ശ്രീധരനുണ്ണി
അധികാരക്കായലില്‍ നേതാക്കള്‍ വലയെറിഞ്ഞു കഴിഞ്ഞപ്പോള്‍ കൊമ്പന്‍ സ്രാവുകളുടെ വിഹാരകേന്ദ്രങ്ങളില്‍ ചൂതാട്ടം കൊഴുകൊഴുക്കുന്നു.
രാഷ്ട്രീയ കമ്പവും പന്തയമനസ്സും ഉണ്ടെങ്കില്‍ ഇങ്ങോട്ട് വരിക. ഇവിടെ ചതിയും വഞ്ചനയും ഇല്ല. ഒന്നു വച്ചാല്‍ പത്ത്. പത്ത് വച്ചാല്‍ നൂറ്. കിട്ടിയാല്‍ ലോട്ടറി അടിച്ചെന്നു കരുതി സന്തോഷിക്കാം.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാവുമെന്ന് പ്രതീക്ഷിച്ച് ഒരു രൂപ വച്ചാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നത് മുപ്പത് രൂപയായിരിക്കും. അവര്‍ പ്രധാനമന്ത്രി ആവണമെന്നു മാത്രം. ഒരു ലക്ഷം വച്ചാല്‍ മുപ്പതു ലക്ഷം വാരാം. ശരത്‌പവാറിന് ഒരു രൂപ വച്ചാല്‍ എട്ടു രൂപ. മന്‍മോഹന്‍സിങിനാണു നിങ്ങള്‍ ഒരു രൂപ വയ്‌ക്കുന്നതെങ്കില്‍ വാതുവച്ചയാള്‍ക്കു ലഭിക്കുന്നത് രണ്ടര രൂപയാണ്. സോണിയാഗാന്ധിക്കാണെങ്കില്‍ ഒരു രൂപയ്‌ക്ക് മൂന്നു രൂപ. എല്‍.കെ അഡ്വാനിക്കുവേണ്ടി ഒരു രൂപ നിക്ഷേപിച്ചാല്‍ അഞ്ചു രൂപയാണു ലഭിക്കുക. പ്രധാനമന്ത്രിപദത്തിലേക്കു കൂടുതല്‍ വാതുവെക്കല്‍ ഇപ്പോള്‍ നടക്കുന്നത് മന്‍മോഹന്‍സിങ്, എല്‍.കെ അഡ്വാനി എന്നിവര്‍ക്കാണ്. ഏതു മുന്നണി അധികാരത്തില്‍ വരുമെന്നതാണു മറ്റൊരു പന്തയം. കോണ്‍ഗ്രസ് മുന്നണിക്കാണെങ്കില്‍ ഒരു രൂപയ്‌ക്ക് 100 രൂപ ലഭിക്കും. ബി.ജെ.പി മുന്നണിക്കാണ് ഒരു രൂപ വയ്‌ക്കുന്നതെങ്കില്‍ 200 രൂപയാണു മടക്കിക്കിട്ടുക. ചൂതാട്ട കേന്ദ്രങ്ങളിലെ നിരീക്ഷണങ്ങള്‍ അനുസരിച്ചു കോണ്‍ഗ്രസ് മുന്നണിക്കാണു മുന്‍തൂക്കമെന്ന് ഇതില്‍ നിന്നു വ്യക്തമാവുന്നു. 100 രൂപ വച്ചു ജയിച്ചാല്‍ 100രൂപ മടക്കിക്കൊടുക്കുന്ന നാടന്‍ പന്തയങ്ങളൊക്കെ ഇപ്പോള്‍ അപ്രത്യക്ഷമായി. ദേശീയ നേതാക്കളായ സ്ഥാനാര്‍ഥികള്‍, സംസ്ഥാന നേതാക്കള്‍, സംസ്ഥാന മുന്നണികള്‍, നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍,
നിങ്ങള്‍ക്ക് ഏതിലാണു താല്‍പര്യം, ഇവിടെ പന്തയത്തിനു സ്വാഗതം. നിങ്ങളുടെ മടിശ്ശീലയുടെ കനം മാത്രമേ പ്രശ്‌നമുള്ളൂ. മടക്കിത്തരാന്‍ പണം എത്രവേണമെങ്കിലും തയ്യാറാക്കിവച്ചിരിക്കുന്നു.
പണച്ചാക്കുകളുടെ വന്‍ ശൃംഖലയാണു മുന്‍കാലങ്ങളെപ്പോലെ ഈ രംഗത്ത് അരയും തലയും മുറുക്കി നിലയുറപ്പിച്ചിട്ടുള്ളത്. സ്വദേശി വാതുവയ്‌പ്പുകാര്‍ മാത്രമല്ല, സാര്‍വദേശീയ തലത്തിലുള്ള വാതുവയ്‌പ്പുകാരും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്‌് നടക്കുന്ന പന്തയങ്ങളില്‍ അണിനിരന്നുകഴിഞ്ഞു.
ഒരു സംശയവും വേണ്ട. ഇക്കുറി ഇരുപതിനായിരം കോടി രൂപയെങ്കിലും ചൂതാട്ട കളങ്ങളില്‍ ആടിത്തിമര്‍ക്കുമെന്നാണ് ഈരംഗത്തുള്ള പരിചയസമ്പന്നരുടെ അഭിപ്രായം. രാഷ്ട്രീയത്തിലെ നേരിയൊരു ഇലയനക്കം പോലും കോടികളുടെ മലക്കംമറിച്ചിലുകള്‍ക്ക് ഇടവരുത്തിക്കളയും.
ദേശീയ തലങ്ങളിലും, നിര്‍ണായക സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് അടിയൊഴുക്കുകള്‍ അപ്പപ്പോള്‍ വിലയിരുത്തുവാനും കൃത്യമായി അവലോകനം നടത്തുവാനും ആധുനികരീതിയിലുള്ള വന്‍ സജ്ജീകരണങ്ങളാണ് ഇതിനുവേണ്ടി ഒരുക്കിക്കഴിഞ്ഞത്.
വിവരാന്വേഷണങ്ങള്‍ക്കുള്ള വന്‍ ക്രമീകരണങ്ങള്‍ക്കുതന്നെ വന്‍ തുകകളാണു ചിലവഴിക്കപ്പെടുന്നത്. നിരീക്ഷണങ്ങള്‍ക്കു വിദഗ്‌ധന്‍മാര്‍ അടങ്ങിയ സംഘങ്ങള്‍, ഗംഭീരമായ ഓഫിസ് സംവിധാനങ്ങള്‍, ആവശ്യാനുസരണം ജീവനക്കാര്‍, സദാസമയവും ലാപ്‌ടോപ്പുകളും, മൊബൈല്‍ ഫോണുകളും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇത് നമ്മെ അമ്പരപ്പിക്കുന്ന വേറൊരു ലോകമാണ്.
കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനങ്ങളിലെ മുഖ്യ നഗരങ്ങളിലാണു ചൂതാട്ടക്കാരുടെ കേന്ദ്രങ്ങള്‍.
ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ലക്‌നോ, പാറ്റ്‌ന തുടങ്ങിയ നഗരങ്ങളില്‍ ഇതിനകം ഇവരുടെ 'കളികള്‍' ആരംഭിച്ചു കഴിഞ്ഞു. നിരന്തരമായ റെയ്‌ഡുകള്‍ മുംബൈയില്‍ മാര്‍ക്കറ്റിനെ ബാധിച്ചിട്ടുണ്ട്. ഇവിടെ കേന്ദ്രീകരിച്ചിരുന്ന വാതുവയ്‌പ്പുകാര്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ജയ്‌പൂര്‍ എന്നിവിടങ്ങളിലേക്കു ചേക്കേറിയതായും വിവരമുണ്ട്.
ഇങ്ങനെയൊരു പന്തയക്കളി നടത്താന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല. എന്നിട്ടും കാലാകാലങ്ങളായി ലക്ഷങ്ങളും കോടികളും മറിയുന്ന ഇത് നിര്‍ബാധം നടമാടുന്നു. വാതുവയ്‌പുകാര്‍ തലപ്പൊക്കമുള്ള കുബേരന്‍മാരായതിനാല്‍ അധികാരികള്‍ കണ്ണടച്ചുപിടിക്കുകയാണ്. കഴിഞ്ഞതവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂതാട്ടക്കാരുടെ സകല പ്രതീക്ഷകളും തകര്‍ത്തിരുന്നു. എന്‍.ഡി.എ സഖ്യത്തിന്റെ കനത്ത തോല്‍വി ചൂതാട്ടക്കച്ചവടക്കാര്‍ക്ക് നഷ്ടപ്പെടുത്തിയത് ചുരുങ്ങിയത് അയ്യായിരം കോടി രൂപയെങ്കിലും ഉണ്ടാവുമെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇക്കുറി ഈ അനുഭവം ആവര്‍ത്തിക്കാതിരിക്കാനും അഞ്ചുവര്‍ഷം മുമ്പ് വെള്ളത്തിലായ കോടികള്‍ തിരിച്ചുപിടിക്കാനും ഇക്കൂട്ടര്‍ കണ്ണിലെണ്ണയൊഴിച്ചു രാഷ്ട്രീയ ഗവേഷണങ്ങളില്‍ ആണ്ട് മുങ്ങിയിരിക്കുകയാണ്.
No comments:
Post a Comment