ഡി ആര്‍ സരിത്ത്
തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ വിധിനിര്‍ണയത്തിന്റെ കണക്കുകൂട്ടലുകളിലാണ് ഇരുമുന്നണികളും. സാമുദായിക വോട്ടുകളുടെ കേന്ദ്രീകരണവും അപ്രതീക്ഷിത അടിയൊഴുക്കുകളും വിധിനിര്‍ണയത്തെ സ്വാധീനിക്കുമെന്ന് ഇരുമുന്നണികളും കരുതുന്നു.
മുസ്‌ലിം വോട്ടുകളുടെ ഏകീകരണമുണ്ടായെന്നും അതു തങ്ങള്‍ക്കനുകൂലമാവുമെന്നും ഇടതുമുന്നണി പ്രതീക്ഷ പുലര്‍ത്തുന്നു. പി.ഡി.പി പിന്തുണ ഇതിനു സഹായകരമായെന്നാണു സി.പി.എം നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. അതേസമയം പോപുലര്‍ ഫ്രണ്ടുള്‍െപ്പടെയുള്ള സംഘടനകളുടെ പിന്തുണ ലഭിച്ചതിനാല്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണമുണ്ടായാലും അതു തങ്ങള്‍ക്കനുകൂലമാവുമെന്നു യു.ഡി.എഫ് കരുതുന്നു.
ക്രൈസ്‌തവ സഭകളുടെ നിര്‍ദേശം വിശ്വാസികള്‍ അനുസരിക്കുന്ന കാഴ്‌ചയാണു തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കണ്ടത്.
ക്രിസ്‌ത്യന്‍ വോട്ടുകളുടെ ഏകീകരണം തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. എന്നാല്‍ ലത്തീന്‍ കത്തോലിക്കരുള്‍പ്പെടെയുളള ഒരുവിഭാഗം ക്രൈസ്‌തവര്‍ തങ്ങളെ പിന്തുണച്ചുവെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു.
എന്‍.എസ്.എസ് സമദൂരം പാലിക്കുമെന്നാണു പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇടതുമുന്നണിക്കും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുമെതിരായ എന്‍.എസ്.എസിന്റെ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കാം.
സ്ഥാനാര്‍ഥികളെ നോക്കിയാണ് എസ്.എന്‍.ഡി.പി പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്തുണ സംബന്ധിച്ച ആശയക്കുഴപ്പവും സംഘടനയ്‌ക്കുളളില്‍ നിലനിന്നിരുന്നു.
പി.ഡി.പി പരസ്യമായി ഇടതുമുന്നണിക്കു പിന്തുണ പ്രഖ്യാപിച്ചതും ഇടതുമുന്നണി നേതാക്കളുമായി വേദിപങ്കിട്ടതും തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കി. പി.ഡി.പിയുടെ പിന്തുണയും വ്യാപ്‌തിയും തിരിച്ചറിയുന്നതു കൂടിയാവും തിരഞ്ഞെടുപ്പ്. പതിവിനു വിപരീതമായി പടലപ്പിണക്കങ്ങള്‍ ഇത്തവണ ഉലച്ചത് ഇടതുമുന്നണിയെയാണ്. സീറ്റ് വിഭജനം തൊട്ട് ആരംഭിച്ച തര്‍ക്കങ്ങള്‍ തിരിഞ്ഞെടുപ്പു വേളയിലും നിലനിന്നു. കോഴിക്കോട് സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു ജനതാദളിലെ പ്രബലവിഭാഗം മുന്നണി വിട്ടതും അസംതൃപ്‌തരായ വി എസ് പക്ഷവും ഇടതുപക്ഷ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ക്കെതിരേ വിമതന്‍മാര്‍ രംഗത്തെത്തിയതും ഇടതുമുന്നണിയുടെ വിജയപ്രതീക്ഷയ്‌ക്ക് കരിനിഴല്‍ വീഴ്‌ത്തുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തോടനുബന്ധിച്ചു കോണ്‍ഗ്രസ്സില്‍ പ്രതിഷേധമുയര്‍ന്നെങ്കിലും തിരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചതോടെ അതെല്ലാം കെട്ടടങ്ങി.
ബി.ജെ.പിക്ക് ഉപരിയായി മൂന്നാംബദല്‍ ഉയര്‍ന്നുവരുന്നതിന്റെ സൂചനകളും തിരഞ്ഞെടുപ്പിലുണ്ടായി. തിരുവനന്തപുരത്ത്‌് ബി.എസ്.പി സ്ഥാനാര്‍ഥിയായി രംഗത്തെത്തിയ നീലലോഹിതദാസന്‍ നാടാരും വയനാട്ടില്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരനും ശക്തമായ സാന്നിധ്യമായി. തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴേ ഇരുവരുടെയും ശക്തി മനസ്സി ലാവുകയുള്ളൂവെങ്കിലും ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഇരുവരും നേടുന്ന വോട്ടുകള്‍ നിര്‍ണായകമാവുമെന്നുറപ്പ്‌്.
പോളിങ് ശതമാനം ഉയര്‍ന്നതു തങ്ങള്‍ക്കനുകൂലമാവുമെന്ന കണക്കുകൂട്ടലാണു യു.ഡി.എഫിനുളളത്. 1984ലും 1989ലും 1991ലും പോളിങ് 70 ശതമാനത്തിനു മുകളിലുയര്‍ന്നപ്പോള്‍ നേട്ടമുണ്ടാക്കിയതു യു.ഡി.എഫാണ്. എന്നാല്‍ 2004ല്‍ ചിത്രം മാറി. 2004ല്‍ പോളിങ് 71.45 ശതമാനമായിരുന്നപ്പോള്‍ ഇടതുമുന്നണി 18 സീറ്റിലും വിജയിച്ചു.
കഴിഞ്ഞതവണ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയതു കണ്ണൂരിലാണ്. 79.19 ശതമാനം. ഇത്തവണയും ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയതു തീപാറുന്ന പോരാട്ടം നടന്ന കണ്ണൂരിലാണ് 80.92 ശതമാനം. രണ്ടാംസ്ഥാനത്ത് വടകരയാണ്; ഇവിടെ 80.45 ശതമാനം പോളിങ് രേഖപ്പെടുത്തി.
No comments:
Post a Comment