2009-04-23

സ്ഥാനാര്‍ഥിനിര്‍ണയത്തിലെ വിവേചനം: ഡല്‍ഹി മുസ്‌്‌ലിംകള്‍ കോണ്‍ഗ്രസ്സിനെതിരേ

സ്വന്തം പ്രതിനിധി
ന്യൂഡല്‍ഹി: തലസ്ഥാനമായ ഡല്‍ഹിയില്‍ ചില മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായ മുസ്‌ലിംകളില്‍ നിന്നും സ്ഥാനാര്‍ഥിയായി ഒരു പ്രതിനിധിയെയും പരിഗണിക്കാതിരുന്ന കോണ്‍ഗ്രസ്സിനെ പാഠംപഠിപ്പിക്കാന്‍ ന്യൂനപക്ഷ സംഘടനകള്‍ തയ്യാറെടുക്കുന്നു. ജാമിഅ നഗറില്‍ രണ്ടു മുസ്‌ലിം വിദ്യാര്‍ഥികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ കോണ്‍ഗ്രസ്സിനെതിരേയുള്ള ന്യൂനപക്ഷങ്ങളുടെ രോഷം ജ്വലിച്ചുകൊണ്ടിരിക്കെയാണു സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വിവേചനത്തിനെതിരേയുള്ള മുസ്‌്‌ലിംകളുടെ പ്രതിഷേധം.
നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ 22ഉം ചാന്ദ്‌നിചൗക്കില്‍ 17 ശതമാനവുമാണ്‌ മുസ്‌ലിം ജനസംഖ്യ. എന്നാല്‍ 1951 മുതല്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ നിന്ന്‌ ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മല്‍സരിച്ചിട്ടില്ലെന്നതാണു യാഥാര്‍ഥ്യം.
ബി.ജെ.പി പോലും രണ്ടുതവണ ഈ മണ്ഡലത്തില്‍ മുസ്‌ലിം പ്രതിനിധിയെ മല്‍സരിപ്പിച്ചിട്ടുണ്ട്‌. (1977ലും 80ലും സിക്കന്തര്‍ ബക്തിനെ). ഈ തിരഞ്ഞെടുപ്പില്‍ ബി.എസ്‌.പി തലസ്ഥാനത്തെ ഏഴില്‍ മൂന്നു മണ്ഡലങ്ങളില്‍ മുഹമ്മദ്‌ മുസ്‌തഖീം (ചാന്ദ്‌നിചൗക്ക്‌), മുഹമ്മദ്‌ യൂനുസ്‌ (ഈസ്റ്റ്‌ ഡല്‍ഹി), ഹാജി ദില്‍ഷാദ്‌ അലി എന്‍ജിനീയര്‍ (നോര്‍ത്ത്‌ ഈസ്‌റ്റ്‌) എന്നീ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്‌.
കോണ്‍ഗ്രസ്സിന്റെ വിവേചനത്തിനെതിരേ മുസ്‌ലിംകളുടെ സംയുക്ത സമിതിയടക്കമുള്ള വിവിധ ന്യൂനപക്ഷ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്‌. ഇന്ത്യന്‍ മുസ്‌ലിം പത്രാധിപരും മുന്‍ എം.പിയുമായ സയ്യിദ്‌ ശഹാബുദ്ദീന്‍, ഡല്‍ഹി ഇമാം സയ്യിദ്‌ അഹ്‌മദ്‌ ബുഖാരി, മൗലാനാ മുഫ്‌തി മുഹമ്മദ്‌ മുകര്‍റം തുടങ്ങിയവര്‍ രൂക്ഷമായ ഭാഷയിലാണു കോണ്‍ഗ്രസ്സിനെതിരേ സംസാരിച്ചത്‌. നോര്‍ത്ത്‌ ഈസ്‌റ്റ്‌ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനെതിരേ ബി.എസ്‌.പി സ്ഥാനാര്‍ഥി ഹാജി ദില്‍ഷാദ്‌ അലിക്കു വോട്ട്‌ ചെയ്യാനും ഇവര്‍ അഭ്യര്‍ഥിച്ചു. സ്ഥാനാര്‍ഥി കുപ്പായത്തില്‍ കണ്ണുംനട്ടിരുന്ന സീലാംപുര്‍ എം.എല്‍.എയായ മദീന്‍ അഹ്‌മദിനെപ്പോലെയുള്ള ഡല്‍ഹി കോണ്‍ഗ്രസ്സിലെ മുസ്‌ലിം നേതാക്കളും സംഭവത്തില്‍ അമര്‍ഷത്തിലാണ്‌.
കോണ്‍ഗ്രസ്‌ ഡല്‍ഹി ഘടകം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും പാര്‍ട്ടി അനുഭാവികളും പാരമ്പര്യമായി പാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്‌തുവന്നവരും വിട്ടുനില്‍ക്കുകയാണ്‌.
കോണ്‍ഗ്രസ്സിനോടുള്ള ഈ മുസ്‌ലിം പ്രതിഷേധത്തെ മുതലാക്കാനുള്ള ശ്രമത്തിലാണ്‌ ബി.ജെ.പി.
``ഒരു ലോക്‌സഭാ ടിക്കറ്റ്‌ നല്‍കി നിങ്ങളെ വിശ്വാസത്തിലെടുക്കാത്ത പാര്‍ട്ടിയെ നിങ്ങളെങ്ങനെ വിശ്വാസത്തിലെടുക്കും'' ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി വിജയ്‌ ഗോയല്‍ ചോദിക്കുന്നു. എന്നാല്‍ ഡല്‍ഹി നിയമസഭയിലെ കോണ്‍ഗ്രസ്സിന്റെ നാലു മുസ്‌്‌ലിം എം.എല്‍.എമാരെയും ഒരു മന്ത്രിയെയും ഉയര്‍ത്തിക്കാണിച്ചുകൊണ്ടാണു പാര്‍ട്ടി ഇതിനെ പ്രതിരോധിക്കുന്നത്‌.
അതേസമയം, ദേശീയ രാഷ്ട്രീയത്തിലും മന്ത്രിസഭയിലും തന്നെ പൊട്ടിത്തെറിക്കു കാരണമായിരുന്ന ജാമിഅ നഗര്‍ വെടിവയ്‌പ്‌ ജനങ്ങള്‍ മറന്നുതുടങ്ങിയിരുന്നുവെങ്കിലും കഴിഞ്ഞദിവസം ഡല്‍ഹി ഇമാം അഹ്‌മദ്‌ ബുഖാരിയടക്കമുള്ള മുസ്‌്‌ലിം നേതാക്കള്‍ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. മുസ്‌ലിംകളെ വോട്ടു ബാങ്കായി മാത്രം കാണുകയും പിന്നീട്‌ അവരെ ഭീകരരാക്കുകയും ചെയ്യുകയാണു കോണ്‍ഗ്രസ്സിന്റെ നയമെന്നു ഡല്‍ഹി ഇമാം തലസ്ഥാനത്തു ചേര്‍ന്ന മുസ്‌ലിം നേതാക്കളുടെ ഒരു യോഗത്തിനു ശേഷം കുറ്റപ്പെടുത്തുകയുണ്ടായി.
വ്യാജ ഏറ്റമുട്ടല്‍ സംഭവത്തെ തുടര്‍ന്നു രൂപീകരിച്ച ഉലമാ കൗണ്‍സില്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അമരേഷ്‌ മിശ്രയെയും കവിയും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. ജാവേദ്‌ അക്തറിനെയും യഥാക്രമം അഅ്‌സംഗഡിലും ലഖ്‌നോവിലും സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയുണ്ടായി. യു.പിയില്‍ ഉലമാ കൗണ്‍സില്‍ 10 സ്ഥാനാര്‍ഥികളെയാണു മല്‍സരിപ്പിക്കുന്നത്‌.
ഇതു ചൂണ്ടിക്കാണിക്കുന്നതു ജാമിഅ നഗര്‍ സംഭവത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഡല്‍ഹിയില്‍ മാത്രമായിരിക്കില്ല മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലും തിരയടിക്കുമെന്നാണ്‌.
ബി.ജെ.പിയെയും കോണ്‍ഗ്രസ്സിനെയും ഒരുപോലെ വിമര്‍ശിക്കുന്ന ഉലമാ കൗണ്‍സിലിന്റെ പ്രചാരണം പരമ്പരാഗതമായി കോണ്‍ഗ്രസ്സിന്‌ വോട്ടു ചെയ്യുന്ന മുസ്‌്‌ലിംകളെ മാറിച്ചിന്തിപ്പിക്കാനിടയുണ്ട്‌.

No comments: