2009-04-12

ആര്‍.ജെ.ഡി-എല്‍.ജെ.പി സഖ്യത്തിന്‌ സോണിയയുടെ രൂക്ഷവിമര്‍ശനം

ജമൂയ്‌(ബിഹാര്‍): യു.പി.എ ഘടകകക്ഷികളായ രാഷ്ട്രീയ ജനതാദളും(ആര്‍.ജെ.ഡി) ലോക്‌ജനശക്തി പാര്‍ട്ടി(എല്‍.ജെ.പി)യും ചേര്‍ന്നുള്ള സഖ്യത്തിനെതിരേ ഇതാദ്യമായി കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയുടെ വിമര്‍ശനം. പ്രധാനമന്ത്രിക്കസേരയില്‍ കണ്ണുംനട്ടാണ്‌ കോണ്‍ഗ്രസ്സിനൊപ്പം അധികാരം പങ്കിടുന്ന ചിലര്‍ നാലാംമുന്നണി രൂപീകരിച്ചിരിക്കുന്നതെന്ന്‌ അവര്‍ കുറ്റപ്പെടുത്തി. ജമൂയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ്‌ പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.
മുന്നണിയുണ്ടാക്കല്‍ ഫാഷനായി മാറിയ കാലമാണിത്‌. മൂന്നാംമുന്നണി, നാലാംമുന്നണി ഇത്തരത്തില്‍ ഇനിയുമുണ്ടാവാം. കോണ്‍ഗ്രസ്സുമായി കേന്ദ്രത്തില്‍ അധികാരം പങ്കിടുന്നവരും ഇക്കൂട്ടത്തിലുണ്ട്‌. പ്രധാനമന്ത്രിപദമാണ്‌ ഈ നേതാക്കള്‍ ആഗ്രഹിക്കുന്നതെന്നു മന്ത്രിമാരായ ലാലുപ്രസാദ്‌ യാദവിനെയും രാം വിലാസ്‌ പാസ്വാനെയും പേരെടുത്ത്‌ പറയാതെ സോണിയ വ്യക്തമാക്കി.
ഇതിനു മുമ്പ്‌ രൂപീകരിക്കപ്പെട്ട പല സഖ്യങ്ങളും ദുര്‍ബലമാവുകയാണുണ്ടായത്‌. ഇവരാരെങ്കിലും ദാരിദ്ര്യത്തിനും വര്‍ഗീയതയ്‌ക്കും ഭീകരതയ്‌ക്കുമെതിരേ പോരാടാന്‍ ചങ്കൂറ്റം കാണിച്ചോ? കോണ്‍ഗ്രസ്സിനെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഇത്തരക്കാര്‍ക്ക്‌ സര്‍ക്കാരിനെ നയിക്കാനുള്ള കഴിവില്ലെന്നും സോണിയാഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രിയാവാന്‍ യോഗ്യതയുള്ള ഒരേയൊരാള്‍ മന്‍മോഹന്‍സിങാണ്‌. അദ്ദേഹത്തിന്‌ മുന്‍പരിചയവും കാഴ്‌ചപ്പാടുമുണ്ട്‌. എല്ലാവരെയും വിശ്വാസത്തിലെടുക്കാനും സ്ഥിരത കൊണ്ടുവരാനും മന്‍മോഹനേ കഴിയൂവെന്ന്‌ അവര്‍ അവകാശപ്പെട്ടു.
നേരത്തേ ജാര്‍ഖണ്ഡിലെ ഖുന്തില്‍ നടന്ന പ്രചാരണ പരിപാടിയിലും മന്‍മോഹന്‍സിങിനെ കോണ്‍ഗ്രസ്‌ അധ്യക്ഷ പുകഴ്‌ത്തി. ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടു നയിക്കാനുള്ള കഴിവ്‌ അദ്ദേഹത്തിനേയുള്ളൂവെന്ന്‌ സോണിയ പറഞ്ഞു.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സുശക്തമായ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതുണ്ട്‌. ദേശസ്‌നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ്‌ ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്ന ശക്തികളെ തിരിച്ചറിയണം. അവര്‍ സമാധാനത്തിനും ഐക്യത്തിനും ഭീഷണിയാണ്‌.
നല്ലവണ്ണം ചിന്തിച്ച ശേഷമേ വോട്ട്‌ ചെയ്യാവൂവെന്ന്‌ ഇപ്പോള്‍ രാഷ്ട്രപതി ഭരണത്തിലുള്ള ജാര്‍ഖണ്ഡിലെ ജനങ്ങളെ സോണിയ ഓര്‍മിപ്പിച്ചു.

No comments: