ചണ്ഡീഗഡ്: നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇതു തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്ക് മാര്‍ഗരേഖ പുറപ്പെടുവിച്ചു. പ്രചാരണത്തിന്റെ നിലവാരം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി ദേശീയ-സംസ്ഥാന നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും മാര്‍ഗരേഖ പുറപ്പെടുവിച്ചത്.
മത-ഭാഷ-സമുദായ-ജാതി സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നതോ പരസ്‌പരം വിദ്വേഷം സൃഷ്ടിക്കുന്നതോ നിലവിലുള്ള ഭിന്നതകളില്‍ പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ളതോ ആയ പ്രവര്‍ത്തനങ്ങളില്‍ ഒരു പാര്‍ട്ടിയും സ്ഥാനാര്‍ഥിയും ഏര്‍പ്പെടാന്‍ പാടില്ലെന്ന് മാര്‍ഗരേഖ പറയുന്നു. മറ്റു പാര്‍ട്ടികളെ വിമര്‍ശിക്കുന്നത് അവരുടെ നയപരിപാടികളെയോ മുന്‍കാല പ്രവര്‍ത്തനങ്ങളെയോ അടിസ്ഥാനമാക്കിയായിരിക്കണം. പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യജീവിതത്തെ വിമര്‍ശിക്കുന്നത് ഒഴിവാക്കണം. തെളിവുകളില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുത്. പ്രചാരണവേദികളായി ആരാധനാലയങ്ങളെ ഉപയോഗിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
ഹസ്രത്ത്‌ബാല്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കി
ന്യൂഡല്‍ഹി: ജമ്മുകശ്‌മീരിലെ ഹസ്രത്ത്‌ബാല്‍ നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി മുസ്‌തഫാ കമാലിന്റെ പത്രിക നിയമവിരുദ്ധമായി സ്വീകരിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.
പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ലയുടെ സഹോദരനാണ് മുസ്‌തഫാ കമാല്‍. ഫാറൂഖ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലാണ് മുസ്‌തഫ മല്‍സരിക്കുന്നത്. ലാക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം മെയ് 7നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. പത്രികയില്‍ സ്ഥാനാര്‍ഥിയുടെ പേരെഴുതേണ്ട കോളത്തില്‍ അത് എഴുതിയില്ലെന്ന തെറ്റ് പരിഗണിക്കാതെ റിട്ടേണിങ് ഓഫിസര്‍ അത് സ്വീകരിക്കുകയായിരുന്നു.
No comments:
Post a Comment