പി സി അബ്‌ദുല്ല
കോഴിക്കോട്: വോട്ടെടുപ്പിനു ശേഷമുള്ള പ്രാഥമിക സൂചനകളില്‍ മലബാറില്‍ യു.ഡി.എഫിനു മുന്‍തൂക്കം. പോളിങ് ശതമാനത്തിലെ വര്‍ധനയും തിരഞ്ഞെടുപ്പില്‍ ഇന്നലെ ദൃശ്യമായ മറ്റു ഘടകങ്ങളും യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നതാണ്.
പൊന്നാനിയിലും മലപ്പുറത്തും മുസ്‌ലിം വോട്ടുകള്‍ സി.പി.എം പ്രതീക്ഷിച്ച തരത്തില്‍ വിഘടിച്ചിട്ടില്ലെന്നാണ് വോട്ടെടുപ്പിനു ശേഷമുള്ള ആദ്യ വിലയിരുത്തല്‍.
പൊന്നാനിയില്‍ യു.ഡി.എഫ് ലക്ഷ്യമിട്ട കേന്ദ്രങ്ങളില്‍ കനത്ത പോളിങ് നടന്നു. എന്നാല്‍, എല്‍.ഡി.എഫ് ഭൂരിപക്ഷ മേഖലയായ തൃത്താല പോലുള്ള മണ്ഡലങ്ങളില്‍ അത്ര ആവേശം പ്രകടമാവാതിരുന്നത് യു.ഡി.എഫിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. പൊന്നാനിയില്‍ മുസ്‌ലിം സംഘടനകള്‍ പരമാവധി വോട്ടുകള്‍ ചെയ്യിച്ചതും ഇ ടി മുഹമ്മദ് ബഷീറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
എ.പി സുന്നി-പി.ഡി.പി വോട്ടുകളില്‍ ഇടതുമുന്നണി കേന്ദ്രങ്ങളും പൊന്നാനിയില്‍ ആത്മവിശ്വാസത്തിലാണ്. മലപ്പുറത്ത് മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായി യു.ഡി.എഫ് പക്ഷത്ത് കേന്ദ്രീകരിക്കപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങള്‍. ജമാഅത്തെ ഇസ്‌ലാമി-എ.പി സുന്നി വിഭാഗം വോട്ടുകള്‍ ഇടതുപെട്ടിയിലാണ് വീണതെന്നാണ് സൂചന. എങ്കിലും ഇ അഹമ്മദ് ഇവിടെ നല്ല ഭൂരിപക്ഷം നേടുമെന്നാണ് വോട്ടെടുപ്പിനു ശേഷം യു.ഡി.എഫ് കേന്ദ്രങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
വയനാട്ടില്‍ ബി.ജെ.പി വോട്ടുകള്‍ കെ മുരളീധരന്റെ പെട്ടിയിലേക്ക് മറിഞ്ഞുവെന്നാണ് വിവരം. എന്നാല്‍, ബി.ജെ.പി തിരഞ്ഞെടുപ്പില്‍ സജീവ പങ്കാളിത്തം വഹിച്ചിട്ടില്ല. മിക്കയിടത്തും ബൂത്ത് ഏജന്റുമാരെ പോലും പിന്‍വലിച്ചാണ് ബി.ജെ.പി നിര്‍ജീവമായത്. പ്രചാരണത്തില്‍ എന്‍.സി.പി പ്രകടിപ്പിച്ച ആവേശം വയനാട്ടിലെ പോളിങില്‍ പ്രകടമായില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് പ്രദേശങ്ങളില്‍ കനത്ത പോളിങാണ് നടന്നത്. മുസ്‌ലിം-കൃസ്‌ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ അളവില്‍ യു.ഡി.എഫ് പക്ഷത്ത് ഏകീകരിക്കപ്പെട്ടത് ഷാനവാസിെന്റ വിജയം അനായാസമാക്കുമെന്നാണ് വ്യക്തമാവുന്നത്.
കണ്ണൂരില്‍ പതിവുകള്‍ തെറ്റിയുള്ള സമാധാനപരമായ വോട്ടെടുപ്പാണ് യു.ഡി.എഫിനു പ്രതീക്ഷ നല്‍കുന്നത്. ഉച്ച കഴിഞ്ഞാല്‍ യു.ഡി.എഫിന്റെ ബൂത്ത് ഏജന്റുമാര്‍ പുറത്താക്കപ്പെടുകയും കള്ളവോട്ടുകള്‍ അരങ്ങു തകര്‍ക്കുകയും ചെയ്യുന്ന സി.പി.എം മേഖലകളില്‍ ഇന്നലെ യു.ഡി.എഫിന്റെ പൂര്‍ണ പങ്കാളിത്തത്തോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി വോട്ടുകളില്‍ അടിയൊഴുക്ക് സംഭവിച്ചതായ സൂചനകളും കണ്ണൂരില്‍ ഇടതുമുന്നണിയെ ആശങ്കയിലാക്കിയിട്ടുണ്ട്.
കാസര്‍കോട്ട് മുസ്‌ലിം വോട്ടുകള്‍ ഇത്തവണ പരമാവധി പോള്‍ ചെയ്യപ്പെട്ടതായാണ് പ്രാഥമിക വിവരം. എന്നാല്‍ പയ്യന്നൂര്‍, കല്യാശ്ശേരി, കാഞ്ഞങ്ങാട് തുടങ്ങിയ സി.പി.എം മേഖലകളില്‍ കനത്ത പോളിങ് നടന്നത് എല്‍.ഡി.എഫിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. ബി.ജെ.പി മണ്ഡലത്തില്‍ ഇത്തവണ നില മെച്ചപ്പെടുത്തുമെന്നാണ് വോട്ടെടുപ്പിനു ശേഷമുള്ള വിലയിരുത്തലുകളില്‍ തെളിയുന്നത്. വടകരയില്‍ അട്ടിമറിസാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പോളിങിനു തൊട്ടുശേഷമുള്ള അനുമാനങ്ങള്‍. ഇടതുവോട്ടില്‍ കനത്ത ചോര്‍ച്ച സംഭവിച്ചതിനൊപ്പം യു.ഡി.എഫ് മണ്ഡലത്തില്‍ നിര്‍ണായക മുന്നേറ്റം നടത്തിയതായും സൂചനയുണ്ട്.
കോഴിക്കോട്ട് പോളിങ് ശതമാനവും മറ്റു പ്രാഥമിക ഘടകങ്ങളും സൂചിപ്പിക്കുന്നത് നേരിയ ഇടതു മുന്‍തൂക്കമാണ്. നിയോജകമണ്ഡല തലത്തിലും ബൂത്തുതലങ്ങളിലുമുള്ള പോളിങ് ശതമാനം പുറത്തുവരുന്നതോടെ മാത്രമേ കോഴിക്കോട്ട് ശരിയായ ചിത്രം വ്യക്തമാവൂ.
No comments:
Post a Comment