2009-04-04

മൂന്നാം മുന്നണിയെ അധികാരത്തിലേറ്റുക ലക്ഷ്യം: വി എസ്‌

തിരുവനന്തപുരം: കോണ്‍ഗ്രസ്‌ - ബി.ജെ.പി മുന്നണികള്‍ക്കു പകരം ഇടതുപക്ഷ മതനിരപേക്ഷ ശക്തികളുടേതായ ഒരു മൂന്നാം മുന്നണിയെ അധികാരത്തിലേറ്റുക എന്നതാണു ലക്ഷ്യമെന്നു കേരള മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗവുമായ വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന പ്രത്യേക അഭിമുഖത്തിലാണു മൂന്നാം മുന്നണിയില്‍ അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ചത്‌.
മൂന്നാംമുന്നണി ആശയപരമായി എങ്ങനെയാണു രൂപംകൊള്ളുന്നത്‌?
സാമ്രാജ്യത്വ വിരോധം, സാമ്പത്തിക പരമാധികാരം, സ്വതന്ത്ര വിദേശ നയം, മതനിരപേക്ഷ ജനാധിപത്യം എന്നീ തത്വങ്ങളിലൂന്നിക്കൊണ്ടാണു മൂന്നാംമുന്നണി രൂപംകൊള്ളുന്നത്‌.
രാജ്യം നേരിടുന്ന അതീവ ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണു യു.പി.എ ഇതര എന്‍.ഡി.എ ഇതര പ്ലാറ്റ്‌ഫോം രൂപപ്പെടാന്‍ തുടങ്ങിയത്‌. അത്‌ മൂന്നാം മുന്നണി എന്ന മൂര്‍ത്തരൂപത്തില്‍ എത്തിക്കഴിഞ്ഞിട്ടില്ലെങ്കിലും ആവഴിക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്‌. ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ധ്രുവീകരണം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്‌. അതാണെങ്കില്‍ ഇടതുപക്ഷ മതേതര ശക്തികള്‍ക്കു തികച്ചും അനുകൂലമായിത്തീരും. ഇന്ത്യയുടെ സുരക്ഷിതത്വത്തിന്‌ ഏറ്റവുമധികം വെല്ലുവിളിയുണ്ടായ കാലമാണു യു.പി.എ ഭരണം. ഭീകര സംഘങ്ങളെ അമര്‍ച്ചചെയ്യുന്നതിനും അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അവരുടെ കടന്നുകയറ്റം തടയുന്നതിനും യു.പി.എ സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടു.
മതപരമായ വിദ്വേഷം സൃഷ്ടിച്ച്‌ ഹിന്ദുവോട്ട്‌ തട്ടിയെടുക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്തേണ്ടതുണ്ട്‌. മതത്തിന്റെ പേരില്‍ നടമാടുന്ന ഭീകരതാണ്ഡവത്തിനെതിരായ ശക്തമായ ജനവികാരംകൂടി ഈ തിരഞ്ഞെടുപ്പില്‍ പ്രകടമാവും.
യോജിച്ച പ്രവര്‍ത്തനങ്ങളും വ്യക്തമായ അജണ്ടയും ഇല്ലാതെ പ്രാദേശിക പാര്‍ട്ടികള്‍ക്കു ഭൂരിപക്ഷമുണ്ടാക്കുന്ന മൂന്നാം മുന്നണിക്ക്‌ കെട്ടുറപ്പോടെ നിലനില്‍ക്കാന്‍ കഴിയുമോ?
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളത്‌. അന്നു കേന്ദ്രത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭരണമായിരുന്നു. രാജ്യത്താകെ വര്‍ഗീയ വിഷം കുത്തിചെലുത്തുകയും ന്യൂനപക്ഷ സമുദായങ്ങളെ കടന്നാക്രമിക്കാന്‍ നേതൃത്വം നല്‍കുകയുമായിരുന്നു ആ സര്‍ക്കാര്‍. മുസ്‌്‌ലിംകളെ കൂട്ടത്തോടെ കശാപ്പുചെയ്യുകയാണു ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ചെയ്‌തത്‌. ബി.ജെ.പി ഭരണം കേന്ദ്രത്തില്‍ വീണ്ടും വന്നാല്‍ വിഭജനകാലത്തെ അവസ്ഥയിലേക്കു രാജ്യം നീങ്ങുമായിരുന്നു. ഈ അവസ്ഥയില്‍ നയപരമായി അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌(ഐ) ഭരണം അധികാരത്തില്‍ വരേണ്ടത്‌ അനിവാര്യമായിത്തീര്‍ന്നു. അതുകൊണ്ടാണു യു.പി.എക്ക്‌ പുറത്തുനിന്നു പിന്തുണ നല്‍കാന്‍ ഇടതുപക്ഷം തയ്യാറായത്‌. ആ നിലപാട്‌ ശരിയായിരുന്നുവെന്നു കാലം തെളിയിക്കുകയും ചെയ്‌തു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനു പൂര്‍ണമായി കീഴടങ്ങി ആണവകരാറില്‍ ഒപ്പിടുകയും ഇന്ത്യയുടെ സാമ്പത്തിക പരമാധികാരവും സ്വതന്ത്ര വിദേശനയവും അടിയറവയ്‌ക്കുകയും ചെയ്‌തപ്പോഴാണ്‌ ഇടതുപക്ഷം യു.പി.എക്ക്‌ പിന്തുണ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായത്‌.
ഇടതുപക്ഷത്തിന്റെ ആഹ്വാനം ശരിവച്ചുകൊണ്ട്‌ ആന്ധ്രപ്രദേശിലെ ടി.ഡി.പിയും ഉത്തര്‍പ്രദേശിലെ ബി.എസ്‌.പിയും തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെയും ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസും വിശ്വാസവോട്ടിനെതിരേ പരസ്യമായി രംഗത്തുവന്നു. തങ്ങള്‍ നേരത്തേ കൈക്കൊണ്ട നിലപാടുകള്‍ തെറ്റായിരുന്നുവെന്നു മനസ്സിലാക്കിക്കൊണ്ടാണ്‌ ആ പാര്‍ട്ടികളൊക്കെ മുന്നോട്ടുവന്നത്‌. ഈ പാര്‍ട്ടികളുടെ നിലപാടുകള്‍വച്ചുകൊണ്ട്‌ ഒരു ദേശീയ ബദല്‍ ഉണ്ടാവുമെന്ന്‌ അപ്പോള്‍ത്തന്നെ തീര്‍ച്ചപ്പെട്ടിരുന്നു. അങ്ങനെയാണു പുതിയൊരു മൂന്നാം മുന്നണി ഉദയംചെയ്യുന്നത്‌.
കെ.പി.വി

No comments: