എ പി സലാം
ഭരണകൂട ഭീകരതയും മറ്റ് അധികാര അടിച്ചമര്‍ത്തലുകളും എങ്ങനെ പ്രതിരോധിക്കാമെന്ന ചോദ്യത്തിനാണു രാഷ്ട്രീയം ഉത്തരം നല്‍കേണ്ടതെന്നു യുവ നോവലിസ്‌റ്റ് സുരേഷ് പി തോമസ് പറയുന്നു. അധികാരത്തിന്റെ നായാട്ടുകളിലൊന്നും വ്യക്തിപരമായി ഇരയാക്കപ്പെട്ടിട്ടില്ലെങ്കിലും രാഷ്ട്രീയത്തിന്റെ എല്ലാ രീതികളും ദുരൂഹമാണെന്നു വ്യക്തമായിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ മായക്കാഴ്‌ചകളും യാഥാര്‍ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ അതിലോലമായിട്ടുണ്ട്.
ആശയപരമായി ജനാധിപത്യവും മതേതരത്വവും അവശേഷിക്കുന്നു എന്നതു പ്രത്യാശനല്‍കുന്നു. അതേസമയം, ഈ ആശയങ്ങളുടെ മറപറ്റി തന്നെയാണ് ഫാഷിസ്റ്റ് നടപടികളും അരങ്ങേറുന്നത്. ഗുജറാത്ത്, ഒറീസ സംഭവങ്ങള്‍ ഉദാഹരണമാണ്. ചെങ്ങറയും വല്ലാര്‍പാടവും സ്‌ത്രീപീഡനക്കേസുകളും തെളിയിക്കുന്നത് ജാതി, വര്‍ഗ, ലിംഗപരമായി മനുഷ്യന്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെ തടയാന്‍ ഭരണകൂടം പരാജയപ്പെടുന്നു എന്നാണ്. ഇതിന് അറുതിവന്നേ പറ്റൂ. എല്ലാ പ്രത്യാശകളെയും കരിച്ചുകളയുംവിധമാണ് ഇത്തരം സംഭവങ്ങളില്‍ ഭരണകൂടം ഇടപെടുന്നത്. രാഷ്ട്രീയം ഇഷ്ടമല്ലാതിരുന്ന മധ്യവര്‍ഗ ചെറുപ്പക്കാര്‍ക്കുപോലും രാഷ്ട്രീയം ആവശ്യമായിവരുന്ന സാഹചര്യങ്ങളാണ് ആഗോളവല്‍ക്കരണ സാമ്പത്തികാവസ്ഥ രൂപപ്പെടുത്തിയത്. അനിശ്ചിതത്വം നിറഞ്ഞ ഈ രാഷ്ട്രീയ സാഹചര്യത്തിലെ സുപ്രധാന പങ്കു നിര്‍വഹിക്കുക യുവതലമുറതന്നെയായിരിക്കും എന്നതില്‍ സംശയമില്ല.
No comments:
Post a Comment