2009-04-17
നിശ്ചയദാര്‍ഢ്യത്തോടെ തെക്കന്‍ കേരളം
ഡി ആര്‍ സരിത്ത്
തിരുവനന്തപുരം: തെക്കന്‍ കേരളം നിശ്ചയദാര്‍ഢ്യത്തോടെ വോട്ടവകാശം വിനിയോഗിച്ചത് ഇരുമുന്നണികളെയും ഒരുപോലെ ആശങ്കയിലാഴ്‌ത്തുന്നു. സഭകളുടെ നിര്‍ദേശം ക്രൈസ്‌തവസമൂഹം നടപ്പാക്കിയെന്ന് വ്യക്തം. ആലപ്പുഴ, കോട്ടയം മണ്ഡലങ്ങളിലും കൊല്ലത്തും ഇതിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമാകും. ക്രിസ്‌തീയ വോട്ടുകളുടെ സ്വാധീനം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ അത് ഇടതുമുന്നണിക്ക് പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. സി.പി.ഐ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ സി.പി.എം അയഞ്ഞ സമീപനം സ്വീകരിച്ചത് ഫലത്തെ സ്വാധീനിച്ചേക്കും.
തിരുവനന്തപുരത്ത് കുറഞ്ഞ പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. അവധിക്കാലമായതിനാലാണ് നഗരപ്രദേശങ്ങളില്‍ പോളിങ് കുറഞ്ഞതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നഗരവോട്ടര്‍മാര്‍ എത്താതിരുന്നത് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. പോളിങ് ശതമാനത്തിലുണ്ടായ കുറവ് ആനുപാതികമായി ഏതു മുന്നണിയെ ബാധിക്കുമെന്നത് പ്രവചനാതീതം. 2004ല്‍ 68.78 ശതമാനം പോളിങാണ് തലസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇത്തവണ അത് വളരെ താഴോട്ടുപോയി.
ചിറയിന്‍കീഴായിരുന്ന ആറ്റിങ്ങലിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പോളിങ് ശതമാനം കുറഞ്ഞത് ഇരുപക്ഷത്തെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു. അവസാനവട്ട അടിയൊഴുക്കുകള്‍ ബാധിക്കുമോയെന്ന അങ്കലാപ്പിലാണ് ഇടതുമുന്നണി. നഗരപ്രദേശങ്ങളിലാണ് ആറ്റിങ്ങലില്‍ കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്. അതേസമയം, തീരപ്രദേശങ്ങളില്‍ കനത്ത പോളിങുണ്ടായി.
കൊല്ലത്ത് കിഴക്കന്‍ മേഖലയില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം പോരാടിയ കൊല്ലത്ത് പോളിങ് ശതമാനം കഴിഞ്ഞ തവണത്തെയത്ര എത്താനാണ് സാധ്യത. സാമുദായിക സംഘടനകളുടെ സ്വാധീനവും വോട്ടെടുപ്പില്‍ പ്രകടമായിരുന്നു. കൊല്ലം സീറ്റ് ലഭിക്കാത്തതില്‍ പ്രകോപിതരായ ആര്‍.എസ്.പി നിഷേധവോട്ട് ചെയ്‌തുവെന്ന് ഇടതുമുന്നണി ഭയപ്പെടുന്നുണ്ട്.
മണ്ഡല പുനസ്സംഘടനയിലൂടെ നിലവില്‍ വന്ന പത്തനംതിട്ട മണ്ഡലം ആദ്യമായി രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയാണ്. ക്രിസ്‌ത്യന്‍ മതന്യൂനപക്ഷത്തിനും സാമുദായിക സംഘടനകള്‍ക്കും സ്വാധീനമുള്ള പത്തനംതിട്ട പോളിങ് ദിനത്തില്‍ യു.ഡി.എഫ് അനുകൂല നിലപാട് പ്രകടിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍.
70 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയ മാവേലിക്കരയും യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍. ചങ്ങനാശ്ശേരി, പത്തനാപുരം, കൊട്ടാരക്കര നിയമസഭാ മണ്ഡലങ്ങളിലെ വര്‍ധിച്ച പോളിങ് ശതമാനം യു.ഡി.എഫിന് ഗുണം ചെയ്‌തേക്കാം. സി.പി.ഐ സ്ഥാനാര്‍ഥി മല്‍സരിച്ച മാവേലിക്കരയില്‍ തുടക്കത്തില്‍ സി.പി.എം-സി.പി.ഐ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പോളിങ്‌ദിനം അതൊന്നും പ്രകടമായിരുന്നില്ല.
ആലപ്പുഴ പിടിച്ചെടുക്കാന്‍ കെ സി വേണുഗോപാലിനെ രംഗത്തിറക്കിയ യു.ഡി.എഫ് കടുത്ത പോരാട്ടമാണ് കാഴ്‌ചവച്ചത്. ഇടതുമുന്നണിക്കെതിരായ ക്രൈസ്‌തവസഭകളുടെ എതിര്‍പ്പ് പ്രകടമായിരുന്നു. മണ്ഡലത്തിലെ തീരദേശമേഖലയില്‍ കനത്ത പോളിങാണ് നടന്നത്. പോളിങ് ശതമാനം 75.23 രേഖപ്പെടുത്തിയ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ഡോ. കെ എസ് മനോജ് ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇത്തവണ പോളിങ് ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധിച്ചു.
കോട്ടയത്ത് ഇത്തവണ യു.ഡി.എഫ് അട്ടിമറിവിജയം പ്രതീക്ഷിക്കുന്നു. കോട്ടയത്തെ പോളിങ് ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിനൊപ്പമെത്താനാണ് സാധ്യത. ക്രിസ്‌ത്യന്‍ മേഖലകളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. കടുത്തുരുത്തി, പാലാ, പിറവം നിയമസഭാ മണ്ഡലങ്ങളില്‍ കനത്ത പോളിങ് രേഖപ്പെടുത്തിയത് തങ്ങളെ തുണയ്‌ക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment