എസ് മൊയ്‌തു
കല്‍പ്പറ്റ: യു.ഡി.എഫ് കോട്ടയെന്നു വിലയിരുത്തപ്പെടുന്ന കന്നിമണ്ഡലമായ വയനാട്ടില്‍ എം ഐ ഷാനവാസിന്റെ വിജയം അനായാസമായിരുന്നെങ്കിലും എന്‍.സി.പി സ്ഥാനാര്‍ഥി കെ മുരളീധരന്റെ സാന്നിധ്യം കോടപരത്തിയിരിക്കുന്നു. ഇവിടെ ഒരുലക്ഷം വോട്ട് എല്‍.ഡി.എഫിനേക്കാള്‍ യു.ഡി.എഫിനുണ്ടെന്നായിരുന്നു സി.പി.എമ്മിന്റെ രഹസ്യക്കണക്ക്. അതു കൊണ്ടാണു ജനതാദളിന്റെ തലയില്‍ വയനാട് കെട്ടിവയ്‌ക്കാന്‍ ശ്രമിച്ചത്. ഒടുക്കം പൊന്നാനിക്കുപകരമായി സി.പി.ഐക്ക് വയനാട് വിട്ടുകൊടുക്കുന്നതില്‍ ഒരു അമാന്തവും സി.പി.എം കാണിച്ചതുമില്ല. എന്നാല്‍, മുരളീധരന്റെ രംഗപ്രവേശം വയനാട്ടിലെ ചിത്രം ആകെ മാറ്റിയിരിക്കുന്നതായി പ്രചരിപ്പിക്കുന്നതില്‍ എന്‍.സി.പി വിജയിച്ചിട്ടുണ്ട്.
മുരളീധരന്റെ പെട്ടിയില്‍ വീഴുന്ന വോട്ടുകളില്‍ ഭൂരിഭാഗവും ഷാനവാസിനു കിട്ടേണ്ട വോട്ടുകളായിരിക്കുമെന്ന പ്രചാരണം യു.ഡി.എഫിലും ആശങ്കയുണര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കുന്നതിലൂടെ കുറഞ്ഞ ഭൂരിപക്ഷത്തിനാണെങ്കിലും കയറിക്കൂടാമെന്നാണു സി.പി.ഐയുടെ ഇപ്പോഴത്തെ വിലയിരുത്തല്‍. അതേസമയം, 40 ശതമാനത്തോളം മുസ്‌ലിം വോട്ടുള്ള മണ്ഡലത്തില്‍ ആ വിഭാഗത്തിന്റെ വോട്ടുകള്‍ ഷാനവാസിനു ലഭിക്കുമെന്നാണു വിലയിരുത്തല്‍. പോപുലര്‍ ഫ്രണ്ടിന്റെ സജീവ സാന്നിധ്യവും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയും ഷാനവാസിന് അനുഗ്രഹമാവുമെന്ന പ്രതീക്ഷയിലാണു യു.ഡി.എഫ് നേതൃത്വം. ഒപ്പം രണ്ടു രൂപതകളുള്ള മണ്ഡലത്തില്‍ ക്രിസ്‌ത്യന്‍ വോട്ടുകള്‍ സി.പി.എമ്മിന് പ്രതികൂലമാവുന്നതും യു.ഡി.എഫിന്റെ ജയസാധ്യത വര്‍ധിപ്പിക്കുന്നു. ഈ വിഭാഗം ഇടതുപക്ഷത്തിനെതിരേ കാര്യമായ പ്രചാരണം രഹസ്യമായി നടത്തുന്നുവെന്നാണ് അറിയുന്നത്. ജനതാദളിന്റെ സ്വന്തം നാടായ വയനാട്ടില്‍ അവരുടെ വോട്ടുകള്‍ മുഴുവന്‍ തങ്ങളുടെ അക്കൗണ്ടിലാക്കാമെന്ന വിശ്വാസവും യു.ഡി.എഫിനുണ്ട്. ഫാര്‍മേഴ്‌സ് റിലീഫ് ഫോറം, ആദിവാസി ഗോത്രമഹാസഭ തുടങ്ങിയ സംഘടനകളുടെ വോട്ടും ഷാനവാസിന്റെ പെട്ടിയിലാണു വീഴുക. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് മല്‍സരിച്ച എഫ്.ആര്‍.എഫ് ചെയര്‍മാന്‍ എ സി വര്‍ക്കിക്ക് 60,000 വോട്ട് ലഭിച്ചിരുന്നു.
കോണ്‍ഗ്രസ്സിന് ലഭിക്കേണ്ട വോട്ടുകള്‍ മുരളിയുടെ പെട്ടിയില്‍ വീഴാതിരിക്കാനുള്ള തന്ത്രങ്ങള്‍ക്കാവും യു.ഡി.എഫ് ഇനി മുന്‍തൂക്കം നല്‍കുക. ഇരുമുന്നണികളോടും വോട്ടര്‍മാര്‍ക്കുള്ള വിയോജിപ്പ് തന്റെ വിജയത്തിനു കാരണമാവുമെന്നും 12 വര്‍ഷക്കാലം എം.പിയായ തന്നെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ സഹായിക്കുമെന്നും തന്നെയാണു മുരളീധരന്റെ പ്രതീക്ഷ. കരുണാകരവിഭാഗത്തിന്റെ വോട്ടുകള്‍ അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. അതേസമയം, വയനാട് ജില്ലയില്‍ മാത്രമാണു മുരളീധരനു പിന്തുണ കാര്യമായി ലഭിക്കുന്നതെന്നും മൊത്തം വോട്ടിന്റെ പകുതിയോളമുള്ള മലപ്പുറം ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും മുരളീധരന്‍ ചിത്രത്തിലില്ലെന്നുമാണു കോണ്‍ഗ്രസ് പറയുന്നത്. മാത്രമല്ല, ജനതാദള്‍ വോട്ടുകള്‍ മറുകണ്ടം ചാടുന്നതിനു പുറമെ സി.പി.എമ്മില്‍ നിന്നു മുരളിക്കു പോവുന്ന വോട്ടുകള്‍ കൂടി കണക്കിലെടുത്താല്‍ നഷ്ടം ഇടതുസ്ഥാനാര്‍ഥിക്കായിരിക്കും.
ബി.ജെ.പി സ്ഥാനാര്‍ഥി കെ വാസുദേവന്‍ മാസ്റ്റര്‍ തങ്ങളുടെ വോട്ടുകള്‍ പൂര്‍ണമായി തങ്ങള്‍ക്കുതന്നെ പോള്‍ ചെയ്യുമെന്ന പ്രതീക്ഷയാണു നല്‍കുന്നത്. ഇദ്ദേഹത്തിന്റെ വോട്ടുകള്‍ ചോര്‍ന്നുപോയില്ലെങ്കില്‍ ഇവിടെ ചതുഷ്‌കോണ മല്‍സരം എന്നു വിശേഷിപ്പിക്കാം. ബി.എസ്.പി സ്ഥാനാര്‍ഥിയായി രാജീവ് ജോസഫും മല്‍സരത്തിനുണ്ട്.
കണക്കുകളിലെ കളി വിജയക്കൊടി പാറിക്കുമെന്ന വിശ്വാസത്തിലാണു സി.പി.ഐ സ്ഥാനാര്‍ഥി റഹ്‌മത്തുല്ല. ഏഴു മണ്ഡലങ്ങളുള്ളതില്‍ പുതുതായി വന്ന ഏറനാടൊഴിച്ചാല്‍ ആറില്‍ നാലും എല്‍.ഡി.എഫിനാണ്. ഒപ്പം മുരളീധരന്റെ സാന്നിധ്യവും. അതേസമയം മാനന്തവാടി പോലുള്ള ഭാഗങ്ങളില്‍ സി.പി.എം-സി.പി.ഐ പോര് സ്ഥാനാര്‍ഥിക്ക് വെല്ലുവിളിയുമാവുന്നുണ്ട്. അവാസാന ഘട്ടത്തില്‍ അരിവാള്‍ കതിര്‍ ചിഹ്നത്തില്‍ വല്യേട്ടന്‍ സഖാക്കള്‍ ബട്ടനമര്‍ത്താതിരിക്കുമോ എന്ന ആശങ്ക സി.പി.ഐക്കുണ്ട്. ദേശീയ അന്താരാഷ്ട്ര വിഷയങ്ങളും മുരളീധരന്റെ വരവും എല്‍.ഡി.എഫിന്റെ വിജയം ഉറപ്പാക്കുന്നുവെന്നാണു തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സത്യന്‍ മൊകേരിയുടെ പക്ഷം.
രാഷ്ട്രീയത്തില്‍ വിട്ടുനില്‍ക്കുന്നവരും വികസനം ആഗ്രഹിക്കുന്നവരും മുരളീധരനോടൊപ്പമാണെന്നാണ് അദ്ദേഹത്തന്റെ തിരഞ്ഞെടുപ്പ് കണ്‍വീനര്‍ മുക്കം മുഹമ്മദ് പറയുന്നത്. എന്‍.സി.പി സാന്നിധ്യം പോലും ഇല്ലാത്ത സ്ഥലങ്ങളില്‍ വോട്ടര്‍മാര്‍ മുരളീധരനു വേണ്ടി കമ്മിറ്റികളുണ്ടാക്കി പ്രവര്‍ത്തിക്കുന്നുവെന്നത് അദ്ദേഹത്തിന്റെ വിജയം ഉറപ്പിക്കുന്നതായും മുഹമ്മദ് പറയുന്നു. റോഡ് ഷോ നടത്തിയതുകൊണ്ടും കട്ടൗട്ടുകള്‍ സ്ഥാപിച്ചതുകൊണ്ടും ജനങ്ങളുടെ അംഗീകാരം നേടാന്‍ കഴിയില്ലെന്നാണു മുരളീധരന്റെ പ്രചാരണത്തെക്കുറിച്ചു യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി പി എ കരീമിന്റെ അഭിപ്രായം. ബൂത്ത് കമ്മിറ്റികളോ സ്ലിപ്പ് വിതരണം ചെയ്യാന്‍ പോലും ആളുകളോ ഇല്ലാത്ത മുരളീധരന് എങ്ങനെ വിജയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു.
No comments:
Post a Comment