2009-04-08

കോഴിക്കോട്ട്‌ കണക്കുകള്‍ ഇടത്തോട്ട്‌; കാറ്റ്‌ വലത്തോട്ട്‌

പി സി അബ്‌ദുല്ല

കോഴിക്കോട്‌: കൂട്ടിക്കിഴിക്കലുകളുടെ അന്തിമഘട്ടത്തില്‍ കോഴിക്കോട്ട്‌ ഇടതുമുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. എന്നാല്‍, കണക്കുകള്‍ കടപുഴക്കി കാറ്റ്‌ വലത്തോട്ട്‌ ആഞ്ഞുവീശുമെന്ന പൂര്‍ണ പ്രതീക്ഷയിലാണു യു.ഡി.എഫ്‌. പോരാട്ടത്തിന്റെ അവസാന പിരിമുറുക്കത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പംതന്നെ. ഇടതുമുന്നണി അവകാശവാദമുന്നയിച്ചു നിരത്തുന്ന കണക്കുകള്‍ കടങ്കഥയാവുമെന്നു കണ്ണടച്ചു പറയാനാവില്ല. അതേസമയം, കണക്കുകള്‍ക്കപ്പുറം യു.ഡി.എഫിന്‌ അനുകൂലമായി ഉരുത്തിരിഞ്ഞ നിര്‍ണായക സാധ്യതകള്‍ കാണാതിരിക്കാനുമാവില്ല.
മണ്ഡലപരിധിയിലെ നാല്‌ ബ്ലോക്ക്‌ പഞ്ചായത്തുകളും 36 ഗ്രാമപ്പഞ്ചായത്തുകളില്‍ 33ഉം കോഴിക്കോട്‌ ജില്ലാ പഞ്ചായത്തും കോര്‍പറേഷനും ഇടതുമുന്നണിയുടെ നിയന്ത്രണത്തിലാണ്‌. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നു മാത്രമാണ്‌ യു.ഡി.എഫിനുള്ളത്‌. പുനര്‍നിര്‍ണയത്തില്‍ ഇത്തവണ മണ്ഡലത്തിന്റെ കീഴില്‍ വന്ന മൂന്നു നിയമസഭാ മണ്ഡലങ്ങളാവട്ടെ ഇടതു ഭൂരിപക്ഷമേഖലകളും. യു.ഡി.എഫ്‌ തട്ടകങ്ങളായ മൂന്നു നിയമസഭാമണ്ഡലങ്ങള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോടിന്റെ ഭാഗമായിരുന്നിട്ടുകൂടി 65,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാര്‍ വിജയിച്ചത്‌.
എന്നാല്‍, ഈ സ്ഥിതിവിവരക്കണക്കുകള്‍ക്കതീതമാണു കോഴിക്കോടിന്റെ ഇപ്പോഴത്തെ സ്‌പന്ദനങ്ങള്‍. ന്യൂനപക്ഷ രാഷ്ട്രീയത്തിന്‌ ആഴത്തില്‍ വേരോട്ടമുള്ള മലബാറിന്റെ ഈ ആസ്ഥാന നഗര മണ്ഡലത്തില്‍ ആരുടെ ഭാഗധേയമാണ്‌ അവര്‍ നിര്‍ണയിക്കുക എന്നതിനെ ആശ്രയിച്ചിരിക്കുന്നു ജയാപചയങ്ങള്‍. പ്രകടമായി രാഷ്ട്രീയം പറയാത്ത മുസ്‌ലിം സംഘടനകളില്‍ ജമാഅത്തെ ഇസ്‌ലാമി മാത്രമാണ്‌ എല്‍.ഡി.എഫിനു പരസ്യപിന്തുണ പ്രഖ്യാപിച്ചത്‌.
പോപുലര്‍ ഫ്രണ്ട്‌, മുജാഹിദ്‌ വിഭാഗങ്ങളുടെ പിന്തുണ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും യു.ഡി.എഫിനു നിര്‍ണായക സഹായകമാവുമെന്നാണു വിലയിരുത്തല്‍. പി.ഡി.പിക്ക്‌ മണ്ഡലത്തില്‍ കാര്യമാത്രപ്രസക്തിയില്ല. എ പി സുന്നി വിഭാഗം പരസ്യനിലപാടു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെപോലെ കടുത്ത യു.ഡി.എഫ്‌ വിരുദ്ധ നിലപാടിലല്ല.
സീറ്റ്‌ നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട്‌ സി.പി.എമ്മിനും സ്ഥാനാര്‍ഥി പി എ മുഹമ്മദ്‌ റിയാസിനുമെതിരേ അങ്കംകുറിച്ച വീരേന്ദ്രകുമാറിന്റെ അനുയായികളും യു.ഡി.എഫിന്‌ ആശ്വാസംപകരുന്നു. കോഴിക്കോട്‌ നോര്‍ത്ത്‌, കൊടുവള്ളി മേഖലകളില്‍ ജനതാദളിന്‌ സാമാന്യം വോട്ടുണ്ടെന്നാണ്‌ അവരുടെ അവകാശവാദം. സി.പി.എം വിമതസംഘടനയായ ഇടതുപക്ഷ ഏകോപനസമിതിക്കു മണ്ഡലത്തിന്റെ ചില ഭാഗങ്ങളില്‍ സ്വാധീനമുണ്ട്‌. ഇവരുടെ സ്ഥാനാര്‍ഥി പി കുമാരന്‍കുട്ടിക്കു ലഭിക്കുന്ന വോട്ടുകള്‍ സി.പി.എമ്മിന്റെ പെട്ടിയിലാണു കുറവു വരുത്തുകയെന്നത്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി എം കെ രാഘവന്‌ സഹായകമാവും.
മുമ്പേ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയ ബി.ജെ.പിയും ഇത്തവണ വര്‍ധിച്ച പ്രതീക്ഷയിലാണ്‌. സ്ഥാനാര്‍ഥി വി മുരളീധരന്റെ വ്യക്തിപ്രഭാവവും ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളിലെ സ്വാധീനവും നില മെച്ചപ്പെടുത്തുമെന്നാണു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. വര്‍ധിച്ച ഭൂരിപക്ഷത്തോടെ കോഴിക്കോട്‌ നിലനിര്‍ത്തുമെന്നാണ്‌ എല്‍.ഡി.എഫ്‌ മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ എ മൂസക്കുട്ടി പറയുന്നത്‌. വോട്ടര്‍മാര്‍ ദേശീയ രാഷ്ട്രീയം ഗൗരവമായി വിലയിരുത്തുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ജനോപകാരപ്രവര്‍ത്തനങ്ങള്‍ക്കുകൂടി ഈ തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം തേജസിനോടു പറഞ്ഞു. ജനതാദളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സി.പി.എം വിമതരുടെ രംഗപ്രവേശവും എല്‍.ഡി.എഫിനെ ബാധിക്കില്ല. റിയാസിന്റെ ജനസമ്മതിയും ന്യൂനപക്ഷവിഭാഗങ്ങളില്‍ മുന്നണി നേടിയ സ്വാധീനവും തിരഞ്ഞെടുപ്പില്‍ അനുകൂല തരംഗം സൃഷ്ടിക്കുമെന്നും മൂസക്കുട്ടി കരുതുന്നു. അതേസമയം, ഇടതുമുന്നണിയുടെ വികസനവിരുദ്ധ നിലപാടിനും സി.പി.എമ്മിന്റെ രാഷ്ട്രീയ കാപട്യത്തിനുമെതിരേ ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്നും കോഴിക്കോട്ട്‌ എം കെ രാഘവന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും യു.ഡി.എഫ്‌ മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ എം സി മായിന്‍ഹാജി തറപ്പിച്ചുപറയുന്നു.

No comments: