റഹീം നെട്ടൂര്‍
കൊച്ചി: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന പോളിങ് ശതമാനമാണ് മധ്യകേരളത്തില്‍ ഉണ്ടായത്. രാവിലെ മുതല്‍ തന്നെ ബൂത്തുകളില്‍ തിരക്കനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഉച്ച വരെ തിരക്ക് കൂടിവരുന്ന കാഴ്‌ചയാണ് കാണാനായത്. എന്നാല്‍, ഉച്ചയോടുകൂടി മിക്കയിടങ്ങളിലും തിരക്കൊഴിഞ്ഞു. കഴിഞ്ഞ തവണത്തേതില്‍നിന്നു വ്യത്യസ്‌തമായി ഭൂരിഭാഗം പേരും രാവിലെ മുതല്‍ ഉച്ച വരെയുള്ള സമയങ്ങളില്‍ ബൂത്തുകളിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു.
സാധാരണഗതിയില്‍ നഗരപ്രദേശങ്ങളിലാണ് രാവിലെ തിരക്കനുഭവപ്പെടാറെങ്കിലും ഇക്കുറി തീരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും രാവിലെ മുതല്‍ തന്നെ നീണ്ട നിര കാണാന്‍ കഴിഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ വൈകീട്ടുവരെ തിരക്കനുഭവപ്പെട്ടു.
സംസ്ഥാനത്ത് മൊത്തം കാണപ്പെട്ടതുപോലെ മധ്യകേരളത്തിലും കഴിഞ്ഞ തവണത്തേതിനേക്കാള്‍ പോളിങ് കുറവായിരുന്നു. എറണാകുളം, ഇടുക്കി, തൃശൂര്‍ മണ്ഡലങ്ങള്‍ നില മെച്ചപ്പെടുത്തി. ഇക്കുറി ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് മധ്യകേരളത്തിലെ ഇടുക്കി മണ്ഡലത്തിലാണ്. ഇടുക്കിയില്‍ വൈകീട്ട് 5 മണി വരെ 72 ശതമാനമാണ് പോളിങ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 70.53 ശതമാനം പോളിങാണ് ഇടുക്കിയില്‍ രേഖപ്പെടുത്തിയത്. ഹൈറേഞ്ച് മേഖലകളിലെ പോളിങ് യു.ഡി.എഫ് സ്ഥാനാര്‍ഥി പി ടി തോമസിന് അനുകൂലമാവുമെന്ന് വിലയിരുത്തപ്പെടുമ്പോള്‍ താഴ്‌ന്ന പ്രദേശങ്ങളിലെ മികച്ച പോളിങ് ഇടതുസ്ഥാനാര്‍ഥിക്കു പ്രതീക്ഷ നല്‍കുന്നുണ്ട്.
എറണാകുളത്ത് കഴിഞ്ഞ തവണ 10,79,109 വോട്ടര്‍മാരാണുണ്ടായിരുന്നത്. 61.09 ശതമാനം വോട്ട് അന്നു രേഖപ്പെടുത്തി. ഇത്തവണ 10,21,957 വോട്ടര്‍മാരായി കുറഞ്ഞപ്പോഴും ഇന്നലെ വൈകീട്ട് ലഭിച്ച വിവരമനുസരിച്ച് 64 ശതമാനം പോളിങ് രേഖപ്പെടുത്തി.
ഇതു പൊതുവെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കു ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ വി തോമസിനോടുള്ള വിയോജിപ്പുമൂലം യു.ഡി.എഫ് അനുകൂല മുസ്‌ലിം വോട്ടര്‍മാര്‍ ഇത്തവണ വോട്ട് ചെയ്യുന്നത് കുറവായിരിക്കുമെന്ന കണക്കുകൂട്ടലാണുണ്ടായിരുന്നത്. എന്നാല്‍, പോളിങ് ശതമാനം കൂടിയതുമൂലം കെ വി തോമസിനെതിരായ വോട്ടുകള്‍ എല്‍.ഡി.എഫിനു മുതല്‍ക്കൂട്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തൃശൂരില്‍ വോട്ടര്‍മാരുടെ എണ്ണവും പോളിങ് ശതമാനവും വര്‍ധിച്ചു. 2004ല്‍ 10,71,266 വോട്ടര്‍മാരുണ്ടായപ്പോള്‍ 69.42 ആയിരുന്നു പോളിങ് ശതമാനം. 11,74,161 വോട്ടര്‍മാരാണ് ഇക്കുറി തൃശൂരുള്ളത്. 70 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് വൈകീട്ടുവരെ ലഭിച്ച വിവരം. തീരദേശമേഖലകളിലും ക്രിസ്‌ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും കനത്ത പോളിങ് രേഖപ്പെടുത്തിയത് യു.ഡി.എഫിനു ഗുണം ചെയ്യുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. പാലക്കാട് മണ്ഡലത്തില്‍ കഴിഞ്ഞ തവണ 73.78 ശതമാനമായിരുന്നു പോളിങ് എങ്കില്‍ ഇത്തവണ വൈകീട്ട് ലഭ്യമായ വിവരമനുസരിച്ച് 58 ശതമാനം മാത്രമാണ്. അതേസമയം, കഴിഞ്ഞ തവണ ഇവിടെ 11,11,078 വോട്ടര്‍മാരുണ്ടായ സ്ഥാനത്ത് ഇക്കുറി 10,66,208 വോട്ടര്‍മാര്‍ മാത്രമാണുള്ളത്.
2004ല്‍ 10,92,142 വോട്ടര്‍മാരുണ്ടായ ഒറ്റപ്പാലം മുഖംമിനുക്കി ആലത്തൂര്‍ ആയപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 10,92,144 ആയി. ഒറ്റപ്പാലത്ത് കഴിഞ്ഞ തവണ 73.90 ശതമാനം പോളിങ് രേഖപ്പെടുത്തിയ സ്ഥാനത്ത് ആലത്തൂരില്‍ വൈകീട്ടുവരെ 64 ശതമാനം മാത്രമാണ് പോളിങ്. മുകുന്ദപുരത്തു 10,24,435 വോട്ടര്‍മാരാണ് 2004ല്‍ ഉണ്ടായിരുന്നത്. അന്ന് 70.59 ശതമാനം പോളിങ് മണ്ഡലത്തിലുണ്ടായി. മുകുന്ദപുരം മാറി ചാലക്കുടിയായപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 10,63,701 ആയി ഉയര്‍ന്നെങ്കിലും വോട്ടിങ് ശതമാനം വൈകീട്ടുവരെ 67 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്.
No comments:
Post a Comment