2009-04-18

12 മുതല്‍ 15 വരെ സീറ്റുകളില്‍ വിജയിക്കാനാവുമെന്ന്‌ സി.പി.എം


തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ 12 മുതല്‍ 15 വരെ സീറ്റുകള്‍ ലഭിക്കുമെന്നു ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗം വിലയിരുത്തി. മലപ്പുറം, തിരുവനന്തപുരം, വയനാട്‌, പത്തനംതിട്ട, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ വിജയസാധ്യതയില്ലെന്നാണു കണക്കുകൂട്ടല്‍. കാസര്‍കോഡ്‌, കണ്ണൂര്‍, കോഴിക്കോട്‌്‌, പൊന്നാനി, ആലത്തൂര്‍, പാലക്കാട്‌, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ഉറപ്പായും വിജയിക്കാനാവുമെന്നു പാര്‍ട്ടി കരുതുന്നു. എറണാകുളം, ചാലക്കുടി, തൃശൂര്‍ മണ്ഡലങ്ങളില്‍ നല്ല മല്‍സരമാണ്‌ കാഴ്‌ചവച്ചതെന്നും ജയിക്കാനാവുമെന്നും പാര്‍ട്ടി വിലയിരുത്തി.
പോളിങ്‌ ശതമാനത്തിന്റെ അടിസ്ഥാനത്തിലുളള വിലയിരുത്തലാണു സി.പി.എം നടത്തിയത്‌. പോളിങ്‌ ശതമാനം ഉയര്‍ന്നതു മുന്നണിയുടെ ജയസാധ്യതയെ കാര്യമായി ബാധിക്കില്ലെന്നാണു സി.പി.എം കരുതുന്നത്‌്‌്‌.
2004ല്‍ പോളിങ്‌ ശതമാനം 71.45 ആയിരുന്നിട്ടും മുന്നണിക്കു വലിയ മുന്‍തൂക്കം ലഭിച്ചു. ക്രിസ്‌ത്യന്‍ വോട്ടുകളുടെ ഏകീകരണം തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ട്‌. ഇതു യു.ഡി.എഫിന്‌ ഗുണം ചെയ്യും. എന്നാല്‍ ലത്തീന്‍ കത്തോലിക്കര്‍ പോലുളള ചില സഭാവിശ്വാസികള്‍ ഇടതുമുന്നണിക്ക്‌ വോട്ട്‌ ചെയ്‌തിട്ടുണ്ട്‌.
മുസ്‌ലിം വോട്ടുകളുടെ ഏകീകരണം തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ടെന്നും അത്‌ ഇടതുമുന്നണിക്ക്‌ അനുകൂലമായി തീര്‍ന്നുവെന്നുമാണു പാര്‍ട്ടിയുടെ നിഗമനം. മുസ്‌്‌ലിം വോട്ടുകളുടെ ഏകീകരണം ഉണ്ടായത്‌്‌ മലബാറില്‍ പ്രത്യേകിച്ച്‌ കാസര്‍കോഡ്‌, കണ്ണൂര്‍, വടകര, കോഴിക്കോട്‌, പൊന്നാനി, പാലക്കാട്‌ മണ്ഡലങ്ങളില്‍ ഗുണം ചെയ്യും.
ഇടതുപക്ഷ ഏകോപന സമിതിയുടെ നേതൃത്വത്തിലുളള വിമതര്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ കാര്യമായി പിടിച്ചുമാറ്റിയിട്ടില്ല. ജനതാദളില്‍ ഒരുവിഭാഗം വിട്ടുനിന്നതും കാര്യമായി ബാധിച്ചിട്ടില്ല. വടക്കന്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാനാവുമെന്നാണു സി.പി.എം കണക്കുകൂട്ടുന്നത്‌. മധ്യകേരളത്തില്‍ മുന്നോട്ടുപോവാനാവുമെന്നും പാര്‍ട്ടി കരുതുന്നു. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും സെക്രട്ടേറിയറ്റ്‌ യോഗം അവലോകനം ചെയ്‌തു.

No comments: