2009-04-24

മംഗലാപുരം തിരഞ്ഞെടുപ്പ്‌ 30ന്‌, ന്യൂനപക്ഷ സമുദായ വോട്ട്‌ വിധി നിര്‍ണയിക്കും

നാരായണന്‍ കരിച്ചേരി
മംഗലാപുരം: പലതുകൊണ്ടും ദേശീയശ്രദ്ധ പിടിച്ചുപറ്റുന്ന മംഗലാപുരം തിരഞ്ഞെടുപ്പ്‌ ഇത്തവണ നിര്‍ണായകമാണ്‌. മെട്രോസിറ്റിയെന്ന നിലയിലും വ്യത്യസ്‌ത ജാതി-മതങ്ങളുടെ കേന്ദ്രമെന്ന നിലയിലും മംഗലാപുരം ഏറെ പ്രശസ്‌തമാണ്‌. മംഗലാപുരത്ത്‌ ആരു ജയിച്ചാലും കേന്ദ്ര കാബിനറ്റിലെ സീനിയര്‍ മന്ത്രിയായിരിക്കുമെന്നതും പ്രത്യേകതയാണ്‌. എന്നാല്‍, കുറച്ചുകാലമായി സംഘപരിവാരം ഇവിടെ അഴിച്ചുവിടുന്ന ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങള്‍ ദേശീയ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ മംഗലാപുരത്തെ ബി.ജെ.പിയുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പ്‌ കൂടിയാണിത്‌. കോണ്‍ഗ്രസ്സും ബി.ജെ.പിയും നേര്‍ക്കുനേര്‍ മല്‍സരിക്കുമ്പോള്‍ മൂന്നാംമുന്നണിയുടെ പിന്‍ബലത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ സി.പി.എമ്മും രംഗത്തുണ്ട്‌. ഉത്തരദേശവുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന മംഗലാപുരം തിരഞ്ഞെടുപ്പ്‌ കേരളം പ്രാധാന്യത്തോടെയാണ്‌ ഉറ്റുനോക്കുന്നത്‌. 13 ലക്ഷം വോട്ടര്‍മാരില്‍ രണ്ടുലക്ഷത്തോളം വരുന്ന (16 ശതമാനം) മുസ്‌ലിം വോട്ടുകളും 60,000ത്തോളം ക്രിസ്‌ത്യന്‍ വോട്ടുകളുമായിരിക്കും ഈ മണ്ഡലത്തിന്റെ വിധി നിര്‍ണയിക്കുക.
മംഗലാപുരം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പോടെയാണു കോണ്‍ഗ്രസ്‌ ഇത്തവണ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ ജനാര്‍ദ്ദനന്‍ പൂജാരിയെ മല്‍സരിപ്പിക്കുന്നത്‌. പൂജാരിക്കെതിരേ മല്‍സരിക്കുന്നതില്‍ നിന്നു ബി.ജെ.പിയുടെ സിറ്റിങ്‌ എം.പി പിന്‍മാറിയതോടെ അത്ര സുപരിചിതനല്ലാത്ത നവീന്‍കുമാര്‍ കട്ടീലയാണു രംഗത്തുള്ളത്‌. മുന്‍ തിരഞ്ഞടുപ്പുകളില്‍ തുടര്‍ച്ചയായി എട്ടുതവണ കോണ്‍ഗ്രസ്സിനെ തുണച്ച മംഗലാപുരം അവസാനത്തെ നാലു തവണയും ബി.ജെ.പിയെയാണു വിജയിപ്പിച്ചത്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ സദാനന്ദ ഗൗഡ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ്‌ നേതാവുമായ വീരപ്പ മൊയ്‌ലിയെയായിരുന്നു പരാജയപ്പെടുത്തിയത്‌. 1991ല്‍ ധനഞ്‌ജയ കുമാറിലൂടെയാണ്‌ ആദ്യമായി ബി.ജെ.പി ജനാര്‍ദ്ദനപൂജാരിയില്‍ നിന്ന്‌ സീറ്റ്‌ പിടിച്ചെടുത്തത്‌.
അടുത്തകാലത്തായി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളും സംഘപരിവാര സംഘടനകളുടെ കടന്നാക്രമണങ്ങളും കൊള്ളിവയ്‌പും കൊലപാതകവുമെല്ലാം ബി.ജെ.പിക്ക്‌ കനത്ത പ്രഹരമായിട്ടുണ്ട്‌. ബി.ജെ.പി ഭരണത്തില്‍ ക്രിസ്‌ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെ ശ്രീരാമസേന നടത്തിയ അക്രമം, പെണ്‍കുട്ടികള്‍ക്ക്‌ നേരെ നടത്തിയ അക്രമം എന്നിവയെല്ലാം മംഗലാപുരത്ത്‌ സംഘപരിവാര സംഘടനകള്‍െക്കതിരായ വികാരമുണ്ടാക്കിയിട്ടുണ്ട്‌. അവസാനമായി പ്രമുഖ അഭിഭാഷകന്‍ നൗഷാദ്‌ കാസിമിന്റെ കൊലപാതകവും അതില്‍ പോലിസിന്റെ പങ്കും പ്രതികളെ പിടികൂടാത്തതും മനുഷ്യാവകാശസംഘടനകളെയും അഭിഭാഷകരെയും മുസ്‌ലിം സംഘടനകളെയും മറ്റും ബി.ജെ.പിക്കെതിരെ പ്രകോപിതരാക്കിയിട്ടുണ്ട്‌.

അഴിമതിക്കെതിരേ ചേരിയില്‍ നിന്നൊരു സ്ഥാനാര്‍ഥി

മുംബൈ: കോടികളുടെ സമ്പാദ്യങ്ങളുള്ള സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ മുംബൈയിലെ ചേരിയില്‍ താമസിക്കുന്ന അശ്വനി പതക്‌ എത്തിയത്‌ വെറും 339 രൂപയുടെ സമ്പാദ്യവുമായിട്ടാണ്‌. മുംബൈ സൗത്ത്‌ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നു പാര്‍ലമെന്റിലേക്ക്‌ ഈ മാസം 30നു ജനവിധി തേടുന്ന ഇദ്ദേഹമാണു രാജ്യത്തെ ഏറ്റവും സാമ്പത്തികശേഷി കുറഞ്ഞ സ്ഥാനാര്‍ഥി.
മാസം കിട്ടുന്ന ശമ്പളം 5000 രൂപയാണ്‌. ഇതു നഗരത്തില്‍ ഒന്നിനും തികയില്ല. വാടകവീട്ടില്‍ കഴിയുന്ന എനിക്ക്‌ സ്വത്തോ മറ്റു നിക്ഷേപമോ ഇല്ല. കഴിഞ്ഞ കുറേ വര്‍ഷമായി കൂട്ടിവച്ചിരുന്ന 10,000 രൂപ മല്‍സരിക്കാനായി കെട്ടിവച്ചു. ഇനി കൈയിലുള്ളതു വെറും 339 രൂപയാണ്‌-മൂന്നുവര്‍ഷമായി മുംബൈ ഹൈക്കോടതിയില്‍ പ്രാക്‌റ്റീസ്‌ ചെയ്യുന്ന അശ്വനി പറയുന്നു. രാഷ്ട്രീയ മഹാജന്‍ ശക്തി ദള്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന അശ്വനിക്ക്‌ നേരിടേണ്ടതു കോണ്‍ഗ്രസ്സിന്റെ എക്‌നാഥ്‌ ഗൈക്‌വാദിനെയും ശിവസേനയുടെ സുരേഷ്‌ ഗംഭീറിനെയുമാണ്‌. ഇവര്‍ക്ക്‌ രണ്ടാള്‍ക്കുമുള്ള സമ്പാദ്യമാവട്ടെ യഥാക്രമം 24 ലക്ഷവും നാലുകോടിയുമാണ്‌. ഇത്തരത്തിലുള്ള വമ്പന്‍മാരോടു മല്‍സരിക്കാന്‍ 339 രൂപയുള്ള തനിക്ക്‌ കഴിയുമെന്നാണ്‌ അശ്വനിയുടെ വിശ്വാസം.
ജയിച്ചുകഴിഞ്ഞാല്‍ പാവങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും അഴിമതിയില്ലാതാക്കുമെന്നും തനിക്ക്‌ വോട്ട്‌ ചെയ്യുന്നവര്‍ക്ക്‌ കാശ്‌ വാങ്ങാതെ കോടതിയില്‍ വാദിക്കുമെന്നുമാണ്‌ ഇദ്ദേഹത്തിന്റെ തിരഞ്ഞടുപ്പ്‌ വാഗ്‌ദാനം.
ഇത്രയും കാലം മണ്ഡലത്തില്‍ നിന്നു പണക്കാര്‍ മാത്രം ജയിച്ചു പോയിട്ട്‌ ചേരിനിവാസികള്‍ക്കെന്ത്‌ കിട്ടി. മറ്റു സ്ഥാനാര്‍ഥികള്‍ നല്‍കുന്ന പണവും ബിരിയാണിയുമൊക്ക നിങ്ങള്‍ എടുത്തിട്ട്‌ വോട്ട്‌ മാത്രം എനിക്ക്‌ ചെയ്യൂവെന്നാണ്‌ അശ്വനി പ്രചാരണത്തില്‍ ഊന്നിപ്പറയുന്നത്‌. മറ്റു സ്ഥാനാര്‍ഥികള്‍ ലക്ഷങ്ങള്‍ ചെലവിട്ട്‌ പ്രചാരണം കൊഴുപ്പിച്ചപ്പോള്‍ വീടുകള്‍ കയറി വാചകമടിക്കലായിരുന്നു ഈ പാവപ്പെട്ടവന്റെ ആയുധം.

2009-04-23

ഉറക്കം വിട്ടുണരാതെ രജപുത്ര മണ്ണ്‌

ജയ്‌പൂരില്‍ നിന്ന്‌ കെ എ സലിം

ജയ്‌പൂര്‍: ലോകത്തെ പുരാതന നാഗരികതകളിലൊന്നായ സിന്ധുനദീതട നാഗരികതയുടെ കേന്ദ്രഭൂമിയായിരുന്നുവത്രെ രാജസ്ഥാന്‍. രജപുത്രര്‍, ജാട്ട്‌, നാത, ബില, ഗുജ്ജാര്‍, മീണ, അഹിറ തുടങ്ങിയ വംശങ്ങള്‍ ഈ നാഗരികതയെ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്‌. നാഗരികതകള്‍ തമ്മിലുള്ള പോരും പകയും ഈ മണ്ണിനെ രക്തത്തില്‍ കുളിപ്പിച്ചിട്ടുമുണ്ട്‌. ഇന്‍ഡസ്‌ ഗാഗര്‍-ഹക്‌റ നാഗരികതയെന്നാണ്‌ ഈ നാഗരികതയുടെ മറ്റൊരു പേര്‌.
മഴപെയ്യുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന നദിയാണു ഗാഗര്‍-ഹക്‌റ. ലോക്‌സഭാ തിരഞ്ഞെടുപ്പിനു രജപുത്രരുടെ പോരാട്ടഭൂമിയൊരുങ്ങുമ്പോള്‍ ദശാബ്ദങ്ങള്‍ക്കു ശേഷവും വിട്ടൊഴിയാത്ത വംശീയവിദ്വേഷങ്ങള്‍ക്കും കുടിപ്പകയ്‌ക്കുമിടയില്‍ രാജസ്ഥാനിലെ രാഷ്ട്രീയം ഗാഗര്‍-ഹക്‌റ നദിയുടെ സ്വഭാവം പോലെ പ്രവചനാതീതമായി കിടക്കുന്നു.
2003ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തോടെ വസുന്ധരാരാജെയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന്‌ ഒരു വര്‍ഷത്തിനകം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 25 സീറ്റുകളില്‍ 21ഉം ബി.ജെ.പി തന്നെ നേടി. ഒരു കാരുണ്യം പോലെ കോണ്‍ഗ്രസ്സിന്‌ ലഭിച്ചത്‌ നാലു സീറ്റുകള്‍.
അഞ്ചു വര്‍ഷത്തിനു ശേഷം കഥമാറി. ബി.ജെ.പിക്കൊപ്പം നിന്നിരുന്ന ഗുജ്ജാര്‍ വംശജരിലൊരു വിഭാഗം കാലുമാറി. 2008ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ അധികാരത്തിലെത്തി. കോണ്‍ഗ്രസ്‌ 98, ബിജെ.പി 75, ബി.എസ്‌. പി ഏഴ്‌, മറ്റുള്ളവര്‍ 20 എന്നിങ്ങനെയായിരുന്നു സീറ്റ്‌ നില. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും തിരഞ്ഞെടുപ്പു വരുന്നു. ലോകത്തെ പഴക്കം ചെന്ന മലനിരകളും താര്‍ മരുഭൂമിയും സമതലങ്ങളുമുള്‍പ്പെടെ 3,42,239 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണമുള്ള രാജസ്ഥാനില്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ പലതാണ്‌്‌. ജാതിപ്പോരോ ഗുജ്ജാറുകളും മീണകളും തമ്മിലുള്ള സംഘര്‍ഷങ്ങളോ മാത്രമായിരിക്കില്ല രാജസ്ഥാനില്‍ തിരഞ്ഞെടുപ്പിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്നത്‌. ശക്തമായ ജാതി സമവാക്യത്തിനൊപ്പം വിലക്കയറ്റം, ജലദൗര്‍ലഭ്യം, വികസനം, വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം വോട്ടര്‍മാരുടെ മനോഗതി നിര്‍ണയിക്കുന്ന ഘടകങ്ങളാവും.
എന്നാലിപ്പോഴും രാജസ്ഥാനെ തിരഞ്ഞെടുപ്പിന്റെ ചൂട്‌ ബാധിച്ചിട്ടില്ല. തലസ്ഥാനമായ ജയ്‌പൂരില്‍ തിരഞ്ഞെടുപ്പിന്റെ ലക്ഷണം പോലുമില്ല. ബോര്‍ഡുകളോ പോസ്‌റ്ററുകളോ ഇല്ല. ഒരു പ്രചാരണ വാഹനം പോലും കാണാനില്ല. കോണ്‍ഗ്രസ്‌, ബി.ജെ.പി എന്നീ പ്രമുഖകക്ഷികളെ കൂടാതെ ഇടതുപാര്‍ട്ടികളും ബി.എസ്‌.പിയും രാജസ്ഥാനില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്‌. കോണ്‍ഗ്രസ്സും ബി.ജെ.പിയും 25 മണ്ഡലങ്ങളിലും മല്‍സരിക്കുമ്പോള്‍ ബി.എസ്‌.പി 23 മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നു.
10 മണ്ഡലങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടിയും മുന്നു മണ്ഡലങ്ങളില്‍ സി.പി.എമ്മും മല്‍സരിക്കുന്നു. സിക്കറില്‍ മല്‍സരിക്കുന്ന സിറ്റിങ്‌ എം.എല്‍.എ അംറാറാം സി.പി.എമ്മിന്‌ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണ്‌. കോണ്‍ഗ്രസ്സിലെയും ബി.ജെ.പിയിലെയും പ്രമുഖരാരും ഇവിടെ മല്‍സരിക്കുന്നില്ലെന്നതാണു രാജസ്ഥാനിലെ മറ്റൊരു പ്രത്യേകത. രാജസ്ഥാന്‍കാരനായ മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ ജസ്വന്ത്‌സിങ്‌ മുന്‍ മുഖ്യമന്ത്രി വസുന്ധരാരാജെയുമായി പിണങ്ങി പശ്ചിമബംഗാളിലെ ഡാര്‍ജിലിങിലാണ്‌ മല്‍സരിക്കുന്നത്‌. അജ്‌മീരില്‍ മല്‍സരിക്കുന്ന യുവ കോണ്‍ഗ്രസ്‌ നേതാവ്‌ സച്ചിന്‍ പൈലറ്റ്‌, മധേപൂരില്‍ നിന്ന്‌ ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിക്കുന്ന ഗുജ്ജാര്‍ നേതാവ്‌ കിരോരിസിങ്‌ ബെയ്‌ന്‍സ്‌ല, ചിത്തോര്‍ഗഡില്‍ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ നിന്നു ഗിരിജാവ്യാസ്‌, ബര്‍മറിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും ജസ്വന്ത്‌സിങിന്റെ മകനുമായ മാനവേന്ദ്രസിങ്‌, ജാലവാദിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍മുഖ്യമന്ത്രി വസുന്ധരരാജെയുടെ മകനുമായ ദുഷ്യന്ത്‌സിങ്‌, ജാലോഡില്‍ സ്വതന്ത്രനായി മല്‍സരിക്കുന്ന ഭൂട്ടാസിങ്‌ തുടങ്ങിയവരാണു രാജസ്ഥാനില്‍ മല്‍സരിക്കുന്നവരില്‍ പ്രമുഖര്‍.
സമീപകാലത്ത്‌ രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചു നല്ല വാര്‍ത്തകളുണ്ട്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.എസ്‌.പിക്ക്‌ ലഭിച്ച ആറ്‌ എം.എല്‍.എമാരും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 2008ല്‍ കോണ്‍ഗ്രസ്സിനെ സഹായിച്ച, ജനസംഖ്യയില്‍ എട്ടു ശതമാനം വരുന്ന മീണ സമുദായത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യം വച്ചു വിലയിരുത്തിയാല്‍ രജപുത്രരുടെ മണ്ണ്‌ ഇത്തവണ കോണ്‍ഗ്രസ്സിനൊപ്പം നിന്നേക്കും.
ഇടതുപക്ഷവും സ്വതന്ത്രരും രാജസ്ഥാനില്‍ നിര്‍ണായകമാണ്‌. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 43.01 ശതമാനം വോട്ടുകളും കോണ്‍ഗ്രസ്‌ 41.2 ശതമാനം വോട്ടുകളും നേടിയപ്പോള്‍ മറ്റുള്ളവരെല്ലാം കൂടി 25.2 ശതമാനം വോട്ടുകള്‍ നേടി. 2008ലെ നിയമസഭാ തിരഞ്ഞെടുപ്പായപ്പോഴേക്കും സ്വതന്ത്രരുള്‍പ്പെടെയുള്ള മറ്റുള്ളവരുടെ വോട്ട്‌ ശതമാനം 28 ആയി ഉയര്‍ന്നു. 1998ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ 44.95 ശതമാനം വോട്ടു നേടിയിരുന്നു. ഇത്‌ 2008 ആയപ്പോഴേക്കും 36 ശതമാനമായി കുറഞ്ഞു. ബി.ജെ.പിയാവട്ടെ 34 ശതമാനത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകളോടെ നിലനില്‍ക്കുന്നു. എന്നാലും കാര്യമായി പ്രതീക്ഷയ്‌ക്കു വകയില്ലാത്ത വിധം പ്രശ്‌നങ്ങളുടെ നടുക്കടലിലാണു ബി.ജെ.പി. അഞ്ചുവര്‍ഷ ഭരണത്തിനിടെ വസുന്ധരാരാെജ 400 കോടിയുടെ അഴിമതി നടത്തിയെന്നു പാര്‍ട്ടി കേന്ദ്ര കമ്മറ്റിയില്‍ പരസ്യമായി പരാതിപ്പെട്ടതു മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കൈലാഷ്‌ മെഗ്‌വാള്‍ തന്നെയാണ്‌. വസുന്ധരയുടെ അഞ്ചുവര്‍ഷ ഭരണത്തിനിടെ ഗുജ്ജാര്‍ ഉള്‍പ്പെടെ വിവിധ സമരങ്ങള്‍ക്കു നേരെ നടന്ന വെടിവയ്‌പില്‍ 90 പേര്‍ മരിച്ചു. ഈ പ്രശ്‌നങ്ങളെല്ലാം ബി.ജെ.പിയെ ഈ തിരഞ്ഞെടുപ്പിലും വേട്ടയാടുമെന്നുറപ്പാണ്‌.

സ്ഥാനാര്‍ഥിനിര്‍ണയത്തിലെ വിവേചനം: ഡല്‍ഹി മുസ്‌്‌ലിംകള്‍ കോണ്‍ഗ്രസ്സിനെതിരേ

സ്വന്തം പ്രതിനിധി
ന്യൂഡല്‍ഹി: തലസ്ഥാനമായ ഡല്‍ഹിയില്‍ ചില മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായ മുസ്‌ലിംകളില്‍ നിന്നും സ്ഥാനാര്‍ഥിയായി ഒരു പ്രതിനിധിയെയും പരിഗണിക്കാതിരുന്ന കോണ്‍ഗ്രസ്സിനെ പാഠംപഠിപ്പിക്കാന്‍ ന്യൂനപക്ഷ സംഘടനകള്‍ തയ്യാറെടുക്കുന്നു. ജാമിഅ നഗറില്‍ രണ്ടു മുസ്‌ലിം വിദ്യാര്‍ഥികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ കോണ്‍ഗ്രസ്സിനെതിരേയുള്ള ന്യൂനപക്ഷങ്ങളുടെ രോഷം ജ്വലിച്ചുകൊണ്ടിരിക്കെയാണു സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വിവേചനത്തിനെതിരേയുള്ള മുസ്‌്‌ലിംകളുടെ പ്രതിഷേധം.
നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ 22ഉം ചാന്ദ്‌നിചൗക്കില്‍ 17 ശതമാനവുമാണ്‌ മുസ്‌ലിം ജനസംഖ്യ. എന്നാല്‍ 1951 മുതല്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ നിന്ന്‌ ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മല്‍സരിച്ചിട്ടില്ലെന്നതാണു യാഥാര്‍ഥ്യം.
ബി.ജെ.പി പോലും രണ്ടുതവണ ഈ മണ്ഡലത്തില്‍ മുസ്‌ലിം പ്രതിനിധിയെ മല്‍സരിപ്പിച്ചിട്ടുണ്ട്‌. (1977ലും 80ലും സിക്കന്തര്‍ ബക്തിനെ). ഈ തിരഞ്ഞെടുപ്പില്‍ ബി.എസ്‌.പി തലസ്ഥാനത്തെ ഏഴില്‍ മൂന്നു മണ്ഡലങ്ങളില്‍ മുഹമ്മദ്‌ മുസ്‌തഖീം (ചാന്ദ്‌നിചൗക്ക്‌), മുഹമ്മദ്‌ യൂനുസ്‌ (ഈസ്റ്റ്‌ ഡല്‍ഹി), ഹാജി ദില്‍ഷാദ്‌ അലി എന്‍ജിനീയര്‍ (നോര്‍ത്ത്‌ ഈസ്‌റ്റ്‌) എന്നീ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്‌.
കോണ്‍ഗ്രസ്സിന്റെ വിവേചനത്തിനെതിരേ മുസ്‌ലിംകളുടെ സംയുക്ത സമിതിയടക്കമുള്ള വിവിധ ന്യൂനപക്ഷ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്‌. ഇന്ത്യന്‍ മുസ്‌ലിം പത്രാധിപരും മുന്‍ എം.പിയുമായ സയ്യിദ്‌ ശഹാബുദ്ദീന്‍, ഡല്‍ഹി ഇമാം സയ്യിദ്‌ അഹ്‌മദ്‌ ബുഖാരി, മൗലാനാ മുഫ്‌തി മുഹമ്മദ്‌ മുകര്‍റം തുടങ്ങിയവര്‍ രൂക്ഷമായ ഭാഷയിലാണു കോണ്‍ഗ്രസ്സിനെതിരേ സംസാരിച്ചത്‌. നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനെതിരേ ബി.എസ്‌.പി സ്ഥാനാര്‍ഥി ഹാജി ദില്‍ഷാദ്‌ അലിക്കു വോട്ട്‌ ചെയ്യാനും ഇവര്‍ അഭ്യര്‍ഥിച്ചു. സ്ഥാനാര്‍ഥി കുപ്പായത്തില്‍ കണ്ണുംനട്ടിരുന്ന സീലാംപുര്‍ എം.എല്‍.എയായ മദീന്‍ അഹ്‌മദിനെപ്പോലെയുള്ള ഡല്‍ഹി കോണ്‍ഗ്രസ്സിലെ മുസ്‌ലിം നേതാക്കളും സംഭവത്തില്‍ അമര്‍ഷത്തിലാണ്‌.
കോണ്‍ഗ്രസ്‌ ഡല്‍ഹി ഘടകം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും പാര്‍ട്ടി അനുഭാവികളും പാരമ്പര്യമായി പാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്‌തുവന്നവരും വിട്ടുനില്‍ക്കുകയാണ്‌.
കോണ്‍ഗ്രസ്സിനോടുള്ള ഈ മുസ്‌ലിം പ്രതിഷേധത്തെ മുതലാക്കാനുള്ള ശ്രമത്തിലാണ്‌ ബി.ജെ.പി.
``ഒരു ലോക്‌സഭാ ടിക്കറ്റ്‌ നല്‍കി നിങ്ങളെ വിശ്വാസത്തിലെടുക്കാത്ത പാര്‍ട്ടിയെ നിങ്ങളെങ്ങനെ വിശ്വാസത്തിലെടുക്കും'' ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി വിജയ്‌ ഗോയല്‍ ചോദിക്കുന്നു. എന്നാല്‍ ഡല്‍ഹി നിയമസഭയിലെ കോണ്‍ഗ്രസ്സിന്റെ നാലു മുസ്‌്‌ലിം എം.എല്‍.എമാരെയും ഒരു മന്ത്രിയെയും ഉയര്‍ത്തിക്കാണിച്ചുകൊണ്ടാണു പാര്‍ട്ടി ഇതിനെ പ്രതിരോധിക്കുന്നത്‌.
അതേസമയം, ദേശീയ രാഷ്ട്രീയത്തിലും മന്ത്രിസഭയിലും തന്നെ പൊട്ടിത്തെറിക്കു കാരണമായിരുന്ന ജാമിഅ നഗര്‍ വെടിവയ്‌പ്‌ ജനങ്ങള്‍ മറന്നുതുടങ്ങിയിരുന്നുവെങ്കിലും കഴിഞ്ഞദിവസം ഡല്‍ഹി ഇമാം അഹ്‌മദ്‌ ബുഖാരിയടക്കമുള്ള മുസ്‌്‌ലിം നേതാക്കള്‍ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. മുസ്‌ലിംകളെ വോട്ടു ബാങ്കായി മാത്രം കാണുകയും പിന്നീട്‌ അവരെ ഭീകരരാക്കുകയും ചെയ്യുകയാണു കോണ്‍ഗ്രസ്സിന്റെ നയമെന്നു ഡല്‍ഹി ഇമാം തലസ്ഥാനത്തു ചേര്‍ന്ന മുസ്‌ലിം നേതാക്കളുടെ ഒരു യോഗത്തിനു ശേഷം കുറ്റപ്പെടുത്തുകയുണ്ടായി.
വ്യാജ ഏറ്റമുട്ടല്‍ സംഭവത്തെ തുടര്‍ന്നു രൂപീകരിച്ച ഉലമാ കൗണ്‍സില്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അമരേഷ്‌ മിശ്രയെയും കവിയും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. ജാവേദ്‌ അക്തറിനെയും യഥാക്രമം അഅ്‌സംഗഡിലും ലഖ്‌നോവിലും സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയുണ്ടായി. യു.പിയില്‍ ഉലമാ കൗണ്‍സില്‍ 10 സ്ഥാനാര്‍ഥികളെയാണു മല്‍സരിപ്പിക്കുന്നത്‌.
ഇതു ചൂണ്ടിക്കാണിക്കുന്നതു ജാമിഅ നഗര്‍ സംഭവത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഡല്‍ഹിയില്‍ മാത്രമായിരിക്കില്ല മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലും തിരയടിക്കുമെന്നാണ്‌.
ബി.ജെ.പിയെയും കോണ്‍ഗ്രസ്സിനെയും ഒരുപോലെ വിമര്‍ശിക്കുന്ന ഉലമാ കൗണ്‍സിലിന്റെ പ്രചാരണം പരമ്പരാഗതമായി കോണ്‍ഗ്രസ്സിന്‌ വോട്ടു ചെയ്യുന്ന മുസ്‌്‌ലിംകളെ മാറിച്ചിന്തിപ്പിക്കാനിടയുണ്ട്‌.

ബനേജ്‌ ബൂത്തില്‍ ഒരു വോട്ടര്‍; രണ്ട്‌ പോലിസ്‌, ഉദ്യോഗസ്ഥര്‍ മൂന്ന്‌

അഹ്‌മദാബാദ്‌: രാജ്യത്ത്‌ മൊത്തം 8,28,804 പോളിങ്‌ സ്‌റ്റേഷനുകളുണ്ടെങ്കിലും ജുനഗഡ്‌ മണ്ഡലത്തിലെ ബനേജ്‌ ബൂത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌. ഇവിടെ വോട്ടറായി 52കാരന്‍ ഭരത്‌ദാസ്‌ ദര്‍ശന്‍ ദാസ്‌ മാത്രം. നിര്‍ദിഷ്ട സമയപരിധിയായ വൈകീട്ട്‌ അഞ്ചുമണി കഴിഞ്ഞിട്ടും നീളുന്ന വരിയോ പതിവു തിരഞ്ഞെടുപ്പു കോലാഹലങ്ങളോ ഒന്നും ഈ ബൂത്തില്‍ കാണില്ല.
ദര്‍ശന്‍ ദാസ്‌ തന്നെ തന്റെ അനുഭവം പറയുന്നു: ``രണ്ടു തവണയാണു ഞാന്‍ വോട്ട്‌ ചെയ്‌തത്‌. രണ്ടു പോലിസുകാരടക്കം അഞ്ച്‌ ഉദ്യോഗസ്ഥര്‍ ഉണ്ടാവും. അതുതന്നെയാണു തിരഞ്ഞെടുപ്പ്‌.'' ഏകവോട്ടറായുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണ്‌ ഇതെങ്കിലും ഇപ്പോഴാണു ലോകം തന്നെ ശ്രദ്ധിക്കുന്നതെന്നാണു ദര്‍ശന്‍ ദാസിന്റെ പരാതി.
1,412 സ്‌ക്വയര്‍ ഫീറ്റ്‌ വിസ്‌തൃതിയുള്ള ഗീര്‍വനത്തില്‍ 300 ആനകളുണ്ടെന്നാണു കണക്ക്‌. കാട്ടിനുള്ളിലെ പുരാതന ക്ഷേത്രത്തിനുള്ളിലാണു ദര്‍ശന്‍ ദാസിന്റെ വാസം. ഇതിനുള്ളില്‍ വൈദ്യുതിയില്ല; ടെലിവിഷനും ടെലിഫോണും ദര്‍ശന്‍ ദാസിന്റെ ജീവിതത്തിന്റെ ഭാഗമല്ല. പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു ഉപകരണം ബി.ബി.സി റേഡിയോ മാത്രം. രണ്ടു വര്‍ഷമായി ഈ കാട്ടിലാണ്‌ ഇദ്ദേഹം.
തങ്ങള്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്നഭ്യര്‍ഥിച്ച്‌ ഇതുവരെ ഒരു സ്ഥാനാര്‍ഥിയും ഇദ്ദേഹത്തെ സമീപിച്ചിട്ടില്ല. സ്ഥാനാര്‍ഥികളെക്കുറിച്ച്‌ ഇദ്ദേഹത്തിന്‌ വ്യക്തമായ ഒരറിവുമില്ല. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും പ്രധാനപാര്‍ട്ടികളാണെന്ന വിവരം മാത്രം ദര്‍ശന്‍ ദാസിനറിയാം. എന്നാലും തന്റെ വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ അദ്ദേഹം സംതൃപ്‌തനാണ്‌. എന്നാല്‍ ആര്‍ക്കു വോട്ട്‌ ചെയ്യുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ക്ഷേത്രത്തില്‍ കൂടുതല്‍ സന്ദര്‍ശകര്‍ക്കു വരാനായി നല്ലൊരു റോഡ്‌ വേണമെന്നാണു ദര്‍ശന്‍ ദാസിന്റെ ഏക ആവശ്യം. കാട്ടില്‍ മൊബൈല്‍ ഫോണിന്റെ റെയ്‌ഞ്ചൊന്നും ഇദ്ദേഹത്തിന്‌ പ്രശ്‌നമല്ല. ഈ ക്ഷേത്രത്തിലാണ്‌ ഇദ്ദേഹം 40ഓളം വരുന്ന ഭക്തര്‍ക്കൊപ്പം താമസിക്കുന്നത്‌. ഇവര്‍ക്കൊന്നും ഈ പ്രദേശത്ത്‌ വോട്ടില്ല.
ഏപ്രില്‍ 30നാണു ബനേജ്‌ ബൂത്തടങ്ങുന്ന ജുനഗഡിലെ വോട്ടെടുപ്പ്‌. അന്നേദിവസം നേരത്തെ എണീറ്റ്‌ ബൂത്തില്‍ പോവാനുള്ള തയ്യാറെടുപ്പിലാണ്‌ ഇദ്ദേഹം. ``തന്നെ കാണുമ്പോള്‍ തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സന്തോഷിക്കും. കാരണം അവര്‍ക്ക്‌ നേരത്തെ പെട്ടിയും മടക്കി വീട്ടിലേക്കു പോവാമല്ലോ.'' അദ്ദേഹം തമാശയില്‍ പറഞ്ഞുനിര്‍ത്തി.

2009-04-20

ഷൂവേറിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന്‌ ടൈറ്റ്‌ലര്‍

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി പി ചിദംബരത്തിനു നേരെ മാധ്യമപ്രവര്‍ത്തകനില്‍ നിന്നു ഷൂവേറുണ്ടായ സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന്‌ സംശയിക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ജഗദീഷ്‌ ടൈറ്റ്‌ലര്‍. ലോകസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാതിരിക്കുന്നതിനുവേണ്ടിയുള്ള ആസൂത്രിത ശ്രമമാണ്‌ ഇതിനു പിന്നില്‍. പത്രപ്രവര്‍ത്തകനായ ജര്‍ണൈല്‍ സിങിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌ ആരൊക്കെയാണെന്ന്‌ തിരിച്ചറിയാന്‍ സി.ബി.ഐയെ പോലൊരു ഏജന്‍സിയുടെ അന്വേഷണം അത്യാവശ്യമാണ്‌. ഷൂവെറിഞ്ഞതിനു തൊട്ടുപിറകെ വന്‍സന്നാഹത്തോടെ നടന്ന പ്രകടനം തന്നെയാണ്‌ ഇതിനു ഏറ്റവും നല്ല തെളിവ്‌-അദ്ദേഹം പറഞ്ഞു.
തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ചില നിക്ഷിപ്‌ത താല്‍പ്പര്യക്കാര്‍ നടത്തിയ പ്രവര്‍ത്തനമാണിത്‌. പൊതുതിരഞ്ഞെടുപ്പിന്‌ മുമ്പ്‌ എന്നെ തകര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം-ടൈറ്റ്‌ലര്‍ കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ ഏഴിന്‌ എ.ഐ.സി.സി ആസ്ഥാനത്തു വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ്‌ ജര്‍ണൈല്‍ സിങ്‌ ചിദംബരത്തിനു നേരെ ഷൂവെറിഞ്ഞത്‌. 1984ലെ സിഖ്‌ വിരുദ്ധ കലാപക്കേസില്‍ ടൈറ്റ്‌ലര്‍ക്ക്‌ ക്ലീന്‍ചിറ്റ്‌ നല്‍കിയ സി.ബി.ഐ നടപടിയെ കുറിച്ചുള്ള ചോദ്യത്തിന്‌ ആഭ്യന്തരമന്ത്രി നല്‍കിയ മറുപടിയാണ്‌ ദൈനിക്‌ ജാഗരണ്‍ പത്രത്തിന്റെ പ്രതിനിധിയെ പ്രകോപിപ്പിച്ചത്‌. ഷൂ ചിദംബരത്തിന്‌ കൊണ്ടില്ലെങ്കിലും 1984ലെ കലാപവുമായി ബന്ധപ്പെട്ട്‌ ടൈറ്റ്‌ലറുടെ പേര്‌ വീണ്ടും സജീവമായതോടെ അദ്ദേഹത്തെ സ്ഥാനാര്‍തി ലിസ്‌റ്റില്‍ നിന്ന്‌ ഒഴിവാക്കാന്‍ കോണ്‍ഗ്രസ്‌ നിര്‍ബന്ധിതരായി.
കോണ്‍ഗ്രസ്‌, ബി.ജെ.പി സര്‍ക്കാറുകള്‍ പത്തോളം കമ്മീഷനുകളാണ്‌ സിഖ്‌ വിരുദ്ധകലാപത്തെ കുറിച്ചന്വേഷിക്കാന്‍ നിയമിച്ചത്‌. അതില്‍ ഒന്നു പോലും ഞാന്‍ കുറ്റക്കാരനാണെന്ന്‌ പറയുന്നില്ല. ഒരിക്കല്‍ കോണ്‍ഗ്രസ്‌ പത്രസമ്മേളനങ്ങള്‍ റിപോര്‍ട്ട്‌ ചെയ്യാന്‍ ചുമതലപ്പെടുത്താത്ത പത്രക്കാരന്‍ അന്ന്‌ എങ്ങനെ നേരത്തെയെത്തി മുന്‍സീറ്റില്‍ സ്ഥാനമുറപ്പിച്ചു. നിരവധി കാമറാമാന്മാര്‍ റിപോര്‍ട്ടിങിനായെത്തിയിരുന്നെങ്കിലും ഒരു ചാനലിനു മാത്രം ആ ദൃശ്യങ്ങള്‍ എങ്ങനെ ഇത്ര കൃത്യമായി ഒപ്പിയെടുക്കാനായി?-കോണ്‍ഗ്രസ്‌ നേതാവ്‌ചോദിച്ചു.
ഇതേ ആരോപണത്തെ തുടര്‍ന്ന്‌ സ്ഥാനാര്‍ഥി ലിസ്റ്റില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട സജ്ജന്‍കുമാര്‍ സഹോദരനെയാണ്‌ പകരക്കാരനായി നിര്‍ത്തിയത്‌.
അടുത്ത ബന്ധുക്കളെ സ്ഥാനാര്‍ഥിയാക്കുന്നതിനോട്‌ എനിക്ക്‌ യോജിപ്പില്ല. ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ്‌-ടൈറ്റ്‌ലര്‍ നയം വ്യക്തമാക്കി. ഡല്‍ഹി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ജെ പി അഗര്‍വാളാണ്‌ ടൈറ്റ്‌ലര്‍ക്കു പകരം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സ്ഥാനാര്‍ഥിയായത്‌. അകാലിദള്‍ എന്തൊക്കെ പറഞ്ഞാലും സിഖുകാര്‍ എന്നും എന്നെ സഹായിച്ച ചരിത്രമാണുള്ളത്‌. ഈ സമയത്തും അവര്‍ കോണ്‍ഗ്രസിനു തന്നെ വോട്ടു ചെയ്യും. ഡല്‍ഹിയിലെ എല്ലാ സീറ്റുകളും തൂത്തുവാരും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേജസ്‌ പിഡിഎഫ്

2009-04-18

മഹിമയുടെ മായ

കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായ സുബോധ്‌ കാന്ത്‌ സഹായിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയ ബോളിവുഡ്‌ താരം മഹിമ ചൗധരി

സംസ്ഥാനത്ത്‌ രണ്ടിടത്ത്‌ ഇന്നു റീപോളിങ്‌


തിരുവനന്തപുരം: വോട്ടിങ്‌യന്ത്രത്തിന്റെ തകരാര്‍മൂലം പോളിങ്‌ നിര്‍ത്തിവച്ച കോഴിക്കോട്‌ ബേപ്പൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ 34ാം ബൂത്തിലും ആലപ്പുഴ മണ്ഡലത്തിലെ കായംകുളം 150ാം നമ്പര്‍ ബൂത്തിലും ഇന്ന്‌ റീപോളിങ്‌ നടത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു.
രാവിലെ ഏഴു മുതല്‍ വൈകീട്ട്‌ അഞ്ചു വരെയാണു വോട്ടെടുപ്പ്‌. ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 34ാം നമ്പര്‍ ബൂത്തില്‍ വോട്ട്‌ രേഖപ്പെടുത്തുമ്പോള്‍ വോട്ടര്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനു പകരം മറ്റൊരു ചിഹ്നത്തിനു നേരെ ലൈറ്റ്‌ തെളിഞ്ഞതാണ്‌ പ്രശ്‌നമായത്‌.
യു.ഡി.എഫ്‌, ബി.ജെ.പി ഏജന്റുമാര്‍ ഇതുസംബന്ധിച്ചു രേഖാമൂലം പരാതി നല്‍കി. അസിസ്റ്റന്റ്‌ റിട്ടേണിങ്‌ ഓഫിസറും സാങ്കേതികവിദഗ്‌ധരും സ്ഥലത്തെത്തി പിഴവു കണ്ടെത്തി രണ്ടുമണിയോടെ പോളിങ്‌ നിര്‍ത്തിവയ്‌ക്കുകയായിരുന്നു.
കായംകുളം നിയമസഭാ മണ്ഡലത്തില്‍ കൃഷ്‌ണപുരം സി.എം.എസ്‌ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥിക്കു വോട്ട്‌ രേഖപ്പെടുത്തുമ്പോള്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥിക്കു വോട്ട്‌ ലഭിക്കുന്നുവെന്നായിരുന്നു പരാതി. പിഴവു കണ്ടെത്തിയപ്പോള്‍ 244 പേര്‍ വോട്ട്‌ രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു.
രണ്ടു ബൂത്തിലും റീപോളിങ്‌ നടത്തണമെന്നു സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനോട്‌ ആവശ്യപ്പെട്ടിരുന്നു.

അവസാന പോളിങ്‌ നില 73.33% ഇരുമുന്നണികളും ആശങ്കയില്‍


തിരുവനന്തപുരം: പോളിങ്‌ ശതമാനത്തിലുണ്ടായ അപ്രതീക്ഷിത വര്‍ധന സംസ്ഥാനത്ത്‌ ഇരുമുന്നണികളെയും കനത്ത ആശയക്കുഴപ്പത്തിലാക്കി. പുതുതായി പോള്‍ ചെയ്‌ത വോട്ടുകള്‍ ഏതു മുന്നണിക്ക്‌ അനുകൂലമായാണു വീണതെന്നു കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്തതുമൂലമാണ്‌ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ ഉല്‍ക്കണ്‌ഠയുണ്ടായിരിക്കുന്നത്‌. ഇരുമുന്നണികളും 20ല്‍ 15 സീറ്റും തിരഞ്ഞെടുപ്പാനന്തര അവലോകനത്തില്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വോട്ടെണ്ണുമ്പോള്‍ എന്തുസംഭവിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്‌.
കേരളത്തില്‍ 73.33 ശതമാനം പോളിങ്‌ നടന്നതായാണു തിരഞ്ഞെടുപ്പു കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്ക്‌. കണ്ണൂര്‍ മണ്ഡലത്തിലാണ്‌ ഏറ്റവും കൂടുതല്‍ പോളിങ്‌ നടന്നത്‌- 80.91 ശതമാനം. 65.73 ശതമാനവുമായി തിരുവനന്തപുരമാണ്‌ ഏറ്റവും പിന്നില്‍. 71.45 ശതമാനമായിരുന്നു 2004ലെ പോളിങ്‌ നിരക്ക്‌. സംസ്ഥാനത്ത്‌ ഉയര്‍ന്ന പോളിങ്‌ നടന്ന നിയമസഭാ മണ്ഡലം ചേര്‍ത്തലയാണ്‌ (85.47). കുറവ്‌ പോളിങ്‌ നടന്നത്‌ തിരുവനന്തപുരത്ത്‌ (59.68). ആകെ വോട്ട്‌ ചെയ്‌തവരുടെ എണ്ണം 1,67,96,418 ആണ്‌. ഇതില്‍ 85,77,036 പേര്‍ പുരുഷ വോട്ടര്‍മാരും 82,19,382 പേര്‍ സ്‌ത്രീ വോട്ടര്‍മാരുമാണ്‌. കാസര്‍കോഡ്‌ മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 8,46,312 ആണ്‌. കൂടുതല്‍ പോളിങ്‌ നടന്നത്‌ പയ്യന്നൂരാണ്‌- 81.43 ശതമാനം. കുറവ്‌ മഞ്ചേശ്വരത്താണ്‌- 68.74. കണ്ണൂരില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 8,61,088 ആണ്‌. ഉയര്‍ന്ന പോളിങ്‌- തളിപ്പറമ്പ്‌ (83.56), കുറവ്‌- കണ്ണൂര്‍ (76.46). വടകരയില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌- 1,29,068. ഉയര്‍ന്ന പോളിങ്‌- കുറ്റിയാടി (84.16), കുറവ്‌- തലശ്ശേരി (77.15). വയനാട്ടില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 8,22,166 ആണ്‌. ഉയര്‍ന്ന പോളിങ്‌- ഏറനാട്‌ (79.03), കുറവ്‌- നിലമ്പൂര്‍ (72.25). കോഴിക്കോട്ട്‌ പോള്‍ ചെയ്‌ത വോട്ട്‌ 7,94,150 ആണ്‌. ഉയര്‍ന്ന പോളിങ്‌- ബാലുശ്ശേരി (79.38), കുറവ്‌- കോഴിക്കോട്‌ നോര്‍ത്ത്‌ (70.42).
മലപ്പുറത്ത്‌ പോള്‍ ചെയ്‌ത വോട്ട്‌- 7,81,128. ഉയര്‍ന്ന പോളിങ്‌- കൊണ്ടോട്ടി (80.22), കുറവ്‌- വേങ്ങര (71.87). പൊന്നാനിയില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 7,68,350 ആണ്‌. ഉയര്‍ന്ന പോളിങ്‌- തിരൂര്‍ (81.51), കുറവ്‌- പൊന്നാനി (74.17). പാലക്കാട്ട്‌ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 7,88,240 ആണ്‌. ഉയര്‍ന്ന പോളിങ്‌- മലമ്പുഴ (76.28), കുറവ്‌- പാലക്കാട്‌ (71.28). തൃശൂരില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 8,14,491 ആണ്‌. ഉയര്‍ന്ന പോളിങ്‌- പുതുക്കാട്‌ (72.09), കുറവ്‌- തൃശൂര്‍ (66.3). ആലത്തൂരില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 8,26,891 ആണ്‌. ഉയര്‍ന്ന പോളിങ്‌- ചിറ്റൂര്‍ (77.51), കുറവ്‌- കുന്നംകുളം (71.38). ചാലക്കുടിയില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 7,91,115 ആണ്‌. ഉയര്‍ന്ന പോളിങ്‌- കുന്നത്തുനാട്‌ (79.78), കുറവ്‌- കൊടുങ്ങല്ലൂര്‍ (68). എറണാകുളത്ത്‌ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 7,43,636 ആണ്‌. ഉയര്‍ന്ന പോളിങ്‌- പറവൂര്‍ (77.52), കുറവ്‌- എറണാകുളം (66.97). ഇടുക്കിയില്‍ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 7,84,243 ആണ്‌. ഉയര്‍ന്ന പോളിങ്‌- തൊടുപുഴ (76.66), കുറവ്‌- പീരുമേട്‌ (70.44). കോട്ടയത്ത്‌ ആകെ പോള്‍ ചെയ്‌ത വോട്ട്‌ 8,05,521 ആണ്‌. ഉയര്‍ന്ന പോളിങ്‌- വൈക്കം (77.13), കുറവ്‌- കടുത്തുരുത്തി (71.34).