അഹ്‌മദാബാദ്: രാജ്യത്ത് മൊത്തം 8,28,804 പോളിങ് സ്‌റ്റേഷനുകളുണ്ടെങ്കിലും ജുനഗഡ് മണ്ഡലത്തിലെ ബനേജ് ബൂത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ വോട്ടറായി 52കാരന്‍ ഭരത്‌ദാസ് ദര്‍ശന്‍ ദാസ് മാത്രം. നിര്‍ദിഷ്ട സമയപരിധിയായ വൈകീട്ട് അഞ്ചുമണി കഴിഞ്ഞിട്ടും നീളുന്ന വരിയോ പതിവു തിരഞ്ഞെടുപ്പു കോലാഹലങ്ങളോ ഒന്നും ഈ ബൂത്തില്‍ കാണില്ല.
ദര്‍ശന്‍ ദാസ് തന്നെ തന്റെ അനുഭവം പറയുന്നു: ``രണ്ടു തവണയാണു ഞാന്‍ വോട്ട് ചെയ്‌തത്. രണ്ടു പോലിസുകാരടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ ഉണ്ടാവും. അതുതന്നെയാണു തിരഞ്ഞെടുപ്പ്.'' ഏകവോട്ടറായുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് ഇതെങ്കിലും ഇപ്പോഴാണു ലോകം തന്നെ ശ്രദ്ധിക്കുന്നതെന്നാണു ദര്‍ശന്‍ ദാസിന്റെ പരാതി.
1,412 സ്‌ക്വയര്‍ ഫീറ്റ് വിസ്‌തൃതിയുള്ള ഗീര്‍വനത്തില്‍ 300 ആനകളുണ്ടെന്നാണു കണക്ക്. കാട്ടിനുള്ളിലെ പുരാതന ക്ഷേത്രത്തിനുള്ളിലാണു ദര്‍ശന്‍ ദാസിന്റെ വാസം. ഇതിനുള്ളില്‍ വൈദ്യുതിയില്ല; ടെലിവിഷനും ടെലിഫോണും ദര്‍ശന്‍ ദാസിന്റെ ജീവിതത്തിന്റെ ഭാഗമല്ല. പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു ഉപകരണം ബി.ബി.സി റേഡിയോ മാത്രം. രണ്ടു വര്‍ഷമായി ഈ കാട്ടിലാണ് ഇദ്ദേഹം.
തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നഭ്യര്‍ഥിച്ച് ഇതുവരെ ഒരു സ്ഥാനാര്‍ഥിയും ഇദ്ദേഹത്തെ സമീപിച്ചിട്ടില്ല. സ്ഥാനാര്‍ഥികളെക്കുറിച്ച് ഇദ്ദേഹത്തിന് വ്യക്തമായ ഒരറിവുമില്ല. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും പ്രധാനപാര്‍ട്ടികളാണെന്ന വിവരം മാത്രം ദര്‍ശന്‍ ദാസിനറിയാം. എന്നാലും തന്റെ വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ അദ്ദേഹം സംതൃപ്‌തനാണ്. എന്നാല്‍ ആര്‍ക്കു വോട്ട് ചെയ്യുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ക്ഷേത്രത്തില്‍ കൂടുതല്‍ സന്ദര്‍ശകര്‍ക്കു വരാനായി നല്ലൊരു റോഡ് വേണമെന്നാണു ദര്‍ശന്‍ ദാസിന്റെ ഏക ആവശ്യം. കാട്ടില്‍ മൊബൈല്‍ ഫോണിന്റെ റെയ്‌ഞ്ചൊന്നും ഇദ്ദേഹത്തിന് പ്രശ്‌നമല്ല. ഈ ക്ഷേത്രത്തിലാണ് ഇദ്ദേഹം 40ഓളം വരുന്ന ഭക്തര്‍ക്കൊപ്പം താമസിക്കുന്നത്. ഇവര്‍ക്കൊന്നും ഈ പ്രദേശത്ത് വോട്ടില്ല.
ഏപ്രില്‍ 30നാണു ബനേജ് ബൂത്തടങ്ങുന്ന ജുനഗഡിലെ വോട്ടെടുപ്പ്. അന്നേദിവസം നേരത്തെ എണീറ്റ് ബൂത്തില്‍ പോവാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. ``തന്നെ കാണുമ്പോള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥര്‍ സന്തോഷിക്കും. കാരണം അവര്‍ക്ക് നേരത്തെ പെട്ടിയും മടക്കി വീട്ടിലേക്കു പോവാമല്ലോ.'' അദ്ദേഹം തമാശയില്‍ പറഞ്ഞുനിര്‍ത്തി.
No comments:
Post a Comment