ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി പി ചിദംബരത്തിനു നേരെ മാധ്യമപ്രവര്‍ത്തകനില്‍ നിന്നു ഷൂവേറുണ്ടായ സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ജഗദീഷ് ടൈറ്റ്‌ലര്‍. ലോകസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാതിരിക്കുന്നതിനുവേണ്ടിയുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നില്‍. പത്രപ്രവര്‍ത്തകനായ ജര്‍ണൈല്‍ സിങിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ സി.ബി.ഐയെ പോലൊരു ഏജന്‍സിയുടെ അന്വേഷണം അത്യാവശ്യമാണ്. ഷൂവെറിഞ്ഞതിനു തൊട്ടുപിറകെ വന്‍സന്നാഹത്തോടെ നടന്ന പ്രകടനം തന്നെയാണ് ഇതിനു ഏറ്റവും നല്ല തെളിവ്-അദ്ദേഹം പറഞ്ഞു.
തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ചില നിക്ഷിപ്‌ത താല്‍പ്പര്യക്കാര്‍ നടത്തിയ പ്രവര്‍ത്തനമാണിത്. പൊതുതിരഞ്ഞെടുപ്പിന് മുമ്പ് എന്നെ തകര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം-ടൈറ്റ്‌ലര്‍ കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ ഏഴിന് എ.ഐ.സി.സി ആസ്ഥാനത്തു വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് ജര്‍ണൈല്‍ സിങ് ചിദംബരത്തിനു നേരെ ഷൂവെറിഞ്ഞത്. 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ ടൈറ്റ്‌ലര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സി.ബി.ഐ നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് ആഭ്യന്തരമന്ത്രി നല്‍കിയ മറുപടിയാണ് ദൈനിക് ജാഗരണ്‍ പത്രത്തിന്റെ പ്രതിനിധിയെ പ്രകോപിപ്പിച്ചത്. ഷൂ ചിദംബരത്തിന് കൊണ്ടില്ലെങ്കിലും 1984ലെ കലാപവുമായി ബന്ധപ്പെട്ട് ടൈറ്റ്‌ലറുടെ പേര് വീണ്ടും സജീവമായതോടെ അദ്ദേഹത്തെ സ്ഥാനാര്‍തി ലിസ്‌റ്റില്‍ നിന്ന് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി.
കോണ്‍ഗ്രസ്, ബി.ജെ.പി സര്‍ക്കാറുകള്‍ പത്തോളം കമ്മീഷനുകളാണ് സിഖ് വിരുദ്ധകലാപത്തെ കുറിച്ചന്വേഷിക്കാന്‍ നിയമിച്ചത്. അതില്‍ ഒന്നു പോലും ഞാന്‍ കുറ്റക്കാരനാണെന്ന് പറയുന്നില്ല. ഒരിക്കല്‍ കോണ്‍ഗ്രസ് പത്രസമ്മേളനങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ ചുമതലപ്പെടുത്താത്ത പത്രക്കാരന്‍ അന്ന് എങ്ങനെ നേരത്തെയെത്തി മുന്‍സീറ്റില്‍ സ്ഥാനമുറപ്പിച്ചു. നിരവധി കാമറാമാന്മാര്‍ റിപോര്‍ട്ടിങിനായെത്തിയിരുന്നെങ്കിലും ഒരു ചാനലിനു മാത്രം ആ ദൃശ്യങ്ങള്‍ എങ്ങനെ ഇത്ര കൃത്യമായി ഒപ്പിയെടുക്കാനായി?-കോണ്‍ഗ്രസ് നേതാവ്‌ചോദിച്ചു.
ഇതേ ആരോപണത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട സജ്ജന്‍കുമാര്‍ സഹോദരനെയാണ് പകരക്കാരനായി നിര്‍ത്തിയത്.
അടുത്ത ബന്ധുക്കളെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ്-ടൈറ്റ്‌ലര്‍ നയം വ്യക്തമാക്കി. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ജെ പി അഗര്‍വാളാണ് ടൈറ്റ്‌ലര്‍ക്കു പകരം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സ്ഥാനാര്‍ഥിയായത്. അകാലിദള്‍ എന്തൊക്കെ പറഞ്ഞാലും സിഖുകാര്‍ എന്നും എന്നെ സഹായിച്ച ചരിത്രമാണുള്ളത്. ഈ സമയത്തും അവര്‍ കോണ്‍ഗ്രസിനു തന്നെ വോട്ടു ചെയ്യും. ഡല്‍ഹിയിലെ എല്ലാ സീറ്റുകളും തൂത്തുവാരും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment