2009-04-04

കിട്ടാത്ത ചായയും പിറന്നാളിന്റെ ഓര്‍മയും

ആരുമാവാം പ്രധാനമന്ത്രി. ആരാവില്ലെന്നു പറയാനാവും വിഷമം. ഒരുകുറി നാടകീയമായി ഡല്‍ഹിയില്‍ നിന്ന്‌ അധികാരത്തിന്റെ വിളി വരുമ്പോള്‍ അതേറ്റുപിടിച്ച ആള്‍ ബാംഗ്ലൂരില്‍ ജലാശയത്തിന്റെ കാറ്റുകൊണ്ട്‌ ഉറക്കംതൂങ്ങുകയായിരുന്നുപോലും. എങ്കില്‍ പിന്നെ എല്ലാംകൊണ്ടും യോഗ്യനായ എ കെ ആന്റണിയുടെ കാര്യം പറയാനുണ്ടോ?
മന്‍മോഹന്‍ സിങിനു വയ്യാതായി. ഒരുവട്ടംകൂടി മന്ത്രിസഭ നയിക്കുന്നതു സൂക്ഷിച്ചുവേണം. പിന്നെ, വിശ്വസ്‌തരുടെ വലയത്തില്‍ ജനങ്ങളുടെ പിന്തുണയും രാഷ്ട്രീയ ശുചിത്വവും തികഞ്ഞവനായി ഒരാളേ ഉള്ളൂ, ആന്റണി. ഇതില്‍ ആദ്യം പറഞ്ഞ ഗുണം സിങിനും ഉള്ളതായി ആരും തമാശപറയാറില്ല. ആന്റണിയിലുള്ള വിശ്വാസത്തിന്റെ സൂചന മന്‍മോഹന്‍സിങ്‌ ശസ്‌ത്രക്രിയക്കു പോയപ്പോഴേ കാണാമായിരുന്നു.
തന്റെ ഇംഗിതം വെളിവാക്കാതെ, അതാണു നന്‍മയെന്നു മറ്റുള്ളവര്‍ക്കു തോന്നിപ്പിക്കുക. അതിനുവേണ്ടി അവരെക്കൊണ്ടു പ്രയത്‌നിപ്പിക്കുക. അതാണു പരമമായ നേതൃഗുണം. അതാണ്‌ ആന്റണിയുടെ കരുത്തും. ഇപ്പോഴത്തെ നിലയില്‍ ആന്റണിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഉയരുന്ന ശബ്ദം കലര്‍പ്പില്ലാത്ത തിന്‍മയായേ വ്യാഖ്യാനിക്കപ്പെടൂ.
എ കെ ആന്റണിയാവുക എളുപ്പമല്ല. പ്രധാനമന്ത്രിയാവുന്നത്‌ ഒരുപക്ഷേ അതിലും എളുപ്പമാവാം. പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്ന ഹരിശ്ചന്ദ്രനെ പോലും സംശയിക്കുന്നതാണു കാലം. ഇക്കാലത്ത്‌ സത്യസന്ധനായ പൊതുപ്രവര്‍ത്തകനെന്ന്‌, കാര്യമായോ കളിയായോ വിശേഷിപ്പിക്കപ്പെട്ടാല്‍ അതൊരു ബഹുമതിതന്നെ. ആന്റണിയുടെ ഒരു ദൗര്‍ബല്യമായി എന്തെങ്കിലും ചൂണ്ടിക്കാണിക്കണമെങ്കില്‍, അതു താന്‍ സത്യസന്ധനാണെന്ന്‌ എല്ലാവരും വിശ്വസിക്കണം എന്ന ആഗ്രഹമാവുന്നു.
നേതാവായാല്‍ നക്ഷത്രനിലവാരമുള്ള ഭക്ഷണമേ കഴിക്കൂ എന്നാണു പൊതുവേ നിര്‍ബന്ധം. അങ്ങനെയിരിക്കേ അടുക്കുപാത്രത്തില്‍ ഉച്ചയൂണ്‌ ഓഫിസിലേക്കു വരുത്തുന്ന ഒരു കേന്ദ്രമന്ത്രിയെ സങ്കല്‍പ്പിച്ചുനോക്കുക. ഒരു ഉച്ചയ്‌ക്ക്‌ ഊണിനു ക്ഷണിച്ചപ്പോള്‍ ഞാന്‍ പോയത്‌ നക്ഷത്രഭക്ഷണം സ്വപ്‌നംകണ്ടായിരുന്നു. കിട്ടിയതോ കേരള ഹൗസില്‍ നിന്നു വന്ന അടുക്കുപാത്രത്തിലെ ചോറും കറികളും. മന്ത്രിയുടെ ഓഫിസിനോടു ചേര്‍ന്നുള്ള ഒരു ഇടുങ്ങിയ മുറിയിലിരുന്ന്‌ ഞങ്ങള്‍ സ്വയം വിളമ്പിക്കഴിച്ചു. അത്‌ ആന്റണിക്കേ പറ്റൂ.
വേറൊരു ദിവസം ആന്ധ്ര ഭവനത്തിനെതിരേയുള്ള വീട്ടില്‍ പോയപ്പോള്‍ ഏറെ നേരം സംസാരിച്ചിരുന്നിട്ടും ഒരു ചായപോലും കിട്ടാത്തതെന്തേ എന്ന മനസ്സിലെ ചോദ്യം അറിഞ്ഞിട്ടെന്നോണം ആന്റണി പറഞ്ഞു. വരുന്നവര്‍ക്കെല്ലാം ചായ കൊടുക്കാനുള്ള വഴിയില്ല. ഇവിടെ പാചകത്തിനാളില്ല. കൂടെ താമസിപ്പിച്ചിരിക്കുന്നവര്‍ എനിക്കു ഭക്ഷണം ഉണ്ടാക്കിത്തരുന്നു. ചെലവും ശമ്പളവും കൊടുത്ത്‌ ഒന്നോ രണ്ടോ ആളുകളെ നിര്‍ത്താനുള്ള വരുമാനം തികയില്ല... ഇങ്ങനെയുമുണ്ടാവുമോ ഒരു കേന്ദ്രമന്ത്രി എന്നായി എന്റെ ചിന്ത.
ആന്റണി അധികാരമേറുന്നതും ഇറങ്ങുന്നതും എന്നും വാര്‍ത്തയായിരുന്നു. കയറുന്നതു തന്റെ ശ്രമഫലമായല്ലെന്നു തോന്നും. ഇറങ്ങിപ്പോവുന്നതാവട്ടെ, എപ്പോഴും മനസ്സാക്ഷിയുടെ വിളംബരമായിരിക്കുകയും ചെയ്യും. കുറേക്കാലം സ്വന്തം പേരിലൊരു കോണ്‍ഗ്രസ്സുമായി പയറ്റിനോക്കി. കോണ്‍ഗ്രസുകാരനായി നില്‍ക്കണമെങ്കില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള തായ്‌ കൂടാരത്തിലേക്കു മടങ്ങിയേ പറ്റൂ എന്നു വന്നപ്പോള്‍, മടങ്ങി. ഉപാധികള്‍ ഒന്നുമില്ലാതെ. തന്റെ വികാരത്തോടും ചിന്തയോടും സത്യസന്ധത പുലര്‍ത്തിക്കൊണ്ട്‌. അടുത്ത ദിവസങ്ങളില്‍, രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന ആള്‍ കൊച്ചിയിലെ തിരക്കേറിയ റോഡുകളില്‍ ബസ്‌ കാത്തുനില്‍ക്കുന്നതു കണ്ടവര്‍ അല്‍ഭുതപ്പെട്ടു. രാജീവ്‌ ഗാന്ധിയും അല്‍ഭുതപ്പെട്ടപ്പോള്‍ ആന്റണിക്ക്‌ ഡല്‍ഹിയില്‍ ഒരു സ്ഥാനമായി. തന്റെ എളിമകൊണ്ട്‌ ആളുകളെ അല്‍ഭുതപ്പെടുത്തുന്നതാണ്‌ ആന്റണിക്ക്‌ ഇഷ്ടം. അദ്ദേഹത്തിന്റെ നന്മയും എളിമയും വേണ്ടപോലെ നമ്മള്‍ മനസ്സിലാക്കാതിരുന്നാല്‍ അദ്ദേഹം മുഷിയും.
ആന്റണിയുടെ സാധ്യതയെപ്പറ്റി ആരും ഒന്നും പറഞ്ഞുകേള്‍ക്കുന്നില്ല. വേണ്ട നേരത്ത്‌ വേണ്ടിടത്ത്‌ വേണ്ടപ്പെട്ടവര്‍ പറയും. അതങ്ങനെയാണ്‌ എല്ലായിപ്പോഴും. അതേസമയം ലാല്‍കൃഷ്‌ണ അഡ്വാനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കണ്ടുതുടങ്ങിയിട്ടു കാലം ഏറെയായി. അങ്ങനെ കണ്ടാലും കണ്ടില്ലെങ്കിലും അഡ്വാനിയുടെ മുഖത്തെ ഭാവം മാറുകയില്ല. അതിനൊന്നും ഇനി സമയം കാണില്ല എന്നു പണ്ടൊരിക്കല്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറയുമ്പോഴും ഭാവവ്യത്യാസം കണ്ടിരുന്നില്ല. ക്ഷേത്രത്തില്‍ പോവാതെ, പ്രാര്‍ഥിക്കാതെ, ക്ഷേത്രത്തിന്റെ രാഷ്ട്രീയം പറയുമ്പോഴും അദ്ദേഹത്തിനു ഭാവം മാറുകയില്ല. അനായാസമായ ഒരു അചഞ്ചലതയാണ്‌ സ്ഥായീഭാവം. ചിലര്‍ അതിനെ നിഗൂഢത എന്നും വിളിക്കും.
നാല്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടക്കാല തിരഞ്ഞെടുപ്പു നടക്കുന്നു. പതിനഞ്ചു കൊല്ലം മുമ്പ്‌. പ്രചാരണത്തിനു പോവുമ്പോള്‍, ആറുപേര്‍ക്ക്‌ ഇരിക്കാവുന്ന ഒരു വിമാനത്തില്‍ അഡ്വാനിയോടൊപ്പം ഞാനും നാടാകെ പറന്നു. പാഞ്ചജന്യത്തിന്റെ അധിപനായിരുന്ന തരുണ്‌ വിജയ്‌ ആയിരുന്നു മറ്റൊരു പത്രക്കാരന്‍. ജോധ്‌പൂരില്‍ ഇറങ്ങി ഒരു ഉള്‍നാട്ടിലെത്തിയപ്പോള്‍, ഒരു പ്രമാണിയുടെ വീട്ടില്‍വച്ച്‌ ഗ്രാമീണ സ്‌ത്രീകള്‍ അഡ്വാനിയെ പൊതിഞ്ഞു. പൊട്ട്‌ കുത്താത്ത അദ്ദേഹത്തിന്റെ നെറ്റിയില്‍ അവര്‍ പലനിറത്തില്‍ തിലകംചാര്‍ത്തി. നിസ്സഹായനായി ഒട്ടൊരു നാണത്തോടെ, അദ്ദേഹം അതിനെല്ലാം നിന്നുകൊടുക്കുന്നതു കാണാന്‍ രസമായിരുന്നു.
പിറന്നാള്‍ കേമമായി ആഘോഷിക്കാത്ത ആളാണ്‌ അഡ്വാനി. ഞങ്ങളുടെ യാത്രയ്‌ക്കിടയിലായിരുന്നു അക്കൊല്ലത്തെ പിറന്നാള്‍. വേറെ ആരും അറിഞ്ഞില്ല. അദ്ദേഹത്തിന്റെ സഹായി ഇടയ്‌ക്ക്‌ സൂചിപ്പിച്ച കാര്യം ഞാന്‍ ഉല്‍സാഹപൂര്‍വ്വം വീശി. പിറന്നാള്‍ വാര്‍ത്തയുമായി പത്രം ഇറങ്ങിയതോടെ ആളുകള്‍ വിളിയോടു വിളി. മധുരപ്രളയം. ശല്യമായെന്നു തോന്നിത്തുടങ്ങിയപ്പോള്‍ അഡ്വാനി പറഞ്ഞു. `ഈ പൊല്ലാപ്പിന്റെയെല്ലാം കാരണം, ദാ ഈ നില്‍ക്കുന്ന ഗോവിന്ദ്‌ജിയാണ്‌.'
അന്നു പ്രചാരത്തിലിരുന്ന ഒരു വാമൊഴി അദ്ദേഹത്തോടുള്ള ഈര്‍ഷ്യയും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ചേരിതിരിവും വെളിവാക്കി. `പാമ്പിനെ നമ്പിയാലും സിന്ധിയെ സന്ധിക്കരുത്‌' എന്ന അര്‍ഥം വരുന്നതായിരുന്നു ആ പ്രയോഗം.
വേറൊരു കൊച്ചു സംഭവം. ഞാന്‍ എഴുതിയ ഒരു പുസ്‌തകത്തിന്റെ പ്രകാശനമായിരുന്നു അവസരം. പ്രകാശനത്തിന്റെ തലേന്നാള്‍ പുസ്‌തകം നിരോധിക്കപ്പെട്ടു. അത്‌ തമിഴരെ താഴ്‌ത്തിക്കെട്ടുന്നു എന്നായിരുന്നു പരാതി. പ്രസാധകന്‍ പരിഭ്രമിച്ചു. ഞങ്ങള്‍ പ്രകാശനം ഒഴിവാക്കി. അതിനെ ഒരു ചര്‍ച്ചയായി മാറ്റി.
നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ, ജസ്‌റ്റിസ്‌ എച്ച്‌ ആര്‍ ഖന്ന എത്തി, പ്രകാശനത്തിനല്ല, ചര്‍ച്ച ഉദ്‌ഘാടനം ചെയ്യാന്‍. അരുണ്‍ ശൗരി എത്തി, വേറെ പല പ്രശസ്‌തരും കാണികളായി വന്നു. പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖറും പിന്നീട്‌ ആഭ്യന്തരമന്ത്രിയായ ഇന്ദ്രജിത്‌ ഗുപ്‌തയും വരാമെന്നേറ്റിരുന്നെങ്കിലും ഒടുവില്‍ മുങ്ങി. ചടങ്ങ്‌ ബഹിഷ്‌കരിക്കണമെന്ന്‌ അഡ്വാനിയുടെ മേലും വലിയ സമ്മര്‍ദ്ദമുണ്ടായി. .
തെക്കേ ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ്‌, വൈകി വീട്ടിലെത്തിയ അഡ്വാനി ചോദിച്ചു. `ഗോവിന്ദ്‌ജി, പലരും പറയുന്നു ചടങ്ങില്‍ പങ്കെടുക്കരുതെന്ന്‌, എന്തുവേണം, പറയൂ'. രാവിലെ പത്തുമണിക്കായിരുന്നു ചടങ്ങ്‌. അത്ര മാത്രം ഞാന്‍ ഓര്‍മിപ്പിച്ചു. ഒമ്പത്‌ നാല്‍പ്പത്തഞ്ചിന്‌ ഫിക്കി ഓഡിറ്റോറിയത്തില്‍ എത്തിയവരില്‍ അഡ്വാനിയും ഉണ്ടായിരുന്നു. പാമ്പിനെ നമ്പുന്നതിനെപ്പറ്റിയുള്ള പഴയ ബി.ജെ.പി മൊഴി, ആ സന്ദര്‍ഭത്തില്‍ പാഴ്‌മൊഴി. ഞാന്‍ ഒന്നുകൂടി ഓര്‍ത്തുപോയി.
വാക്കുകള്‍ അളന്നുതൂക്കി ഉപയോഗിക്കുന്ന ആളാണ്‌ അഡ്വാനി. സംസാരത്തിലും എഴുത്തിലും. പത്രക്കാരനായിരുന്നപ്പോഴും പാര്‍ലമെന്റേറിയനായപ്പോഴും അതുതന്നെ വഴക്കം. വാക്ക്‌ നിശിതമായ ആയുധമാവുമ്പോഴും അതു തൊടുക്കുന്ന ആളുടെ മുഖത്ത്‌ കോപം സ്‌ഫുരിക്കില്ല. സ്വതവേ ഗൗരവം മാത്രം കാണുന്ന ആ മുഖത്ത്‌ വല്ലപ്പോഴും മാറിവരുന്ന ഭാവം നേരിയ ഒരു പുഞ്ചിരിയാവും. എന്നാല്‍ പ്രതിയോഗികളിലും ചിലപ്പോഴൊക്കെ അസ്‌മാദികളിലും പ്രകോപനവും പ്രകമ്പനം പോലും ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ ഒരു വാക്കു ധാരാളം മതിയാവും.
ഒരുകാലത്ത്‌ രാജ്യസഭയില്‍ നിറഞ്ഞു തിളങ്ങിനിന്നിരുന്ന കമ്മ്യൂണിസ്‌റ്റ്‌ നേതാവ്‌ ഭൂപേഷ്‌ ഗുപ്‌ത, മിക്കപ്പോഴും മൗനം ദീക്ഷിച്ചിരിക്കുന്ന അഡ്വാനിയെ ചൂണ്ടി ഒരിക്കല്‍ പറഞ്ഞു: ദാ ഈ ഇരിക്കുന്ന ആളെ കണ്ടോ? ആര്‌ എന്തു പറഞ്ഞാലും കുലുങ്ങാത്ത മനുഷ്യന്‍. കോപം വരാത്ത മനുഷ്യന്‍. ഒന്ന്‌ ചിരിച്ചാലായി. ദേഷ്യംവരാത്ത ഇയാളാണ്‌ ആപല്‍ക്കാരി..''അതു കേട്ടപ്പോഴും അഡ്വാനി ചെറുതായൊന്നു ചിരിച്ചതേയുള്ളൂവത്രേ.

No comments: