ജയ്‌പൂരില്‍ നിന്ന് കെ എ സലിം
ജയ്‌പൂര്‍: ലോകത്തെ പുരാതന നാഗരികതകളിലൊന്നായ സിന്ധുനദീതട നാഗരികതയുടെ കേന്ദ്രഭൂമിയായിരുന്നുവത്രെ രാജസ്ഥാന്‍. രജപുത്രര്‍, ജാട്ട്, നാത, ബില, ഗുജ്ജാര്‍, മീണ, അഹിറ തുടങ്ങിയ വംശങ്ങള്‍ ഈ നാഗരികതയെ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. നാഗരികതകള്‍ തമ്മിലുള്ള പോരും പകയും ഈ മണ്ണിനെ രക്തത്തില്‍ കുളിപ്പിച്ചിട്ടുമുണ്ട്. ഇന്‍ഡസ് ഗാഗര്‍-ഹക്‌റ നാഗരികതയെന്നാണ് ഈ നാഗരികതയുടെ മറ്റൊരു പേര്.
മഴപെയ്യുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന നദിയാണു ഗാഗര്‍-ഹക്‌റ. ലോക്‌സഭാ തിരഞ്ഞെടുപ്പിനു രജപുത്രരുടെ പോരാട്ടഭൂമിയൊരുങ്ങുമ്പോള്‍ ദശാബ്ദങ്ങള്‍ക്കു ശേഷവും വിട്ടൊഴിയാത്ത വംശീയവിദ്വേഷങ്ങള്‍ക്കും കുടിപ്പകയ്‌ക്കുമിടയില്‍ രാജസ്ഥാനിലെ രാഷ്ട്രീയം ഗാഗര്‍-ഹക്‌റ നദിയുടെ സ്വഭാവം പോലെ പ്രവചനാതീതമായി കിടക്കുന്നു.
2003ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തോടെ വസുന്ധരാരാജെയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനകം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 25 സീറ്റുകളില്‍ 21ഉം ബി.ജെ.പി തന്നെ നേടി. ഒരു കാരുണ്യം പോലെ കോണ്‍ഗ്രസ്സിന് ലഭിച്ചത് നാലു സീറ്റുകള്‍.
അഞ്ചു വര്‍ഷത്തിനു ശേഷം കഥമാറി. ബി.ജെ.പിക്കൊപ്പം നിന്നിരുന്ന ഗുജ്ജാര്‍ വംശജരിലൊരു വിഭാഗം കാലുമാറി. 2008ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. കോണ്‍ഗ്രസ് 98, ബിജെ.പി 75, ബി.എസ്. പി ഏഴ്, മറ്റുള്ളവര്‍ 20 എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും തിരഞ്ഞെടുപ്പു വരുന്നു. ലോകത്തെ പഴക്കം ചെന്ന മലനിരകളും താര്‍ മരുഭൂമിയും സമതലങ്ങളുമുള്‍പ്പെടെ 3,42,239 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണമുള്ള രാജസ്ഥാനില്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ പലതാണ്‌്. ജാതിപ്പോരോ ഗുജ്ജാറുകളും മീണകളും തമ്മിലുള്ള സംഘര്‍ഷങ്ങളോ മാത്രമായിരിക്കില്ല രാജസ്ഥാനില്‍ തിരഞ്ഞെടുപ്പിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്നത്. ശക്തമായ ജാതി സമവാക്യത്തിനൊപ്പം വിലക്കയറ്റം, ജലദൗര്‍ലഭ്യം, വികസനം, വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം വോട്ടര്‍മാരുടെ മനോഗതി നിര്‍ണയിക്കുന്ന ഘടകങ്ങളാവും.
എന്നാലിപ്പോഴും രാജസ്ഥാനെ തിരഞ്ഞെടുപ്പിന്റെ ചൂട് ബാധിച്ചിട്ടില്ല. തലസ്ഥാനമായ ജയ്‌പൂരില്‍ തിരഞ്ഞെടുപ്പിന്റെ ലക്ഷണം പോലുമില്ല. ബോര്‍ഡുകളോ പോസ്‌റ്ററുകളോ ഇല്ല. ഒരു പ്രചാരണ വാഹനം പോലും കാണാനില്ല. കോണ്‍ഗ്രസ്, ബി.ജെ.പി എന്നീ പ്രമുഖകക്ഷികളെ കൂടാതെ ഇടതുപാര്‍ട്ടികളും ബി.എസ്.പിയും രാജസ്ഥാനില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സും ബി.ജെ.പിയും 25 മണ്ഡലങ്ങളിലും മല്‍സരിക്കുമ്പോള്‍ ബി.എസ്.പി 23 മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നു.
10 മണ്ഡലങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടിയും മുന്നു മണ്ഡലങ്ങളില്‍ സി.പി.എമ്മും മല്‍സരിക്കുന്നു. സിക്കറില്‍ മല്‍സരിക്കുന്ന സിറ്റിങ് എം.എല്‍.എ അംറാറാം സി.പി.എമ്മിന് വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണ്. കോണ്‍ഗ്രസ്സിലെയും ബി.ജെ.പിയിലെയും പ്രമുഖരാരും ഇവിടെ മല്‍സരിക്കുന്നില്ലെന്നതാണു രാജസ്ഥാനിലെ മറ്റൊരു പ്രത്യേകത. രാജസ്ഥാന്‍കാരനായ മുതിര്‍ന്ന ബി.ജെ.പി നേതാവ് ജസ്വന്ത്‌സിങ് മുന്‍ മുഖ്യമന്ത്രി വസുന്ധരാരാജെയുമായി പിണങ്ങി പശ്ചിമബംഗാളിലെ ഡാര്‍ജിലിങിലാണ് മല്‍സരിക്കുന്നത്. അജ്‌മീരില്‍ മല്‍സരിക്കുന്ന യുവ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്, മധേപൂരില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിക്കുന്ന ഗുജ്ജാര്‍ നേതാവ് കിരോരിസിങ് ബെയ്‌ന്‍സ്‌ല, ചിത്തോര്‍ഗഡില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ നിന്നു ഗിരിജാവ്യാസ്, ബര്‍മറിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും ജസ്വന്ത്‌സിങിന്റെ മകനുമായ മാനവേന്ദ്രസിങ്, ജാലവാദിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍മുഖ്യമന്ത്രി വസുന്ധരരാജെയുടെ മകനുമായ ദുഷ്യന്ത്‌സിങ്, ജാലോഡില്‍ സ്വതന്ത്രനായി മല്‍സരിക്കുന്ന ഭൂട്ടാസിങ് തുടങ്ങിയവരാണു രാജസ്ഥാനില്‍ മല്‍സരിക്കുന്നവരില്‍ പ്രമുഖര്‍.
സമീപകാലത്ത് രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചു നല്ല വാര്‍ത്തകളുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.എസ്.പിക്ക് ലഭിച്ച ആറ് എം.എല്‍.എമാരും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 2008ല്‍ കോണ്‍ഗ്രസ്സിനെ സഹായിച്ച, ജനസംഖ്യയില്‍ എട്ടു ശതമാനം വരുന്ന മീണ സമുദായത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യം വച്ചു വിലയിരുത്തിയാല്‍ രജപുത്രരുടെ മണ്ണ് ഇത്തവണ കോണ്‍ഗ്രസ്സിനൊപ്പം നിന്നേക്കും.
ഇടതുപക്ഷവും സ്വതന്ത്രരും രാജസ്ഥാനില്‍ നിര്‍ണായകമാണ്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 43.01 ശതമാനം വോട്ടുകളും കോണ്‍ഗ്രസ് 41.2 ശതമാനം വോട്ടുകളും നേടിയപ്പോള്‍ മറ്റുള്ളവരെല്ലാം കൂടി 25.2 ശതമാനം വോട്ടുകള്‍ നേടി. 2008ലെ നിയമസഭാ തിരഞ്ഞെടുപ്പായപ്പോഴേക്കും സ്വതന്ത്രരുള്‍പ്പെടെയുള്ള മറ്റുള്ളവരുടെ വോട്ട് ശതമാനം 28 ആയി ഉയര്‍ന്നു. 1998ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44.95 ശതമാനം വോട്ടു നേടിയിരുന്നു. ഇത് 2008 ആയപ്പോഴേക്കും 36 ശതമാനമായി കുറഞ്ഞു. ബി.ജെ.പിയാവട്ടെ 34 ശതമാനത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകളോടെ നിലനില്‍ക്കുന്നു. എന്നാലും കാര്യമായി പ്രതീക്ഷയ്‌ക്കു വകയില്ലാത്ത വിധം പ്രശ്‌നങ്ങളുടെ നടുക്കടലിലാണു ബി.ജെ.പി. അഞ്ചുവര്‍ഷ ഭരണത്തിനിടെ വസുന്ധരാരാെജ 400 കോടിയുടെ അഴിമതി നടത്തിയെന്നു പാര്‍ട്ടി കേന്ദ്ര കമ്മറ്റിയില്‍ പരസ്യമായി പരാതിപ്പെട്ടതു മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കൈലാഷ് മെഗ്‌വാള്‍ തന്നെയാണ്. വസുന്ധരയുടെ അഞ്ചുവര്‍ഷ ഭരണത്തിനിടെ ഗുജ്ജാര്‍ ഉള്‍പ്പെടെ വിവിധ സമരങ്ങള്‍ക്കു നേരെ നടന്ന വെടിവയ്‌പില്‍ 90 പേര്‍ മരിച്ചു. ഈ പ്രശ്‌നങ്ങളെല്ലാം ബി.ജെ.പിയെ ഈ തിരഞ്ഞെടുപ്പിലും വേട്ടയാടുമെന്നുറപ്പാണ്.
No comments:
Post a Comment