നാരായണന്‍ കരിച്ചേരി
മംഗലാപുരം: പലതുകൊണ്ടും ദേശീയശ്രദ്ധ പിടിച്ചുപറ്റുന്ന മംഗലാപുരം തിരഞ്ഞെടുപ്പ് ഇത്തവണ നിര്‍ണായകമാണ്. മെട്രോസിറ്റിയെന്ന നിലയിലും വ്യത്യസ്‌ത ജാതി-മതങ്ങളുടെ കേന്ദ്രമെന്ന നിലയിലും മംഗലാപുരം ഏറെ പ്രശസ്‌തമാണ്. മംഗലാപുരത്ത് ആരു ജയിച്ചാലും കേന്ദ്ര കാബിനറ്റിലെ സീനിയര്‍ മന്ത്രിയായിരിക്കുമെന്നതും പ്രത്യേകതയാണ്. എന്നാല്‍, കുറച്ചുകാലമായി സംഘപരിവാരം ഇവിടെ അഴിച്ചുവിടുന്ന ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങള്‍ ദേശീയ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ മംഗലാപുരത്തെ ബി.ജെ.പിയുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. കോണ്‍ഗ്രസ്സും ബി.ജെ.പിയും നേര്‍ക്കുനേര്‍ മല്‍സരിക്കുമ്പോള്‍ മൂന്നാംമുന്നണിയുടെ പിന്‍ബലത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ സി.പി.എമ്മും രംഗത്തുണ്ട്. ഉത്തരദേശവുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന മംഗലാപുരം തിരഞ്ഞെടുപ്പ് കേരളം പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. 13 ലക്ഷം വോട്ടര്‍മാരില്‍ രണ്ടുലക്ഷത്തോളം വരുന്ന (16 ശതമാനം) മുസ്‌ലിം വോട്ടുകളും 60,000ത്തോളം ക്രിസ്‌ത്യന്‍ വോട്ടുകളുമായിരിക്കും ഈ മണ്ഡലത്തിന്റെ വിധി നിര്‍ണയിക്കുക.
മംഗലാപുരം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പോടെയാണു കോണ്‍ഗ്രസ് ഇത്തവണ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ ജനാര്‍ദ്ദനന്‍ പൂജാരിയെ മല്‍സരിപ്പിക്കുന്നത്. പൂജാരിക്കെതിരേ മല്‍സരിക്കുന്നതില്‍ നിന്നു ബി.ജെ.പിയുടെ സിറ്റിങ് എം.പി പിന്‍മാറിയതോടെ അത്ര സുപരിചിതനല്ലാത്ത നവീന്‍കുമാര്‍ കട്ടീലയാണു രംഗത്തുള്ളത്. മുന്‍ തിരഞ്ഞടുപ്പുകളില്‍ തുടര്‍ച്ചയായി എട്ടുതവണ കോണ്‍ഗ്രസ്സിനെ തുണച്ച മംഗലാപുരം അവസാനത്തെ നാലു തവണയും ബി.ജെ.പിയെയാണു വിജയിപ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സദാനന്ദ ഗൗഡ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ വീരപ്പ മൊയ്‌ലിയെയായിരുന്നു പരാജയപ്പെടുത്തിയത്. 1991ല്‍ ധനഞ്‌ജയ കുമാറിലൂടെയാണ് ആദ്യമായി ബി.ജെ.പി ജനാര്‍ദ്ദനപൂജാരിയില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തത്.
അടുത്തകാലത്തായി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളും സംഘപരിവാര സംഘടനകളുടെ കടന്നാക്രമണങ്ങളും കൊള്ളിവയ്‌പും കൊലപാതകവുമെല്ലാം ബി.ജെ.പിക്ക് കനത്ത പ്രഹരമായിട്ടുണ്ട്. ബി.ജെ.പി ഭരണത്തില്‍ ക്രിസ്‌ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെ ശ്രീരാമസേന നടത്തിയ അക്രമം, പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ അക്രമം എന്നിവയെല്ലാം മംഗലാപുരത്ത് സംഘപരിവാര സംഘടനകള്‍െക്കതിരായ വികാരമുണ്ടാക്കിയിട്ടുണ്ട്. അവസാനമായി പ്രമുഖ അഭിഭാഷകന്‍ നൗഷാദ് കാസിമിന്റെ കൊലപാതകവും അതില്‍ പോലിസിന്റെ പങ്കും പ്രതികളെ പിടികൂടാത്തതും മനുഷ്യാവകാശസംഘടനകളെയും അഭിഭാഷകരെയും മുസ്‌ലിം സംഘടനകളെയും മറ്റും ബി.ജെ.പിക്കെതിരെ പ്രകോപിതരാക്കിയിട്ടുണ്ട്.
No comments:
Post a Comment