2009-04-17
ചതുരംഗം കഴിഞ്ഞ് ആത്മസംതൃപ്‌തിയോടെ പട്ടിക്കാട്ടെ നേതാക്കള്‍ കൂടണഞ്ഞു
നഹാസ് എം നിസ്‌താര്‍
പെരിന്തല്‍മണ്ണ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് തീപാറുന്ന പോരാട്ടമൊരുക്കി ആത്മസംതൃപ്‌തിയോടെ മൂന്നു ചതുരംഗപ്പടയുടെയും പട്ടിക്കാട് സ്വദേശികളായ നേതാക്കള്‍ വീടുകളിലെത്തി. മലപ്പുറം മണ്ഡലത്തിലെ ഇടത്-വലത് രാഷ്ട്രീയപ്പാര്‍ട്ടികളും പി.ഡി.പിയുടെ പ്രധാന തിരഞ്ഞെടുപ്പുനയ രൂപീകരണച്ചുമതലയും മൂന്നു പാര്‍ട്ടികളും ഏല്‍പ്പിച്ചിരുന്നത് പട്ടിക്കാട്ടുകാരെയായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി കെ ഹംസയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച പി ശ്രീരാമകൃഷ്‌ണനും യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ അഹമ്മദിന്റേതിനു നേതൃത്വം വഹിച്ച പി അബ്ദുല്‍ ഹമീദും പി.ഡി.പിയുടെ നയരൂപീകരണസമിതിയുടെ ചുമതലയുള്ള സി കെ അബ്ദുല്‍ അസീസുമാണ് ഇന്നലെ പോളിങ് പൂര്‍ത്തിയാക്കി കുടുംബത്തോടൊപ്പം ചേര്‍ന്നത്.
മൂവരും കീഴാറ്റൂര്‍ പഞ്ചായത്തിലെ പട്ടിക്കാട് പ്രദേശത്ത് ജനിച്ചുവളര്‍ന്ന് രാഷ്ട്രീയജീവിതം കെട്ടിപ്പടുത്തവരാണ്. വിദ്യാര്‍ഥിപ്രസ്ഥാനങ്ങളുമായി ചേര്‍ന്നാണ് മൂവരും അവരുടേതായ രാഷ്ട്രീയചിന്തകള്‍ക്ക് സ്ഥലം കണ്ടെത്തിയത്. വെവ്വേറെ പാര്‍ട്ടിയിലാണെങ്കിലും ജീവിതത്തിലുടനീളം സാമ്യങ്ങള്‍ നിരവധിയാണ്.
രക്ഷാകര്‍ത്താക്കള്‍ അധ്യാപകരായതും പട്ടിക്കാട് ഹൈസ്‌കൂളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതും പട്ടിക്കാട് ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസം, അധ്യാപകജോലി, രാഷ്ട്രീയജീവിതത്തില്‍ നേതൃത്വരംഗത്തേക്ക് കടന്നുവന്നതുമെല്ലാം മൂന്നുപേര്‍ക്കും പൊതുവായി അവകാശപ്പെടാവുന്ന കാര്യങ്ങളാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിനോട് ശ്രീരാമകൃഷ്‌ണനും പെരിന്തല്‍മണ്ണയില്‍ വി ശശികുമാറിനോട് അബ്ദുല്‍ഹമീദും കഴിഞ്ഞ ലോക്‌സഭയിലേക്ക് പി.ഡി.പി സ്ഥാനാര്‍ഥിയായി അബ്ദുല്‍ അസീസും മല്‍സരിച്ച് പരാജയം ഏറ്റുവാങ്ങി.
മൂവരും മലപ്പുറം മണ്ഡലത്തിലെ ഓരോ മുക്കിലും മൂലയിലും സ്ഥാനാര്‍ഥികളുടെ പര്യടനവും പ്രചാരണവും വാര്‍ത്താസമ്മേളനങ്ങളും പ്രത്യേകം ചാര്‍ട്ട് ചെയ്‌ത് ഏല്‍പ്പിക്കപ്പെട്ട ജോലി ശ്രദ്ധയോടെ പൂര്‍ത്തിയാക്കിയാണ് പട്ടിക്കാട്ടെ വീട്ടിലെത്തിയത്. തിരഞ്ഞെടുപ്പില്‍ സ്വന്തം സമ്മതിദാനാവകാശം ഹമീദും അസീസും പട്ടിക്കാട് ഹൈസ്‌കൂളിലെ 116ാം ബൂത്തിലും ശ്രീരാമകൃഷ്‌ണന്‍ പട്ടിക്കാട് വെസ്റ്റിലെ ദാറുസ്സലാം മദ്‌റസയിലെ 117ാം ബൂത്തിലും രേഖപ്പെടുത്തി.
റിട്ട. അധ്യാപകന്‍ പരേതനായ പുളിയകത്ത് കുഞ്ഞാലിയുടെയും പാത്തുമ്മയുടെയും മകനാണ് ഹമീദ്. പട്ടിക്കാട് ദാറുസ്സലാം എല്‍.പി സ്‌കൂളിലെ അധ്യാപകജോലിയില്‍നിന്നു പിരിഞ്ഞതു മുതല്‍ മുസ്‌ലിംലീഗിലെ മുഴുസമയ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ പാര്‍ട്ടി ജില്ലാ ഖജാഞ്ചി കൂടിയായ ഇദ്ദേഹം.
റിട്ട. അധ്യാപകന്‍ പരേതനായ പുറയത്ത് ഗോപിയുടെയും സീതടീച്ചറുടെയും മകനായ ശ്രീരാമകൃഷ്‌ണന്‍ മേലാറ്റൂര്‍ ഹൈസ്‌കൂള്‍ അധ്യാപകനും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമാണ്.
പരേതനായ ഹോമിയോ ഡോക്ടര്‍ സി കെ അബ്ദുല്ലയുടെയും ഖദീജ ടീച്ചറുടെയും മകനായ അസീസ് വിദേശത്ത് ജോലിനോക്കിവരുന്നു. പി.ഡി.പിയുടെ സംസ്ഥാന നയരൂപീകരണ സമിതി ചെയര്‍മാനാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment