സുനു ചന്ദ്രന്‍
ആലത്തൂര്‍: കൂട്ടിക്കിഴിക്കലുകളുടെ അന്തിമഘട്ടത്തില്‍ ആലത്തൂരില്‍ ഇടതുമുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍, കണക്കുകൂട്ടലുകള്‍ കടപുഴക്കി കാറ്റ് വലത്തോട്ടു വീശുമെന്ന പ്രതീക്ഷയിലാണു യു.ഡി.എഫ്. അന്തിമവിധിയെഴുത്തിനു ദിവസങ്ങള്‍ ശേഷിക്കെ അണിയറയില്‍ സ്വയം വിശകലനത്തിലാണ് ഇരുമുന്നണികളും. സമുദായ സമവാക്യങ്ങള്‍, മണ്ഡലപുനര്‍നിര്‍ണയം, സ്ഥാനാര്‍ഥികളുടെ താരതമ്യം, മു?ന്നണിയിലെ പടലപ്പിണക്കങ്ങള്‍ എന്നിവയിലാണു പ്രതീക്ഷയും നിരാശയും. മണ്ഡലപുനര്‍നിര്‍ണയത്തോടെ ഒറ്റപ്പാലം മണ്ഡലത്തിനുപകരം വന്നതാണ് ആലത്തൂര്‍.
എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ബിജുവിനെ രംഗത്തിറക്കി യുവാക്കളുടെ വോട്ടില്‍ ഗണ്യമായ നേട്ടമുണ്ടാക്കാനാണ് എല്‍.ഡി.എഫ് ശ്രമം. പ്രചാരണരംഗത്ത് മുമ്പന്തിയിലാണെന്നതും ഇടതിന്റെ ആത്മവിശ്വാസത്തിനു ബലമേകുന്നു. ദലിത് കോ?ണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റും പുതുമുഖവുമായ എന്‍ കെ സുധീറാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി.
ഒറ്റപ്പാലത്തിന്റെയും പാലക്കാടിന്റെയും തൃശൂരിന്റെയും ഭാഗമായിരുന്ന നിയമസഭാ മണ്ഡലങ്ങളെ കൂട്ടിച്ചേര്‍ത്താണു പുതിയ മണ്ഡലത്തിന്റെ പിറവി. ചിറ്റൂര്‍, നെന്‍മാറ, ആലത്തൂര്‍, തരൂര്‍, ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം എന്നീ നിയോജകമണ്ഡലങ്ങളാണ് ആലത്തൂരിന്റെ പരിധിയിലുള്ളത്. പൊതുവില്‍ ഇടതിന്റെ ശക്തിദുര്‍ഗമെന്നാണ് ആലത്തൂര്‍ അറിയപ്പെടുന്നത്. അതിനുള്ള ന്യായങ്ങളും അവര്‍ നിരത്തുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും എല്‍.ഡി.എഫാണു വിജയിച്ചത്. ഇതില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടാനായതും തദ്ദേശസ്ഥാപനങ്ങളില്‍ ഭൂരിഭാഗവും തങ്ങളുടെ കൈവശമാണെന്നതും ഇടതുപക്ഷത്തിനു പ്രതീക്ഷയ്‌ക്കു വകനല്‍കുന്നു. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണു യു.ഡി.എഫ് വിലയിരുത്തല്‍. സി.പി.എമ്മിലെ വിഭാഗീയത മുതലെടുക്കാനാണ് അവരുടെ ശ്രമം.
ജനതാദളിനു സ്വാധീനമുള്ള ചിറ്റൂരും സി.പി.എം വിമതശല്യം രൂക്ഷമായ കുന്നംകുളത്തും യു.ഡി.എഫ് പ്രചാരണരംഗത്ത് മുന്നിലാണ്. കുന്നംകുളത്ത് സി.പി.എം വിമതരുടെ യോഗത്തില്‍ എം ആര്‍ മുരളി പങ്കെടുത്തിരുന്നു. ആലത്തൂരില്‍ കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങളാണു മുഖ്യ ചര്‍ച്ചാവിഷയം. ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക കടാശ്വാസപ്രവര്‍ത്തനം, കാര്‍ഷികകടം എഴുതിത്തള്ളല്‍, നെല്ലിനു താങ്ങുവില വര്‍ധിപ്പിച്ചത് തുടങ്ങിയവ എല്‍.ഡി.എഫ് പ്രചാരണമാക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ തൊഴിലുറപ്പു പദ്ധതിയും കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളിയതും വിശദീകരിക്കുകയാണു യു.ഡി.എഫ്.
എസ്.എന്‍.ഡി.പിക്കും എന്‍.എസ്.എസിനും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്. പലയിടത്തും മുസ്‌ലിം വോട്ടുകളുടെ ഭിന്നിപ്പ് ഇരുമു?ന്നണികള്‍ക്കും തലവേദനയാവുകയാണ്. കത്തോലിക്കരെയും വിവിധ ക്രിസ്‌ത്യന്‍ സംഘടനകളെയും എഴുതിത്തള്ളാനാവില്ല. എസ്.എന്‍.ഡി.പിയുടെ പിന്തുണ പി കെ ബിജുവിനാണെന്ന് ഉറപ്പായി. അവസാനഘട്ടം ഇടതുവിരുദ്ധ തരംഗവും ജനതാദള്‍ വോട്ടും തിരഞ്ഞെടുപ്പുഫലം തങ്ങള്‍ക്ക് അനുകൂലമാവുമെന്നു യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ എ ചന്ദ്രന്‍ അവകാശപ്പെട്ടു. അതേസമയം, മണ്ഡലത്തിലെ ഇടതുശക്തിയും പ്രചാരണത്തിലെ മുന്‍തൂക്കവും എല്‍.ഡി.എഫിനെ വിജയിപ്പിക്കുമെന്ന് ഇടതുമുന്നണി മണ്ഡലം കണ്‍വീനര്‍ എം ചന്ദ്രന്‍ എം.എല്‍.എ വ്യക്തമാക്കി. ബി.ജെ.പിയുടെ എം ബിന്ദുവും ബി.എസ്.പിയുടെ ജി സുദേവനും പ്രചാരണരംഗത്ത് സജീവമാണ്. ഇവര്‍ക്കു പുറമെ അഞ്ചു സ്വതന്ത്രന്‍മാരും മല്‍സരരംഗത്തുണ്ട്.
No comments:
Post a Comment