2009-04-12

പ്രധാനമന്ത്രി അപമാനിക്കുന്നുവെന്ന്‌ മുലായം


ലഖ്‌നോ: വിശ്വാസവോട്ടെടുപ്പില്‍ യു.പി.എ സര്‍ക്കാരിനെ സഹായിച്ച തന്റെ പാര്‍ട്ടിയെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ അപമാനിക്കുകയാണെന്ന്‌ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായംസിങ്‌ യാദവ്‌ കുറ്റപ്പെടുത്തി. ഇന്ത്യ-യു.എസ്‌ ആണവകരാറില്‍ പ്രതിഷേധിച്ച്‌ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ സര്‍ക്കാരിനെ രക്ഷിച്ച തങ്ങളോട്‌ പ്രധാനമന്ത്രിക്ക്‌ ഇപ്പോള്‍ ഉപേക്ഷാമനോഭാവമാണെന്നും മുലായം പറഞ്ഞു.
ലഖ്‌നോയില്‍ എസ്‌.പിയുടെ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-യു.എസ്‌ ആണവകരാര്‍ നടപ്പാക്കാനായില്ലെങ്കില്‍ താന്‍ രാജിവയ്‌ക്കുമായിരുന്നു എന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഭീകരവാദവും സാമ്പത്തികമാന്ദ്യവും നേരിടുന്നതിനും കര്‍ഷകര്‍ക്ക്‌ ആശ്വാസം നല്‍കുന്നതിനും പ്രാമുഖ്യം നല്‍കുമെന്ന്‌ മുലായം പറഞ്ഞു. `വിശക്കുന്ന മനുഷ്യന്റെ ദൈവമാണ്‌ കൃഷി' എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ മറന്നു. കാര്‍ഷികമേഖലയെ പ്രോല്‍സാഹിപ്പിക്കാതെ രാജ്യത്തെ പുരോഗതിയിലേക്ക്‌ നയിക്കാനാവില്ല. കാര്‍ഷികഭൂമി വ്യാവസായികാവശ്യത്തിന്‌ ബലമായി പിടിച്ചെടുക്കുന്നത്‌ അവസാനിപ്പിക്കണം.
ആഭ്യന്തരസുരക്ഷ ഉറപ്പുവരുത്തുന്നതിനും ബംഗ്ലാദേശ്‌, പാകിസ്‌താന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായി സൗഹൃദം നിലനിര്‍ത്തുന്നതിനും എസ്‌.പി പ്രാധാന്യം നല്‍കും. പ്രാദേശിക അസമത്വമാണ്‌ ഭീകരവാദം വളരുന്നതിനുള്ള പ്രധാന കാരണമെന്നും ഭീകരവാദത്തെ നേരിടുന്നതില്‍ യു.പി.എ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെറുകിട-ഇടത്തരം വ്യവസായരംഗത്തെ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യത്തെ തൊഴിലില്ലായ്‌മക്ക്‌ പരിഹാരം കാണാനാവൂ എന്നും എസ്‌.പി പ്രകടനപത്രികയില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള പ്രമുഖരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്ന്‌ എസ്‌.പി ജനറല്‍ സെക്രട്ടറി അമര്‍സിങ്‌ പറഞ്ഞു. ബോളിവുഡ്‌ നടനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ സഞ്‌ജയ്‌ദത്തും ചടങ്ങില്‍ പങ്കെടുത്തു.

No comments: