2009-04-14

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കേരളത്തില്‍ 2.18 കോടി വോട്ടര്‍മാര്‍

തിരുവനന്തപുരം: 15ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചീഫ്‌ ഇലക്‌ട്രല്‍ ഓഫിസര്‍ നളിനി നെറ്റോ അറിയിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷമുള്ള ആദ്യത്തെ പൊതുതിരഞ്ഞെടുപ്പാണു നടക്കുന്നത്‌. ഇതു പ്രകാരമുള്ള വോട്ടര്‍പട്ടിക തയ്യാറായി. സംസ്ഥാനത്ത്‌ ഇത്തവണ 2.18 കോടി വോട്ടര്‍മാരാണ്‌ സമ്മതിദാനാവകാശം വിനിയോഗിക്കുക. സര്‍വീസ്‌ വോട്ടര്‍മാരുള്‍പ്പെടെയാണിത്‌. ഒരു ലോക്‌സഭാ മണ്ഡലത്തിലെ റിട്ടേണിങ്‌ ഓഫിസര്‍ അതതു ജില്ലാ കലക്ടര്‍മാരായിരിക്കുമെന്നു സി.ഇ.ഒ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ്‌്‌ ക്രമീകരണങ്ങള്‍ക്കായുള്ള ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ പൂര്‍ത്തിയായി. കാസര്‍കോഡ്‌, കണ്ണൂര്‍, വടകര ഒഴികെയുള്ള മണ്ഡലങ്ങളില്‍ രണ്ട്‌ തിരഞ്ഞെടുപ്പു നിരീക്ഷകരെയാണു നിയമിച്ചിരിക്കുന്നത്‌. ഈ മൂന്നു മണ്ഡലങ്ങളില്‍ മൂന്നു നിരീക്ഷകരെ നിയമിച്ചു. മൊത്തം ഒരുലക്ഷം ഉദ്യോഗസ്ഥരാണു പോളിങ്‌ ബൂത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്‌. സംസ്ഥാനത്ത്‌ 20,476 പോളിങ്‌ സ്‌റ്റേഷനുകളാണു തയ്യാറാക്കിയിട്ടുള്ളത്‌. ഇതിനു പുറമേ 32 താല്‍ക്കാലിക പോളിങ്‌ സ്‌റ്റേഷനുകള്‍ കൂടി സജ്ജമാക്കി. 500ല്‍ കുറവ്‌ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ ഒരു പ്രിസൈഡിങ്‌ ഓഫിസറെയും രണ്ട്‌ പോളിങ്‌ ഓഫിസറെയുമാണു നിയോഗിച്ചിരിക്കുന്നത്‌. 5001 മുതല്‍ 1200 വരെയുള്ള ബൂത്തുകളില്‍ ഒരു പ്രിസൈഡിങ്‌ ഓഫിസറെയും മൂന്നു പോളിങ്‌ ഓഫിസറെയും 1201 മുതല്‍ 1600 വരെ വോട്ടര്‍മാരുള്ള പോളിങ്‌ ബൂത്തുകളില്‍ ഒരു പ്രിസൈഡിങ്‌ ഓഫിസറെയും നാലു പോളിങ്‌ ഓഫിസറെയും നിയോഗിച്ചു. 20,508 ബാലറ്റ്‌ മെഷീനുകളാണ്‌ വിതരണം ചെയ്‌തിട്ടുള്ളത്‌.
തിരഞ്ഞെടുപ്പ്‌ ചെലവുകള്‍ക്കായി കേരളത്തിനു 22 കോടി രൂപയാണ്‌ അനുവദിച്ചിരിക്കുന്നത്‌. സംസ്ഥാനത്ത്‌ 217 സ്ഥാനാര്‍ഥികളാണു മല്‍സരരംഗത്തുള്ളത്‌. ഇതില്‍ 14 പേര്‍ സ്‌ത്രീകളാണ്‌. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നതു കോട്ടയത്താണ്‌. 20 പേരാണ്‌ ഇവിടെ മല്‍സരരംഗത്ത്‌. നാലു സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മലപ്പുറമാണ്‌ ഏറ്റവും പിന്നില്‍. 16ല്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നതിനാല്‍ കോട്ടയം മണ്ഡലത്തില്‍ ഒരു കണ്‍ട്രോള്‍ യൂനിറ്റും രണ്ട്‌ ബാലറ്റ്‌ യൂനിറ്റുമുണ്ടായിരിക്കും.
ഏതെങ്കിലും കാരണത്താല്‍ വോട്ടര്‍പട്ടികയില്‍ പേരിനൊപ്പം ഫോട്ടോ ഇല്ലാതെ വന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ കാണിച്ച്‌ വോട്ട്‌ ചെയ്യാവുന്നതാണ്‌. തിരിച്ചറിയല്‍ കാര്‍ഡിന്റെ അഭാവത്തില്‍ പാസ്‌പോര്‍ട്ട്‌, ഫോട്ടോ പതിച്ച പാന്‍കാര്‍ഡ്‌, ഡ്രൈവിങ്‌ ലൈസന്‍സ്‌ എന്നിയുള്‍പ്പെടെ 15 തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിര്‍ദേശപ്രകാരം കൗണ്ടിങ്‌ സെന്ററുകളുടെ എണ്ണം ഇത്തവണ 36 ആയി ചുരുക്കി. കഴിഞ്ഞതവണ സംസ്ഥാനത്ത്‌ 129 കൗണ്ടിങ്‌ സെന്ററുണ്ടായിരുന്നു. പോസ്‌റ്റല്‍ വോട്ട്‌ ചെയ്യുന്നതിനുണ്ടാവുന്ന കാലതാമസം ഒഴിവാക്കാനുളള കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും നളിനി നെറ്റോ അറിയിച്ചു.

No comments: