2013-03-02

സിറാജിന്റെ വെബ്‌സൈറ്റ് എത്തി


സിറാജ് ദിനപത്രം sirajlive.com എന്ന പേരില്‍ പുതിയ വെബ്‌സൈറ്റ് തുടങ്ങി. വാര്‍ത്തകള്‍ക്ക് ഇടവേളകളില്ല എന്ന പരസ്യ വാചകത്തോടെയെത്തുന്ന സൈറ്റിന് തുടക്കം കുറിച്ചത് കാന്തപുരം എപി അബൂക്കര്‍ മുസ്ലിയാരാണ്. ബിഗ്‌റോക് സൊലൂഷന്‍സില്‍ നിന്നും ഡൊമെയ്ന്‍ ബുക് ചെയ്തിരിക്കുന്നത് ഫെബ്രുവരി 17 2013നാണ്.

ഡൊമെയ്ന്‍ ആരുടെ പേരിലാണെന്ന് സിറാജിന്റെ ഉടമസ്ഥാരായ തൗഫീഖ് പബ്ലിക്കേഷന്‍ പരിശോധിച്ചിട്ടുണ്ടാകുമെന്ന് കരുതാം. ഒരു വര്‍ഷത്തേക്കാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഡൊമെയ്ന്‍ അഞ്ചോ പത്തോ വര്‍ഷത്തിനു ബുക്ക് ചെയ്യുന്നത് ഒരു ന്യൂസ്‌പോര്‍ട്ടല്‍ എന്ന രീതിയില്‍ നല്ലത്.

സെര്‍വര്‍ ഐപി കാണിയ്ക്കുന്നത് ഹോസ്റ്റ് ഗേറ്റര്‍ ഇന്ത്യന്‍ സെര്‍വറിലേക്കാണ്. രാത്രി 10 മണിവരെയുള്ള അപ്‌ലോഡിങ് നോക്കുമ്പോള്‍ കാര്യമായ കുഴപ്പമില്ല. പല സെക്ഷനുകളിലും വാര്‍ത്തകളുടെ കുറവുണ്ട്. ഓപണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറായ വേര്‍ഡ്പ്രസ്സിലാണ് സൈറ്റ് ചെയ്തിരിക്കുന്നത്. മീരാ യൂനികോഡ് ഫോണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്. സൈറ്റ് മെറ്റാ ടാഗ്, മെറ്റാ ഡിസ്‌ക്രിപ്ഷന്‍, കീവേര്‍ഡ്‌സ് എന്നിവ വളരെ ശുഷ്‌കമാണ്. തീര്‍ച്ചയായും ഇക്കാര്യത്തില്‍ വെബ് എഡിറ്ററുടെ ശ്രദ്ധയുണ്ടാകുമെന്ന് കരുതാം.

ജോണ്‍ ബ്രിട്ടാസ് കൈരളിയിലേക്ക് മടങ്ങി വരുന്നു. മമ്മുട്ടിയുടെ കത്ത്‌



  MAMMOOTTY by  

വര്‍ത്തമാനം മാര്‍ച്ചിനു നേരെ ആക്രമണം



വര്‍ത്തമാനം മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തിയ വര്‍ത്തമാനം ഓഫീസ് മാര്‍ച്ചിനുനേരെ ആക്രമണം. സമാധാനപരമായി നടന്ന മാര്‍ച്ചിനു നേരെ ആക്രമണമുണ്ടായത്. പത്രപ്രവര്‍ത്തകര്‍ മാര്‍ച്ചുമായെത്തിയപ്പോള്‍ പൊലീസിന്റെ മുമ്പില്‍ വച്ച് ചിലര്‍ ഗോബാക്ക് വിളിച്ച് പത്രക്കാരെ ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ വര്‍ത്തമാനത്തിലെ സബ് എഡിറ്റര്‍മാരായ അഫ്‌സല്‍ കോണിക്കല്‍, പി.റഫീഖ് എന്നിവരെ കോഴിക്കോട് ബീച്ച് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗവും ഐ.എസ്.എം. പുള്ളിക്കോത്ത് ശാഖ എക്‌സിക്യൂട്ടീവ് മെമ്പറുമാണ് അഫ്‌സല്‍ കോണിക്കല്‍.

വര്‍ത്തമാനം മാര്‍ച്ച് പോസ്റ്റര്‍

2013-02-08

കേരളഓണ്‍ലൈവിനെ ഓര്‍മയുണ്ടോ?


തുടക്കം ഗംഭീരമാക്കിയ രണ്ടു പോര്‍ട്ടലുകളാണ് കേരളഓണ്‍ലൈവ് ഡോട്ട് കോമും വൈഗാന്യൂസ് ഡോട്ട് കോമും. പ്രമുഖപത്രങ്ങളില്‍ നിന്നുള്ള സീനിയര്‍ ജേര്‍ണലിസ്റ്റുകളെ പൊന്നും വിലയ്‌ക്കെടുത്ത് മലയാളന്യൂസ് പോര്‍ട്ടല്‍ ജേര്‍ണലിസത്തില്‍ പുതിയ ട്രെന്‍ഡ് തന്നെ കൊണ്ടുവരാന്‍ ഈ വെബ്‌സൈറ്റുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സാധിച്ചു.

ഫഌഷ് ന്യൂസുകള്‍ അതിവേഗം അപ് ചെയ്യുന്നതിലൂടെയാണ് കേരളഓണ്‍ലൈവ് ശ്രദ്ധിക്കപ്പെട്ടത്. വൈഗാന്യൂസാണെങ്കില്‍ ഫീച്ചര്‍ സ്റ്റോറികളിലൂടെ വായനക്കാരെ കണ്ടെത്തി. ഒന്നു ക്ഷീണിച്ചെങ്കിലും വൈഗാന്യൂസ് ഇപ്പോഴുമുണ്ട്. പക്ഷേ, കേരളഓണ്‍ലൈവ് വെബ്‌സൈറ്റ് ഇപ്പോള്‍ ഹാക്ക് ചെയ്തിരിക്കുകയാണ്. ഹാക്ക് ചെയ്യാനുള്ള കാരണം സുരക്ഷ കുറഞ്ഞ സെര്‍വറില്‍ ഹോസ്റ്റ് ചെയ്തതു തന്നെയാണ്.

ഐപികളും നെയിംസെര്‍വറുകളും പരിശോധിക്കുമ്പോള്‍ താഴെ പറയുന്ന വിവരങ്ങളാണ് കിട്ടുന്നത്. ലിക്വിഡ്‌വെബിന്റെ താരതമ്യേന മെച്ചപ്പെട്ട സെര്‍വറിലാണ് വൈഗാന്യൂസ് ഉള്ളത്. കേരളഓണ്‍ലൈവ് ആകട്ടെ ഇന്‍സെറോ എന്ന ക്വാളിറ്റി കുറഞ്ഞ ഡാറ്റാ സെന്ററിലും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും പ്രാദേശിക കമ്പനിയായിരിക്കും കേരളഓണ്‍ലൈവിന്റെ ഹോസ്റ്റിങ് നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


2013-02-07

മനോരമ മാത്രമല്ല വാര്‍ത്തമുക്കുന്നത്


വര്‍ഷങ്ങള്‍ക്ക് മുമ്പ് രജീന പരസ്യമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ അത് പ്രസിദ്ധീകരിക്കാത്ത ഒരേ ഒരു പത്രം വര്‍ത്തമാനമായിരുന്നു. സുകുമാര്‍ അഴീക്കോടായിരുന്നു അന്ന് എഡിറ്റര്‍. എന്നിട്ടും മാനേജ്‌മെന്റ് തീരുമാനത്തിനു മുന്നില്‍ വഴങ്ങേണ്ടി വന്നു. ചന്ദ്രിക പോലും കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം കൊടുത്തു. അങ്ങനെ അറിയാനുള്ള വായനക്കാരന്റെ അവകാശത്തെ അവര്‍ സംതൃപ്തിപ്പെടുത്തി.

ഇന്ന് (ഫെബ്രുവരി 7 )കേസ് ഡയറി വിഎസിന് കിട്ടിയ വാര്‍ത്ത ഭൂരിഭാഗം ന്യൂസ്‌പോര്‍ട്ടലുകളും പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ സമയം രാത്രി 11 കഴിഞ്ഞു. മാധ്യമത്തിന്റെ ലീഡ് തന്നെയാണ്. ചന്ദ്രിക ഈ വാര്‍ത്ത കൊടുക്കാതിരിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. കാരണം കുഞ്ഞാലിക്കുട്ടി അവരുടെ നേതാവാണ്. പക്ഷേ, വലിയ മനുഷ്യാവകാശം പറയുന്നവരുടെ മുഖപത്രത്തിന്റെ പോര്‍ട്ടലില്‍ ഈ വാര്‍ത്തയില്ല. ആ പോര്‍ട്ടല്‍ ഏതാണെന്ന് നിങ്ങള്‍ തന്നെ കണ്ടുപിടിച്ചോളൂ.

മാതൃഭൂമിയുടെ രണ്ടാമത്തെ ചാനല്‍ കപ്പ


മാതൃഭൂമി ഗ്രൂപ്പില്‍ നിന്നുള്ള രണ്ടാമത്തെ ചാനലായ കപ്പ സംപ്രേഷണം ആരംഭിച്ചു. സംഗീതത്തിനും ഫാഷനും നര്‍മത്തിനും പ്രാധാന്യം നല്‍കി കൊണ്ടുള്ള സ്‌പെഷ്യാലിറ്റി ചാനലായിരിക്കും കപ്പ. വിവിധ ഭാഷാ ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി 'ടിവി ചാനലിലെ റേഡിയോ'യായി മാറി യുവഹൃദയങ്ങള്‍ കീഴടക്കുകയാണ് ചാനലിന്റെ ലക്ഷ്യം.

2013-02-06

ദാ വന്നു ദേ പോയ്,സിറാജിന്റെ വെബ്‌സൈറ്റ് അങ്ങനെയാണ്


വര്‍ഷങ്ങളുടെ പഴക്കമുള്ള പത്രമാണ് സിറാജ്. എപി വിഭാഗം സുന്നികളുടെ മുഖപത്രം. നിരവധി അനുയായികളുള്ള ഒരു പ്രസ്ഥാനത്തിന്റെ പത്രത്തിന് ന്യൂസ് പോര്‍ട്ടല്‍ ഇല്ലാതിരിക്കുന്നത് വലിയ ക്ഷീണമാണ്. പ്രത്യേകിച്ചും ഇവരില്‍ ഭൂരിഭാഗം പേരും പ്രവാസികളായിരിക്കുമ്പോള്‍.

സൈറ്റ് ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട്. www.sirajnews.com എന്ന വെബ്‌സൈറ്റ് ഇടക്കിടെ ഉയര്‍ന്നുവരും. അതുപോലെ പോവുകയും ചെയ്യും. പത്രവുമായി ബന്ധപ്പെട്ട മിക്ക ഡൊമെയ്‌നുകളും(sirajdaily.com, sirajonline.com..etc )ഒന്നോ രണ്ടോ പേര്‍ കൈവശമാക്കിവെച്ചിട്ടുണ്ട്. ഡൊമെയ്ന്‍ രേഖകള്‍ പ്രകാരമുള്ള പേരുകള്‍ പരിശോധിക്കുമ്പോള്‍ ഇവര്‍ സംഘടനയുമായി ബന്ധമുള്ളവര്‍ തന്നെയാണെന്നാണ് മനസ്സിലാകുന്നത്.

2013-02-05

ഫെബ്രുവരി പത്തിന് പുതിയൊരു ചാനല്‍ കൂടി



കോഴിക്കോട്:  മാധ്യമം ഗ്രൂപ്പില്‍ നിന്നുള്ള 'മീഡിയവണ്‍' ചാനല്‍ ഫെബ്രുവരി പത്തുമുതല്‍ സംപ്രേഷണം ആരംഭിക്കും. ഉദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി നിര്‍വ്വഹിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, വ്യവസായവകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, സാംസ്‌കാരികവകുപ്പ് മന്ത്രി കെ സി ജോസഫ്, സംവിധായകന്‍ രഞ്ജിത്ത്, എം എ യുസഫലി എന്നിവര്‍ പങ്കെടുക്കും. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ ആസ്ഥാനമന്ദിരവും സ്റ്റുഡിയോയും കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുള്ള വെള്ളിപറമ്പിലാണ്.

ഷിബു ചക്രവര്‍ത്തി( പ്രോഗ്രാംസ് സീനിയര്‍ ജനറല്‍ മാനേജര്‍), എം വെങ്കിട്ടരാമന്‍(സിഇഒ),എം സാജിദ്(ഡെപ്യൂട്ടി സിഇഒ), സിഎല്‍ തോമസ്(എഡിറ്റര്‍ ഇന്‍ ചീഫ്), സുനില്‍ ഹസന്‍(മാനേജിങ് എഡിറ്റര്‍) എന്നിവരാണ് ചാനലിനു പിറകിലുള്ളത്.

എന്‍എസ്എസിനെ വിമര്‍ശിച്ചാല്‍ വീക്ഷണത്തില്‍ വിലക്ക്


എന്‍എസ്എസുമായി യാതൊരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് 'ആണയിട്ട് ' പറയുന്നതിനിടയ്ക്ക്  പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണത്തെ കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത രസകരമായി തോന്നി.

നായര്‍ സംഘടനയെ വിമര്‍ശിച്ച് ലേഖനമെഴുതിയ ന്യൂസ് എഡിറ്റര്‍ ഇവി ശ്രീധരന് പ്രഖ്യാപിത വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 'ചാന്തുപ്പൊട്ട് രാഷ്ട്രീയം' എന്ന പേരിലെഴുതിയ ലേഖനമാണ് നടപടിയ്ക്കു കാരണം. ശ്രീധരന്റെ ലേഖനങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്നാണ് നിര്‍ദ്ദേശം.