ഷാജഹാന്‍ എസ്
പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള കന്നിയങ്കത്തില്‍ ആരു വെന്നിക്കൊടി പാറിക്കുമെന്നു പറയാറായിട്ടില്ലെങ്കിലും പരീക്ഷ കടുത്തതായിരിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല. ഇടതുപക്ഷ വിരോധവും സര്‍ക്കാരിനെതിരായ ജനവികാരവും തങ്ങള്‍ക്കനുകൂലമെന്നു വിധിയെഴുതി യു.ഡി.എഫ് വിജയം ഉറപ്പിച്ച മട്ടാണ്. എന്നാല്‍, കഴിഞ്ഞകാലത്തെ കണക്കുകള്‍ നിരത്തി എല്‍.ഡി.എഫും മണ്ഡലത്തില്‍ വിജയം അവകാശപ്പെടുന്നു.
ഇരുമുന്നണികളും തങ്ങളുടെ ആവനാഴിയിലെ അവസാന അമ്പും എതിരാളികള്‍ക്കെതിരേ പ്രയോഗിക്കുമെന്ന് ഉറപ്പായതോടെ ആരും പ്രവചനം നടത്താന്‍ തയ്യാറാവുന്നില്ല. ഇരു മുന്നണികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് ചില സമുദായ നേതാക്കളുടെ സമദൂര നിലപാടുകളാണ്.
മാറിയ സാഹചര്യം അനുകൂലമെന്നു കണ്ടതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവാന്‍ സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ തുടങ്ങി ബ്ലോക്ക് പ്രസിഡന്റ് വരെ തയ്യാറെടുത്തിരുന്നു. എന്നാല്‍, പ്രതീക്ഷകള്‍ മാറ്റിമറിച്ച് ആന്റോ രംഗത്തെത്തിയത് വളരെ വൈകിയാണ്. ഇതു പ്രചാരണപ്രവര്‍ത്തനങ്ങളെ ഒട്ടും ബാധിച്ചിട്ടില്ലെന്നാണ് യു.ഡി.എഫ് നേതാക്കളുടെ അവകാശവാദം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എല്‍.ഡി.എഫിലെ കെ അനന്തഗോപന്‍ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മേല്‍ക്കൈ നേടിയതായി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സഭയും സമുദായവും സജീവമായി രംഗത്തെത്തിയതാണു മുന്നണികള്‍ നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനം. സീറ്റ് വിഭജനത്തെ തുടര്‍ന്ന് മുന്നണി?ക്കുള്ളിലുണ്ടായ പൊട്ടലും ചീറ്റലും ജനതാദളിലുണ്ടായിരിക്കുന്ന പ്രതിസന്ധിയും ഇടതുമുന്നണിയുടെ കോട്ടയില്‍ വിള്ളലുകള്‍ വീഴ്‌ത്തിയതായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ചെങ്ങറ സമരത്തോട് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച വിരുദ്ധ നിലപാടിനെ തിരഞ്ഞെടുപ്പില്‍ പ്രധാന ആയുധമാക്കിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി പ്രചാരണം തുടങ്ങിയത്. രണ്ടു ജില്ലകളിലായി കിടക്കുന്ന പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ ഉന്നമനവും സമാനതകളില്ലാത്ത സമഗ്ര പുരോഗതിയും വികസനവുമാണ് സ്വീകരണവേദികളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഉയര്‍ത്തിക്കാട്ടുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ആഗോള പ്രതിസന്ധിയും അതുമൂലം പ്രവാസികള്‍ നേരിടുന്ന ദുരിതവും, ആദിവാസികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് പ്രധാന പ്രചാരണവിഷയങ്ങള്‍. ഒറീസയിലെ സംഘപരിവാര കലാപത്തിനെതിരേ ഉയര്‍ന്നിട്ടുള്ള വികാരം പെന്തക്കോസ്‌ത് സഭകള്‍ക്കു നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ എങ്ങനെ ബാധിക്കുമെന്നത് പ്രധാന വിഷയമാണ്. പി.ഡി.പി, ഐ.എന്‍.എല്‍ തുടങ്ങിയ സംഘടനകള്‍ ഇടതിനു പിന്തുണ നല്‍കിയിട്ടും പരമ്പരാഗത ശൈലിയില്‍ നിന്നു വ്യത്യസ്‌തമായി സാഹചര്യങ്ങളെ വിലയിരുത്തി യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന പോപുലര്‍ ഫ്രണ്ടിന്റെ നിലപാട് യു.ഡി.എഫ് ക്യാംപിന് ആശ്വാസമായിട്ടുണ്ട്.
ഇതിനോടകംതന്നെ ഇരു മുന്നണി സ്ഥാനാര്‍ഥികളും മണ്ഡലത്തിലുടനീളം രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയാക്കി തങ്ങളുടെ സ്വാധീനമറിയിച്ചിട്ടുണ്ട്. കഴിഞ്ഞകാല കണക്കുകളും ഇന്നത്തെ ദേശീയ രാഷ്ട്രീയത്തില്‍ മൂന്നാംമുന്നണിയെന്ന ആശയവുമാണ് ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി അനന്തഗോപന് അനുകൂല സാഹചര്യമൊരുക്കുന്നതെന്ന് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് മണ്ഡലം പ്രസിഡന്റും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ മുണ്ടപള്ളി തോമസ് തേജസിനോടു പറഞ്ഞു. പത്തനംതിട്ട മണ്ഡലം പ്രതിനിധാനം ചെയ്യുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചെണ്ണത്തിലും 72 ഗ്രാമപ്പഞ്ചായത്തുകളില്‍ 45 എണ്ണത്തിലും ഭരണം എല്‍.ഡി.എഫിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും ഡി.സി.സി പ്രസിഡന്റുമായ മോഹന്‍രാജിന് ആന്റോ ആന്റണിയുടെ ഭൂരിപക്ഷം ഒരുലക്ഷം വോട്ടുകള്‍ക്കു മുകളിലായി?രിക്കുമെന്നതില്‍ ഒട്ടും സംശയമില്ല. കേരള സര്‍ക്കാരിനെതിരേയുള്ള ജനവികാരവും കേന്ദ്രം ഭരിച്ച യു.പി.എയുടെ ഭരണനേട്ടങ്ങളുമാണ് അദ്ദേഹത്തിന്റെ വാദത്തിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലസന്ദര്‍ശനം യു.ഡി.എഫിനെ ഏറെ സഹായിക്കുമെന്നും അദ്ദേഹം തേജസിനോടു പറഞ്ഞു.
പ്രധാന മല്‍സരം ഇടതു-വലതു മുന്നണികള്‍ തമ്മിലാണെങ്കിലും ബി.ജെ.പിയും ബി.എസ്.പിയും എന്‍.സി.പിയും സജീവമായി കളത്തിലുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി ബി രാധാകൃഷ്‌ണ മേനോനെയാണ് ബി.ജെ.പി ഗോദയില്‍ ഇറക്കിയിട്ടുള്ളത്. മല്‍സരഗോദയില്‍ കാരണവരായി ബി.എസ്.പി സ്ഥാനാര്‍ഥി കെ കെ നായരുമുണ്ട്.
No comments:
Post a Comment