കെ പി വിജയകുമാര്‍
തിരഞ്ഞെടുപ്പു മാത്രം ലക്ഷ്യമാക്കി ദേശീയ രാഷ്ട്രീയത്തില്‍ പൊടുന്നനെ രൂപംകൊണ്ട മൂന്നാം മുന്നണി അവസരവാദ കൂട്ടുകെട്ടായി പരിണമിക്കുമോ?
വ്യക്തമായ ദേശീയ സാര്‍വദേശീയ കാഴ്‌ചപ്പാടുകളില്ലാതെ, യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെയുള്ള ഐക്യം സാധ്യമാവാതെ എട്ടു സംസ്ഥാനങ്ങളിലെ പത്ത് പാര്‍ട്ടി നേതാക്കളുടെ കൈകോര്‍ക്കലിലൂടെയാണു മൂന്നാംമുന്നണിക്കു തുടക്കംകുറിച്ചത്.
മുന്നണിക്കു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയില്ല, ചെയര്‍മാനോ കണ്‍വീനറോ കോ- ഓഡിനേഷന്‍ കമ്മിറ്റിയോ ഇല്ല. മുന്നോട്ടുവയ്‌ക്കാന്‍ ദേശീയ മിനിമം പരിപാടിയും ഇല്ല. ഇങ്ങനെയൊരു മുന്നണിക്കു ജനവിശ്വാസമാര്‍ജിക്കാന്‍ കഴിയുമോ?
വേണ്ടത്ര മുന്നൊരുക്കങ്ങളോ, ആലോചനകളോ ഇല്ലാതെയാണു മൂന്നാം മുന്നണി കക്ഷികളുടെ ആദ്യത്തെ റാലി കര്‍ണാടകയിലെ തുംകൂരില്‍ അരങ്ങേറിയത് എന്നതു വിസ്‌മരിച്ചുകൂടാ.
മുന്‍ പ്രധാനമന്ത്രി ദേവഗൗഡ സ്‌പോണ്‍സര്‍ചെയ്‌തതായിരുന്നു ഈ റാലി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ അത്താഴവിരുന്നില്‍ രാഷ്ട്രീയവിഭവങ്ങളൊന്നും വിളമ്പാനും കഴിഞ്ഞില്ല. തനിക്കു പ്രധാനമന്ത്രിയാവുക എന്ന താല്‍പര്യത്തില്‍ കവിഞ്ഞ മറ്റൊന്നും ബി.എസ്.പി നേതാവിനില്ലെന്ന് ഏവര്‍ക്കുമറിയാം. യു.പിയിലെ എണ്‍പത് സീറ്റുകളിലും ഒറ്റയ്‌ക്കു മല്‍സരിക്കുന്ന ബി.എസ്.പി ഒരു സീറ്റുപോലും മറ്റ് ഏതെങ്കിലും കക്ഷികള്‍ക്കു കൊടുക്കാന്‍ തയ്യാറില്ല. തിരഞ്ഞെടുപ്പിനു മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്നു മായാവതി ആവശ്യപ്പെട്ടിരുന്നു. ഇടതുപക്ഷ കക്ഷികളാണ് ഈ ആവശ്യം നിരാകരിച്ചത്.
ഇപ്പോള്‍ മുന്നണിയിലുള്ള നാലു പാര്‍ട്ടികള്‍ ഇടതുപാര്‍ട്ടികളാണ്. സി.പി.എം, സി.പി.ഐ, ആര്‍.എസ്.പി. ഫോര്‍വേഡ് ബ്ലോക്ക്; ജനതാദള്‍ (എസ്), ടി.ഡി.പി, എ.ഐ.എ.ഡി.എം.കെ, ബി.എസ്.പി, ഹരിയാന ജനഹിത കോണ്‍ഗ്രസ് എന്നിവരാണു മറ്റുള്ളവ. ഒറീസയിലെ നവീന്‍ പട്‌നായിക്കിന്റെ ബി.ജെ.ഡിയും മുന്നണിയില്‍ ചേരും. മറ്റുചില പ്രാദേശിക കക്ഷികളെ മുന്നണിയില്‍ ചേര്‍ത്താനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നു.
മൂന്നാംമുന്നണിയിലെ കക്ഷികളിലെ നേതാക്കളില്‍ പലരും പ്രധാനമന്ത്രിപദം കാംക്ഷിക്കുന്നവരാണ്. അതുതന്നെയാണു മുന്നണിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം. തിരഞ്ഞെടുപ്പ് ഫലം നോക്കി ഏറ്റവും കൂടുതല്‍ ലോക്‌സഭാംഗങ്ങളുള്ള നേതാവിനെ പ്രധാനമന്ത്രിയാക്കുക എന്നതാണ് പൊതുവെ ഉയര്‍ന്നുവന്ന അഭിപ്രായം. അതുകൊണ്ടുതന്നെ ഓരോ കക്ഷിയും പരമാവധി സീറ്റുകള്‍ കരസ്ഥമാക്കുക എന്ന ലക്ഷ്യത്തിലേക്കാണു നീങ്ങുക.
തിരഞ്ഞെടുപ്പിനു ശേഷം യു.പി.എക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ യു.പി.എയില്‍ നിന്നു പുറത്തു കടന്നു പ്രധാനമന്ത്രിയാവാന്‍ എന്‍.സി.പി നേതാവ് ശരത്‌പവാര്‍ തയ്യാറെടുക്കുമെന്നു തീര്‍ച്ച. അങ്ങനെ വന്നാല്‍ മൂന്നാം മുന്നണിയുടെ നേതൃത്വം ശരത്‌പവാറിനായിരിക്കും.
ഇപ്പോള്‍ മൂന്നാംമുന്നണിയില്‍ ഉള്‍പ്പെട്ട പാര്‍ട്ടികള്‍ക്ക് പതിനാലാം ലോക്‌സഭയില്‍ 83 സീറ്റുകള്‍ മാത്രമേയുള്ളൂ. സി.പി.എം-42, സി.പി.ഐ-10, ബി.എസ്.പി-16, തെലുങ്ക്‌ദേശം-4, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക്, തെലുങ്കാനാ രാഷ്ട്രസമിതി മൂന്നുവീതം സീറ്റുകള്‍ എന്നിങ്ങനെയാണു കക്ഷിനില. ജനതാദള്‍ എസിന് രണ്ട്. എ.ഐ.ഡി.എം.കെക്കും ഹരിയാന ജനഹിത കോണ്‍ഗ്രസ്സിനും എം.പിമാരില്ല. കഴിഞ്ഞതവണ ലഭിച്ച സീറ്റുകള്‍ നിലനിര്‍ത്താന്‍ ഇടതുപക്ഷ കക്ഷികള്‍ക്കു കഴിയുമോ എന്ന കാര്യം സംശയത്തിലാണ്.
മൂന്നു പതിറ്റാണ്ട് ഭരിച്ച പശ്ചിമബംഗാളില്‍ സി.പി.എം മുന്നണിക്കു തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. നന്ദിഗ്രാമിലും, സിങ്കൂരിലും വലിയ വിഭാഗം ജനങ്ങള്‍ ഇന്ന് ആ മുന്നണിയോടൊപ്പമില്ല. കേരളത്തില്‍ കഴിഞ്ഞതവണ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇരുപതില്‍ പത്തൊമ്പത് സീറ്റുകള്‍ ലഭിച്ചു. ഇക്കുറി അത് ആവര്‍ത്തിക്കുമെന്ന് ആരും കരുതുന്നില്ല.
അതുകൊണ്ട് തിരഞ്ഞെടുപ്പിനു ശേഷം മൂന്നാംമുന്നണിയിലെ ഘടകകക്ഷികളില്‍ പലതും, കോണ്‍ഗ്രസ്- ബി.ജെ.പി സഖ്യങ്ങളിലേക്കു ചേക്കേറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രാദേശിക വികാരങ്ങളും അധികാരമോഹങ്ങളും മാത്രമാണു മൂന്നാംമുന്നണിയിലെ പ്രാദേശിക കക്ഷികള്‍ക്കുള്ളത്. ദേവഗൗഡയും ചന്ദ്രബാബു നായിഡുവും ജയലളിതയും നവീന്‍പട്‌നായ്‌ക്കും കഴിഞ്ഞതവണ ബി.ജെ.പി മുന്നണിയില്‍ ഉള്ളവരാണ്. ആദര്‍ശങ്ങളേക്കാള്‍ അധികാരത്തിന്റെ മണിക്കിലുക്കമാണ് ഇവര്‍ക്കൊക്കെ മധുരോതരം. ഇതിനു മുമ്പ് രണ്ടു തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസും ബി.ജെ.പിയും അല്ലാത്ത മുന്നണി മന്ത്രിസഭകളെയും അതുവഴി നാല് പ്രധാനമന്ത്രിമാരെയും പ്രദാനംചെയ്‌തിട്ടുണ്ട്. 1989ലെ മുന്നണി പരീക്ഷണം വര്‍ഷം മാത്രമേ നീണ്ടു നിന്നുള്ളൂ. വി പി സിങിനെ തുടര്‍ന്നു ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായെങ്കിലും അതിന് അല്‍പ്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
1996-97ലെ ഐക്യമുന്നണി ഭരണം രണ്ടുവര്‍ഷം നിലനിന്നു. അധികാരത്തിനു വേണ്ടിയുള്ള തമ്മില്‍ത്തല്ല് മൂന്നാംമുന്നണി കക്ഷികളുടെ മുഖമുദ്രയായി മാറുന്ന അനുഭവമാണ് ഉണ്ടായിട്ടുള്ളത്.
ഇക്കാരണങ്ങള്‍കൊണ്ടാണ് ഇപ്പോള്‍ രൂപീകരിച്ച മൂന്നാം മുന്നണിക്ക് കെട്ടുറപ്പോടെ മുന്നോട്ടു പോവാനും ഉറച്ച ഭരണം പ്രദാനംചെയ്യാനും കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നത്.
മൂന്നാം മുന്നണിയുടെ തകര്‍ച്ച ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിക്കുക ഇടതുപക്ഷ കക്ഷികളെയായിരിക്കും. അതുകൊണ്ടാണ് പരമാവധി വിട്ടുവീഴ്‌ചകള്‍ ചെയ്‌ത് മൂന്നാം മുന്നണി കെട്ടിപ്പടുക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നത്.
ഒന്നര വര്‍ഷം മുമ്പുതന്നെ ഇങ്ങനെയൊരു ആശയം ഇടതുപക്ഷ കക്ഷികളില്‍ രൂപപ്പെട്ടുവന്നിരുന്നു. മുലായംസിങ് യാദവിനെ മുന്നില്‍നിര്‍ത്തിയുള്ള പരീക്ഷണത്തിനാണു സി.പി.എം അന്നു ശ്രമിച്ചത്. ഓര്‍ക്കാപ്പുറത്ത് മുലായംസിങ് മറുകണ്ടം ചാടിയപ്പോള്‍ ആ ശ്രമങ്ങള്‍ പാഴായി.
ആണവകരാറിന്റെ പേരില്‍ യു.പി.എ ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ഇടതുപക്ഷം ദേശീയ രാഷ്ട്രീയത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുകയായിരുന്നു. സാമ്രാജ്യത്വത്തിനെതിരേ പ്രചണ്ഡമായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും പിന്തുണ പിന്‍വലിച്ചത് എന്തിനെന്ന് ഇന്ത്യയിലെ സാമാന്യ ജനങ്ങള്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. പിന്തുണ പിന്‍വലിച്ചപ്പോള്‍ മന്‍മോഹന്‍ സര്‍ക്കാര്‍ നിലംപതിക്കുമെന്ന് ഇടതുപക്ഷം വിശ്വസിച്ചു. അതുണ്ടായില്ല. തുടര്‍ന്നാണു മൂന്നാംമുന്നണി രൂപീകരിക്കാന്‍ ഇടതുപക്ഷം പരക്കംപാഞ്ഞത്. സ്വന്തം മകനെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പിയോടൊത്ത് നെറികെട്ട രാഷ്ട്രീയം കളിച്ച ദേവഗൗഡ മൂന്നാം മുന്നണിക്കുവേണ്ടി രംഗത്തിറങ്ങിയപ്പോള്‍, ഇതുതന്നെ അവസരം എന്നു കരുതി ചാടിപ്പുറപ്പെടുകയായിരുന്നു ഇടതുപക്ഷം. ദേവഗൗഡ എത്രകാലം ഈ മുന്നണിയോടൊപ്പം ഉണ്ടാവുമെന്നു പ്രവചിക്കുന്നില്ല. അതു കാണാന്‍ പോവുന്ന പൂരമാണ്.
No comments:
Post a Comment