2009-04-13

പാലക്കാടന്‍ ചെങ്കോട്ട തകര്‍ക്കാന്‍ യു.ഡി.എഫ്‌

ശരീഫ്‌ ചാലിയം

പാലക്കാട്‌: സ്വന്തം തട്ടകത്തില്‍ വിമതര്‍ തീര്‍ക്കുന്ന വാരിക്കുഴി ഭയന്ന്‌ എല്‍.ഡി.എഫ്‌ കരുതലോടെ നീങ്ങുമ്പോള്‍ നിഷേധവോട്ടുകള്‍ തങ്ങള്‍ക്കനുകൂലമായിഭവിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ യു.ഡി.എഫ്‌. ചെമ്പടയെ ഒരിക്കല്‍ക്കൂടി പാഠംപഠിപ്പിക്കാന്‍ ഷൊര്‍ണൂര്‍ വിജയത്തിന്റെ പിന്‍ബലത്തില്‍ ഇടത്‌ ഏകോപനസമിതിയും നില മെച്ചപ്പെടുത്താന്‍ ബി.ജെ.പിയും സാന്നിധ്യമറിയിച്ച്‌ എന്‍.സി.പിയും ബി.എസ്‌.പിയും ഗോദയിലുണ്ട്‌. ജനവിധിക്കു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ചുവപ്പുകോട്ടയായ പാലക്കാട്‌ ലോക്‌സഭാ മണ്ഡലത്തിലെ അന്തിമചിത്രം ഇതാണ്‌. അതിനാല്‍ ഇവിടെ ഫലം പ്രവചനാതീതം.
ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ വിജയം ആരെ തുണയ്‌ക്കുമെന്നു കണ്ടറിയണം. മണ്ഡല പുനര്‍നിര്‍ണയത്തിനു മുമ്പും ശേഷവും മിക്ക നിയോജകമണ്ഡലങ്ങളും എല്‍.ഡി.എഫിന്‌ അനുകൂലമാണെങ്കിലും അവരെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഒരുഭാഗത്ത്‌ ഇടത്‌ ഏകോപനസമിതി ജനറല്‍ സെക്രട്ടറിയും സ്ഥാനാര്‍ഥിയുമായ എം ആര്‍ മുരളി വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ജനതാദള്‍ പ്രശ്‌നമാണു മറുഭാഗത്തെ പൊല്ലാപ്പ്‌. അതിനാല്‍ സ്വന്തം തട്ടകത്തില്‍ എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം വിജയം അഭിമാനപ്രശ്‌നമാണ്‌. ഗതകാലചരിത്രമല്ല, രാഷ്ട്രീയ അടിയൊഴുക്കാവും എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി എം ബി രാജേഷിന്റെ ജയസാധ്യത നിര്‍ണയിക്കുക.
അതേസമയം, ആത്മവിശ്വാസത്തിന്റെ ആകാശത്തിലാണു യു.ഡി.എഫ്‌. കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച്‌ മുന്നണിയില്‍ പടലപ്പിണക്കങ്ങളില്ല. കൂടാതെ, ഇടതുമുന്നണിയിലെ പ്രശ്‌നങ്ങളും സംസ്ഥാന ഭരണ വിരുദ്ധ തരംഗവും തങ്ങള്‍ക്ക്‌ അനുകൂലമായി ഭവിക്കുമെന്നാണ്‌ ഇവരുടെ പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി എസ്‌ അച്യുതാനന്ദനെതിരേ ശ്രദ്ധേയമായ മല്‍സരം കാഴ്‌ചവച്ച സതീശന്‍ പാച്ചേനിയെ ഇന്ദ്രപ്രസ്ഥത്തിലെത്തിക്കാന്‍ സാധിക്കുമെന്നാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
പാലക്കാട്‌ നഗരം, ഒറ്റപ്പാലം തുടങ്ങിയ മേഖലകളില്‍ ബി.ജെ.പിക്കു ശക്തമായ സ്വാധീനമുണ്ട്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1,47,792 വോട്ടുകളാണ്‌ ബി.ജെ.പി സ്ഥാനാര്‍ഥി പോക്കറ്റിലാക്കിയത്‌. ഇടതു-വലതു മുന്നണികളുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാവ്‌ സി കെ പത്മനാഭന്റെ വ്യക്തിപ്രഭാവത്തിലൂടെ വോട്ട്‌ നില വര്‍ധിപ്പിക്കുകയാണു ബി.ജെ.പിയുടെ ലക്ഷ്യം.
ജില്ലാ പ്രസിഡന്റ്‌ പി എ റസാഖ്‌ മൗലവിയെയാണ്‌ എന്‍.സി.പി രംഗത്തിറക്കുന്നത്‌. പാര്‍ട്ടി വോട്ടുകളെകൂടാതെ മുസ്‌ലിം വോട്ടുകളും ലഭിക്കുമെന്ന വിശ്വാസത്തിലാണ്‌ ഇദ്ദേഹം. യു.ഡി.എഫ്‌ കോട്ടയായ കാരാക്കുറിശ്ശി പോലുള്ള മണ്ഡലങ്ങളില്‍ മൗലവിക്കു ലഭിക്കുന്ന വോട്ട്‌ പാച്ചേനിക്ക്‌ വിനയാവും. നിഷ്‌പക്ഷ-പിന്നാക്ക വോട്ടുകളിലാണ്‌ ബി.എസ്‌.പി സ്ഥാനാര്‍ഥി വി ചന്ദ്രന്റെ പ്രതീക്ഷ. മലമ്പുഴ, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്‌ നിയമസഭാ മണ്ഡലങ്ങള്‍ ഇടതിനൊപ്പം നില്‍ക്കുമ്പോള്‍ പാലക്കാട്‌, മണ്ണാര്‍ക്കാട്‌, പട്ടാമ്പി മണ്ഡലങ്ങള്‍ യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളാണ്‌. അലനല്ലൂരിലെ ലീഗ്‌ വിഭാഗീയത യു.ഡി.എഫിന്‌ തലവേദനയാവും.
പാലക്കാട്‌, പട്ടാമ്പി, മണ്ണാര്‍ക്കാട്‌, ഒറ്റപ്പാലം മേഖലകളില്‍ പോപുലര്‍ ഫ്രണ്ടിന്‌ സാമാന്യം സ്വാധീനമുണ്ട്‌. സ്വന്തം വോട്ടുകള്‍ക്കു പുറമെ, അനുഭാവികളുടെ വോട്ടുകള്‍ കൂടി യു.ഡി.എഫ്‌ പെട്ടിയിലെത്തിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ്‌ പോപുലര്‍ ഫ്രണ്ട്‌ ഇവിടെ നടത്തുന്നത്‌. ഈ ഭാഗങ്ങളില്‍ വേരോട്ടമുള്ള ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി വോട്ടുകള്‍ ഇടതുപാളയത്തിനു ശക്തിപകരും.
കുടിയേറ്റമേഖലകളിലെ ക്രിസ്‌ത്യന്‍ വോട്ടുകള്‍ യു.ഡി.എഫിനു ലഭിക്കും. എന്‍.എസ്‌.എസ്‌, എസ്‌.എന്‍.ഡി.പി നേതൃത്വങ്ങള്‍ മനസ്സു തുറന്നിട്ടില്ലെങ്കിലും അവരുടെ വോട്ടുകള്‍ ഇരുപക്ഷത്തേക്കും ചായാനാണു സാധ്യത. കേരളത്തിന്റെ നെല്ലറയെന്നു വിശേഷണമുള്ള മണ്ഡലത്തില്‍ കര്‍ഷക വോട്ടുകളും നിര്‍ണായകംതന്നെ. സ്ഥാനാര്‍ഥിനിര്‍ണയം വൈകിയതിനെ തുടര്‍ന്നു പ്രചാരണത്തിന്‌ കാലതാമസം നേരിട്ടെങ്കിലും പെട്ടെന്നുതന്നെ ചുവടുറപ്പിക്കാന്‍ കഴിഞ്ഞതായി യു.ഡി.എഫ്‌ പാര്‍ലമെന്ററി തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ രാമസ്വാമി പറഞ്ഞു.
എതിര്‍പക്ഷത്തെ അപേക്ഷിച്ചു താഴെതട്ടില്‍ സ്‌ക്വാഡ്‌ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതിനാല്‍ പ്രചാരണരംഗത്തു മുന്നേറാന്‍ സാധിച്ചിട്ടുണ്ടെന്നും വിജയം സുനിശ്ചിതമാണെന്നും എല്‍.ഡി.എഫ്‌ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ സി കെ രാജേന്ദ്രന്‍ വ്യക്തമാക്കി.

No comments: