച പാര്‍വതിമലയിലെ 44.7 ഏക്കര്‍ ഭൂമി കഴിഞ്ഞ മാര്‍ച്ച്‌ 24ന്‌ തമിഴ്‌വംശജര്‍ കൈയേറിയിരുന്നു. എ.ഐ.എ.ഡി.എം.കെ ജില്ലാ പ്രസിഡന്റ്‌ ചൂട്ടുസ്വാമിയുടെ നേതൃത്വത്തിലായിരുന്നു കൈയേറ്റം. എസ്റ്റേറ്റില്‍ നിന്നു വിരമിക്കുന്ന തമിഴ്‌ തൊഴിലാളികള്‍ക്കു കിടപ്പാടമില്ലെന്ന വികാരപരമായ പ്രശ്‌നമുയര്‍ത്തിയായിരുന്നു കൈയേറ്റം. ഭൂമി കൊടുക്കാമെന്ന ഉറപ്പി?ലാണ്‌ അവര്‍ പിന്‍മാറിയത്‌.
വിടുതലൈ ചിരുതൈകള്‍ കക്ഷിയും ഇതോടെയാണു മൂന്നാറില്‍ ഇടംപിടിച്ചത്‌. ഇത്തരത്തിലുള്ള തമിഴ്‌ ഏകീകരണം ഭാവിയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നു കേന്ദ്ര സ്‌പെഷ്യല്‍ ബ്രാഞ്ച്‌ സര്‍ക്കാരിന്‌ റിപോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌.
ഇടുക്കി ജില്ലയില്‍ 7,69,605 വോട്ടര്‍മാരാണ്‌ ആകെയുള്ളത്‌. ഇതില്‍ തമിഴ്‌വംശജര്‍ക്ക്‌ സ്വാധീനമുള്ള പീരുമേട്‌, ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളിലായി രണ്ടു ലക്ഷത്തിലേറെ വോട്ടുകള്‍ തമിഴ്‌വംശജരുടേതാണ്‌. മൂന്നാര്‍ ഗ്രാമപ്പഞ്ചായത്തില്‍ 21 പഞ്ചായത്തംഗങ്ങളില്‍ എല്ലാവരും തമിഴ്‌വംശജരാണ്‌. പീരുമേട്‌ അസംബ്ലി മണ്ഡലത്തിലെ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 22 അംഗങ്ങളില്‍ 16 പേര്‍ തമിഴരാണ്‌. 1,37,037 തമിഴ്‌വോട്ടുകളുള്ള ദേവികുളം അസംബ്ലി മണ്ഡലത്തില്‍ തമിഴ്‌വംശജരല്ലാതെ ആരും നിയമസഭാ സാമാജികരായിട്ടില്ല.
ഉടുമ്പന്‍ചോല അസംബ്ലി മണ്ഡലത്തിലെ ശാന്തംപാറ പഞ്ചായത്തില്‍ 80 ശതമാനം തമിഴരാണ്‌. കൂടാതെ ഉടുമ്പന്‍ചോല പഞ്ചായത്തില്‍ 35 ശതമാനം തമിഴരുണ്ട്‌. സേനാപതി ഖജനാപാറയിലെ മൂന്നും സേനാപതിയിലെ രണ്ടും വാര്‍ഡുകളില്‍ 90 ശതമാനത്തിലേറെ തമിഴരാണ്‌. ദേവികുളം താലൂക്കിലെ തമിഴരില്‍ ഏറെയും പള്ളര്‍, പറയര്‍ വിഭാഗത്തിലുള്ളവരാണ്‌. ഇരു മുന്നണി സ്ഥാനാര്‍ഥികളും തമിഴ്‌വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തമിഴിലാണു പ്രചാരണം.

No comments: