2009-04-07

ജനതാദള്‍ ഇടതുമുന്നണിയില്‍ തന്നെയെന്ന്‌ വീണ്ടും ഗൗഡ


ബൈജൂജോണ്‍

ന്യൂഡല്‍ഹി: ജനതാദള്‍ കേരളത്തില്‍ ഇടതുമുന്നണിയില്‍ തന്നെ തുടരുമെന്ന്‌ ദേശീയ അധ്യക്ഷന്‍ എച്ച്‌ ഡി ദേവഗൗഡ വ്യക്തമാക്കി. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രിക പുറത്തിറക്കി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്‌. കേരളത്തിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന്‌ വീരേന്ദ്രകുമാര്‍ ഉറപ്പുനല്‍കിയതായും ഗൗഡ പറഞ്ഞു.
ജനതാദള്‍ ഇപ്പോഴും ഇടതുമുന്നണിയില്‍ തന്നെയാണ്‌. അതുകൊണ്ടാണ്‌ രാജിവച്ച മന്ത്രി മുഖ്യമന്ത്രിക്കൊപ്പം തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നത്‌. മണ്ഡല പുനര്‍നിര്‍ണയത്തിലാണ്‌ കോഴിക്കോട്‌ സീറ്റ്‌ ജനതാദളിന്‌ നഷ്ടപ്പെട്ടത്‌. വീരേന്ദ്രകുമാര്‍ പക്വതയുള്ള നേതാവാണ്‌. ഒരിക്കലും യു.ഡി.എഫിലേക്കു പോവുന്ന കാര്യം പറഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ ഐക്യം നിലനിര്‍ത്തേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്‌. മന്ത്രിയല്ല, മുന്നണിയാണു പ്രധാനപ്പെട്ടത്‌. പ്രാദേശികമായ ചില പ്രശ്‌നങ്ങള്‍ കേരളത്തിലുണ്ട്‌ ഇതു പരിഹരിക്കാന്‍ സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.
മൂന്നാംമുന്നണിയുടെ പ്രധാനമന്ത്രിസ്വപ്‌നവുമായി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ തിരഞ്ഞെടുപ്പു പ്രകടനപത്രിക പുറത്തിറക്കി. കാര്‍ഷിക കടങ്ങള്‍ മുഴുവന്‍ എഴുതിത്തള്ളും, 60 വയസ്സിനു മുകളില്‍ പ്രായമുള്ള കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പ്രതിമാസം 500 രൂപ പെന്‍ഷന്‍, ഗ്രാമീണമേഖലകളിലെ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ സംവരണം ഉറപ്പുവരുത്താന്‍ ഭരണഘടനാ ഭേദഗതി തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണു പ്രകടനപത്രികയിലുള്ളത്‌. താന്‍ കര്‍ണാടകയില്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രധാനമന്ത്രിയായിരുന്നപ്പോഴും നടപ്പാക്കിയ പല പദ്ധതികളും മുഖ്യധാരാ പാര്‍ട്ടികള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത്‌ അഭിനന്ദനാര്‍ഹമാണെന്നു ഗൗഡ പറഞ്ഞു.

No comments: