ബിജോ സില്‍വറി
തൃശൂര്‍: കേരളത്തിലെ ജനകീയ പ്രതിരോധസമരങ്ങളില്‍ പ്രധാനപ്പെട്ടതെന്നു വിലയിരുത്തുന്ന അതിരപ്പിള്ളി, മുരിയാട് കായല്‍ സമരങ്ങള്‍ തിരഞ്ഞെടുപ്പുബഹളത്തില്‍ അവഗണിക്കപ്പെട്ടു. അതിരപ്പിള്ളിയിലെ നിര്‍ദിഷ്ട വൈദ്യുതനിലയം നിലകൊള്ളുന്നതു ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലും മുരിയാട് കൃഷിമേഖല തൃശൂര്‍ മണ്ഡലത്തിലുമാണ്. പരിസ്ഥിതിക്കു ദോഷകരമായതു കൊണ്ട് അതിരപ്പിള്ളിയില്‍ വൈദ്യുതനിലയം വേണ്ട എന്ന അഭിപ്രായക്കാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രക്ഷോഭത്തിലാണ്. സി.പി.എം ഒഴിച്ചുള്ള എല്ലാ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും പരിസ്ഥിതിസംഘടനകളും സമരത്തില്‍ പങ്കാളികളാണ്. മുരിയാട് കായല്‍മേഖല മണല്‍ലോബികളുടെ കൈകളില്‍ നിന്നു മോചിപ്പിച്ചു കൃഷി ചെയ്യാന്‍ അവസരമൊരുക്കണമെന്ന ആവശ്യവുമായി കര്‍ഷകമുന്നേറ്റവും കഴിഞ്ഞ ഒരു വര്‍ഷമായി സമരമുഖത്താണ്. സി.പി.എമ്മും സി.പി.ഐയും ഈ സമരത്തെ എതിര്‍ക്കുന്നു.
തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മുഖ്യ വിഷയമാവുമെന്നു കരുതിയ രണ്ടു വിഷയങ്ങളും ഏകദേശം പിന്തള്ളപ്പെട്ട മട്ടാണ്. അതിരപ്പിള്ളി സമരത്തിനു മുഖ്യപങ്കു വഹിക്കുന്നതു സി.പി.ഐക്കാരും പാര്‍ട്ടിയുടെ പോഷക സംഘടനകളുമാണ്. തിരഞ്ഞെടുപ്പില്‍ വിഷയം ഉയര്‍ന്നുവരുന്നതു മുന്നണിയെ ദോഷകരമായി ബാധിക്കുമെന്നതിനാലാണു സി.പി.ഐക്കാര്‍ പിന്‍വാങ്ങി നില്‍ക്കുന്നത്. ചാലക്കുടിയില്‍ സി.പി.എം സ്ഥാനാര്‍ഥിയാണു മല്‍സരിക്കുന്നതെങ്കിലും തൃശൂരില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കൂടിയായ സി എന്‍ ജയദേവനാണു ജനവിധി തേടുന്നത്. പൊന്നാനി സീറ്റ് പ്രശ്‌നത്തോടെ ഉടക്കിനില്‍ക്കുന്ന സി.പി.എം അണികള്‍ ഇപ്പോഴും തൃശൂരില്‍ സജീവമായി പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. അതിരപ്പിള്ളി പ്രശ്‌നം സജീവമായാല്‍ അതു ചാലക്കുടിയിലെ സി.പി.എം സ്ഥാനാര്‍ഥി യു പി ജോസഫിനെ പ്രതികൂലമായി ബാധിച്ചേക്കും. അതോടെ തൃശൂരില്‍ ജയദേവനെ സി.പി.എം കാലുവാരാന്‍ സാധ്യതയുണ്ടെന്നാണു സി.പി.ഐക്കാര്‍ക്കു ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്. യു.ഡി.എഫാവട്ടെ പ്രശ്‌നത്തില്‍ കൃത്യമായ ഒരു നിലപാടു സ്വീകരിക്കാത്തതു മൂലം തിരഞ്ഞെടുപ്പുവിഷയമാക്കി ഇതിനെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ പരാജയപ്പെടുകയും ചെയ്‌തു.
തരിശിടുന്നതും മണല്‍ലോബിക്കാര്‍ ഉപയോഗിച്ചുവരുന്നതുമായ കൃഷിഭൂമി കൃഷി ചെയ്യാന്‍ ഉപയുക്തമാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ സമരമാണു മുരിയാട്‌സമരം. മുരിയാട്‌കായല്‍ എന്നറിയപ്പെടുന്ന ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി ഇപ്പോള്‍ വെള്ളക്കെട്ടിലാണ്. രണ്ടുവര്‍ഷം മുമ്പ് സമരം തുടങ്ങുമ്പോള്‍ എല്ലാ പ്രതിപക്ഷകക്ഷികളും സമരത്തിനു പിന്തുണ നല്‍കിയിരുന്നു. സര്‍ക്കാരിനെ അടിക്കാനുള്ള നല്ലൊരു വടിയാക്കി സമരത്തെ മാറ്റാമെന്നാണ് അവര്‍ പ്രതീക്ഷിച്ചിരുന്നത്. സമരത്തിന്റെ മുന്നണിയില്‍ നിന്നിരുന്ന കര്‍ഷകമുന്നേറ്റക്കാരെ ഒഴിവാക്കി സമരം ഏറ്റെടുക്കാന്‍ വരെ ഒരു ഘട്ടത്തില്‍ യു.ഡി.എഫ് ആലോചിച്ചിരുന്നു. എന്നാല്‍, കര്‍ഷകര്‍ ഇതിനു വഴങ്ങാതായതോടെ ഇവരും സമരമുഖത്തു നിന്നു പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണു സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കര്‍ഷകമുന്നേറ്റം തീരുമാനിച്ചത്. കുഞ്ഞന്‍പുലയനാണ് ഇവരുടെ സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പിനു ശേഷം മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുടെ എതിര്‍പ്പ് കൂടുതല്‍ രൂക്ഷമാക്കാനേ ഇത് ഇടയാക്കൂ എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ആത്യന്തികമായി ഇതു കര്‍ഷകരെ തന്നെ വിപരീതമായി ബാധിച്ചേക്കും.
No comments:
Post a Comment