2009-04-24

വില്ലന്‍മാരായി നാല്‌ സ്വതന്ത്രര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും പരാജയഭീതിയില്‍

കെ എ സലിം

ജയ്‌പൂര്‍: രാജസ്ഥാനില്‍ 2008ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ ബി.ജെപിയുടെ വിജയത്തിനു വിലങ്ങുതടിയായ സ്വതന്ത്രര്‍ ഇത്തവണയും മുഖ്യപാര്‍ട്ടികളെ വിറപ്പിക്കുന്നു. മണ്ഡലങ്ങളില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും ഒപ്പത്തിനൊപ്പം പൊരുതുമ്പോള്‍ ജാലോറില്‍ ഭൂട്ടാസിങ്‌, ദോസയില്‍ കിരോരി ലാല്‍ മീണ, ഖമര്‍ റബ്ബാനി ചേച്ചി, ജയ്‌പൂര്‍ റൂറലില്‍ സുഖ്‌ബീര്‍ സിങ്‌ ജാന്‍പൂരിയ എന്നീ നാലു സ്വതന്ത്രര്‍ ഇരുരാഷ്ട്രീയപ്പാര്‍ട്ടികളെയും വിറപ്പിച്ച്‌ മല്‍സരരംഗത്തുണ്ട്‌.
കോണ്‍ഗ്രസ്‌ സീറ്റ്‌ നിഷേധിച്ചതോടെയാണ്‌ മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ജാലോറില്‍ സ്വതന്ത്രനായി മല്‍സരിക്കാനിറങ്ങിയത്‌. കോണ്‍ഗ്രസ്സിലെ സന്ധ്യാ ചൗധരി, ബി.ജെ.പിയുടെ ദേവ്‌ ചൗധരി എന്നിവരാണ്‌ ഭൂട്ടാസിങിന്റെ മുഖ്യ എതിരാളികള്‍. 1984 മുതല്‍ നാലു തവണ ജാലോറില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ എം.പിയായ ഭൂട്ടാസിങ്‌ 2004ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഷീലാ ബംഗരുവിനോട്‌ തോറ്റു. പട്ടികജാതി വിഭാഗങ്ങള്‍ക്ക്‌ മേല്‍ക്കൈയുള്ള മണ്ഡലമായ ജാലോറില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഭൂട്ടാസിങിന്‌ വിജയസാധ്യതയുണ്ട്‌.
ബി.ജെ.പി മുന്‍മന്ത്രിയും 2008ലെ തിരഞ്ഞെടുപ്പില്‍ വിമതനായി കോണ്‍ഗ്രസ്‌ പക്ഷത്തെത്തുകയും ചെയ്‌ത കിരോരി ലാല്‍ മീണയാണ്‌ മറ്റൊരാള്‍. ഇപ്പോള്‍ കോണ്‍ഗ്രസ്സുമായി തെറ്റിയാണ്‌ മീണ ദോസയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്‌. മീണയുടെ സ്വന്തക്കാരില്‍ ചിലര്‍ക്ക്‌ കോണ്‍ഗ്രസ്‌ സീറ്റ്‌ നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ്സുമായി ഉടക്കിയത്‌. മാത്രമല്ല, ഗെഹ്‌ലോട്ട്‌ മന്ത്രിസഭയിലുണ്ടായിരുന്ന ഭാര്യ ഗോല്‍മാ ദേവിയെക്കൊണ്ട്‌ രാജിവയ്‌പ്പിക്കുകയും ചെയ്‌തു. കോണ്‍ഗ്രസ്സിന്റെ ലക്ഷ്‌മണ്‍ മീണയും ബി.ജെ.പിയുടെ രാംകിഷോര്‍ മീണയുമാണ്‌ ഇദ്ദേഹത്തിന്റെ മുഖ്യ എതിരാളികള്‍.
രണ്ടു ലക്ഷം ഗുജ്ജാര്‍ വോട്ടര്‍മാരുള്ള ദോസയില്‍ത്തന്നെ കൗതുകമുള്ള ഒരു സ്ഥാനാര്‍ഥി കൂടിയുണ്ട്‌. ജമ്മുകശ്‌മീരിലെ രജൗറിയില്‍ നിന്നുള്ള ഖമര്‍ റബ്ബാനി ചേച്ചി. പട്ടികജാതിക്കാര്‍ക്കു വേണ്ടി സംവരണം ചെയ്‌ത മണ്ഡലമായതിനാല്‍ രാജസ്ഥാനിലെ ഗുജ്ജാറുകള്‍ക്ക്‌ ദോസയില്‍ മല്‍സരിക്കാനാവില്ല. മീണകള്‍ക്കോ ജാട്ടുകള്‍ക്കോ ഗുജ്ജാറുകള്‍ വോട്ടു ചെയ്യുകയുമില്ല. അതേസമയം, കശ്‌മീരില്‍ ഗുജ്ജാറുകള്‍ക്ക്‌ പട്ടികജാതി പദവിയുണ്ട്‌. അങ്ങനെയാണ്‌ ഖമര്‍ രംഗത്തെത്തുന്നത്‌. തന്റെ കുടുംബം ദോസയില്‍ നിന്ന്‌ കശ്‌മീരിലേക്ക്‌ കുടിയേറിയവരാണെന്നും താന്‍ ഈ നാട്ടുകാരനാണെന്നുമാണ്‌ റബ്ബാനിയുടെ വാദം.
ഗുജ്ജാര്‍ വംശജനും ഹരിയാനയിലെ സോഹാനയില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എയുമായ സുഖ്‌ബീര്‍സിങ്‌ ജാന്‍പൂരിയ ശക്തനായ സ്ഥാനാര്‍ഥിയാണ്‌. ഗുജ്ജാര്‍ സമരനായകന്‍ ബെയ്‌ന്‍സ്‌ലയുടെ വലംകൈയുമായിരുന്നു. ഗുജ്ജാറുകള്‍ വലിയൊരു വോട്ട്‌ബാങ്കായ ജയ്‌പൂര്‍ റൂറലില്‍ നിന്ന്‌ മല്‍സരിക്കാന്‍ സീറ്റ്‌ കോണ്‍ഗ്രസ്സിനോട്‌ ചോദിച്ചെങ്കിലും കിട്ടിയില്ല. കോണ്‍ഗ്രസ്സിന്റെ ലാല്‍ചന്ദ്‌ കഠാരിയയും ബി.ജെ.പിയുടെ റാവു രാജേന്ദ്രസിങുമാണ്‌ സുഖ്‌ബീറിന്റെ എതിരാളികള്‍.

No comments: