സ്വന്തം പ്രതിനിധി
ന്യൂഡല്‍ഹി: പ്രഖ്യാപനങ്ങളോ പൊള്ളയായ വാഗ്‌ദാനങ്ങളോ ഇല്ല. എതിര്‍സ്ഥാനാര്‍ഥിക്കെതിരേ മുനവച്ച ആരോപണങ്ങളില്ല. മുഖത്ത് പതിവുള്ള കള്ളച്ചിരി, സ്‌നേഹത്തോടെയുള്ള നോട്ടം, ദയാവായ്‌പോടെയുള്ള വാക്കുകള്‍- നഫീസാ അലി വോട്ട് ചോദിക്കുമ്പോള്‍ അതി നുമുണ്ട് ഒരു ബോളിവുഡ് ടച്ച്.
53കാരിയായ മുന്‍ മിസ്‌ഇന്ത്യ നഫീസാ അലി ലഖ്‌നോയില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് മല്‍സരിക്കുന്നത്. കോടതി ഇടെപടലിനെത്തുടര്‍ന്ന് സഞ്‌ജയ്‌ദത്തിനെ പിന്‍വലിച്ച് സമാജ്‌വാദി പാര്‍ട്ടി പൊടുന്നനെ ലഖ്‌നോയില്‍ സാമൂഹികപ്രവര്‍ത്തക കൂടിയായ നഫീസയെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ഹിന്ദിഭാഷയില്‍ മോശമായ ഇവര്‍ക്ക് ബാബരി മസ്‌ജിദ് എന്നുച്ചരിക്കാന്‍ കഴിയില്ലെന്നായിരുന്നു ബി.ജെ.പിയുടെ ഇതേക്കുറിച്ചുള്ള പ്രാഥമിക പ്രതികരണം.
എന്നാല്‍ `ബിഗ്‌ബി'യിലൂടെ മലയാളത്തിനു പ്രിയങ്കരിയായ `മേരിടീച്ചര്‍' ലഖ്‌നോയെ കൈയിലെടുക്കുകയാണ്. ഒരു ചിരികൊണ്ടും ദയാവായ്‌പുകൊണ്ടും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ എതിര്‍സ്ഥാനാര്‍ഥിക്കെതിരേ ആരോപണങ്ങളുന്നയിക്കേണ്ടതിന്റെ ആവശ്യമെന്താണ്? രാഷ്‌ട്രീയത്തില്‍ ആരോപണത്തിന്റെയും അധിക്ഷേപത്തിന്റെയും അനിവാര്യതയെന്താണെന്നെനിക്ക് മനസ്സിലാകുന്നില്ല- മുന്‍ നീന്തല്‍ താരം കൂടിയായ നഫീസാ അലി പറയുന്നു.
താന്‍ ഈ നഗരത്തില്‍ പുതിയ ആളല്ല. സ്‌കൂള്‍കാല ഓര്‍മകള്‍ ലഖ്‌നോ നഗരത്തെ ചുറ്റിപ്പറ്റിയുണ്ട്. കൊല്‍ക്കത്ത ലാ മാര്‍ട്ടിനയര്‍ ഗേള്‍സ് സ്‌കൂളില്‍ വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ഈ നഗരത്തില്‍ നീന്തല്‍ മല്‍സരത്തില്‍ പങ്കെടുക്കാനെത്തുമായിരുന്നു. അന്ന് തങ്ങള്‍ക്ക് വെജിറ്റേറിയല്‍ ഭക്ഷണമായിരുന്നു വിളമ്പിയിരുന്നത്. തനിക്കതിഷ്ടമില്ലായിരുന്നു. ഒരു ദിവസം ടീച്ചര്‍മാര്‍ കാണാതെ മാംസാഹാരം തേടി തങ്ങള്‍ ഒളിച്ചുകടന്നു. പക്ഷേ, പിടിക്കപ്പെട്ടുവെങ്കിലും പ്രിന്‍സിപ്പല്‍ തന്റെ മാതാപിതാക്കളുടെ അടുെത്തത്തിച്ചില്ല. നല്ലവരായിരുന്നു അവര്‍- നഫീസ ഓര്‍മിക്കുന്നു.
യുവാക്കളുടെ ശാക്തീകരണമാണ് ലക്ഷ്യമെന്ന് നഫീസ പറയുന്നു. വോട്ടിങ് ശതമാനം കൂട്ടാനാണ് താന്‍ ശ്രമിക്കുന്നത്. അതൊരിക്കലും 34 ശതമാനത്തില്‍ താഴരുത്. ഏപ്രില്‍ 9 നഫീസയെ സംബന്ധിച്ച് പ്രത്യേകതയുള്ളതാണ്. അന്നാണ് മകന്‍ ജനിച്ചത്. അതുകൊണ്ടുതന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനും അതേ ദിവസം തിരഞ്ഞെടുത്തു.
1976ല്‍ മിസ്‌ഇന്ത്യയായ നഫീസ ഫോട്ടോഗ്രാഫറായ അഹ്‌മദ് അലിയുടെയും ഫിലോമിനാ ടോറസെന്നിന്റെയും മകളാണ്. പ്രമുഖ ബംഗാളി എഴുത്തുകാരന്‍ വാജിദ് അലിയുടെ മകനായിരുന്നു അഹ്‌മദ് അലി. മുംബൈയിലാണ് ജനിച്ചതെങ്കിലും കൊല്‍ക്കത്തയില്‍ വളര്‍ന്നതിനാല്‍ ഹിന്ദി സംസാരിക്കുന്നതില്‍ പിന്നിലായി. അര്‍ജുന അവാര്‍ഡ് ജേതാവ് റിട്ട. കേണല്‍ ആര്‍ എസ് സോധിയാണ് നഫീസയുടെ ഭര്‍ത്താവ്. അരമന (28), പിയ (22), അജിത് അഹ്‌മദ് (20) എന്നിവര്‍ മക്കള്‍.
ഒപ്പമുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ നഫീസ ഒരുകൈ നോക്കുന്നതിനോട് സുഹൃത്തുക്കള്‍ക്കു താല്‍പ്പര്യമില്ല. രാഷ്‌ട്രീയം മലിനമായ മേഖലയാണെന്ന് ഇവര്‍ ഉപദേശിക്കുന്നു. അതിനും ഒരു തുറന്ന ചിരിയാണ് നഫീസയുടെ മറുപടി.
No comments:
Post a Comment