2009-04-13

ബഹിഷ്‌കരണ ആഹ്വാനവുമായി മാവോവാദികള്‍

സമദ്‌ പാമ്പുരുത്തി
പാലക്കാട്‌: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരണം പ്രഖ്യാപിച്ച്‌ പലയിടത്തും തിരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച മാവോവാദികള്‍ ഇതാദ്യമായി കേരളത്തില്‍ ഈ വിഷയമുന്നയിച്ചു പ്രചാരണം നടത്തുന്നു.
വോട്ട്‌ ചെയ്യാതിരിക്കലും ജനാധിപത്യാവകാശമാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയ ലഘുലേഖകളും പോസ്‌റ്ററുകളും വഴിയാണ്‌ ഇവരുടെ പ്രചാരണം. ചൂഷകരുടെ കൂട്ടമായിമാറിയ അധികാരകേന്ദ്രത്തിനെതിരേ ജനങ്ങളുടെ അധികാരമാണ്‌ ബദലായി വേണ്ടതെന്ന്‌ ഇവര്‍ വാദിക്കുന്നു. സി.പി.ഐ മാവോവാദികളുടെ രണ്ട്‌ കേന്ദ്രകമ്മിറ്റി നേതാക്കളെ കേരളത്തില്‍ നിന്ന്‌ നക്‌സല്‍വിരുദ്ധ സേന കഴിഞ്ഞ വര്‍ഷം അറസ്റ്റ്‌ ചെയ്‌തതോടെയാണ്‌ കേരളത്തിലും മാവോവാദികളുടെ പ്രവര്‍ത്തനം ശക്തമാണെന്ന സൂചനകള്‍ ലഭിച്ചത്‌.
സി.പി.ഐ മാവോവാദികളുടെ പ്രസിദ്ധീകരണമായ ജനകീയപാതയുടെ പുതിയ ലക്കത്തില്‍ തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരണമാണു മുഖ്യ വിഷയം. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും പാര്‍ലമെന്ററി സംവിധാനത്തിനു പുറത്താണെന്നും കശ്‌മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അധിവസിക്കുന്നവര്‍ സൈനിക അടിച്ചമര്‍ത്തലിനു കീഴിലാണെന്നും അതില്‍ പറയുന്നു. ഭരണഘടനയ്‌ക്കപ്പുറത്ത്‌ വിദേശാക്രമണങ്ങളുടെ രൂപത്തില്‍ ഊണിലും ഉറക്കിലും ഇന്ത്യക്കാരനാണെന്നു തെളിയിക്കേണ്ട ബാധ്യതയോടെയാണ്‌ മതന്യൂനപക്ഷങ്ങള്‍ ജീവിക്കുന്നത്‌. സിംഗൂരും നന്തിഗ്രാമും കലിംഗനഗറും മുത്തങ്ങയുമെല്ലാം ഭരണകൂട അടിച്ചമര്‍ത്തലിന്റെ യഥാര്‍ഥ മുഖങ്ങള്‍ മാത്രം. ദലിതുകളും ആദിവാസികളും എക്കാലവും നിലവിലുള്ള സംവിധാനങ്ങള്‍ക്കു പുറത്താണ്‌. പാര്‍ലമെന്ററി ജനാധിപത്യവും ഭരണഘടനയും നിയമനിര്‍മാണങ്ങളുമെല്ലാം ഭരണകൂട അടിച്ചമര്‍ത്തലിനുള്ള മറയായാണ്‌ ഉപയോഗിക്കുന്നതെന്നും പ്രസിദ്ധീകരണത്തില്‍ കുറ്റപ്പെടുത്തുന്നു.
ഇടതുപക്ഷ പാര്‍ട്ടികളുടെ അവസരവാദ കൂട്ടുകെട്ടിനെക്കുറിച്ചുള്ള വിമര്‍ശനം ഇങ്ങനെ: അധികാരത്തിനു വേണ്ടിയുള്ള കടിപിടിയുടെയും പരസ്‌പരം കുതികാല്‍വെട്ടിന്റെയും മലക്കംമറിച്ചിലുകളുടെയും കേന്ദ്രമായി പാര്‍ലമെന്റ്‌ മാറി. 1977ലും 1987ലും ജനസംഘവും ബി.ജെ.പിയുമായി അധികാരം പങ്കുവച്ച സി.പി.ഐയും സി.പി.എമ്മും പിന്നീടു വര്‍ഗീയതയ്‌ക്കെതിരേ എന്ന പേരില്‍ കോണ്‍ഗ്രസ്സിനെ സംരക്ഷിച്ചുനിര്‍ത്തി. തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുടെ ഒപ്പംനിന്ന ഇടതുപക്ഷം പിന്നീട്‌ ഡി.എം.കെ മുന്നണിയുടെ ഭാഗമായി. ഇപ്പോള്‍ വീണ്ടും മലക്കംമറിഞ്ഞ്‌ എ.ഐ.എ.ഡി.എം.കെ മുന്നണിയില്‍ തിരിച്ചെത്തിയിരിക്കുന്നു. സോണിയാഗാന്ധിയുടെ സാമ്പത്തിക, രാഷ്ട്രീയ ഉപദേശകരായ കാരാട്ടും യെച്ചൂരിയും കടുത്ത സോണിയാവിരുദ്ധരായി. ഏതു നക്കാപ്പിച്ച സീറ്റിനും വോട്ടിനും വേണ്ടി അങ്ങേയറ്റം അവസരവാദ കൂട്ടുകെട്ടു തീര്‍ക്കുകയാണ്‌ സി.പി.എമ്മും സി.പി.ഐയുമെന്ന്‌ ഇവര്‍ ആരോപിക്കുന്നു.
പാര്‍ലമെന്ററി ജീര്‍ണത ജനങ്ങള്‍ക്കിടയില്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിയിട്ടില്ലെന്നു കുറ്റപ്പെടുത്തുന്ന മാവോവാദികള്‍, ബദല്‍ രാഷ്ട്രീയസംഹിതയും അവതരിപ്പിക്കുന്നു. താഴേക്കിടയിലുള്ള ജനങ്ങളുടെ മുന്നേറ്റങ്ങള്‍ കെട്ടിപ്പടുക്കുക എന്നതാണു യഥാര്‍ഥ ബദലെന്നാണ്‌ ഇവരുടെ വാദം. ജനങ്ങളുടെ ഉജ്വല പോരാട്ടത്തിന്റെ ഭാഗമായി ഛത്തീസ്‌ഗഡിലും മറ്റിതരപ്രദേശങ്ങളിലും ഉയര്‍ന്നുവരുന്ന ബദലായ അധികാരവ്യവസ്ഥയാണു ശരിയായ ബദല്‍.

No comments: