ടി സന്ദീപ്
കണ്ണൂര്‍: ആവേശം നുരഞ്ഞുപതയുന്ന പ്രചാരണ കോലാഹലങ്ങള്‍ക്കുശേഷം കണ്ണൂരില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. ആവനാഴിയിലെ അവസാന അസ്‌ത്രവുമെടുത്തുള്ള പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോള്‍ ഇരുമുന്നണികളും വിജയം അവകാശപ്പെടുന്നു. മണ്ഡലം നിലനിര്‍ത്തുമെന്ന് എല്‍.ഡി.എഫും തിരിച്ചുപിടിക്കുമെന്നു യു.ഡി.എഫും ശുഭാപ്‌തിവിശ്വാസം പുലര്‍ത്താന്‍ കാരണം ഇരുമുന്നണികളുടെയും കരുത്തുറ്റ പ്രചാരണം തന്നെ. ഈ തിരഞ്ഞെടുപ്പിലൂടെ മണ്ഡലത്തിലെ തങ്ങളുടെ സ്വാധീനവും ശക്തിയും തുറന്നുകാട്ടാമെന്ന വിശ്വാസത്തിലാണു ബി.ജെ.പി.
മണ്ഡലത്തില്‍ ആദ്യമെത്തിയ സ്ഥാനാര്‍ഥിയായതുകൊണ്ടു പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനായതു മുതല്‍ക്കൂട്ടായെന്ന കണക്കുകൂട്ടല്‍ എല്‍.ഡി.എഫ് നേതൃത്വത്തിനുണ്ട്. ചിട്ടയായതും പടിപടിയായതുമായ പ്രചാരണപരിപാടിയായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ കെ രാഗേഷിന്റേത്. ആദ്യഘട്ടത്തില്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വോട്ടര്‍മാരെ നേരില്‍ കണ്ടായിരുന്നു വോട്ടഭ്യര്‍ഥന. രണ്ടാംഘട്ടത്തില്‍ പൊതുസ്ഥലങ്ങളില്‍ വോട്ടര്‍മാരെ കണ്ടു. മൂന്നാംഘട്ടത്തില്‍ മണ്ഡലപര്യടനമായിരുന്നു. കുടുംബയോഗങ്ങളും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത കുടുംബസംഗമങ്ങളും നടന്നു. എസ്.എഫ്.ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റായിരുന്നതിനാല്‍ വിദ്യാര്‍ഥികളും രാഗേഷിനു വേണ്ടി രംഗത്തുണ്ട്. കേന്ദ്രത്തില്‍ മൂന്നാംമുന്നണി വരേണ്ടതിന്റെ ആവശ്യം, കോണ്‍ഗ്രസ്സിന്റെ സാമ്രാജ്യത്വ നിലപാടുകളും മുസ്‌ലിംകളെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാരിന്റെ കരിനിയമങ്ങളും തുറന്നുകാട്ടിയായിരുന്നു രാഗേഷിന്റെ പ്രസംഗങ്ങള്‍.
വൈകിയാണു സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെങ്കിലും കെ സുധാകരന്‍ സ്ഥാനാര്‍ഥിയായി വന്നതോടെ യു.ഡി.എഫ് കേന്ദ്രം തികഞ്ഞ വിജയപ്രതീക്ഷയിലായി. മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് എം.എല്‍.എ കൂടിയായ സുധാകരനെ യു.ഡി.എഫ് രംഗത്തിറക്കിയതും. ഏഴുതവണ നിയമസഭയിലേക്കു മല്‍സരിച്ചതിന്റെയും മൂന്നുതവണ എം.എല്‍.എ ആയതിന്റെയും അനുഭവം തുണയാവുമെന്ന വിശ്വാസം സുധാകരനുണ്ട്. ചാനല്‍ ചര്‍ച്ചകളിലും പൊതുസംവാദങ്ങളിലും ഇരുസ്ഥാനാര്‍ഥികളും വാക്‌ശരങ്ങള്‍ ഉതിര്‍ത്തത് മണ്ഡലത്തിലെ ആവേശം ഉയര്‍ത്തി.
സോണിയാ ഗാന്ധിയുടെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മന്‍മോഹന്‍ സര്‍ക്കാരിന്റെ വികസന കാഴ്‌ചപ്പാടുകളും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയാണു സുധാകരന്‍ വോട്ടര്‍മാരെ നേരില്‍ കണ്ടത്. സുധാകരനെ പിന്താങ്ങി ആവേശപൂര്‍വം ഘടക കക്ഷികളും പ്രചാരണത്തിനുണ്ട്. അബ്ദുല്ലക്കുട്ടി പാര്‍ട്ടി വിട്ടു തങ്ങളുടെ കേന്ദ്രത്തിലെത്തിയതും യു.ഡി.എഫില്‍ ഏറെ ആഹ്ലാദം പകര്‍ന്നു. കഴിഞ്ഞ തവണ അബ്ദുല്ലക്കുട്ടി നേടിയ 80,000 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ സുധാകരന്‍ നേടുമെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി രാമകൃഷ്‌ണന്‍ ഉറപ്പിച്ചുപറയുന്നു.
കണ്ണൂര്‍ മണ്ഡലം നിലനിര്‍ത്തേണ്ടത് സി.പി.എമ്മിന് അഭിമാനപ്രശ്‌നമാണ്. 1999ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ മുല്ലപ്പള്ളി രാമചന്ദ്രനെ 10,000 വോട്ടിനു പരാജയപ്പെടുത്തിയ അബ്ദുല്ലക്കുട്ടി 2004ലും മുല്ലപ്പള്ളിയെ 86,000 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണത്തേതിനേക്കാളും വോട്ട് നേടി മണ്ഡലം നിലനിര്‍ത്തുമെന്ന ഉറച്ച വിശ്വാസത്തിലാണു സി.പി.എം ജില്ലാ സെക്രട്ടറി പി ശശിയും എല്‍.ഡി.എഫ് കേന്ദ്രങ്ങളും.
പി പി കരുണാകരന്‍ മാസ്റ്ററിലൂടെ മണ്ഡലത്തിലെ തങ്ങളുടെ ശക്തി തുറന്നുകാട്ടാമെന്ന കണക്കുകൂട്ടലിലാണു ബി.ജെ.പി നേതൃത്വം. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 10 മണ്ഡലങ്ങളില്‍ നിന്നായി ബി.ജെ.പിക്ക് അമ്പതിനായിരത്തോളം വോട്ട് ലഭിച്ചിരുന്നു. മണ്ഡലത്തിന്റെ വികസനത്തിന് ഒരു വോട്ട് എന്നാണു ബി.ജെ.പി ഉന്നയിച്ച മുദ്രാവാക്യം. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒ കെ വാസുമാസ്‌റ്റര്‍ക്ക് 48,000 വോട്ട് ലഭിച്ചിരുന്നു. ഇതിന്റെ ഇരട്ടിയിലധികം വോട്ട് ഇത്തവണ നേടുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി കെ വേലായുധന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
പുതുക്കിയ മണ്ഡല ക്രമമനുസരിച്ച് ജില്ലയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളും (തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂര്‍, ഇരിക്കൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍) ഒരു കണ്ടോണ്‍മെന്റും കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടും. മണ്ഡലം പുനസ്സംഘടിപ്പിച്ചപ്പോള്‍ കണ്ണൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് കരുത്തിനു കുറവുവന്നിട്ടുണ്ട്. തളിപ്പറമ്പ് ഉള്‍പ്പെട്ടതും വടക്കേ വയനാട് ഒഴിവാക്കപ്പെട്ടതും എല്‍.ഡി.എഫിന് അനുകൂലമാവും. 10,64,141 വോട്ടര്‍മാരാണു കണ്ണൂര്‍ മണ്ഡലത്തില്‍ ആകെയുള്ളത്.
1 comment:
സി പി എം ചെയ്യുന്ന കള്ളവോട്ടുകളെ ആശ്രയിച്ചിരിക്കും തിരഞ്ഞെടുപ്പ് ഫലം.
Post a Comment