2009-04-12

കേരളത്തില്‍ അല്‍ഭുതം സൃഷ്ടിക്കാന്‍ എന്‍.സി.പി

ഇരുമുന്നണികളും അകറ്റിയ എന്‍.സി.പി ഇത്തവണ കേരളത്തില്‍ അക്കൗണ്ട്‌ തുറക്കുമെന്ന വാശിയിലാണ്‌ വയനാട്‌ മണ്ഡലത്തിനു സുപരിചിതനായ മുരളീധരന്‍. എന്‍.സി.പി ഉള്‍പ്പെടുന്ന ഭരണം വന്നാല്‍ കേരളത്തില്‍ നിന്നൊരു കാബിനറ്റ്‌ റാങ്കുള്ള മന്ത്രി ഉറപ്പാണെന്ന ശരത്‌പവാറിന്റെ പ്രഖ്യാപനം വച്ചാണു വോട്ട്‌ പിടിക്കുന്നത്‌.
തിരുവനന്തപുരത്ത്‌ എന്‍ പി ഗംഗാധരനും പാലക്കാട്ട്‌ റസാഖ്‌ മൗലവിയും പത്തനംതിട്ടയില്‍ മാണി സി കാപ്പനുമാണ്‌ ക്ലോക്‌ ചിഹ്നത്തില്‍ ജനവിധി തേടുന്നത്‌. വയനാട്ടില്‍ കരുണാകരവിഭാഗത്തിന്റെയും ഇരുമുന്നണികളോടും താല്‍പ്പര്യമില്ലാത്തവരുടെയും വോട്ടുകളാണ്‌ മുരളീധരന്റെ പ്രതീക്ഷ. വികസനത്തിന്‌ ഒരുവോട്ട്‌ എന്ന ലേബലിലാണ്‌ 12 വര്‍ഷത്തോളം എം.പിയായിരുന്ന മുരളീധരന്റെ മുദ്രാവാക്യം. കേന്ദ്രമന്ത്രി ശരത്‌പവാര്‍ കര്‍ഷകര്‍ക്കു നല്‍കിയ സഹായവും എം.പിയായിരുന്നപ്പോള്‍ കക്ഷിഭേദമെന്യേയുള്ള ഇടപെടലുകളും നടപ്പാക്കിയ പദ്ധതിയും അക്കമിട്ടുനിരത്തിയാണ്‌ എന്‍.സി.പി പ്രചാരണം.
കന്നി മണ്ഡലത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയോടെയാണ്‌ മുരളീധരന്‍ വോട്ടര്‍മാരെ സമീപിക്കുന്നത്‌. കാര്‍ഷിക, വിദ്യാഭ്യാസ, ഗതാഗത പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാവുമെന്ന്‌ അദ്ദേഹം ജനങ്ങള്‍ക്ക്‌ ഉറപ്പുനല്‍കുന്നു. മുരളീധരന്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചെല്ലുന്നിടത്തെല്ലാം ചെറിയൊരു ആള്‍ക്കൂട്ടമെങ്കിലുമുണ്ട്‌. കോണ്‍ഗ്രസ്സില്‍ നിന്നും ഇടതുമുന്നണിയില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും മാറിവന്നവരാണ്‌ അവരില്‍ പലരും. സമുദായനേതാക്കളുടെ പിന്തുണ തേടിയാണ്‌ അദ്ദേഹം തിരഞ്ഞെടുപ്പു പ്രചാരണത്തിന്‌ തുടക്കംകുറിച്ചതുതന്നെ. ഇടതു-വലതു മുന്നണികളോടുള്ള നിഷേധാത്മക വോട്ടുകളും കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും ചെറിയൊരു ശതമാനം വോട്ടുകളും തന്റെ പെട്ടിയില്‍ വീഴുമെന്നുതന്നെയാണു മുരളിയുടെ പ്രതീക്ഷ.
വിജയപ്രതീക്ഷയില്ലെങ്കിലും പരമാവധി വോട്ട്‌ നേടിയെടുക്കാനുള്ള പ്രയത്‌നത്തിലാണ്‌ തിരുവനന്തപുരം മണ്ഡലത്തിലെ എന്‍.സി.പി സ്ഥാനാര്‍ഥി എം പി ഗംഗാധരന്‍. തുടക്കത്തില്‍ പ്രചാരണം മന്ദഗതിയിലായിരുന്നെങ്കിലും അന്തിമഘട്ടമെത്തിയതോടെ രംഗം ചൂടുപിടിച്ചു.
മണ്ഡലത്തില്‍ ആര്‍ക്കും അവകാശവാദമുന്നയിക്കാന്‍ കഴിയാത്ത സാഹചര്യമാണു നിലവിലുള്ളതെന്ന്‌ ജില്ലാ പ്രസിഡന്റ്‌ മര്യാപുരം ശ്രീകുമാര്‍ പറഞ്ഞു. തീരദേശമേഖലകളില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കിടയില്‍ എന്‍.സി.പിക്കു മുന്‍തൂക്കമുണ്ട്‌. ഈ മേഖലകളില്‍ താന്‍ മുമ്പു ജലവിഭവമന്ത്രിയായിരുന്നപ്പോള്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ചെയ്‌ത കാര്യങ്ങള്‍ തനിക്കു ഗുണം ചെയ്യുമെന്നാണു ഗംഗാധരന്റെ പ്രതീക്ഷ. ശരത്‌പവാര്‍ പ്രധാനമന്ത്രിയാവുമെന്നും എന്‍.സി.പിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ മുന്നണി അധികാരത്തില്‍ വരുമെന്നും ഇദ്ദേഹം പ്രചരിപ്പിക്കുന്നു. കമ്മ്യൂണിസ്‌റ്റുകള്‍ കുത്തകയാക്കിവച്ചിരുന്ന നിലമ്പൂരും പട്ടാമ്പിയും അട്ടിമറിയിലൂടെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ എം പി ഗംഗാധരന്‍ തിരിച്ചുപിടിച്ചിരുന്നു. ആ പാരമ്പര്യം കാക്കുമെന്നാണ്‌ എം പി ഗംഗാധരന്‍ വിലയിരുത്തുന്നത്‌. പത്തനംതിട്ടയില്‍ പാര്‍ട്ടി സംസ്ഥാന ഖജാഞ്ചി മാണി സി കാപ്പനും വിജയസാധ്യത കല്‍പ്പിക്കുന്നു. പത്തനംതിട്ട മണ്ഡലത്തില്‍ അനുകൂലമായ ഒട്ടേറെ ഘടകങ്ങള്‍ തനിക്കുണ്ടെന്നും സിനിമ, കായികമേഖലകളില്‍ നേടിയിട്ടുള്ള പരിചയങ്ങളും വ്യക്തിബന്ധങ്ങളും തിരഞ്ഞെടുപ്പില്‍ അനുകൂല ഘടകമാണെന്നും മാണി സി കാപ്പന്‍ പറയുന്നു.
യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ആന്റോ ആന്റണിയും മാണി സി കാപ്പനും റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ മതപരമായ പരിഗണന നിര്‍ണായകമാവും. തന്നെ വിജയിപ്പിച്ചാല്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം സമീപഭാവിയില്‍ യാഥാര്‍ഥ്യമാക്കുമെന്ന വാഗ്‌ദാനമാണ്‌ മാണി സി കാപ്പന്റെ പ്രധാന ആയുധം. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ തിരുവല്ല, ആറന്മുള, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളിലാണ്‌ എന്‍.സി.പിക്ക്‌ ഏറക്കുറേ സ്വാധീനമുള്ളത്‌.
(തയ്യാറാക്കിയത്‌: എസ്‌ മൊയ്‌തു, നിഷാദ്‌ എം ബഷീര്‍, എച്ച്‌ സുധീര്‍)

No comments: