2009-04-17
മഴയെ അവഗണിച്ച് വി എസും കുടുംബവും നടന്നെത്തി വോട്ട് ചെയ്‌തു
ആലപ്പുഴ: മഴയെ അവഗണിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കുടുംബാംഗങ്ങള്‍ക്കും മന്ത്രി സുധാകരനുമൊപ്പം നടന്നെത്തി വോട്ട് ചെയ്‌തു. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള 63ാം നമ്പര്‍ പറവൂര്‍ പനയകുളങ്ങര ഗവ. എച്ച്.എസ്.എസിലായിരുന്നു വി എസിന്റെ വോട്ട്. ഇതേ ബൂത്തില്‍ തന്നെയായിരുന്നു മന്ത്രി സുധാകരനും വോട്ട്. വി എസിനൊപ്പം ഭാര്യ വസുമതി, മകന്‍ അരുണ്‍കുമാര്‍, മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ എന്നിവരും ഉണ്ടായിരുന്നു. രാവിലെ 10.30 ഓടെ തന്നെ മന്ത്രി സുധാകരനും ഭാര്യയും പുന്നപ്രയിലെ വി എസിന്റെ വീട്ടിലെത്തി. തുടര്‍ന്ന് ഇരുവരും രാഷ്ട്രീയകാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നടത്തിയശേഷം വോട്ട് ചെയ്യാന്‍ പുറപ്പെടാനൊരുങ്ങിയെങ്കിലും മഴ ആരംഭിച്ചതോടെ വീണ്ടും വൈകി. കാറില്‍ പോവാമെന്നു നിര്‍ബന്ധിച്ചെങ്കിലും വി എസ് സമ്മതിച്ചില്ല. മഴയുടെ ശക്തി കുറഞ്ഞതിനെ തുടര്‍ന്നു 11 ഓടെ മുണ്ടു മടക്കിക്കുത്തി കുടയും ചൂടി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വീട്ടില്‍ നിന്നിറങ്ങിയ വി എസ്, മുഖ്യമന്ത്രിയായതിനുശേഷമുള്ള തന്റെ ആദ്യ വോട്ട് രേഖപ്പെടുത്താന്‍ 11.10 ഓടെ ബൂത്തിലെത്തി. അഞ്ചുമിനിറ്റിനുള്ളില്‍ വോട്ട് ചെയ്‌തിറങ്ങിയ വി എസിനെ കാത്ത് ദേശീയ മാധ്യമങ്ങളടക്കം വന്‍ സംഘമായിരുന്നു ബൂത്തിനു പുറത്തു നിന്നത്. സംസ്ഥാനത്ത് എല്‍.ഡി.എഫിന്റെ പ്രകടനം മോശമാവില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി വി എസ് പറഞ്ഞു. ഓരോരുത്തരും അവരവരുടെ ഔചിത്യമനുസരിച്ചാ ണ് വോട്ട് ചെയ്യുന്നതെങ്കിലും എല്‍.ഡി.എഫ് നല്ലനിലയില്‍ വോട്ട് നേടുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംമുന്നണിയെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും 16ന് വോട്ടെണ്ണിക്കഴിയട്ടേയെന്നായിരുന്നു വി എസിന്റെ മറുപടി. തുടര്‍ന്നു വി എസ് കാറില്‍ തിരികെ വീട്ടിലേക്ക്. അവിടെ നിന്നു മൂന്നുമണിയോ ടെ തിരുവനന്തപുരത്തേക്കു മടങ്ങി.
Subscribe to:
Post Comments (Atom)
No comments:
Post a Comment