ചണ്ഡീഗഡ്: പ്രമുഖ ബോളിവുഡ് ഹാസ്യതാരം ജസ്‌പാല്‍ ഭാട്ടി പൊരിഞ്ഞ മല്‍സരത്തിലാണ്; എം.പിയാവാനല്ല, പ്രധാനമന്ത്രിയാവാന്‍.അതിനായി കഴിഞ്ഞ ദിവസം രൂപീകരിച്ച പാര്‍ട്ടിയുടെ പേര് റിസെമന്‍ പാര്‍ട്ടി അഥവാ സാമ്പത്തിക മാന്ദ്യം പാര്‍ട്ടി.
സാമ്പത്തിക മാന്ദ്യം അരങ്ങു തകര്‍ക്കുന്ന ഇക്കാലത്ത് പണിയില്ലാതെ നടക്കുന്ന തനിക്ക് ഇതോടെ ഒരു ജോലിയാവുമെന്നും സാമ്പത്തികാഭിവൃദ്ധി കൈവരിക്കാനാവുമെന്നുമാണു തന്റെ പ്രതീക്ഷയെന്നു ഹാസ്യത്തിലൂടെയും അംഗവിക്ഷേപങ്ങളിലൂടെയും ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഭാട്ടി തുറന്നുപറയുന്നു. തന്റെ ജന്‍മദേശമായ ചണ്ഡീഗഡില്‍ നിന്നാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇദ്ദേഹം മല്‍സരിക്കുന്നത്. തന്റെ പ്രചാരണ ചെലവിലേക്കു സാമ്പത്തിക സഹായം നല്‍കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും അധികാരത്തിലെത്തിയാല്‍ താന്‍ അവരെ പതിന്‍മടങ്ങ് സഹായിക്കുമെന്നു വാഗ്‌ദാനം ചെയ്യാനും ഭാട്ടി മറന്നില്ല.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിക്കുന്നതാണു പുതിയ ട്രെന്റ് എന്നാണു ഹാസ്യതാരത്തിന്റെ വിലയിരുത്തല്‍. ചണ്ഡീഗഡിനു ചുറ്റും കൂടുതല്‍ ചേരി പ്രദേശം നിര്‍മിക്കുമെന്നതാണു തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിലൊന്ന്. ഭാവിയില്‍ കൂടുതല്‍ വോട്ട് ലഭിക്കാന്‍ ഇതു തുണയാവുമെന്നതാണു പ്രധാന കാരണം.ഇതുവഴി രാജ്യത്തിനു കൂടുതല്‍ ഓസ്‌കറുകള്‍ നേടിക്കൊടുക്കുകയുമാവാം.
`തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഒരു നയാ പൈസ പോലും ഞാന്‍ ചെലവാക്കില്ല. ഞാനുദ്ദ്യേശിച്ചത് എന്റെ കീശയില്‍ നിന്നു ചെലവാക്കില്ലെന്നാണ്'-പ്രഖ്യാപനം കേള്‍ക്കാന്‍ കൂടിനിന്നവരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടു ഭാട്ടി തുറന്നടിച്ചു.
`ജനങ്ങളെ മതത്തിന്റെയോ ജാതിയുടെയോ നിറത്തിന്റെയോ അടിസ്ഥാനത്തില്‍ ഞങ്ങള്‍ വിഭജിക്കില്ല. മറിച്ച് ബുദ്ധിമാന്‍മാരും വിഡ്ഡികളും എന്നു രണ്ടായി തരംതിരിക്കാനാണു പാര്‍ട്ടി ഉദ്ദേശിക്കുന്നത്. അവരില്‍ ബുദ്ധിജീവികളുടെ വോട്ട് ഞങ്ങള്‍ക്കു വേണ്ട. കാരണം ഓരോ തിരഞ്ഞെടുപ്പിലും അഴിമതിക്കാരായ രാഷ്ട്രീയക്കാരെ തിരഞ്ഞെടുക്കുന്നത് അവരാണ്. വിഡ്ഡികളുടെ വോട്ടിലാണു ഞങ്ങളുടെ പ്രതീക്ഷ. അവരുടെ പിന്തുണയോടെ വിജയിച്ച് പ്രധാനമന്ത്രിയാവണമെന്നാണു മോഹം' -അദ്ദേഹം തുടര്‍ന്നു.
സാധാരണക്കാരന്റെ പ്രശ്‌നങ്ങളെയും സങ്കടങ്ങളെയും ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്നതില്‍ അഗ്രഗണ്യനായ ഈ പഞ്ചാബി താരത്തിന്റെ `ഫ്‌ളോപ്പ് ഷോ' `ഉള്‍ട്ടാ പുള്‍ടാ' തുടങ്ങിയ ടി.വി പരിപാടികള്‍ ശ്രദ്ധേയമാണ്. ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍ കൂടിയാണ് ജസ്‌പാല്‍ ഭാട്ടി.
No comments:
Post a Comment