2009-04-18
മലപ്പുറത്തെ തിരഞ്ഞെടുപ്പു ഫലം ന്യൂനപക്ഷ രാഷ്ട്രീയഗതി നിര്‍ണയിക്കും
റസാഖ് മഞ്ചേരി
മലപ്പുറം: പൊന്നാനി-മലപ്പുറം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു ഫലം സംസ്ഥാനത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ചേക്കും. ജില്ലാ രൂപീകരണശേഷം ഉണ്ടായ കടുത്ത പോരാട്ടമായി വിശേഷിപ്പിക്കാവുന്ന 15ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരു മണ്ഡലങ്ങളിലെയും പോളിങ് ശതമാനത്തിലുണ്ടായ വര്‍ധന ഇരുമുന്നണികള്‍ക്കും ആശങ്കയ്‌ക്കും പ്രതീക്ഷയ്‌ക്കും വകനല്‍കുന്നതാണ്.
കേരള രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗിന്റെ ഇടം എത്രമാത്രം സുരക്ഷിതമാണെന്നും ഫലം വ്യക്തമാക്കും. വിവിധ സമുദായസംഘടനകള്‍ ഇരുമുന്നണികള്‍ക്കു വേണ്ടിയും സജീവമായി വോട്ട് പിടിക്കാനിറങ്ങിയത് ഇത്തവണത്തെ ഫലം പ്രവചനാതീതമാക്കിയിരിക്കുകയാ ണ്. പൊന്നാനിയില്‍ 1977ല്‍ ഉണ്ടായ 75.19 ശതമാനം പോളിങിനെ മറികടന്ന് 77.11 ശതമാനമാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2004ല്‍ 62.32 ശതമാനം മാത്രമായിരുന്നു ഇവിടത്തെ വോട്ടിങ് നില. മലപ്പുറത്ത് ഇത്തവണ രേഖപ്പെടുത്തിയത് 76.64 ശതമാനമാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം മഞ്ചേരി മണ്ഡലമായിരുന്നപ്പോള്‍ 71.89 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. ഇപ്പോള്‍ കൂടിയ വോട്ടുകള്‍ ആര്‍ക്കാണു ലഭിക്കുക എന്നതിനെ ആശ്രയിച്ചായിരിക്കും ജയപരാജയങ്ങള്‍. മഞ്ചേരിയിലും നിയമസഭയില്‍ കുറ്റിപ്പുറത്തും വോട്ടിങ് ശതമാനം വര്‍ധിച്ചപ്പോള്‍ എല്‍.ഡി.എഫിനു വിജയിക്കാനായി എന്ന തു പക്ഷേ ഇത്തവണ ശരിയാവണമെന്നില്ല. രാഷ്ട്രീയമായി മലപ്പുറം യു.ഡി.എഫിനൊപ്പമാണെന്നു സി.പി.എം തന്നെ വിലയിരുത്തുമ്പോഴും അടിയൊഴുക്കുകളിലുള്ള പ്രതീക്ഷയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി കെ ഹംസയ്‌ക്കുള്ളത്. 60,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇ അഹമ്മദ് ജയിക്കുമെന്നാണു യു.ഡി.എഫ് അവലോകനയോഗത്തിലെ വിലയിരുത്തല്‍. 30,000 മുതല്‍ 45,000 വരെ വോട്ടിന്റെ ഭൂരിപക്ഷം അഹമ്മദിനു സി.പി.എമ്മും കണക്കാക്കുന്നു.
എന്നാല്‍, എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടുള്ള വിവരങ്ങളാണു പൊന്നാനിയില്‍ നിന്നു ലഭിക്കുന്നത്. മഅ്‌ദനിയും എ.പി വിഭാഗവും ഒഴികെയുള്ള മുസ്‌ലിം സംഘടനകള്‍ ഇ ടിയെയാണു പിന്തുണച്ചത്. 10,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രണ്ടത്താണിക്കു ജയസാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണു സി.പി.എം. 35,000 വോട്ടിനു ബഷീര്‍ ജയിക്കുമെന്നാണു ലീഗ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. രാമന്‍പിള്ളയും ഉമാ ഉണ്ണിയും എല്‍.ഡി.എഫിനു വേണ്ടി ബി.ജെ.പി വോട്ടുകള്‍ മറിച്ചുവെന്നാണ് ഒടുവില്‍ മനസ്സിലാവുന്നത്. ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ രാമന്‍പിള്ള നടത്തിയ രഹസ്യ ചര്‍ച്ചകള്‍ ഇതിന്റെ സൂചനയാണ്. തിരഞ്ഞെടുപ്പിന്റെ രണ്ടുദിവസം മുമ്പു ഹിന്ദു ജാഗരണ്‍ വേദി എന്ന പേരില്‍ ബി.ജെ.പി കേന്ദ്രങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഇ ടിക്കെതിരായ പോസ്‌റ്ററുകള്‍ക്കു പിന്നില്‍ സി.പി.എം പിന്തുണയോടെ ജനപക്ഷത്തിന്റെ കൈയുള്ളതായി കരുതുന്നു. ബി.ജെ.പിക്കു ശക്തിയുള്ള താനൂര്‍, പരപ്പനങ്ങാടി, തൃത്താല, വള്ളിക്കുന്ന്, തിരൂര്‍ എന്നിവിടങ്ങളിലെ പല ബൂത്തുകളിലും ബി.ജെ.പിക്കു ബൂത്ത് ഏജന്റുമാര്‍ ഉണ്ടാവാതിരുന്നതു ധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും വ്യക്തം.
മലപ്പുറത്ത് ജമാഅത്തെ ഇസ്‌ലാമി ടി കെ ഹംസയ്‌ക്കു വേണ്ടി രംഗത്തിറങ്ങിയപ്പോള്‍ പൊന്നാനിയില്‍ അവര്‍ പിന്തുണച്ച ഇ ടിക്കുവേണ്ടി പ്രചാരണരംഗത്തുണ്ടായിരുന്നില്ല. മലപ്പുറത്തും പൊന്നാനിയിലും എ.പി വിഭാഗവും മലപ്പുറത്ത് ജമാഅത്തും എല്‍.ഡി.എഫിനു വേണ്ടി പരസ്യമായി പ്രചാരണം നടത്തിയിരുന്നു. എന്നാല്‍, ഇത്തവണ യു.ഡി.എഫിനു വോട്ട് നല്‍കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പൊന്നാനിയിലും മലപ്പുറത്തും സജീവമായി രംഗത്തിറങ്ങിയത് ന്യൂനപക്ഷ വോട്ടിങ് ശതമാനത്തെ ചെറുതായെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു ദിവസം യു.ഡി.എഫിനുള്ള മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്‌തുവെന്നു ഉറപ്പുവരുത്താന്‍ യു.ഡി.എഫ്-പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചതും ശ്രദ്ധിക്കപ്പെട്ടു.
ഇരുമണ്ഡലങ്ങളിലും ധാരണയുടെ അടിസ്ഥാനത്തില്‍ എന്‍.സി.പി വോട്ടുകള്‍ എല്‍.ഡി.എഫിനാണു ലഭിച്ചതെന്നു കരുതുന്നു. പകരം വയനാട്ടില്‍ സി.പി.എം വോട്ട് മുരളിക്കും ലഭിച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment