2009-04-07

കേരളത്തില്‍ കളം പിടിക്കാനുറച്ച്‌ ബി.ജെ.പി

കേരളത്തില്‍ അക്കൗണ്ട്‌ തുറക്കുമെന്ന പ്രഖ്യാപനം ഫലപ്രാപ്‌തിയിലെത്തിക്കാന്‍ ബി.ജെ.പിക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും അവരുടെ പ്രതീക്ഷയ്‌ക്കു തെല്ലും കോട്ടമില്ല. സംസ്ഥാനത്തു ശക്തമായ വോട്ട്‌ ഉണ്ടെങ്കിലും ഓരോ തിരഞ്ഞെടുപ്പിലും വോട്ട്‌വില്‍പ്പനയുടെ ആരോപണം ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്നു.
എന്നാല്‍, ഇത്തവണ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ പഴയ ആരോപണത്തിന്‌ ഇടകൊടുക്കില്ലെന്ന വിശ്വാസത്തിലാണു ബി.ജെ.പി കരുത്തന്മാരെ ഗോദയിലിറക്കിയത്‌. തിരുവനന്തപുരത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ കൃഷ്‌ണദാസും പാലക്കാട്ട്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ സി കെ പത്മനാഭനും കോഴിക്കോട്‌ പാര്‍ട്ടി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി മുരളീധരനും കാസര്‍കോഡ്‌ യുവമോര്‍ച്ച പ്രസിഡന്റ്‌ കെ സുരേന്ദ്രനും ശക്തമായ പോരാട്ടമാണു കാഴ്‌ചവയ്‌ക്കുന്നത്‌.
തലസ്ഥാന മണ്ഡലത്തില്‍ അക്കൗണ്ട്‌ തുറക്കാമെന്ന പ്രതീക്ഷയിലാണു പി കെ കൃഷ്‌ണദാസ്‌. മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാവുന്നതില്‍ നിന്നു ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാല്‍ പിന്‍മാറിയതു യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ശശി തരൂരിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണെന്ന ആരോപണം മണ്ഡലത്തിലെ ബി.ജെ.പി വോട്ടര്‍മാരില്‍ ചര്‍ച്ചാവിഷയമാണ്‌. വോട്ട്‌കച്ചവടം ഇത്തവണയും നടക്കുമെന്നതിന്റെ സുചനകളാണ്‌ ഒ രാജഗോപാലിന്റെ പിന്‍മാറ്റമെന്ന്‌ അവര്‍ പ്രചരിപ്പിക്കുന്നു. 2005ല്‍ സി കെ പത്മനാഭന്റെ അനുഭവം തനിക്കുണ്ടാവില്ലെന്നു കൃഷ്‌ണദാസ്‌ പ്രതീക്ഷിക്കുന്നു. സര്‍ക്കാരിന്റെ മുസ്‌ലിം പ്രീണനം, മഅ്‌ദനിയുടെ തീവ്രവാദം, പൊന്നാനിയിലെ മതേതര ആഭാസം, മലപ്പുറത്ത്‌ തുടങ്ങാന്‍പോവുന്ന അലിഗഡ്‌ ഓഫ്‌ കാംപസ്‌, മാറാട്ടെ നീതിനിഷേധം എന്നിവയാണ്‌ ഇവിടെ ബി.ജെ.പിയുടെ പ്രധാന പ്രചാരണായുധങ്ങള്‍.
കേരളത്തില്‍ നിന്നു മാറിമാറി മുന്നണികളെ വിജയിപ്പിച്ച ചരിത്രം ഇത്തവണ മാറ്റിക്കുറിക്കുമെന്നാണു കാസര്‍കോഡ്‌ കെ സുരേന്ദ്രന്റെ വിശ്വാസം. നേരത്തേ സ്ഥാനാര്‍ഥിപ്രഖ്യാപനം വന്നതിനാല്‍ ഒന്നര മാസക്കാലമായി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സുരേന്ദ്രന്‌ എത്താനായി. ജില്ലയിലെ ആറു പഞ്ചായത്തുകള്‍ ബി.ജെ.പിയുടെ പക്കലാണെന്നതു സുരേന്ദ്രന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. കാസര്‍കോഡ്‌,മഞ്ചേശ്വരം അസംബ്ലി മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനവും ബി.ജെ.പിക്കുണ്ട്‌. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു. ഹിന്ദുത്വവികാരം ഉണര്‍ത്തിയാണു ബി.ജെ.പി പ്രചാരണം നടത്തുന്നത്‌. മദ്‌റസാ അധ്യാപകര്‍ക്കു പെന്‍ഷന്‍ നല്‍കുന്നതിനെതിരേയും സച്ചാര്‍ കമ്മീഷനെതിരേയും പാര്‍ട്ടി പ്രചാരണം നടത്തുന്നു. കര്‍ണാടകയിലെ ബി.ജെ.പി ഭരണവും അതിര്‍ത്തിമണ്ഡലത്തില്‍ സുരേന്ദ്രനു സഹായകമാവുന്നു.
നെല്ലറയുടെ നാട്ടില്‍ പ്രചാരണരംഗത്ത്‌ ഇടതു-വലതു മുന്നണികള്‍ ബഹുദൂരം മുന്നിലാണെങ്കിലും പാര്‍ട്ടിയുടെ സ്വാധീനം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കാനുള്ള അതീവശ്രമത്തിലാണു സി കെ പത്മനാഭന്‍. സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവം വോട്ട്‌ വര്‍ധിപ്പിക്കുമെന്നാണു ബി.ജെ.പിയുടെ പ്രതീക്ഷ.
പ്രായം അറുപതിലെത്തിയെങ്കിലും സി കെ പിയുടെ പോരാട്ടവീര്യത്തിനു കുറവില്ല. അദ്ദേഹം നാലാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. നെറികെട്ട കേന്ദ്രഭരണത്തിനെതിരേയും നിഷ്‌ക്രിയമായ സംസ്ഥാന ഭരണത്തിനെതിരേയുമുള്ള നിശ്ശബ്ദതരംഗം രൂപപ്പെട്ടിട്ടുണ്ടെന്നും ഇതു ബി.ജെ.പിക്കു സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. ഇരുമുന്നണികളും ഉയര്‍ത്തിക്കാട്ടുന്ന മുദ്രാവാക്യങ്ങളും വാഗ്‌ദാനങ്ങളും സി കെ പി തിരിച്ചു പ്രയോഗിക്കുന്നു. കാര്‍ഷികരംഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു സഹായകമായ പദ്ധതികള്‍ നടപ്പാക്കുമെന്നു വോട്ടര്‍മാര്‍ക്ക്‌ ഉറപ്പുനല്‍കുന്നു. കൂടാതെ, ദേശീയ-ഗ്രാമീണ പാതകളുടെ വികസനം സാധ്യമാക്കുമെന്ന വാഗ്‌ദാനവും. എവിടെയും മുന്നണിയില്ലാതെ ഒറ്റയ്‌ക്കു മല്‍സരിക്കാന്‍ ബി.ജെ.പിക്കല്ലാതെ മറ്റാര്‍ക്കുമാവില്ലെന്നു സി കെ പി വെല്ലുവിളിക്കുന്നു. പാലക്കാട്‌ നഗരം, ഒറ്റപ്പാലം തുടങ്ങിയ മേഖലകളില്‍ ബി.ജെ.പിക്കു ശക്തമായ സ്വാധീനമുണ്ട്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1,47,792 വോട്ടാണ്‌ ബി.ജെ.പി നേടിയത്‌.
കോഴിക്കോട്ടും പ്രചാരണത്തില്‍ ബി.ജെ.പി ഏറെ മുന്നിലാണ്‌. ബി.ജെ.പി വിട്ട ജനപക്ഷം തലവേദന ഉയര്‍ത്തുന്നുണ്ടെങ്കിലും കഴിഞ്ഞതവണ ലഭിച്ച 98,000 വോട്ടില്‍ നിന്നു കുതിച്ചുചാടുമെന്ന കാര്യത്തില്‍ നേതൃത്വത്തിനു സംശയമില്ല. കോഴിക്കോടിനു നഷ്ടപ്പെട്ട വ്യാപാരപൈതൃകം വീണ്ടെടുക്കുമെന്നാണു മുരളീധരന്റെ പ്രധാനപ്പെട്ട വാഗ്‌ദാനം. ആരോഗ്യ-വിദ്യാഭ്യാസരംഗത്തെ വികസനം, കാര്‍ഷിക-വ്യാവസായിക പുരോഗതി എന്നിവയും മുരളീധരന്‍ വോട്ടര്‍മാര്‍ക്ക്‌ ഉറപ്പു നല്‍കുന്നു. മണ്ഡലപുനര്‍നിര്‍ണയത്തിലൂടെ പുതുതായി വന്ന കുന്ദമംഗലത്തും മാറാട്‌ ഉള്‍പ്പെടുന്ന ബേപ്പൂരിലും പാര്‍ട്ടിയുടെ സംഘടനാശേഷി കൂടുതലുണ്ടെന്നു മുരളീധരന്‍ പറയുന്നു. കോണ്‍ഗ്രസ്സും സി.പി.എമ്മും പരസ്‌പരം മല്‍സരിച്ചു തിരഞ്ഞെടുപ്പിനു ശേഷം ഒരുമിക്കുന്നതു തിരിച്ചറിയുന്ന ജനം തനിക്കു വോട്ട്‌ ചെയ്യുമെന്നു മുരളീധരന്‍ പറയുന്നു.

റിപോര്‍ട്ട്‌: വി കെ എ സുധീര്‍, അബ്ദുര്‍റഹ്‌മാന്‍ ആലൂര്‍,
സമദ്‌ പാമ്പുരുത്തി,
എം മുഹമ്മദ്‌ ഷഹീദ്‌

No comments: