ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്, സമാജ്‌വാദി പാര്‍ട്ടി (എസ്.പി) അധ്യക്ഷന്‍ മുലായംസിങ് യാദവ്, നാഷനല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുല്ല എന്നിവര്‍ ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
ബിഹാറില്‍ പാടലിപുത്ര ലോക്‌സഭാ മണ്ഡലത്തിലാണു ലാലുപ്രസാദ് യാദവ് പത്രിക സമര്‍പ്പിച്ചത്. പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ റിട്ടേണിങ് ഓഫിസര്‍ ജെ കെ സിന്‍ഹ മുമ്പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. ജെ.ഡി.യു നേതാവ് രഞ്‌ജന്‍ പ്രസാദ് യാദവിനെയാണു പാടലിപുത്രയില്‍ ലാലു നേരിടുന്നത്. കഴിഞ്ഞദിവസം സരണ്‍ മണ്ഡലത്തില്‍ ലാലു പത്രിക സമര്‍പ്പിച്ചിരുന്നു. മുലായംസിങ് യാദവ് മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിലാണു പത്രിക സമര്‍പ്പിച്ചത്. തനിക്ക് 2.23 കോടി രൂപയുടെ സ്വത്തുണ്ടെന്നു നാമനിര്‍ദേശപത്രികയോടനുബന്ധിച്ചു സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കി.
എസ്.പി നേതാക്കളായ അമര്‍സിങ്, സഞ്‌ജയ് ദത്ത്, ജയാ ബച്ചന്‍ എന്നിവര്‍ക്കൊപ്പമാണു മുലായം പത്രിക സമര്‍പ്പിക്കാനെത്തിയത്. മുലായത്തിനു സ്വന്തമായി കാറില്ല. എന്നാല്‍, അദ്ദേഹത്തിന്റെ ഭാര്യക്കു രണ്ടു കാറുണ്ടെന്നും സത്യവാങ്‌മൂലത്തില്‍ പറഞ്ഞു.
ഫാറൂഖ് അബ്ദുല്ല ശ്രീനഗര്‍ മണ്ഡലത്തിലാണു പത്രിക സമര്‍പ്പിച്ചത്. മകനും ജമ്മുകശ്‌മീര്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, കേന്ദ്ര ജലവിഭവമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ സൈഫുദ്ദീന്‍ സോസ്, താജ് മുഹ്‌യുദ്ദീന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സഹോദരിയും അവാമി നാഷനല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥിയുമായ ബീഗം ഖാലിദാ ഷാ യാണു ഫാറൂഖ് അബ്ദുല്ലയുടെ എതിരാളി.
No comments:
Post a Comment