കോഴിക്കോട്: സി.പി.എമ്മിന്റെ വലതുപക്ഷ വ്യതിയാനത്തിനെതിരേ ശബ്ദിച്ചതിനു പാര്‍ട്ടിയുടെ വിവിധ തലത്തില്‍ നിന്നു പുറത്തായവര്‍ ചേര്‍ന്നു രൂപം നല്‍കിയ ഇടതുപക്ഷ ഏകോപനസമിതി ഈ തിരഞ്ഞെടുപ്പോടെ കേരളരാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമാവും. തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു സി.പി.എം അനുവദിക്കാതിരുന്നിട്ടും വിമതര്‍ വന്‍ജനപ്രീതി ആകര്‍ഷിക്കുന്നതായാണ് അവര്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ നിന്നുള്ള വിവരം.
അഞ്ചിടങ്ങളിലാണ് ഇടതുപക്ഷ ഏകോപനസമിതി മല്‍സരിക്കുന്നത്. കോഴിക്കോട് അഡ്വ. പി കുമാരന്‍കുട്ടി, വടകരയില്‍ ടി പി ചന്ദ്രശേഖരന്‍, പൊന്നാനിയില്‍ ഡോ. ആസാദ്, പാലക്കാട് എം ആര്‍ മുരളി, ആറ്റിങ്ങലില്‍ എം ജയകുമാര്‍. സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നതാണു വിമതപ്രവര്‍ത്തനം.
വടകരയില്‍ ടി പി ചന്ദ്രശേഖരനും കോഴിക്കോട്ട് അഡ്വ. പി കുമാരന്‍കുട്ടിയും പ്രചാരണരംഗത്തു സജീവമായതു സി.പി.എമ്മിനെ പ്രകോപിപ്പിച്ചു. രണ്ടുപേരെയും കൈയേറ്റം ചെയ്യാനും ഇവരുടെ പ്രചാരണസാമഗ്രികള്‍ നശിപ്പിക്കാനും സംഘടിതശ്രമമുണ്ടായി. എന്നാലും വടകരയില്‍ ചന്ദ്രശേഖരന്‍ വന്‍തോതില്‍ വോട്ട് നേടുമെന്നാണു കരുതുന്നത്. ജനതാദള്‍ വോട്ട്‌കൂടി ചോരുന്നതോടെ സിറ്റിങ് എം.പി സതീദേവിയുടെ ഭാവി അനിശ്ചിതത്വത്തിലായി. കോഴിക്കോട്ട് സി.പി.എം സ്ഥാനാര്‍ഥി മുഹമ്മദ് റിയാസിനെതിരേ നിലനില്‍ക്കുന്ന പേമെന്റ് സീറ്റ് ആരോപണത്തില്‍ മനംനൊന്ത സി.പി.എം പ്രവര്‍ത്തകര്‍ കുമാരന്‍കുട്ടിക്കു വോട്ട് ചെയ്യുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
ഇടതുപക്ഷ ഏകോപനസമിതി ജനറല്‍ സെക്രട്ടറി എം ആര്‍ മുരളിയുടെ സാന്നിധ്യം പാലക്കാട് എല്‍.ഡി.എഫ് തട്ടകത്തെ നടുക്കി. ഷൊര്‍ണൂര്‍ പരാജയത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിനു മുമ്പ് എത്തിയ തിരഞ്ഞെടുപ്പില്‍ മുരളിയുടെ സാന്നിധ്യത്തെ പാര്‍ട്ടി അങ്ങേയറ്റം ഭീതിയോടെയാണു കാണുന്നത്.
മുരളിയെ പര്യടനത്തിനിടെ സി.പി.എം കൈയേറ്റം ചെയ്‌തതും സമിതിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍ കെ ബി ഗുപ്‌തനെതിരേ വധഭീഷണി മുഴക്കിയതും ജനങ്ങളില്‍ മുരളിക്കനുകൂല മനസ്സു സൃഷ്ടിച്ചു. പ്രചാരണസാമഗ്രികള്‍ നശിപ്പിക്കുന്നതിനെതിരേ കലക്ടറേറ്റിനു മുന്നില്‍ മുരളി ഉപവസിച്ചിരുന്നു.
സി.പി.എം ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയിലെ ചില നേതാക്കളുടെ സാമ്പത്തിക അഴിമതിക്കെതിരേ ശബ്ദമുയര്‍ത്തിയിരുന്ന മുരളി, നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ വി എസ് അനുകൂലപ്രകടനം നയിച്ചതോടെയാണ് ഔദ്യോഗികവിഭാഗത്തിന് അനഭിമതനായത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന മുരളിയെ ഏരിയാ കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തി പിണറായിപക്ഷം പകരംവീട്ടി.
ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി, അഗളി, കോങ്ങാട് മണ്ഡലങ്ങള്‍ സമിതിയുടെ ശക്തികേന്ദ്രങ്ങളാണ്. പ്രത്യേക രാഷ്ട്രീയസാഹചര്യത്തില്‍ തനിക്കു ലഭിക്കുന്ന വോട്ടുകള്‍ എല്‍.ഡി.എഫിന്റെ പരാജയത്തിനു ഗതിവേഗം കൂട്ടുമെന്നു മുരളി പറയുന്നു. അതിനാല്‍ സംസ്ഥാനം ഉറ്റുനോക്കുന്ന വീറുറ്റ പോരാട്ടമായിരിക്കും പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്നത്. എത്ര വോട്ട് പിടിക്കുന്നുവെന്നല്ല, കാര്യങ്ങള്‍ തുറന്നുപറയുക എന്നതാണു ഞങ്ങളുടെ രീതിയെന്നാണു പൊന്നാനിയിലെ സ്ഥാനാര്‍ഥി ഡോ. ആസാദ് പറയുന്നത്. മാര്‍ക്‌സിസം ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണു തന്റെ സ്ഥാനാര്‍ഥിത്വമെന്നും ആസാദ് പറയുന്നു.
ഇടതു-വലതു മുന്നണികളും ബി.ജെ.പിയും ഒരുപോലെയാണെന്ന് ആസാദ് പറയുന്നു. പുത്തന്‍ സാമ്പത്തികനയത്തെ സഹായിക്കുന്ന നിലപാട്, ലോകബാങ്ക് നിര്‍ദേശപ്രകാരം വിദ്യാഭ്യാസം, പൊതുവിതരണം, ആരോഗ്യം, കുടിവെള്ളം, വികസന നയം എന്നിവ മാറ്റി. വര്‍ഗീയ ദ്രുവീകരണമുണ്ടാക്കാനാണ് ഇരുമുന്നണികളും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇൗ മൂന്നു കൂട്ടര്‍ക്കും ബദലായി ഒരു യഥാര്‍ഥ ഇടതുപക്ഷത്തിന്റെ പൈതൃകവും മൂല്യവും കാത്തുസൂക്ഷിക്കുക എന്നതാണു ലക്ഷ്യം. യഥാര്‍ഥ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയക്കാരായ വലിയൊരു വിഭാഗം തങ്ങള്‍ക്ക് അനുകൂലമായി രംഗത്തു വന്നിട്ടുണ്ടെന്നും അവരുടെ രംഗപ്രവേശം ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ഏകോപനസമിതിയുടെ അടിത്തറ ഭദ്രമാക്കാന്‍ സഹായിക്കുമെന്നും ഡോ. ആസാദ് പറഞ്ഞു.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇടതുകേന്ദ്രങ്ങളില്‍ ആശങ്ക വിതച്ചിരിക്കയാണ് സമിതി സംസ്ഥാന സെക്രട്ടറി ബി ജയകുമാര്‍. വി എസ് പക്ഷത്തെ തിരുവനന്തപുരം ജില്ലയിലെ ശക്തനായ നേതാവായിരുന്നു വിജയകുമാര്‍. സി.പി.എം ഉഴമലയ്‌ക്കല്‍ എല്‍.സി സെക്രട്ടറി, വിതുര ഏരിയാ കമ്മിറ്റിയംഗം, ഉഴമലയ്‌ക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനായിരുന്ന കാലത്തു സി.ഐ.ടി.യു നേതാവായിരുന്നു. സി.പി.എം ശക്തികേന്ദ്രങ്ങളില്‍ ഇദ്ദേഹത്തിന്റെ പ്രചാരണം ശ്രദ്ധേയമായിട്ടുണ്ട്.
തയ്യാറാക്കിയത്: സഫീര്‍
ഷാബാസ്, സമദ് പാമ്പുരുത്തി, നിസാര്‍ കാടേരി, കെ മുഹമ്മദ് റാഫി
No comments:
Post a Comment