2009-04-04

വീണ്ടും മൂന്നാംമുന്നണി പരീക്ഷണം

വേണമെങ്കില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ പങ്കാളിയാവുന്നതടക്കമുള്ള ഏതു തീരുമാനവും കൈക്കൊള്ളാന്‍ തക്കവിധം വാതില്‍ തുറന്നിട്ടിരിക്കയാണെന്നു സി.പി.എം പ്രഖ്യാപിച്ചിരിക്കുന്നു. മൂന്നാംമുന്നണി എന്നതിനു പകരം സോഷ്യലിസം തൊട്ടു കൂട്ടുന്ന പുതിയ പേരുമായി മുന്‍ പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡ രംഗത്തുവന്നിട്ടുണ്ട്‌.
കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന യു.പി.എ മുന്നണി തിരഞ്ഞെടുപ്പിനു മുമ്പേ തിരിച്ചടി നേരിടുകയും ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എക്കു വലിയ പ്രതീക്ഷകളൊന്നും ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വീണ്ടും കേന്ദ്രത്തില്‍ ഒരു മൂന്നാംമുന്നണി പരീക്ഷണത്തിനുള്ള സാധ്യതകളാണു രൂപപ്പെടുന്നതെന്നാണു മിക്ക തിരഞ്ഞെടുപ്പുനിരീക്ഷകരും നല്‍കുന്ന സൂചന. എന്നാല്‍, 1996ല്‍ പിരിയുകയും 1998ല്‍ അന്ത്യമാവുകയും ചെയ്‌ത മൂന്നാംമുന്നണി പരീക്ഷണം അതേപടി അനുകരിക്കുന്നതിനുള്ള ശ്രമങ്ങളാണു പ്രകാശ്‌ കാരാട്ടിന്റെയും എ ബി ബര്‍ധന്റെയും കാര്‍മികത്വത്തില്‍ ദേവഗൗഡയെയും ജയലളിതയെയും മായാവതിയെയും അണിനിരത്തി നടക്കുന്നത്‌ എന്നതു ശ്രദ്ധേയമാണ്‌. 1996 മെയില്‍ തൂക്ക്‌ ലോക്‌സഭ നിലവില്‍ വന്നതു മുതല്‍ ഡല്‍ഹിയില്‍ അരങ്ങേറിയ നാടകങ്ങള്‍ മൂന്നാംമുന്നണി പരീക്ഷണത്തില്‍ മറക്കാന്‍ കഴിയാത്തതാണ്‌.
കോണ്‍ഗ്രസ്‌ പരാജയം സമ്മതിക്കുകയും ബി.ജെ.പിക്കും സഖ്യത്തിനും കൂടി ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും അവര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നോട്ടുവരുകയും ചെയ്‌തു. തെലുങ്കുദേശം, തമിഴ്‌ മനിലാ കോണ്‍ഗ്രസ്‌, ഡി.എം.കെ, എ.ജി.പി, ജനതാദള്‍ മുതലായ പാര്‍ട്ടികളില്‍ പിന്തുണ അവര്‍ പ്രതീക്ഷിച്ചെങ്കിലും ബി.ജെ.പിയെ പിന്തുണയ്‌ക്കാന്‍ താല്‍പ്പര്യമില്ല എന്ന സൂചനകള്‍ അവര്‍ നല്‍കി. ഒന്നുകില്‍ ബി.ജെ.പിയെ പിന്തുണയ്‌ക്കുക അല്ലെങ്കില്‍ ഒരു മുന്നണിയായി കോണ്‍ഗ്രസ്സിന്റെ പിന്തുണ ആവശ്യപ്പെടുക എന്ന സാധ്യതകളാണ്‌ ഈ പാര്‍ട്ടികള്‍ക്കുണ്ടായിരുന്നത്‌. ഈ ഘട്ടത്തില്‍ ഒരാഴ്‌ച കഴിഞ്ഞിട്ടും ഒരു നേതാവിനെ തിരഞ്ഞെടുക്കാനായില്ല. ഈ അവസ്ഥയില്‍ ജ്യോതിബസുവിന്റെ പേരും പ്രധാനമന്ത്രി പദത്തിലേക്കു ചര്‍ച്ച ചെയ്‌തു. സി.പി.എം കേന്ദ്ര കമ്മിറ്റി ഈ നിര്‍ദേശം തള്ളിക്കളഞ്ഞു.
മൂന്നാംമുന്നണിക്കു നേതാവിനെ തിരഞ്ഞെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി അടല്‍ബിഹാരി വാജ്‌പേയിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചു. വാജ്‌പേയി 12 പേരൊടൊപ്പം സത്യപ്രതിജ്ഞ ചെയ്‌തു. അതിനുശേഷമാണു മൂന്നാംമുന്നണി എച്ച്‌ ഡി ദേവഗൗഡയെ നേതാവായി തിരഞ്ഞെടുത്തത്‌. മതനിരപേക്ഷതയ്‌ക്കു വേണ്ടിയായിരുന്നു ഈ നീക്കമെങ്കിലും ഗൗഡ മുംബൈയിലെത്തി ബാല്‍ താക്കറെയുമായി കൂടിക്കാഴ്‌ച നടത്തി. ശിവസേനയെ ഒപ്പം ചേര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഗൗഡയ്‌ക്ക്‌ അധികകാലം പ്രധാനമന്ത്രിയായി തുടരാനായില്ല.
1998ല്‍ ഐ കെ ഗുജറാള്‍ മന്ത്രിസഭയും ഇത്തരം അസംബന്ധങ്ങള്‍ ആവര്‍ത്തിച്ചു. മന്ത്രിസഭയിലെ ഡി.എം.കെ മന്ത്രിമാരെ പുറത്താക്കണം എന്ന ആവശ്യം അദ്ദേഹം നിരാകരിച്ചതിനെത്തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ പിന്തുണ പിന്‍വലിച്ചു. ഐക്യമുന്നണി സര്‍ക്കാര്‍ തകര്‍ന്നു. രാജീവ്‌ഗാന്ധി വധത്തില്‍ ഡി.എം.കെക്ക്‌ പങ്കുണ്ട്‌ എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ വാദം. വീണ്ടും തിരഞ്ഞെടുപ്പു നടന്നു. അത്തവണ ബി.ജെ.പി മുമ്പുണ്ടായിരുന്നതിനെക്കാള്‍ സീറ്റ്‌ നേടി. അവര്‍ക്കു പുതിയ ഘടകകക്ഷികളെ കിട്ടാന്‍ പ്രയാസമുണ്ടായില്ല. ബിജൂ ജനതാദള്‍, അണ്ണാ ഡി.എം.കെ, പി.എം.കെ, എം.ഡി.എം.കെ എന്നീ കക്ഷികള്‍ ബി.ജെ.പി സഖ്യത്തിന്റെ ഭാഗമായി. സീറ്റുകളുടെ കുറവ്‌ തെലുങ്കുദേശം നികത്തി. 1999ല്‍ മുന്നണി വിപുലീകരിച്ചു. അണ്ണാ ഡി.എം.കെ പുറത്തുപോയപ്പോള്‍ ഡി.എം.കെ മുന്നണിയിലെത്തി.
ഇപ്പോഴക്കെ മൂന്നാംമുന്നണി നേതാക്കളില്‍ പ്രമുഖരെല്ലാം തക്കം കിട്ടിയപ്പോഴൊക്കെ ബി.ജെ.പിയുമായി കൂട്ടു കൂടിയവരാണ്‌. 1996 മുതല്‍ ബി.എസ്‌.പി ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുമായി ചേര്‍ന്നു. അതിനുശേഷം ബന്ധം രണ്ടുപ്രാവശ്യം ആവര്‍ത്തിച്ചു. ദേവഗൗഡ മകന്‍ കുമാരസ്വാമിക്കുവേണ്ടി ആദ്യം കോണ്‍ഗ്രസ്സുമായും പിന്നീടു ബി.ജെ.പിയുമായും ചേര്‍ന്നു. ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസ്‌ ഇതര ബി.ജെ.പി ഇതര മുന്നണിക്കായി ശ്രമിച്ച്‌ ഒടുവില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌നേതൃത്വത്തിലുള്ള മുന്നണിക്കു പിന്തുണ നല്‍കേണ്ട സാഹചര്യത്തിലെത്തി. 1996ലെയും 1998ലെയും ഐക്യമുന്നണി പരീക്ഷണത്തിന്റെ ദുരന്തം, സ്ഥിരതയുള്ള സര്‍ക്കാര്‍ വേണമെന്ന പ്രചാരണമുയര്‍ത്തി വര്‍ധിതവീര്യത്തോടെ ഉയര്‍ന്നുവരാന്‍ ബി.ജെ.പിക്ക്‌ അവസരം നല്‍കി എന്നതാണ്‌.

No comments: