2009-04-09

ബി.ജെ.പി-ബി.ജെ.ഡി സഖ്യം തകര്‍ന്നതിനു കാരണം കണ്ഡമാല്‍ കലാപം: നവീന്‍



ന്യൂഡല്‍ഹി: കണ്ഡമാല്‍ കലാപമാണ്‌ ബി.ജെ.പി-ബി.ജെ.ഡി സഖ്യം വേര്‍പിരിയാന്‍ കാരണമെന്ന്‌ ഒറീസ്സാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്‌. ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട്‌ അവസാനിച്ചത്‌ നന്നായെന്ന്‌ അദ്ദേഹം പറഞ്ഞു.
വിഭജന ചര്‍ച്ചയില്‍ ബി.ജെ.പി അന്യായമായ ആവശ്യമാണ്‌ ഉന്നയിച്ചത്‌. സി.എന്‍.എന്‍.ഐ.ബി.ക്കെതിരെ നല്‍കിയ അഭിമുഖത്തിലാണ്‌ പട്‌നായിക്‌ ഇക്കാര്യം പറഞ്ഞത്‌. കേന്ദ്രത്തില്‍ ബി.ജെ.പിയെയോ കോണ്‍ഗ്രസിനെയോ തന്റെ പാര്‍ട്ടി പിന്താങ്ങല്ല. പകരം മൂന്നാം മുന്നണിയുമായി കൂട്ടു ചേരും. ശരത്‌ പവാറിനെ പ്രധാനമന്ത്രിയെന്ന നിലയില്‍ പിന്തുണക്കുമോ എന്നു ചോദിച്ചപ്പോള്‍ പവാര്‍ ഒറീസയില്‍ തങ്ങള്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രിയാരാവുമെന്ന്‌ മെയ്‌ 16നു ശേഷം അറിയാമെന്നുമായിരുന്നു പട്‌നായികിന്റെ മറുപടി.

ലാലുവിനും റാബ്രിക്കും തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നോട്ടീസ്‌
















ന്യൂഡല്‍ഹി: മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചതിന്‌ ആര്‍.ജെ.ഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവിനും ഭാര്യ റാബ്രി ദേവിക്കും തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നോട്ടീസയച്ചു. വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ്‌ വരുണ്‍ ഗാന്ധിയെ റോഡ്‌ റോളര്‍ കൊണ്ട്‌ ചതച്ചരക്കണമെന്നു പ്രസംഗിച്ചു എന്നാരോപിച്ചാണ്‌ ലാലുവിന്‌ നോട്ടീസയച്ചത്‌. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ അസഭ്യം പറഞ്ഞുവെന്നതിനാണ്‌ റാബ്രിക്‌ നോട്ടീസയച്ചത്‌.
11നകം നോട്ടീസിനു മറുപടിയയക്കണമെന്ന്‌ ഇവരോടും ആവശ്യപ്പെട്ടിടുണ്ടെന്ന്‌ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ജെ പി പ്രകാശ്‌ വാര്‍ത്താ ലേഖകരെ അറിയിച്ചു.
വിവാദ പരാമര്‍ശം നടത്തിയതിന്‌ ലാലുവിനെതിരെ കിഷന്‍ ഗഞ്ച്‌ പോലിസ്‌ കേസെടുത്തിരുന്നു. ലാലുവിന്റെ പ്രസംഗത്തിന്റെ സിഡി താന്‍ പരിശോധിച്ചുവെന്നും അദ്ദേഹം വര്‍ഗീയാസ്വാസ്ഥ്യം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും കിഷന്‍ഗഞ്ച്‌ ജില്ലാ മജിസ്‌ട്രേറ്റ്‌ ഫെറാഫ്‌ അഹ്‌്‌മദ്‌ പറഞ്ഞു.
എന്നാല്‍ നിയമത്തിന്റെ റോഡ്‌ റോളര്‍ എന്നാണ്‌ താന്‍ ഉദ്ദേശിച്ചതെന്നാണ്‌ ലാലുവിന്റെ നിലപാട്‌.
റാബ്രിക്കെതിരെയും കേസെടുത്തിട്ടുണ്ട്‌. നിതീഷ്‌ കുമാറും ജെ.ഡി.യു നേതാവ്‌ രാജീവ്‌ രഞ്‌ജന്‍ സിങ്‌ ലാലനും അളിയന്മാരാണെന്നാണ്‌ റാബ്രി പ്രസംഗിച്ചത്‌. ഇരുവരും ബന്ധുക്കളല്ലെന്നിരിക്കെ പരാമര്‍ശം അസഭ്യമാണെന്നാണ്‌ പരാതി.

ജനപ്രതിനിധികള്‍ മനുഷ്യമനസ്സുകളെ തിരിച്ചറിയണം

ഷമീര്‍ കെ ഇലിപ്പക്കുളം
കായംകുളം: ജനപ്രതിനിധികള്‍ മനുഷ്യമനസ്സുകളെ തിരിച്ചറിയുന്നവരായിരിക്കണമെന്ന്‌ ഓസ്‌കര്‍ അവാര്‍ഡ്‌്‌ ജേതാവ്‌ റസൂല്‍പൂക്കുട്ടി.
ഭരണസംവിധാനത്തില്‍ യുവജനങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. ഇന്ത്യന്‍ തെരുവുകളില്‍ കഷ്ടപ്പെടുന്ന മനുഷ്യജീവിതം ഒപ്പിയെടുക്കുമ്പോഴും അവരുടെ അനുഭവങ്ങള്‍ ലോകത്തിനു മുമ്പില്‍ കാഴ്‌ചവച്ചപ്പോഴും ഇനിയും എത്രനാള്‍ വേണ്ടിവരും നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും ജീവിതസാഹചര്യം മാറാന്‍ എന്നു മനസ്സില്‍ തോന്നിയിട്ടുണ്ട്‌. എല്ലാ രാഷ്ട്രീയക്കാരും മനുഷ്യന്റെ പ്രശ്‌നങ്ങള്‍ പഠിച്ച്‌ അവരെ മോചിപ്പിക്കാന്‍ തയ്യാറുള്ളവരായിരിക്കണം. പട്ടിണിയും വര്‍ഗീയതയും രാജ്യത്തിന്റെ ശാപമായി മാറിയിരിക്കുന്ന സാഹചര്യം കൂട്ടായ പരിശ്രമത്തിലൂടെ തുടച്ചുനീക്കാന്‍ ശ്രമിക്കണം. അപ്പോഴാണു ജനാധിപത്യത്തിന്റെ സുഖം ജനങ്ങള്‍ അനുഭവിക്കുക. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയ നടക്കുന്ന രാജ്യം ഇന്ത്യയാണ്‌.
ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ബഹുമതി ജനങ്ങളുടെ അംഗീകാരമാണ്‌. യുവാക്കള്‍ കൂടുതല്‍ കഴിവുള്ളവരായി മുന്‍നിരയിലേക്കു വന്നുകൊണ്ടിരിക്കണം.?? കഴിവിനെയും പരിശ്രമത്തെയും ലോകമെന്നും അംഗീകരിക്കുമെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

ആദിവാസിക്ഷേമത്തിന്‌ ഇടതുപക്ഷം മുന്നില്‍

ഷബ്‌ന സിയാദ്‌

ഇടുക്കി: ആദിവാസി ക്ഷേമത്തിനു മുന്‍തൂക്കം നല്‍കുന്നത്‌ ഇടത സര്‍ക്കാറാണെന്നു കോഴിമല രാജാവ്‌ അരിയാന്‍ രാജമന്നാന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത്‌ അനുകൂല സമീപനമായിരിക്കും തങ്ങളുടേതെന്നാണ്‌ അദ്ദേഹം നല്‍കുന്ന സൂചന.
ഇടുക്കി ജില്ലയിലെ കട്ടപ്പനയ്‌ക്കടുത്തു കാഞ്ചിയാര്‍ ഗ്രാമപ്പഞ്ചായത്തിലെ കോഴിമലയിലാണു കേരളത്തിലെ ഏക രാജവംശമായ മന്നാന്‍മാരുള്ളത്‌. കോഴിമലയ്‌ക്കു കീഴില്‍ നാലു കാട്ടുരാജ്യങ്ങളുണ്ട്‌. ഉടുമ്പഞ്ചോല താലൂക്കിലെ നടുക്കുട, മണിയാറങ്കുടി ഭാഗത്തെ ആറ്റാല്‍, ഒരുപുറം, അടിമാലിക്കടുത്തു ചെങ്കനാട്ടുമല എന്നിവയാണത്‌.
പാണ്ഡ്യരാജാവും ചോളരാജാവും പണ്ടെന്നോ യുദ്ധം നടത്തിയപ്പോള്‍ പാണ്ഡ്യനെ സഹായിച്ചതിന്റെ പ്രത്യുപകാരമായി വനവിഭവങ്ങള്‍ എടുക്കാന്‍ മന്നാന്‍ സമുദായത്തെ അനുവദിച്ചു. അങ്ങനെ അവര്‍ വനവാസികളായി. ഭാഷാടിസ്ഥാനത്തില്‍ കേരളവും തമിഴ്‌നാടും വേര്‍തിരിഞ്ഞപ്പോള്‍ ഇവര്‍ ഇടുക്കിയിലായി. അംഗസംഖ്യ പെരുകിയപ്പോള്‍ അയല്‍ജില്ലകളിലേക്കും ചേക്കേറി. ഇപ്പോള്‍ ഇടുക്കി, പാലക്കാട്‌, വയനാട്‌, തൃശൂര്‍ ജില്ലകളിലും ത്രിപുരയിലുമായി മന്നാന്‍ സമുദായാംഗങ്ങള്‍ ചിതറിക്കിടക്കുകയാണ്‌. 46 കുടികളില്‍ നിന്ന്‌ ഒരാള്‍ (കാണി) വീതം കേന്ദ്രസമിതിയില്‍ ഉണ്ട്‌. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കേന്ദ്രസമിതി കൂടാറുണ്ട്‌.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏതു സ്ഥാനാര്‍ഥിയെ പിന്‍തുണയ്‌ക്കുമെന്നു തീരുമാനിക്കുന്നതിനു നാളെ കേന്ദ്രസമിതി യോഗം കട്ടപ്പനയില്‍ ചേരുമെന്നു കോഴിമല രാജാവ്‌ അറിയിച്ചു.

മായാവതിക്ക്‌ കരുത്തേകാന്‍ കേരളം; ജയിക്കാനുറച്ച്‌്‌ നീലന്‍

വി കെ എ സുധീര്‍
തിരുവനന്തപുരം: ബി.എസ്‌്‌.പി നേതാവ്‌്‌ മായാവതിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌്‌ അക്കൗണ്ട്‌ തുറക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ ബി.എസ്‌്‌.പി നേതൃത്വം. തലസ്ഥാനവാസികള്‍ക്കു സുപരിചിതനായ മുന്‍ എം.പിയും മന്ത്രിയുമായ ഡോ. എ നീലലോഹിത?ദാസന്‍ നാടാരിലൂടെ?യാണു ബി.എസ്‌.പി നേതൃത്വം സംസ്ഥാനത്ത്‌ അക്കൗണ്ട്‌്‌ തുറക്കാമെന്നു പ്രതീക്ഷിക്കുന്നത്‌്‌.
കഴക്കൂട്ടം മുതല്‍ പാറശ്ശാല വരെ നീണ്ടുകിടക്കുന്ന മണ്ഡലത്തില്‍ ബി.എസ്‌്‌.പി എന്ന പാര്‍ട്ടിക്കുപരി വ്യക്തിബന്ധമാണു നീലന്റെ മുതല്‍ക്കൂട്ട്‌്‌. 1980ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണു നീലനെ അനന്തപുരി തിരഞ്ഞെടുത്തത്‌്‌. 1980നു മുമ്പുതന്നെ തിരഞ്ഞെടുപ്പു വേദിയില്‍ ഇടപെട്ടു തുടങ്ങിയ ആളാണ്‌ നീലന്‍. അന്നു മുതല്‍ തിരുവ?നന്തപുരം നിവാസികള്‍ക്കു വിജയിപ്പിക്കേണ്ട സ്ഥാനാര്‍ഥിയാണ്‌ നീലന്‍. നീലന്റെ പ്രചാരണം തെളിയിക്കുന്നതും ഇതുതന്നെ. മറുഭാഗത്ത്‌്‌ കോടികളൊഴുക്കി പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ ലളിതമായനീക്കങ്ങളിലൂടെ ആരെയും അദ്‌ഭുതപ്പെടുത്തുന്ന ജനക്കൂട്ടത്തെയാണ്‌ അദ്ദേഹം ആകര്‍ഷിക്കുന്നത്‌.
മണ്ഡലത്തെക്കുറിച്ച്‌ നീലന്‌ വ്യക്തമായ ധാരണയുണ്ട്‌. ??നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിവിടങ്ങളില്‍ എനിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. മുസ്‌ലിം വോട്ടര്‍മാര്‍ അനുകൂലമായി പ്രതികരിക്കുന്നുണ്ട്‌. കെ.പി.എം.എസ്‌്‌ ഉള്‍പ്പെടെയുള്ള ദലിത്‌്‌ സംഘടനകളില്‍ നമ്മുടെ അനുയായികളാണു കൂടുതല്‍.?? നീലന്‍ മനസ്സുതുറന്നു. അതുകൊണ്ടു തന്നെ നീലനു ശുഭപ്രതീക്ഷയാണുള്ളത്‌.
മറ്റു മണ്ഡലങ്ങളിലും ശക്തമായ മല്‍സരം കാഴ്‌ചവയ്‌ക്കാന്‍ കഴിയുമെന്നാണു സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്‌്‌. കൂടുതല്‍ ശക്തന്‍മാരായ സ്ഥാനാര്‍ഥികളെയാണ്‌ ഇത്തവണ ബി.എസ്‌.പി കളത്തിലിറക്കിയിട്ടുള്ളത്‌. നിരവധി തവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ കെ നായരാണ്‌ പത്തനംതിട്ടയില്‍ മാറ്റുരയ്‌ക്കുന്നത്‌്‌. ആറ്റിങ്ങലില്‍ സിവില്‍ സര്‍വീസില്‍ കഴിവു തെളിയിച്ച ജെ സുധാകരനാണ്‌ അങ്കത്തിനുള്ളത്‌്‌. മറ്റിടങ്ങളില്‍: കെ എം ജയാനന്ദന്‍- കൊല്ലം, എം ഡി മോഹനന്‍-മാവേലിക്കര, കെ എസ്‌ പ്രസാദ്‌-ആലപ്പുഴ, സ്‌പെന്‍സര്‍ മാര്‍ക്കേസ്‌-കോട്ടയം, ബിജു എം ജോണ്‍-ഇടുക്കി, ശരീഫ്‌്‌ മുഹമ്മദ്‌്‌-എറണാകുളം, മുട്ടം അബ്ദുല്ല-ചാലക്കുടി, ജോഷി തരകന്‍-തൃശൂര്‍, ജി സുദേവന്‍- ആലത്തുര്‍, വി ചന്ദ്രന്‍-പാലക്കാട്‌്‌, പി കെ മുഹമ്മദ്‌്‌-പൊന്നാനി, ഇ എ അബുബക്കര്‍-മലപ്പുറം, എ കെ അബ്‌്‌ദുല്‍ നാസര്‍-കോഴിക്കോട്‌, രാജീവ്‌്‌ ജോസഫ്‌്‌്‌-വയനാട്‌്‌, നുറുദ്ദീന്‍ മുസ്‌ല്യാര്‍-വടകര, കെ കെ ബാലകൃഷ്‌ണന്‍ നമ്പ്യാര്‍- കണ്ണൂര്‍, കെ എച്ച്‌്‌ മദനി-കാസര്‍കോഡ്‌്‌.
തിരഞ്ഞെടുപ്പില്‍ മായാവതിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയാണു ബി.എസ്‌്‌.പി വോട്ടര്‍മാരെ സമീപിക്കുന്നത്‌്‌. സംസ്ഥാനത്ത്‌്‌ പാര്‍ട്ടിക്ക്‌ അംഗീകാരം ലഭിക്കാനുള്ള ആറു ശതമാനം വോട്ട്‌ നേടിയെടുക്കലാണു മുഖ്യ അജണ്ടയെന്നു ബി.എസ്‌.പി സംസ്ഥാന പ്രസിഡന്റ്‌ സജി കെ ചേരമന്‍ വ്യക്തമാക്കുന്നു.

ഉത്തരദേശം ഇടത്തോട്ട്‌;അദ്‌ഭുതം കാത്ത്‌ യു.ഡി.എഫ്‌

നാരായണന്‍ കരിച്ചേരി
കാസര്‍കോഡ്‌: ഇടതുകോട്ടയായ കാസര്‍കോഡ്‌ ഇക്കുറിയും എങ്ങോട്ടെന്ന്‌ ഊഹിക്കാവുന്നതാണ്‌. മഹാദ്‌ഭുതം സംഭവിച്ചില്ലെങ്കില്‍ ഇവിടെ ദിശ മാറില്ല. എന്നാലും യു.ഡി.എഫിനും വിജയപ്രതീക്ഷയ്‌ക്കു കുറവില്ല. അട്ടിമറിയുടെ ഘടകങ്ങള്‍ പലതാണെന്ന്‌ യു.ഡി.എഫ്‌ നേതാക്കള്‍ പറയുന്നു.
ബി.ജെ.പിയും ഇവിടെ വിജയപ്രതീക്ഷയിലാണ്‌. എന്നാല്‍ ഭൂരിപക്ഷം കൂട്ടാനുള്ള ശ്രമത്തിലാണ്‌ തങ്ങളെന്നാണ്‌ ഇടതു നേതാക്കള്‍ പറയുന്നത്‌. കല്യാശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്‌, ഉദുമ, കാസര്‍കോഡ്‌, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളില്‍ കാസര്‍കോഡ്‌ ഒഴികെയുള്ള മണ്ഡലങ്ങള്‍ എല്‍.ഡി.എഫിന്റേതാണ്‌.
ഇവിടെ ഇത്തവണ 76,606 വോട്ടുകളുടെ കുറവുണ്ട്‌. മണ്ഡല പുനഃക്രമീകരണത്തിലുണ്ടായ മാറ്റം, സ്‌ത്രീവോട്ടര്‍മാരുടെ വര്‍ധന, സാമുദായിക സംഘടനകളുടെ സ്വാധീനം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വോട്ടര്‍മാരെ സ്വാധീനിക്കുന്നു. ഇടതു സ്ഥാനാര്‍ഥി പി കരുണാകരന്‌ മണ്ഡലത്തിലുള്ള അംഗീകാരവും മണ്ഡലത്തിന്റെ രാഷ്ട്രീയചരിത്രവും എല്‍.ഡി.എഫിന്‌ തുണയാകുന്നു.
കേന്ദ്രസര്‍ക്കാര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍, തൊഴിലുറപ്പുപദ്ധതി എന്നിവയെല്ലാം എടുത്തുകാട്ടിയും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം ഉണര്‍ത്തിയുമാണ്‌ യു.ഡി.എഫ്‌ പ്രചാരണം.
യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ഷാഹിദാ കമാല്‍ സ്വദേശി അല്ലെങ്കിലും അവരുടെ ഊര്‍ജസ്വലമായ പ്രവര്‍ത്തനം കൊണ്ട്‌ ജില്ലക്കാരിയായിമാറിയിട്ടുണ്ട്‌.
ബി.ജെ.പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ പ്രവര്‍ത്തനം കുറച്ചുകാണാനാവില്ല. വര്‍ഗീയവികാരം ഇളക്കിയാണ്‌ ബി.ജെ.പി വോട്ടര്‍മാരെ സമീപിക്കുന്നതെന്നാണ്‌ എല്‍.ഡി.എഫിന്റെ അഭിപ്രായം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തരദേശത്ത്‌ അക്കൗണ്ട്‌ തുറക്കുമെന്ന്‌ ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്‌. സമുദായക്ഷേത്ര പ്രശ്‌നം, മറാഠി സമുദായ സംവരണം, ദലിത്‌ ആദിവാസി പ്രശ്‌നം, കൊറഗരുടെ പ്രശ്‌നം, ക്ഷേത്രപാലകരുടെയും പൂജാരിമാരുടെയും പ്രശ്‌നം തുടങ്ങിയവയെല്ലാം ബി.ജെ.പിയുടെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്‌ വോട്ട്‌ ലക്ഷ്യമിട്ടാണെന്നത്‌ എതിര്‍കക്ഷികള്‍ കരുതലോടെ കാണുന്നുണ്ട്‌.
മലയോരമേഖലകളില്‍ അഭൂതപൂര്‍വമായ ജനക്കൂട്ടമാണ്‌ യു.ഡി.എഫിന്റെ വിജയസാധ്യത എന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല തേജസിനോടു പറഞ്ഞു. കാസര്‍കോഡ്‌, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വന്‍നേട്ടമുണ്ടാക്കുമെന്നാണ്‌ അവരുടെ കണക്കൂട്ടല്‍.
വളരെ ചിട്ടയായ പ്രവര്‍ത്തനമാണ്‌ എല്‍.ഡി.എഫ്‌ നടത്തുന്നത്‌. തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ സ്ഥാനാര്‍ഥിയെ ഉറപ്പിച്ച മണ്ഡലം കാസര്‍കോഡാണ്‌. തങ്ങളുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ തങ്ങള്‍ മുഴുകിയിരിക്കുന്നതെന്നു തിരഞ്ഞെടുപ്പുകമ്മിറ്റി കണ്‍വീനര്‍ കെ പി സതീഷ്‌ ചന്ദ്രന്‍ തേജസിനോട്‌ പറഞ്ഞു.
സാമുദായിക സംഘടനകള്‍ കൂടുതലും യു.ഡി.എഫിനു വേണ്ടി രംഗത്തുവന്നിട്ടുണ്ട്‌. ഇതില്‍ മറാഠി, ദലിത്‌ മഹാസഭ, ധീവരസഭ എന്നിവയും യു.ഡി.എഫ്‌ അനുകൂല നിലപാടിലാണ്‌.
കഴിഞ്ഞ കാലങ്ങളിലും ഇവര്‍ യു.ഡി.എഫ്‌ അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്‌. എന്നാല്‍, മണ്ഡലത്തില്‍ മറ്റൊരു നിര്‍ണായകശക്തിയായ പോപുലര്‍ ഫ്രണ്ടിന്റെ പിന്തുണയും ഇത്തവണ യു.ഡി.എഫിനാണ്‌. ജില്ലയിലെ പല ഭാഗങ്ങളിലും പോപുലര്‍ ഫ്രണ്ടിന്‌ നല്ല സ്വാധീനമാണുള്ളത്‌. പി.ഡി.പിയുടെ പിന്തുണ എല്‍.ഡി.എഫിനാണെങ്കിലും വോട്ടുകളുടെ എണ്ണം വെളിപ്പെടുത്താന്‍ തയ്യാറല്ല.
ജനതാദളിനും ജില്ലയില്‍ നല്ല സ്വാധീനമുണ്ട്‌. യു.ഡി.എഫിനോട്‌ ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്‌ ഇവിടത്തെ ദളിലെ ഭൂരിഭാഗവും.
ഐ.എന്‍.എല്ലിന്‌ സംസ്ഥാനത്ത്‌ നല്ല സ്വാധീനമുള്ള മണ്ഡലം കൂടിയാണ്‌ കാസര്‍കോഡ്‌. എല്‍.ഡി.എഫ്‌ പ്രചാരണ പരിപാടികളിലും ഐ.എന്‍.എല്‍ സജീവമാണ്‌.
എന്നാല്‍, കാലാകാലങ്ങളിലുള്ള ഇത്തരം രാഷ്ട്രീയ സമവാക്യങ്ങള്‍ക്കപ്പുറം എന്തു ചെയ്യാനാവുമെന്ന കണക്കുകൂട്ടലുകളുമായാണ്‌ ഇരുമുന്നണികളും ബി.ജെ.പിയും അവസാനഘട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌.

യു.ഡി.എഫ്‌ പ്രതിരോധത്തില്‍; സിന്ധുവിന്‌ ലോട്ടറിയടിച്ചപോലെ

റഹീം നെട്ടൂര്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എറണാകുളം മണ്ഡലത്തില്‍ ഇരുമുന്നണികളും പ്രചാരണം ശക്തമാക്കി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ യു.ഡി.എഫിനുണ്ടായിരുന്ന ആത്മവിശ്വാസം തിരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്‌. പതിവില്‍നിന്നു വ്യത്യസ്‌തമായി ഇത്തവണ പ്രതിരോധത്തിലൂന്നിയിരിക്കുന്നത്‌ യു.ഡി.എഫ്‌ സാരഥി പ്രഫ. കെ വി തോമസാണ്‌.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ അടക്കമുള്ള കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതാക്കളെ മണ്ഡലത്തില്‍ കൊണ്ടുവന്ന്‌ പരാജയം ഒഴിവാക്കുക എന്നതിലാണ്‌ ഇപ്പോള്‍ തോമസ്‌ മാഷ്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. എല്‍.ഡി.എഫ്‌ ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റുന്നതിനേക്കാള്‍ തനിക്കെതിരേ ഉയര്‍ന്നുവന്ന സാമ്രാജ്യത്വാനുകൂല ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു തെളിയിക്കാനാണ്‌ കെ വി തോമസ്‌ സമയം വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്‌.
നേരത്തെത്തന്നെ മുസ്‌ലിംവിരുദ്ധ നീക്കങ്ങള്‍ കറപടര്‍ത്തിയ പ്രതിഛായയുള്ള കെ വി തോമസിന്‌ ഇക്കുറി തലവേദനയായിരിക്കുന്നത്‌ പുനര്‍നിര്‍ണയത്തിനു ശേഷം മണ്ഡലത്തില്‍ മുസ്‌ലിംകള്‍ക്കുണ്ടായിരിക്കുന്ന നിര്‍ണായക സ്വാധീനമാണ്‌. തസ്‌ലീമാ നസ്‌റീന്‌ സ്വീകരണം നല്‍കി അവരുടെ നോവല്‍ പുനഃപ്രസിദ്ധീകരിക്കാന്‍ സഹായം ചെയ്യാമെന്നു വാഗ്‌ദാനം ചെയ്‌തതും ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിക്ക്‌ ഉപഹാരം കൊടുത്തതും ഫ്രഞ്ച്‌ ചാരക്കേസുമുള്‍െപ്പടെയുള്ള കാര്യങ്ങളാണ്‌ കെ വി തോമസിനു പാരയാകുന്നത്‌. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഭൂരിഭാഗം സമയവും ഇക്കാര്യങ്ങളില്‍ താന്‍ നിരപരാധിയാണെന്നു തെളിയിക്കാനായിരുന്നു തോമസ്‌ മാഷ്‌ ശ്രമിച്ചുപോന്നത്‌.
എന്നാല്‍, കരപറ്റാന്‍ ശ്രമിക്കുന്തോറും ആഴങ്ങളിലേക്കു പതിക്കുന്ന അവസ്ഥയാണ്‌ കെ വി തോമസിനിപ്പോള്‍ ഉള്ളത്‌. തസ്‌ലീമാ നസ്‌റീനും ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിയും തലയ്‌ക്കു മീതെ ഡമോക്ലീസിന്റെ വാള്‍ പോലെ തൂങ്ങുമ്പോള്‍ പുതിയൊരു വിവാദം കൂടി മാഷ്‌ ഉണ്ടാക്കി. കൊടുങ്ങല്ലൂരില്‍ ക്ഷേത്രം പൊളിച്ചാണ്‌ പള്ളി പണിതതെന്ന വിവാദ പരാമര്‍ശം മുസ്‌ലിം വിരുദ്ധനെന്ന ആരോപണത്തിന്‌ ആക്കംകൂട്ടിയിരിക്കുകയാണ്‌.
മുസ്‌ലിം സംഘടനകള്‍ ഒന്നടങ്കം തോമസ്‌ മാഷിനെതിരേ തിരിഞ്ഞ കാഴ്‌ചയാണ്‌ എറണാകുളത്തു കാണുന്നത്‌. തെളിയിക്കാത്ത ആരോപണങ്ങള്‍ കെ വി തോമസിന്റെ വിജയം ഉറപ്പാക്കിയെന്നാണു യു.ഡി.എഫ്‌ തിരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ ഡൊമിനിക്‌ പ്രസന്റേഷന്‍ പറയുന്നത്‌. ചിലര്‍ ആശങ്കകള്‍ പരത്താന്‍ നോക്കി. എന്നാല്‍ പ്രചാരണം അവസാനഘട്ടത്തിലെത്തിയപ്പോള്‍ തങ്ങള്‍ വിജയം ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തില്‍ ലോട്ടറിയടിച്ച പ്രതീതിയാണ്‌ സിന്ധു ജോയിക്ക്‌. സിന്ധുവിനോട്‌ താല്‍പ്പര്യമില്ലെങ്കില്‍ പോലും കെ വി തോമസിനെതിരായ വികാരം ഇടതു സ്ഥാനാര്‍ഥിക്ക്‌ അനുകൂലമാവും. ഹൈബി ഈഡനെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പാര്‍ട്ടിയിലുള്ള അതൃപ്‌തിയും സിന്ധുവിനു ഗുണകരമാവും.
മുസ്‌ലിംകള്‍ക്കു സ്വാധീനമുള്ള കൊച്ചി, കളമശ്ശേരി, തൃക്കാക്കര, വൈപ്പിന്‍ മണ്ഡലങ്ങളിലാണ്‌ ഇരുമുന്നണികളും കേന്ദ്രീകരിക്കുന്നതെന്നത്‌. പറവൂര്‍, തൃപ്പൂണിത്തുറ, എറണാകുളം അടക്കമുള്ള ഏഴു നിയോജകമണ്ഡലങ്ങളിലെയും ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും എല്‍.ഡി.എഫിനാണ്‌്‌.
മണ്ഡലപര്യടനത്തില്‍ നിന്നു ലഭിച്ച സ്വീകരണം തങ്ങള്‍ക്ക്‌ ഏറെ വിജയപ്രതീക്ഷയാണു നല്‍കുന്നതെന്ന്‌ എല്‍.ഡി.എഫ്‌ എറണാകുളം മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്‍വീനര്‍ ചന്ദ്രന്‍പിള്ള എം.പി പറഞ്ഞു. ഏറെ ആത്മവിശ്വാസത്തോടെയാണ്‌ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാറാട്‌ സംഭവത്തെത്തുടര്‍ന്ന്‌ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി നടത്തിയ മുസ്‌ലിംവിരുദ്ധ പ്രസ്‌താവനകള്‍ക്കു തിരിച്ചടി നല്‍കിയ മണ്ഡലമാണ്‌ എറണാകുളം. ക്രൈസ്‌തവസഭകള്‍ യു.ഡി.എഫിനൊപ്പം നിന്നിട്ടുപോലും അന്ന്‌ എം ഒ ജോണിനെ പരാജയപ്പെടുത്തി ഇടതു സ്വതന്ത്രന്‍ സെബാസ്റ്റ്യന്‍ പോള്‍ ജയിച്ചതും മുസ്‌ലിം വോട്ടുകളുടെ പിന്‍ബലത്തിലായിരുന്നു.

2009-04-08

മിണ്ടാപ്രാണികള്‍ പരസ്യപ്പലകകള്‍

കെ പി ഒ റഹ്‌മത്തുല്ല
മൈസൂര്‍: തിരഞ്ഞെടുപ്പ്‌ കമ്മീഷനും ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ മൈസൂരിലെ സൂത്രശാലികള്‍ പുതിയ തന്ത്രങ്ങളുമായി രംഗത്ത്‌. സ്ഥാനാര്‍ഥികളെ സ്വന്തം വീട്ടിനു മുന്നില്‍പ്പോലും കട്ടൗട്ടുകളോ ബാനറുകളോ സ്ഥാപിക്കാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുവദിക്കുന്നില്ല.
എന്നാല്‍, രാഷ്‌ട്രീയക്കാര്‍ ജനപ്രാതിനിധ്യച്ചട്ടം ലംഘിച്ചു പുതിയ പ്രചാരണം തുടങ്ങിയിരിക്കുന്നു. അലഞ്ഞുതിരിയുന്ന വെള്ളത്തൊലിയുള്ള നാല്‍ക്കാലികളെ പിടിച്ചു ദേഹം മുഴുവന്‍ ചായംപൂശുന്നു.
പിന്നീടു സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും വോട്ട്‌ അഭ്യര്‍ഥനയും അവിടെ എഴുതിവയ്‌ക്കുന്നു. ആര്‍പ്പുവിളികളിലൂടെ പ്രകടനങ്ങള്‍ക്കു മുന്നില്‍ ഇത്തരം പശുക്കളെ ആനയിക്കുന്നത്‌ മൈസൂരില്‍ പതിവായിരിക്കുന്നു. ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഇത്തരത്തിലുള്ള അനേകം പശുക്കളെ നഗരത്തില്‍ കണ്ടു.
രാഷ്‌ട്രീയക്കാരുടെ ഈ ക്രൂരത പശു ഉടമകളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്‌. സ്ഥാനാര്‍ഥികള്‍ കൃത്രിമ ഓയില്‍ പെയിന്റാണ്‌ ഉപയോഗിക്കുന്നത്‌. ഇത്‌ ഒരിക്കലും തുടച്ചുവൃത്തിയാക്കാന്‍ പറ്റില്ല. മൃഗസംരക്ഷണസമിതി ഭാരവാഹികള്‍ ഗോമാതാക്കളെ പ്രചാരണപ്പലകകളാക്കുന്നതിനെതിരേ ഇലക്‌ഷന്‍ കമ്മീഷനു പരാതി നല്‍കിയിട്ടുണ്ട്‌.
മൃഗങ്ങളോടുള്ള ക്രൂരത നിരോധനച്ചട്ടത്തിന്റെ ലംഘനമാണിതെന്നാണ്‌ അവര്‍ പറയുന്നത്‌. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത്‌ ശിക്ഷാര്‍ഹവുമാണ്‌. മൃഗങ്ങളുടെ പുറത്ത്‌ എഴുതുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ കേസെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്‌. പശുപ്പുറത്തു പ്രചാരണം നടത്തുന്നവരില്‍ പശുവിനെ മാതാവായി കാണുന്ന ബി.ജെ.പിയും കോണ്‍ഗ്രസ്സും ജനതാദളുമുണ്ട്‌.

കോഴിക്കോട്ട്‌ കണക്കുകള്‍ ഇടത്തോട്ട്‌; കാറ്റ്‌ വലത്തോട്ട്‌

പി സി അബ്‌ദുല്ല

കോഴിക്കോട്‌: കൂട്ടിക്കിഴിക്കലുകളുടെ അന്തിമഘട്ടത്തില്‍ കോഴിക്കോട്ട്‌ ഇടതുമുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. എന്നാല്‍, കണക്കുകള്‍ കടപുഴക്കി കാറ്റ്‌ വലത്തോട്ട്‌ ആഞ്ഞുവീശുമെന്ന പൂര്‍ണ പ്രതീക്ഷയിലാണു യു.ഡി.എഫ്‌. പോരാട്ടത്തിന്റെ അവസാന പിരിമുറുക്കത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പംതന്നെ. ഇടതുമുന്നണി അവകാശവാദമുന്നയിച്ചു നിരത്തുന്ന കണക്കുകള്‍ കടങ്കഥയാവുമെന്നു കണ്ണടച്ചു പറയാനാവില്ല. അതേസമയം, കണക്കുകള്‍ക്കപ്പുറം യു.ഡി.എഫിന്‌ അനുകൂലമായി ഉരുത്തിരിഞ്ഞ നിര്‍ണായക സാധ്യതകള്‍ കാണാതിരിക്കാനുമാവില്ല.
മണ്ഡലപരിധിയിലെ നാല്‌ ബ്ലോക്ക്‌ പഞ്ചായത്തുകളും 36 ഗ്രാമപ്പഞ്ചായത്തുകളില്‍ 33ഉം കോഴിക്കോട്‌ ജില്ലാ പഞ്ചായത്തും കോര്‍പറേഷനും ഇടതുമുന്നണിയുടെ നിയന്ത്രണത്തിലാണ്‌. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നു മാത്രമാണ്‌ യു.ഡി.എഫിനുള്ളത്‌. പുനര്‍നിര്‍ണയത്തില്‍ ഇത്തവണ മണ്ഡലത്തിന്റെ കീഴില്‍ വന്ന മൂന്നു നിയമസഭാ മണ്ഡലങ്ങളാവട്ടെ ഇടതു ഭൂരിപക്ഷമേഖലകളും. യു.ഡി.എഫ്‌ തട്ടകങ്ങളായ മൂന്നു നിയമസഭാമണ്ഡലങ്ങള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോടിന്റെ ഭാഗമായിരുന്നിട്ടുകൂടി 65,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാര്‍ വിജയിച്ചത്‌.
എന്നാല്‍, ഈ സ്ഥിതിവിവരക്കണക്കുകള്‍ക്കതീതമാണു കോഴിക്കോടിന്റെ ഇപ്പോഴത്തെ സ്‌പന്ദനങ്ങള്‍. ന്യൂനപക്ഷ രാഷ്ട്രീയത്തിന്‌ ആഴത്തില്‍ വേരോട്ടമുള്ള മലബാറിന്റെ ഈ ആസ്ഥാന നഗര മണ്ഡലത്തില്‍ ആരുടെ ഭാഗധേയമാണ്‌ അവര്‍ നിര്‍ണയിക്കുക എന്നതിനെ ആശ്രയിച്ചിരിക്കുന്നു ജയാപചയങ്ങള്‍. പ്രകടമായി രാഷ്ട്രീയം പറയാത്ത മുസ്‌ലിം സംഘടനകളില്‍ ജമാഅത്തെ ഇസ്‌ലാമി മാത്രമാണ്‌ എല്‍.ഡി.എഫിനു പരസ്യപിന്തുണ പ്രഖ്യാപിച്ചത്‌.
പോപുലര്‍ ഫ്രണ്ട്‌, മുജാഹിദ്‌ വിഭാഗങ്ങളുടെ പിന്തുണ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും യു.ഡി.എഫിനു നിര്‍ണായക സഹായകമാവുമെന്നാണു വിലയിരുത്തല്‍. പി.ഡി.പിക്ക്‌ മണ്ഡലത്തില്‍ കാര്യമാത്രപ്രസക്തിയില്ല. എ പി സുന്നി വിഭാഗം പരസ്യനിലപാടു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെപോലെ കടുത്ത യു.ഡി.എഫ്‌ വിരുദ്ധ നിലപാടിലല്ല.
സീറ്റ്‌ നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട്‌ സി.പി.എമ്മിനും സ്ഥാനാര്‍ഥി പി എ മുഹമ്മദ്‌ റിയാസിനുമെതിരേ അങ്കംകുറിച്ച വീരേന്ദ്രകുമാറിന്റെ അനുയായികളും യു.ഡി.എഫിന്‌ ആശ്വാസംപകരുന്നു. കോഴിക്കോട്‌ നോര്‍ത്ത്‌, കൊടുവള്ളി മേഖലകളില്‍ ജനതാദളിന്‌ സാമാന്യം വോട്ടുണ്ടെന്നാണ്‌ അവരുടെ അവകാശവാദം. സി.പി.എം വിമതസംഘടനയായ ഇടതുപക്ഷ ഏകോപനസമിതിക്കു മണ്ഡലത്തിന്റെ ചില ഭാഗങ്ങളില്‍ സ്വാധീനമുണ്ട്‌. ഇവരുടെ സ്ഥാനാര്‍ഥി പി കുമാരന്‍കുട്ടിക്കു ലഭിക്കുന്ന വോട്ടുകള്‍ സി.പി.എമ്മിന്റെ പെട്ടിയിലാണു കുറവു വരുത്തുകയെന്നത്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി എം കെ രാഘവന്‌ സഹായകമാവും.
മുമ്പേ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയ ബി.ജെ.പിയും ഇത്തവണ വര്‍ധിച്ച പ്രതീക്ഷയിലാണ്‌. സ്ഥാനാര്‍ഥി വി മുരളീധരന്റെ വ്യക്തിപ്രഭാവവും ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളിലെ സ്വാധീനവും നില മെച്ചപ്പെടുത്തുമെന്നാണു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. വര്‍ധിച്ച ഭൂരിപക്ഷത്തോടെ കോഴിക്കോട്‌ നിലനിര്‍ത്തുമെന്നാണ്‌ എല്‍.ഡി.എഫ്‌ മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ എ മൂസക്കുട്ടി പറയുന്നത്‌. വോട്ടര്‍മാര്‍ ദേശീയ രാഷ്ട്രീയം ഗൗരവമായി വിലയിരുത്തുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ജനോപകാരപ്രവര്‍ത്തനങ്ങള്‍ക്കുകൂടി ഈ തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം തേജസിനോടു പറഞ്ഞു. ജനതാദളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സി.പി.എം വിമതരുടെ രംഗപ്രവേശവും എല്‍.ഡി.എഫിനെ ബാധിക്കില്ല. റിയാസിന്റെ ജനസമ്മതിയും ന്യൂനപക്ഷവിഭാഗങ്ങളില്‍ മുന്നണി നേടിയ സ്വാധീനവും തിരഞ്ഞെടുപ്പില്‍ അനുകൂല തരംഗം സൃഷ്ടിക്കുമെന്നും മൂസക്കുട്ടി കരുതുന്നു. അതേസമയം, ഇടതുമുന്നണിയുടെ വികസനവിരുദ്ധ നിലപാടിനും സി.പി.എമ്മിന്റെ രാഷ്ട്രീയ കാപട്യത്തിനുമെതിരേ ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്നും കോഴിക്കോട്ട്‌ എം കെ രാഘവന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും യു.ഡി.എഫ്‌ മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ എം സി മായിന്‍ഹാജി തറപ്പിച്ചുപറയുന്നു.

തീരദേശത്ത്‌ ഇടതുമുന്നേറ്റം; തരംഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ യു.ഡി.എഫ്‌

ബിജോ സില്‍വറി
തൃശൂര്‍: ആറ്റിക്കുറുക്കിയൊരു കണക്കെടുപ്പിന്‌ ഒരിക്കലും മനസ്സുതുറക്കാത്തവരാണു തൃശൂരുകാര്‍. നിലപാടു?കള്‍ അവര്‍ക്ക്‌ ഇരുമ്പുലക്കയല്ല. മാറിയും മറിഞ്ഞും അവര്‍ മുന്നണികളെ പുല്‍കാറുണ്ട്‌. യു.ഡി.എഫിനാണ്‌ കഴിഞ്ഞകാലങ്ങളില്‍ മുന്‍തൂക്കം ലഭിച്ചിരുന്നതെങ്കിലും കെ കരുണാകരനുള്‍പ്പെടെയുള്ള നേതാക്കള്‍ മലര്‍ന്നടിച്ചുവീഴുകയും ചെയ്‌തു. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ചന്ദ്രപ്പനെയാണു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ അവര്‍ ഡല്‍ഹിക്കയച്ചത്‌.
അന്തിമവിധിയെഴുത്തിനു ദിവസങ്ങള്‍ ശേഷിക്കെ അണിയറയില്‍ കൂട്ടലും കിഴിക്കലും തകൃതിയായി. സമുദായ സമവാക്യങ്ങള്‍, മണ്ഡലപുനര്‍നിര്‍ണയം, സ്ഥാനാര്‍ഥികളുടെ താരതമ്യം, മുന്നണിയിലെ പടലപിണക്കങ്ങള്‍ എന്നിവയിലാണു പ്രതീക്ഷയും നിരാശയും. സി.പി.ഐയുടെ സിറ്റിങ്‌ സീറ്റില്‍ ജില്ലാ സെക്രട്ടറി സി എന്‍ ജയദേവനാണു മല്‍സരിക്കുന്നത്‌. തുടക്കത്തില്‍ പൊന്നാനിപ്രശ്‌നത്തില്‍ ഇടഞ്ഞുനിന്നിരുന്ന സി.പി.എം അണികളെ അവസാനഘട്ടമായപ്പോഴേക്ക്‌ പ്രചാരണത്തിന്‌ ഇറക്കാനായതാണു ജയദേവന്റെ നേട്ടം. പാര്‍ട്ടിയെയും മുന്നണിയെയും നമ്പാതെയാണു കളിക്കളത്തില്‍ പരിചയസമ്പന്നനായ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി പി സി ചാക്കോ ഗോദയിലുള്ളത്‌.
ഗുരുവായൂര്‍, മണലൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്‌, ഒല്ലൂര്‍, തൃശൂര്‍ എന്നിവയാണു പുനക്രമീകരിച്ച തൃശൂര്‍ മണ്ഡലത്തിലുള്ളത്‌. ഇതില്‍ സി.പി.എം ശക്തികേന്ദ്രങ്ങളായ ഇരിങ്ങാലക്കുടയിലും മണലൂരിലും പുതുക്കാടിലും എല്‍.ഡിഎഫിന്റെ പ്രചാരണം തുടക്കത്തില്‍ ഏറെ മോശമായിരുന്നു.
എന്നാല്‍, രണ്ടാംഘട്ട പ്രചാരണത്തോടനുബന്ധിച്ചു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തൃശൂരിലെത്തിയതോടെ സി.പി.എം പ്രവര്‍ത്തകര്‍ സജീവമായി. നഗരപ്രദേശങ്ങളായ പുതുക്കാട്‌, ഒല്ലൂര്‍, തൃശൂര്‍ മേഖലകളില്‍ ചാക്കോക്ക്‌ മുന്‍തൂക്കമുണ്ടെന്നാണു യു.ഡി.എഫിന്റെ അവകാശവാദം. പതിവിനു വിപരീതമായി ഈ മേഖലകളില്‍ വീട്‌ കയറിയുള്ള പ്രചാരണത്തിനു യു.ഡി.എഫ്‌ തയ്യാറായിട്ടുണ്ട്‌. പുതുതായി തൃശൂരില്‍ ചേര്‍ക്കപ്പെട്ട ഇരിങ്ങാലക്കുടയില്‍ ഇടതുപക്ഷമാണു പ്രചാരണത്തില്‍ മുന്നില്‍.
അതേസമയം, തീരദേശ മണ്ഡലങ്ങളായ ഗുരുവായൂരിലും നാട്ടികയിലും മണലൂരിലും എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനം ഏറെ മുന്നിലാണ്‌. പോസ്‌റ്ററും ഫ്‌ളക്‌സ്‌ ബോര്‍ഡും ചുവപ്പണിഞ്ഞുനില്‍ക്കുന്നു. വീടുവീടാന്തരം കയറിയുള്ള വോട്ട്‌ പിടിത്തവും ഊര്‍ജിതമാണ്‌. യു.ഡി.എഫ്‌ പോഷകസംഘടനകളെ ഉപയോഗിച്ചു പലസ്ഥലത്തും കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുന്നു. നേതാക്കളുടെ പട തന്നെ ഇരുകൂട്ടര്‍ക്കും വേണ്ടി രംഗത്തെത്തിയിരുന്നു. യു.ഡി.എഫിന്‌ വേണ്ടി ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും എം വി രാഘവനും വി എം സുധീരനും മറ്റും യോഗങ്ങളില്‍ പങ്കെടുത്തു. സി.പി.എം പോളിറ്റ്‌ബ്യൂറോ അംഗങ്ങളായ സീതാറാം െയച്ചൂരിയും രാമചന്ദ്രന്‍പിള്ളയും പിണറായി വിജയനും വി എസ്‌ അച്യുതാനന്ദനും സി.പി.ഐ നേതാക്കളായ വെളിയം ഭാര്‍ഗവനും പന്ന്യന്‍ രവീന്ദ്രനും ഇസ്‌മായിലും ആനി രാജയും മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എല്‍.ഡി.എഫ്‌ സംഘടിപ്പിച്ച യോഗങ്ങളില്‍ പങ്കെടുത്തു. ദേശീയ രാഷ്ട്രീയമായിരുന്നു എല്‍.ഡി.എഫിന്റെ പ്രചാരണായുധമെങ്കില്‍ ലാവ്‌ലിനും പി.ഡി.പിയുമായിരുന്നു യു.ഡി.എഫിന്റെ മറുപടി.
എസ്‌.എന്‍.ഡി.പിക്കും മുസ്‌ലിം വിഭാഗങ്ങള്‍ക്കും കത്തോലിക്കാസഭയ്‌ക്കും നിര്‍ണായക സ്വാധീനമാണു മണ്ഡലത്തിലുള്ളത്‌. തീരദേശത്ത്‌ എസ്‌.എന്‍.ഡി.പിയും മുസ്‌ലിം വിഭാഗങ്ങളും സ്വാധീനം ചെലുത്തുമ്പോള്‍ നഗരപ്രദേശങ്ങളിലും ഇരിങ്ങാലക്കുട, മണലൂര്‍ മണ്ഡലങ്ങളിലും കത്തോലിക്ക?രെയും എഴുതിത്തള്ളാന്‍ പറ്റില്ല. എസ്‌.എന്‍.ഡി.പിയുടെ വോട്ട്‌ ജയദേവനാണെന്ന്‌ ഏറക്കുറേ ഉറപ്പായിക്കഴിഞ്ഞു.
കത്തോലിക്കാസഭ ചാക്കോക്ക്‌ പിന്നിലും അണിനിരക്കും. സി.പി.ഐക്ക്‌ വേണ്ടി പ്രചാരണരംഗത്തില്ലെങ്കിലും വോട്ട്‌ ഇടതുപക്ഷത്തിനു തന്നെയാണെന്നു പി.ഡി.പി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സുന്നി എ പി വിഭാഗത്തിനും മുജാഹിദ്‌ ഔദ്യോഗിക വിഭാഗത്തിനും തീരദേശത്ത്‌ അടിത്തറയുണ്ട്‌. പോപുലര്‍ ഫ്രണ്ടും സോളിഡാരിറ്റിയും മേഖലയിലെ സജീവസാന്നിധ്യമാണ്‌. ജനതാദള്‍ ഔദ്യോഗിക വിഭാഗം എല്‍.ഡി.എഫിനെതിരേ പ്രവര്‍ത്തിക്കുമ്പോള്‍ വിമതര്‍ എല്‍.ഡി.എഫ്‌ പ്രചാരണത്തില്‍ സഹകരിക്കുന്നുണ്ട്‌. ശക്തമായ മല്‍സരത്തില്‍ ജയം നിര്‍ണയിക്കുക ഈ ചെറുസംഘങ്ങളാവാനും സാധ്യതയുണ്ട്‌.
അവസാനഘട്ടം ഇടതുവിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്ന പ്രതീക്ഷയിലാണു യു.ഡി.എഫ്‌ ക്യാംപ്‌. അതിനാല്‍ ജയം ഉറപ്പാക്കിയവരുടെ അലസത പ്രവര്‍ത്തകരിലുണ്ട്‌. ആളും അനക്കവുമില്ലാതെ നീങ്ങുന്ന സ്ഥാനാര്‍ഥിപര്യടനം തന്നെ ഇതിനു തെളിവാണ്‌. അതേസമയം, ശക്തമായ പ്രചാരണം കൊണ്ടു മാത്രമേ വിജയിക്കാന്‍ കഴിയൂവെന്ന കണക്കുകൂട്ടലിലാണ്‌ എല്‍.ഡി.എഫ്‌. രാഷ്ട്രീയമായ ഏറ്റുമുട്ടലാണു മണ്ഡലത്തില്‍ നടക്കുന്നതെന്ന്‌ ഇടതുമുന്നണി മണ്ഡലം കണ്‍വീനര്‍ പി ആര്‍ രാജന്‍ എം.പി വ്യക്തമാക്കുന്നു.
ജയദേവന്റെ ജയം ഉറപ്പാണെന്നാണ്‌ അദ്ദേഹം കണക്കുകള്‍ ഉദ്ധരിച്ചു സമര്‍ഥിക്കുന്നത്‌. യു.ഡിഎഫിന്‌ അനുകൂലമായ തരംഗം സംസ്ഥാനത്ത്‌ ഒട്ടാകെയുണ്ടെന്നാണു യു.ഡി.എഫ്‌ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ സി എന്‍ ബാലകൃഷ്‌ണന്‍ പറയുന്നത്‌. ചാക്കോയുടെ വിജയം സുനിശ്ചിതമാണെന്ന കാര്യത്തില്‍ അദ്ദേഹത്തിനും സംശയമില്ല. ബി.ജെ.പിയുടെ രമാ രഘുനന്ദനും ബി.എസ്‌.പിയുടെ അഡ്വ. ജോഷി തരകനും ഭാരതീയ ജനശബ്ദത്തിന്റെ അരുണ്‍കുമാറും സജീവ പ്രചാരണത്തിനുണ്ട്‌. ഇവര്‍ക്കു പുറമെ ഏഴു സ്വതന്ത്രന്‍മാരും. അപരന്‍മാരുടെ ശല്യമില്ലെന്നതു തൃശൂരിന്റെ പ്രത്യേകത.