2009-04-07

തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ല - ഒ രാജഗോപാല്‍

കൊച്ചി: അബ്ദുന്നാസില്‍ മഅ്‌ദനിയെയും ജനതാദള്‍ വിവാദവുമൊക്കെ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍, ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്നില്ലെന്ന്‌ ബി.ജെ.പി നേതാവ്‌ ഒ രാജഗോപാല്‍. രാജ്യത്ത്‌ ആരു ഭരണത്തില്‍ വരണമെന്നതാണ്‌ കേന്ദ്ര ആശയം. ഇതിന്‌ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. കേന്ദ്രത്തില്‍ മൂന്നാം മുന്നണി സര്‍ക്കാര്‍ വരുമെന്നത്‌ അപ്രസക്തമായ കാര്യമാണ്‌. യു.പി.എയുടെ എ ടീം യു.ഡി.എഫും ബി ടീം എല്‍.ഡി.എഫുമാണ്‌.
ഇന്ത്യ ഇസ്രയേല്‍ മിസൈല്‍ കരാറില്‍ 900 കോടിയുടെ അഴിമതി നടത്തിയതു എ കെ ആന്റണിയാണെന്നു പറയുന്നില്ല. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ ഡല്‍ഹിയിലുണ്ടായിരുന്ന ആന്റണി ദിവസങ്ങള്‍ കഴിഞ്ഞ്‌ കേരളത്തിലെത്തിയ ശേഷമാണ്‌ പ്രതികരിച്ചത്‌. പ്രതിരോധമന്ത്രിയുടെ ഈ മൗനം സംശയാസ്‌പദമാണ്‌. ബോഫോര്‍സ്‌ അഴിമതി നടന്നതു പോലെ ഇത്തരം വലിയ അഴിമതികള്‍ നടക്കുന്നത്‌ സോണിയ ഗാന്ധിയുടെ വസതിയായ ടെന്‍ ജന്‍പഥിലാണ്‌. എ കെ ആന്റണി ഇതൊന്നും അറിയണമെന്നില്ല. ലാവ്‌ലിന്‍ കേരളത്തിലെ ഏറ്റവും വലിയ അഴിമതിയാണ്‌. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലുത്‌ 900 കോടി അഴമതി നടന്ന ഇന്ത്യ - ഇസ്രയേല്‍ മിസൈല്‍ കരാറാണ്‌. ചെരിപ്പേറ്‌ അത്ര നല്ലതല്ലെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തെ മാധ്യമ പ്രവര്‍ത്തകന്‍ ഷൂസെറിഞ്ഞതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


No comments: