ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാരിനെതിരേ സമരം നയിച്ച ഗുജ്ജാര്‍ നേതാവ് കിരോരിസിങ് ബെയ്‌ന്‍സ്‌ല ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. തോങ്‌സവായ് മധേപുരിലാണ് ബെയ്‌ന്‍സ്‌ല സ്ഥാനാര്‍ഥിയാകുന്നത്. ഇതിനു മുന്നോടിയായി ഇദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ്സിന്റെ നമോനാരായണ്‍ മീണയാണ് ബെയ്‌ന്‍സ്‌ലയുടെ എതിരാളി.
ഗുജ്ജാറുകളെ പട്ടികജാതി-വര്‍ഗ പദവിയിലുള്‍പ്പെടുത്തി സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്ത് ബെയ്‌ന്‍സ്‌ല നേതൃത്വം നല്‍കിയ സമരത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുജ്ജാറുകള്‍ക്ക് അഞ്ചു ശതമാനം സംവരണം നല്‍കുന്ന ബില്ല് വസുന്ധരാ രാജെ സര്‍ക്കാര്‍ പാസാക്കുകയും ചെയ്‌തിരുന്നു. ബില്ലിപ്പോഴും ഗവര്‍ണറുടെ പരിഗണനയിലാണ്.
കഴിഞ്ഞ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജ്ജാറുകളില്‍ വലിയൊരു വിഭാഗം ബി.ജെ.പിക്കെതിരായാണ് വോട്ട് ചെയ്‌തത്. ഗുജ്ജാറുകളില്‍ ബി.ജെ.പി വിരുദ്ധതരംഗം ചൂടാറാതെ നില്‍ക്കുമ്പോഴാണ് ബെയ്‌ന്‍സ്‌ല അപ്രതീക്ഷിതമായി പാര്‍ട്ടിയില്‍ ചേരുന്നത്. എം.പിയായാല്‍ ആവശ്യങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിക്കാന്‍ കഴിയുമെന്നും അത് തങ്ങളുടെ ലക്ഷ്യം എളുപ്പമാക്കുമെന്നുമാണ് ബെയ്‌ന്‍സ്‌ല പറയുന്നത്. ഗുജ്ജാര്‍ വോട്ടുകള്‍ വീണ്ടും ബി.ജെ.പിക്കൊപ്പമാക്കാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഓംപ്രകാശ് മാഥൂറും ദേശീയ ട്രഷറര്‍ രാംദാസ് അഗര്‍വാളും ബെയ്‌ന്‍സ്‌ലയുമായി അടച്ചിട്ട മുറിയില്‍ ദിവസങ്ങളോളം ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബെയ്‌ന്‍സ്‌ല ബി.ജെ.പിയില്‍ ചേര്‍ന്നത്.
No comments:
Post a Comment