സ്വന്തം പ്രതിനിധി
തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി എന്‍ ജയദേവനു വേണ്ടി പോളിങ് ബൂത്ത് കോമ്പൗണ്ടില്‍ വോട്ടഭ്യര്‍ഥന നടത്തിയ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ പുലിവാലുപിടിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനോടാണ് കെ പി രാജേന്ദ്രന്‍ തമാശരൂപേണ ജയദേവനു വേണ്ടി വോട്ടഭ്യര്‍ഥന നടത്തിയത്. പി സി ചാക്കോയുടെ തിരഞ്ഞെടുപ്പ് ഏജന്റ് പി എ മാധവന്‍ മന്ത്രി ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാണിച്ച് പ്രിസൈഡിങ് ഓഫിസര്‍ക്ക് പരാതി നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. പരാതി ശരിയാണെന്നു തെളിഞ്ഞാല്‍ രാജേന്ദ്രനു മന്ത്രിസ്ഥാനം വരെ നഷ്ടപ്പെടാം.
ഇന്നലെ രാവിലെ പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇരുവരും വോട്ട് ചെയ്യാനെത്തിയപ്പോഴാണു നാടകീയമായ സംഭവങ്ങള്‍ ഉണ്ടായത്. ആദ്യമെത്തിയ കെ പി രാജേന്ദ്രന്‍ കരുണാകരന്‍ വരുന്നുണ്ടെന്നറിഞ്ഞ് കാത്തുനിന്നു. കരുണാകരന്‍ എത്തിയ ഉടന്‍ അദ്ദേഹത്തെ രാജേന്ദ്രന്‍ അടുത്തുചെന്നു കാണുകയും ഞാന്‍ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്‌തു.
ഓ, അതെയോ എന്നായിരുന്നു കരുണാകരന്റെ പ്രതികരണം. ചിരിച്ചുകൊണ്ട് രാജേന്ദ്രനെ അഭിവാദ്യം ചെയ്‌ത കരുണാകരനോട് താന്‍ വോട്ട് ചെയ്യാന്‍ വന്നതാണെന്നും ഈ സ്‌കൂളിലെ മറ്റൊരു ബൂത്തിലാണ് തനിക്ക് വോട്ടെന്നും ലീഡര്‍ വരുന്നുണ്ടെന്നറിഞ്ഞു കാത്തുനിന്നതാണെന്നും വിശദീകരിച്ചപ്പോള്‍ സന്തോഷം എന്നുമാത്രം പറഞ്ഞ് കരുണാകരന്‍ മുന്നോട്ടു നീങ്ങി. ആ സമയത്താണ് കെ പി രാജേന്ദ്രന്‍ നമ്മുടെ ജയദേവന്റെ കാര്യം മറക്കേണ്ട എന്നു കരുണാകരനോടു പറഞ്ഞത്. ഇതുകേട്ട് കരുണാകരനടക്കമുള്ളവര്‍ ആദ്യം ചിരിച്ചെങ്കിലും കരുണാകരനോടൊപ്പമുണ്ടായിരുന്ന അഡ്വ. തേറമ്പില്‍ രാമകൃഷ്‌ണന്‍ എം.എല്‍.എ രാജേന്ദ്രനെ വിമര്‍ശിച്ചു. ബൂത്തിനടുത്ത് കാന്‍വാസിങ് പാടില്ലെന്നും നിയമപരമായി ഇതു തെറ്റാണെന്നും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും തേറമ്പില്‍ അതീവ ഗൗരവത്തോടെ പറഞ്ഞതോടെ കെ പി രാജേന്ദ്രനും അപകടം മണത്തു. തുടര്‍ന്ന് അദ്ദേഹം വേഗം വോട്ട് ചെയ്യാനായി ബൂത്തിലേക്കു നീങ്ങി. പോവുന്നതിനിടയില്‍ നമുക്ക് ഒരു വോട്ട് കൂടി കിട്ടിയെന്നു പറയുകയും ചെയ്‌തു. തികച്ചും അപ്രതീക്ഷിതമായി വീണുകിട്ടിയ ഈ അവസരം നന്നായി വിനിയോഗിക്കണമെന്ന് കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം ആവശ്യപ്പെട്ടെങ്കിലും കെ പി രാജേന്ദ്രന്‍ അതു തമാശയായി പറഞ്ഞതാണെന്നും അതിനാല്‍ അതിനെ ആ രീതിയില്‍ കണ്ടാല്‍മതിയെന്നും മറ്റൊരു കൂട്ടര്‍ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി പി സി ചാക്കോയ്‌ക്കും ഈ അഭിപ്രായംതന്നെ ആയിരുന്നെങ്കിലും പരാതി നല്‍കിയതിനോട് എതിര്‍പ്പു പ്രകടിപ്പിച്ചില്ല.
No comments:
Post a Comment