സ്വന്തം പ്രതിനിധി
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാക്കിയേക്കാവുന്ന മാറ്റങ്ങള്‍ക്കു മുന്നോടിയായി വിവാദങ്ങള്‍ പെരുമ്പറ കൊട്ടിത്തുടങ്ങി. എന്‍.സി.പി ഇടതുമുന്നണിയില്‍ ചേക്കേറുന്നതിന്റെ സൂചനയോടെ കെ മുരളീധരന്റേതാണു വിവാദങ്ങളിലേക്കുള്ള ആദ്യവെടി. മെയ് 16നു ശേഷം സി.പി.എം-സി.പി.ഐ പോര് മൂര്‍ച്ഛിക്കുന്നതിന് ഇടയാക്കും വിധം വോട്ടെടുപ്പു ദിവസം അബ്‌ദുന്നാസിര്‍ മഅ്‌ദനി നടത്തിയ വിവാദ പ്രസ്‌താവനയും ഇടതു കേന്ദ്രങ്ങളില്‍ പുകഞ്ഞുതുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് എന്‍.സി.പി ഇടതു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്‌തുവെന്ന കെ മുരളീധരന്റെ ഇന്നലത്തെ വെളിപ്പെടുത്തലില്‍ വരുംനാളുകളില്‍ കത്തിപ്പടരാനുള്ള വിവാദങ്ങളുടെ എല്ലാ ചേരുവകളുമുണ്ട്. മുരളീധരന്‍ മല്‍സരിച്ച വയനാട്ടില്‍ ഇടതുമുന്നണിയിലെ സി.പി.ഐ സ്ഥാനാര്‍ഥിക്ക് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെങ്കില്‍ എന്‍.സി.പിയുടെ കോഴിക്കോട്ടെ പിന്തുണയ്‌ക്കു സി.പി.എം വയനാട്ടില്‍ സമാധാനം പറയേണ്ടിവരും. കോഴിക്കോട്ടെ എന്‍.സി.പിയുടെ പിന്തുണയ്‌ക്കു പകരമായി വയനാട്ടില്‍ സി.പി.എം മുരളിക്ക് വോട്ടു മറിക്കുമെന്നു വോട്ടെടുപ്പിന്റെ തലേന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ സി.പി.എം കേന്ദ്രങ്ങള്‍ ഇതു നിഷേധിക്കുകയാണുണ്ടായത്.
കോഴിക്കോട്ടെ എന്‍.സി.പി -സി.പി.എം ധാരണ മുരളീധരന്‍ തന്നെ പരസ്യമാക്കിയ സാഹചര്യത്തില്‍ വയനാട്ടില്‍ സി.പി.എം മുരളിക്ക് വോട്ടു മറിച്ചുവെന്ന ആക്ഷേപത്തിന് ആക്കംകൂടിയിരിക്കുകയാണ്. സി.പി. െഎ പിടിച്ചു വാങ്ങിയ വയനാട് സീറ്റില്‍ അവരുടെ സ്ഥാനാര്‍ഥിക്കു കണക്കാക്കുന്ന വോട്ട് ലഭിക്കാതെ വന്നാല്‍ സി.പി.എം മുരളിയെ സഹായിച്ചുവെന്നു വ്യക്തമാവും. ഇത് ഇടതുമുന്നണിയില്‍ കടുത്ത പൊട്ടിത്തെറിക്കു കാരണമാവുമെന്നതില്‍ തര്‍ക്കമില്ല.
വയനാട്ടിലെ പല നിയമസഭാ നിയോജക മണ്ഡലങ്ങളിലും വോട്ടെടുപ്പു ദിവസം സി.പി.എം വേണ്ടത്ര ശുഷ്‌കാന്തിയും ആവേശവും കാണിച്ചില്ലെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോഴിക്കോട്ടെ എന്‍.സി.പി-സി.പി.എം ധാരണ കൂടി പുറത്തായതോടെ സി.പി.ഐ കേന്ദ്രങ്ങള്‍ മ്ലാനതയിലാണ്.
വോട്ടെടുപ്പു ദിവസം തന്നെ ഇതു മനസ്സിലാക്കിയ സി.പി.ഐ കേന്ദ്രങ്ങളില്‍ പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ഉച്ചയ്‌ക്കു ശേഷം കോഴിക്കോട്ടെ സി.പി.ഐ വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു മറിച്ചുനല്‍കാന്‍ ചില കേന്ദ്രങ്ങള്‍ കരുനീക്കുകയും ചെയ്‌തു. എന്നാല്‍ വിവരമറിഞ്ഞു മന്ത്രി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ആ നീക്കത്തില്‍ നിന്നു സി.പി.ഐക്കാര്‍ പിന്‍മാറുകയായിരുന്നുവെന്നാണു വിവരം.
സി.പി.ഐ സ്ഥാനാര്‍ഥികളെ പി.ഡി.പി പിന്തുണച്ചിട്ടില്ലെന്ന മഅ്‌ദനിയുടെ വെളിപ്പെടുത്തലും തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം ഇടതുമുന്നണിയില്‍ പൊട്ടാന്‍പോവുന്ന വെടിക്കെട്ടിനുള്ള തിരികൊളുത്തലാണ്. സി.പി.ഐയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് സി.പി.എം കൊണ്ടു നടന്ന മഅ്‌ദനിയുടെ പുതിയ പ്രസ്‌താവന ധിക്കാരപരമാണെന്നാണു സി.പി.ഐയുടെ ഉന്നത നേതാവ് ഇന്നലെ തേജസിനോട് പ്രതികരിച്ചത്.
തിരഞ്ഞെടുപ്പു ഫലം അനുകൂലമായാല്‍ എന്‍.സി.പിയെയും പി.ഡി.പിയെയും മുന്നണിയിലെടുത്തു തങ്ങളെ പുകച്ച് പുറത്തുചാടിക്കാനുള്ള സി.പി.എം നീക്കത്തിന്റെ വിളംബരമായാണു മുരളീധരന്റെയും മഅ്‌ദനിയുടെയും പ്രസ്‌താവനകളെസി.പി.ഐ വിലയിരുത്തുന്നത്.
No comments:
Post a Comment