മുംബൈ: കോടികളുടെ സമ്പാദ്യങ്ങളുള്ള സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ മുംബൈയിലെ ചേരിയില്‍ താമസിക്കുന്ന അശ്വനി പതക് എത്തിയത് വെറും 339 രൂപയുടെ സമ്പാദ്യവുമായിട്ടാണ്. മുംബൈ സൗത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നു പാര്‍ലമെന്റിലേക്ക് ഈ മാസം 30നു ജനവിധി തേടുന്ന ഇദ്ദേഹമാണു രാജ്യത്തെ ഏറ്റവും സാമ്പത്തികശേഷി കുറഞ്ഞ സ്ഥാനാര്‍ഥി.
മാസം കിട്ടുന്ന ശമ്പളം 5000 രൂപയാണ്. ഇതു നഗരത്തില്‍ ഒന്നിനും തികയില്ല. വാടകവീട്ടില്‍ കഴിയുന്ന എനിക്ക് സ്വത്തോ മറ്റു നിക്ഷേപമോ ഇല്ല. കഴിഞ്ഞ കുറേ വര്‍ഷമായി കൂട്ടിവച്ചിരുന്ന 10,000 രൂപ മല്‍സരിക്കാനായി കെട്ടിവച്ചു. ഇനി കൈയിലുള്ളതു വെറും 339 രൂപയാണ്-മൂന്നുവര്‍ഷമായി മുംബൈ ഹൈക്കോടതിയില്‍ പ്രാക്‌റ്റീസ് ചെയ്യുന്ന അശ്വനി പറയുന്നു. രാഷ്ട്രീയ മഹാജന്‍ ശക്തി ദള്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന അശ്വനിക്ക് നേരിടേണ്ടതു കോണ്‍ഗ്രസ്സിന്റെ എക്‌നാഥ് ഗൈക്‌വാദിനെയും ശിവസേനയുടെ സുരേഷ് ഗംഭീറിനെയുമാണ്. ഇവര്‍ക്ക് രണ്ടാള്‍ക്കുമുള്ള സമ്പാദ്യമാവട്ടെ യഥാക്രമം 24 ലക്ഷവും നാലുകോടിയുമാണ്. ഇത്തരത്തിലുള്ള വമ്പന്‍മാരോടു മല്‍സരിക്കാന്‍ 339 രൂപയുള്ള തനിക്ക് കഴിയുമെന്നാണ് അശ്വനിയുടെ വിശ്വാസം.
ജയിച്ചുകഴിഞ്ഞാല്‍ പാവങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും അഴിമതിയില്ലാതാക്കുമെന്നും തനിക്ക് വോട്ട് ചെയ്യുന്നവര്‍ക്ക് കാശ് വാങ്ങാതെ കോടതിയില്‍ വാദിക്കുമെന്നുമാണ് ഇദ്ദേഹത്തിന്റെ തിരഞ്ഞടുപ്പ് വാഗ്‌ദാനം.
ഇത്രയും കാലം മണ്ഡലത്തില്‍ നിന്നു പണക്കാര്‍ മാത്രം ജയിച്ചു പോയിട്ട് ചേരിനിവാസികള്‍ക്കെന്ത് കിട്ടി. മറ്റു സ്ഥാനാര്‍ഥികള്‍ നല്‍കുന്ന പണവും ബിരിയാണിയുമൊക്ക നിങ്ങള്‍ എടുത്തിട്ട് വോട്ട് മാത്രം എനിക്ക് ചെയ്യൂവെന്നാണ് അശ്വനി പ്രചാരണത്തില്‍ ഊന്നിപ്പറയുന്നത്. മറ്റു സ്ഥാനാര്‍ഥികള്‍ ലക്ഷങ്ങള്‍ ചെലവിട്ട് പ്രചാരണം കൊഴുപ്പിച്ചപ്പോള്‍ വീടുകള്‍ കയറി വാചകമടിക്കലായിരുന്നു ഈ പാവപ്പെട്ടവന്റെ ആയുധം.
No comments:
Post a Comment