2009-04-14

മാവേലിക്കരയില്‍ യു.ഡി.എഫ്‌ പടയോട്ടം; തളരാതെ എല്‍.ഡി.എഫ്‌

ശരീഫ്‌ താമരക്കുളം
മാവേലിക്കര: തിരഞ്ഞെടുപ്പു പ്രചാരണപരിപാടികള്‍ക്ക്‌ ഇന്നു തിരശ്ശീല വീഴുമ്പോള്‍ ഇരുമുന്നണികളും വിജയപ്രതീക്ഷയില്‍. പുതുതായി പിറന്ന മാവേലിക്കര മണ്ഡലത്തിന്റെ ഭൂപ്രകൃതിയും രാഷ്ട്രീയചേരുവകളും സാമുദായിക സമവാക്യങ്ങളും ഓരോന്നായി തെളിഞ്ഞിരിക്കുന്നു.
പാരമ്പര്യത്തിന്റെ പഴയ കണക്കുവച്ചു മാവേലിക്കരയുടെ ഗതി നിര്‍ണയിക്കാന്‍ കഴിയില്ലെങ്കിലും അടിസ്ഥാനപരമായി മണ്ഡലത്തിനുള്ള ജാതി-മത കൂട്ടായ്‌മയും മണ്ഡലത്തിന്റെ ഘടനാപരമായ മാറ്റവും യു.ഡി.എഫിന്‌ അനുകൂലസാഹചര്യം സൃഷ്ടിക്കുന്നു. എങ്കിലും പ്രചാരണതന്ത്രങ്ങളിലും സന്നാഹങ്ങളിലും യു.ഡി.എഫ്‌ സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്‌ ഇടതുമുന്നണിസ്ഥാനാര്‍ഥി ആര്‍ എസ്‌ അനില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്‌. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ലിസ്റ്റിലുള്ള ഉറച്ച സീറ്റായിട്ടാണു മാവേലിക്കരയെ കണക്കുകൂട്ടുന്നത്‌. കഴിഞ്ഞ ഇടതുഭരണത്തിലും ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം എന്നീ നാലു മണ്ഡലങ്ങള്‍ യു.ഡി.എഫിനെയാണു തുണച്ചത്‌. അതിനാല്‍ തന്നെ യു.ഡി.എഫ്‌ സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിനു വിജയസാധ്യതയുണ്ടെന്നു യു.ഡി.എഫ്‌ വൃത്തങ്ങള്‍ പറയുന്നു.
യു.ഡി.എഫിന്റെ ജാതിമതാടിത്തറകള്‍ ഈ മണ്ഡലത്തില്‍ ഭദ്രമാണെന്നു രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നു. എസ്‌.എന്‍.ഡി.പി, എന്‍.എസ്‌.എസ്‌, കെ.പി.എം.എസ്‌ തുടങ്ങിയ ജാതിസംഘടനകള്‍ യു.ഡി.എഫിനു വേണ്ടി പരസ്യപിന്തുണയുമായി രംഗത്തുവന്നപ്പോള്‍ കൊടിക്കുന്നില്‍ സുരേഷിന്റെ നില ഭദ്രമാണെന്നു സൂചിപ്പിക്കുന്നു. അതു മറികടക്കാനുള്ള ശക്തമായ പോരാട്ടം ഇടതുനിര കാഴ്‌ചവച്ചെങ്കിലും ആരെയും അകറ്റാതെയും പിണക്കാതെയുമുള്ള തന്ത്രങ്ങള്‍ കൃത്യമായി കൊണ്ടുപോയ കൊടിക്കുന്നില്‍ സുരേഷ്‌, നായര്‍, ക്രിസ്‌ത്യന്‍, ഈഴവ, മുസ്‌ലിം നേതാക്കളുടെ എല്‍.ഡി.എഫ്‌ വിരുദ്ധ വികാരം നന്നായി മുതലെടുത്തുകഴിഞ്ഞു. കഴിഞ്ഞതവണ തിരഞ്ഞെടുപ്പില്‍ സുരേഷിനു ഭീഷണി ഉയര്‍ത്തിയ കോണ്‍ഗ്രസ്‌ (ബി) നേതാവായ ആര്‍ ബാലകൃഷ്‌ണപിള്ളയുടെ പഴയ പടലപ്പിണക്കങ്ങളും അസ്വാരസ്യങ്ങളും മാറ്റിവച്ച്‌ ഈ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങുന്നതു വിജയപ്രതീക്ഷ ഏറിയിരിക്കുന്നു. ഏഴു നിയോജകമണ്ഡലത്തിലെ ആറെണ്ണത്തില്‍ നല്ല ഭൂരിപക്ഷം കിട്ടുമെന്നാണു യു.ഡി.എഫ്‌ കണ്‍വീനറായ മുന്‍ ന്ത്രി ആര്‍ ബാലകൃഷ്‌ണപിള്ള പറയുന്നത്‌.
കൊടിക്കുന്നിലിന്റെ പ്രചാരണബഹളങ്ങള്‍ക്കിടയില്‍ സൗമ്യസാന്നിധ്യമായാണ്‌ അനില്‍ നീങ്ങിയത്‌. കെ.പി.എം.എസിന്റെ സ്ഥാപകരില്‍ പ്രമുഖനും ദലിത്‌ സമൂഹത്തിനു വൈകാരികമായി അടുപ്പവുമുള്ള മുന്‍ മന്ത്രി പി ജെ രാഘവന്റെ മകനെ ദലിത്‌ പിന്നാക്കവിഭാഗങ്ങള്‍ കൈവിടില്ലെന്ന പ്രതീക്ഷയിലാണ്‌ ഇടതുമുന്നണി.
സി.പി.എമിന്റെ പി.ഡി.പി ബന്ധം ഉപയോഗപ്പെടുത്തി ബി.ജെ.പി വോട്ടുകളില്‍ നുഴഞ്ഞുകയറാനും ഹിന്ദുത്വവോട്ടുകളുടെ ഏകീകരണത്തിനുമുള്ള നീക്കങ്ങള്‍ യു.ഡി.എഫില്‍ നടക്കുന്നതായി വിലയിരുത്തുന്നു. ബി.ജെ.പി വോട്ടു മുഴുവന്‍ സ്വന്തം ചിഹ്നത്തില്‍ തന്നെ പോള്‍ ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ സ്ഥാനാര്‍ഥി പി എം വേലായുധന്‍. പ്രചാരണത്തിന്റ തുടക്കത്തില്‍ ആര്‍ എസ്‌ അനില്‍ വളരെ പിന്നിലായിരുന്നെങ്കില്‍ ഇപ്പോള്‍ കൊടിക്കുന്നിലിനൊപ്പം എത്തിനില്‍ക്കുന്നതു വിജയപ്രതീക്ഷയ്‌ക്ക്‌ ആക്കം കൂട്ടിയിട്ടുണ്ട്‌.
മഴ ശക്തമായതോടെ എല്‍.ഡി.എഫ്‌ കുടുംബയോഗങ്ങളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. കഴിഞ്ഞ രണ്ടുദിവസം കൊണ്ട്‌ 100 കണക്കിനു കുടുംബയോഗങ്ങള്‍ കൂടാനായതും വിജയം ഉറപ്പാക്കുമെന്നാണു പ്രതീക്ഷയെന്നു മാവേലിക്കര എല്‍.ഡി.എഫ്‌ ഇലക്‌ഷന്‍ കണ്‍വീനര്‍ ബി രാഘവന്‍ എം.എല്‍.എ പറഞ്ഞു.
കഴിഞ്ഞതവണത്തേക്കാള്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയാണു പുനര്‍നിര്‍ണയത്തിലൂടെ മാവേലിക്കര മണ്ഡലത്തിലുള്ളത്‌.
കൊട്ടാരക്കരയുടെ ചാഞ്ചാട്ടവും കുട്ടനാട്ടിലെ ഇളകിയാട്ടവും ചങ്ങനാശ്ശേരിയുടെ സമുദായ സമവാക്യങ്ങളും മാത്രമല്ല, ഇളക്കം തൊടാതെ നില്‍ക്കുന്ന കുന്നത്തൂരും ചെങ്ങന്നൂരും പത്തനാപുരവും തുടങ്ങി നിയോജകമണ്ഡലങ്ങളില്‍ അടിയൊഴുക്കുകളും യു.ഡി.എഫിന്റെ മേല്‍ക്കോയ്‌മയ്‌ക്കു കോട്ടം തട്ടുമെന്ന പ്രതീക്ഷയിലാണ്‌ എല്‍.ഡി.എഫ്‌.

No comments: